നികുതിയിളവിനൊപ്പം മികച്ച ആദായം നേടാന്‍ ഉപകരിക്കുന്ന നിക്ഷേപങ്ങള്‍

സ്വകാര്യ സ്ഥാപനത്തില്‍ ഉയര്‍ന്ന തസ്തികയില്‍ ജോലി ചെയ്യുന്ന ശില്പക്ക് 12 ലക്ഷം രൂപയാണ് വാര്‍ഷിക ശമ്പളം. മുന്‍കൂട്ടി ആസൂത്രണമില്ലാത്തതിനാല്‍ ആദായ നികുതിയിനത്തില്‍ കഴിഞ്ഞ വര്‍ഷം നല്ല തുക നല്‍കേണ്ടിവന്നു. കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇത്തവണ നികുതി കുറയ്ക്കാനുള്ള ശ്രമത്തിലാണ് ശില്പ.
ഭവനവായ്പയുടെ പലിശ, ആരോഗ്യ ഇന്‍ഷുറന്‍സ് തുടങ്ങിയവക്ക് പുറമെ നികുതി ആനുകൂല്യത്തിന് പ്രയോജനപ്പെടുത്താവുന്ന നിക്ഷേപ പദ്ധതികളുള്ള ജനപ്രിയ വകുപ്പാണ് 80സി. പഴയ നികുതി വ്യവസ്ഥ പിന്തുടരുന്നവര്‍ക്ക് മാത്രമാണ് ഇത് പ്രകാരം നികുതി ആനുകൂല്യം ലഭിക്കുക.
80
പി.പി.എഫ്
ലഘു സമ്പാദ്യ പദ്ധതികളിലെ ജനപ്രിയ നിക്ഷേപ സ്‌കീമുകളിലൊന്നാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട്. നിക്ഷേപിക്കുമ്പോഴും നിക്ഷേപം വളരുമ്പോഴും പിന്‍വലിക്കുമ്പോഴും ഒരു രൂപ പോലും ആദായ നികുതി ബാധ്യതയില്ലെന്നതാണ് സവിശേഷത. 7.1ശതമാനമാണ് നിലവിലെ പലിശ. 15 വര്‍ഷമാണ് നിക്ഷേപ കാലയളവ്.
ഇ.എല്‍.എസ്.എസ്
നികുതിയിളവിനൊപ്പം ദീര്‍ഘകാലയളവില്‍ മികച്ച ആദായം നേടാന്‍ ഇക്വിറ്റി ലിങ്ക്ഡ് സേവിങ്‌സ് സ്‌കീമിലെ നിക്ഷേപം ഉപകരിക്കും. എസ്.ഐ.പിയായി നിക്ഷേപിച്ചാല്‍ വിപണിയിലെ കയറ്റ ഇറക്കങ്ങളില്‍നിന്ന് നേട്ടം സ്വന്തമാക്കാം. മൂന്നു വര്‍ഷമാണ് നിര്‍ബന്ധിത നിക്ഷേപ കാലയളവ്. പിന്‍വലിക്കുമ്പോള്‍ വര്‍ഷത്തില്‍ ഒരു ലക്ഷം രൂപവരെയുള്ള നേട്ടത്തിന് നികുതി ബാധ്യതയില്ല. അതിന് മുകളില്‍ 10ശതമാനം നികുതി നല്‍കണം.
എഫ്.ഡി
അഞ്ച് വര്‍ഷത്തെ സ്ഥിര നിക്ഷേപ പദ്ധതി വഴിയും ആദായ നികുതി ഇളവ് ലഭിക്കും. പോസ്റ്റ് ഓഫീസിലോ ബാങ്കിലോ ടാക്‌സ് സേവിങ് എഫ്.ഡിയില്‍ നിക്ഷേപം നടത്താം. പലിശയ്ക്ക് ആദായ നികുതി ബാധ്യതയുണ്ട്.
ഇ.പി.എഫ്
ശമ്പള വരുമാനക്കാരായ വ്യക്തികളുടെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിലേയ്ക്കുള്ള വിഹിതത്തിന് നികുതിയിളവ് ലഭിക്കും. കാലാവധിയെത്തുമ്പോള്‍ ലഭിക്കുന്ന തുകയ്ക്ക് ആദായ നികുതി ബാധ്യതയില്ല.
എന്‍.എസ്.സി
ജനപ്രിയ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയാണ് നാഷണല്‍ സേവിങ്‌സ് സ്‌കീം. 7.7 ശതമാനമാണ് പലിശ. അഞ്ചു വര്‍ഷമാണ് നിക്ഷേപ കാലയളവ്. പലിശയ്ക്ക് ആദായ നികുതി ബാധ്യതയുണ്ട്.
സുകന്യ സമൃദ്ധി
പോസ്റ്റ് ഓഫീസ്, ബാങ്ക് എന്നിവ വഴി പത്തു വയസിന് താഴെ പ്രായമുള്ള പെണ്‍കുട്ടികളുടെ പേരില്‍ ചേരാവുന്ന നിക്ഷേപ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. കാലാവധിയെത്തിയശേഷം നിക്ഷേപം തിരികെയെടുക്കുമ്പോള്‍ നികുതി ബാധ്യതയില്ല. 8.2 ശതമാനമാണ് പലിശ.
എസ്.സി.എസ്.എസ്.
മുതിര്‍ന്നവര്‍ക്കുള്ള സ്ഥിര വരുമാന നിക്ഷേപ പദ്ധതിയാണ് എസ്.സി.എസ്.എസ്. അഞ്ചുവര്‍ഷമാണ് നിക്ഷേപ കാലയളവ്. 8.20 ശതമാനമാണ് പലിശ. വകുപ്പ് 80ടിടിബി പ്രകാരം 50,000 രൂപയ്ക്കുവരെയുള്ള പലിശയ്ക്ക് നികുതിയിളവ് ലഭിക്കും.
എന്‍.പി.എസ്
നാഷണല്‍ പെന്‍ഷന്‍ സിസ്റ്റത്തിലെ 50,000 രൂപവരെയുള്ള നിക്ഷേപത്തിന് 80സിസിഡി(1ബി)പ്രകാരം നികുതിയിളവ് ലഭിക്കും. 80സി പ്രകാരമുള്ള 1.50 ലക്ഷം രൂപയ്ക്കു പുറമെയാണിത്.
Content Highlights: tax deduction and income through investments