മൃദുവായ ചപ്പാത്തി തയ്യാറാക്കാൻ ചില പൊടിക്കൈകൾ

എത്രയൊക്കെ ശ്രമിച്ചാലും നല്ല മൃദുവായ ചപ്പാത്തിയുണ്ടാക്കാൻ ചിലപ്പോൾ പറ്റാറില്ല. വ്യത്യസ്തമായ രുചിയിൽ, നല്ല മൃദുവായ ചപ്പാത്തി ഉണ്ടാക്കുന്നതെങ്ങനെ എന്ന് നോക്കാം.
പൊടിപ്പിച്ച ഗോതമ്പാണെങ്കിലും വാങ്ങുന്ന ഗോതമ്പാണെങ്കിലും, ആദ്യം തന്നെ ഒന്ന് അരിച്ചെടുക്കുന്നത് നല്ലതാണ്. അതിനുശേഷം ഒരു ടേബിൾസ്പൂൺ ചെറുചൂടുള്ള എണ്ണ മാവിലേക്ക് ഒഴിച്ച്, നന്നായി കുഴച്ചെടുക്കുക. എന്നിട്ടുവേണം വെള്ളമൊഴിച്ച് കുഴയ്ക്കാൻ. ചെറുചൂടുവെള്ളത്തിലാണ് മാവ് കുഴയ്‌ക്കേണ്ടത്. നന്നായി കുഴച്ചുകഴിഞ്ഞാൽ, മുകളിൽ അല്പംകൂടി എണ്ണ തൂവിക്കൊടുക്കാം. എന്നിട്ട് 10 മിനിറ്റ് നേരം മൂടിവെക്കാം. മൂടിമാറ്റിയശേഷം ഒന്നുകൂടി മാവ് കുഴയ്ക്കുക. വീണ്ടും അഞ്ചുമിനിറ്റ് വെച്ചശേഷം, പരത്തിയെടുക്കാം.
നല്ല മൃദുവായ ചപ്പാത്തി ഉണ്ടാക്കുന്നതിനായി, ചപ്പാത്തിമാവിൽ മുട്ടയോ വെണ്ണയോ തൈരോ പാലോ ഒഴിച്ച് കുഴയ്ക്കുന്നവരുമുണ്ട്. മുട്ടയാണ് ഉപയോഗിക്കുന്നതെങ്കിൽ, ഒരു ബൗളിലിട്ട് നന്നായി അടിച്ചെടുക്കുക. ഇത് മാവിലേക്കിട്ട് നന്നായി യോജിപ്പിക്കുക. എന്നിട്ടുവേണം മാവ് ചെറുചൂടുവെള്ളമൊഴിച്ച് കുഴയ്ക്കാൻ. തൈരും വെണ്ണയും ഉപയോഗിക്കുന്നതും ഇങ്ങനെ തന്നെ വേണം. പാലാണ് ഉപയോഗിക്കുന്നതെങ്കിൽ ചെറുചൂടുള്ള പാൽ വേണം ഉപയോഗിക്കാൻ.
മൃദുവായ ചപ്പാത്തി തയ്യാറാക്കുന്നതിനായി നെയ്യ് ചേർക്കുന്നതും നല്ലതാണ്. പൊടിയിലേക്ക് ആദ്യം ഒരു ടേബിൾസ്പൂൺ ചെറുചൂടുള്ള നെയ്യ് ചേർത്തിളക്കുക. അതിനുശേഷം ചെറുചൂടുവെള്ളത്തിൽ കുഴച്ചെടുക്കാം.
ചപ്പാത്തി ചുട്ടെടുക്കുമ്പോഴും അല്പം നെയ്യ് തൂവിക്കൊടുക്കാം. മൃദുവായി കിട്ടും. മീഡിയം ഫ്‌ളെയിമിൽ വേണം ചുട്ടെടുക്കാൻ. ഫ്‌ളെയിം കൂടുതലാണെങ്കിൽ, ചപ്പാത്തി വടിപോലെയാവും. അല്പം ചൂടോടെ തന്നെ കഴിച്ചാൽ, മൃദുത്വമുണ്ടാവും. പിന്നീട് കഴിക്കാനായി കാസറോളിലോ മറ്റോ മൂടിവെച്ചാൽ, മൃദുത്വം നഷ്ടപ്പെടും.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Learn how to make soft and delicious chapatis with these simple tips and tricks