പൊടിഞ്ഞുപോകാതെ കട്‌ലെറ്റ് വീട്ടിൽ തയ്യാറാക്കാം; ഇത് പരീക്ഷിച്ചുനോക്കൂ

ചിലപ്പോൾ പൊടിഞ്ഞുപോവും, അല്ലെങ്കിൽ കരിഞ്ഞുപോവും...വീട്ടിൽ കട്‌ലെറ്റുണ്ടാക്കുമ്പോൾ എപ്പോഴും നേരിടുന്ന പ്രശ്‌നമാണിത്. എങ്ങനെയാണ് രുചികരമായ കട്‌ലെറ്റ് വീട്ടിൽ തയ്യാറാക്കുന്നതെന്ന് നോക്കാം.
എണ്ണ അധികം ഉപയോഗിക്കാതെയും കട്‌ലെറ്റ് തയ്യാറാക്കാം. പാനിൽ ഫ്രൈ ചെയ്‌തെടുക്കുകയോ ഓവനിൽ എയർ ഫ്രൈ ചെയ്യുകയോ ആവാം. അതിനുള്ള പച്ചക്കറികൾ വേവിച്ചെടുത്തോ ആവിയിൽ പുഴുങ്ങിയോ വെക്കണം. ഒരു പാനിൽ അല്പം എണ്ണയൊഴിക്കുക. ചൂടാകുമ്പോൾ കട്‌ലെറ്റ് പാനിൽ വെക്കുക. ഒരുവശം വെന്തുവരുമ്പോൾ, മറിച്ചിട്ടും വേവിക്കുക. അങ്ങനെ നന്നായി വെന്തുവരുന്നതുവരെ തിരിച്ചുംമറിച്ചുമിടുക.
എല്ലാ വശവും ഗോൾഡൻ ബ്രൗൺനിറമാകുമ്പോൾ പാനിൽനിന്ന് മാറ്റാം. പാനിൽ തയ്യാറാക്കുകയാണെങ്കിൽ, അധികം എണ്ണ ആവശ്യമായി വരില്ല. മാത്രമല്ല, കട്‌ലെറ്റ് പൊടിഞ്ഞുപോവുകയുമില്ല. എണ്ണയിൽ വറുക്കുമ്പോൾ ബ്രഡ് പൊടിച്ചതില്ലെങ്കിൽ, റവ ഉപയോഗിക്കാം. കോൺഫ്‌ളേക്‌സ് പൊടിയിൽ മുക്കിയെടുത്തും കട്‌ലെറ്റുണ്ടാക്കാം.
ഇഷ്ടമുള്ള പച്ചക്കറികളെല്ലാം വെജ് കട്‌ലെറ്റിൽ ചേർക്കാം. എന്നാൽ, വെള്ളം കൂടുതലായി അടങ്ങിയിട്ടുള്ള പച്ചക്കറികൾ ഒഴിവാക്കണം. കട്‌ലെറ്റിന്റെ കൂട്ടിന് വെള്ളം കൂടുതലാണെന്ന് തോന്നിയാൽ, അല്പം കോൺഫ്‌ളോർ പൊടി ചേർത്തുകൊടുക്കാം. അതുമല്ലെങ്കിൽ അവൽ പൊടിച്ചതോ അല്പം കടലമാവോ ചേർക്കുകയുമാവാം. രുചി കൂട്ടാൻ ആവശ്യമെങ്കിൽ, കട്‌ലെറ്റിനുള്ള കൂട്ടിൽ അല്പം ചീസ് ഗ്രേറ്റ് ചെയ്തുകൊടുക്കാം.
അവസാനത്തെ കോട്ടിങ്ങിന് അരിപ്പൊടി, കടലമാവ്, ഓട്‌സ് പൊടിച്ചത് എന്നിവയിലേതെങ്കിലും ചേർക്കുന്നതും നല്ലതാണ്. ഉരുളക്കിഴങ്ങിനുപകരം അധികം മധുരമില്ലാത്ത മധുരക്കിഴങ്ങ്, പച്ചഏത്തക്കായ എന്നിവയിലേതെങ്കിലും ഉപയോഗിക്കാം. ഏത്തക്കായ നന്നായി വെന്തുവെന്ന് ഉറപ്പാക്കണം. വെന്ത പച്ചക്കറികൾ ഉടയ്ക്കുമ്പോൾ, പൂർണമായി ഉടഞ്ഞുപോകാതിരിക്കാൻ ശ്രദ്ധിക്കണം.
വട്ടത്തിനുപകരം ഹാർട്ട്, ചതുരം തുടങ്ങിയ ആകൃതികളിലും കട്‌ലെറ്റ് തയ്യാറാക്കാം. വ്യത്യസ്തമാവുമെന്ന് മാത്രമല്ല, കുട്ടികൾക്ക് ഇഷ്ടപ്പെടുകയും ചെയ്യും.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: how to make delicious, non-crumbly cutlets at home with easy pan-frying or air-frying techniques