കണ്ണ്, കാത്, പല്ല്, എല്ല്... തുടങ്ങി മൃഗങ്ങളുടെ സൂപ്പര്‍ സ്പെഷ്യാലിറ്റിയെക്കുറിച്ചറിയാം

പരമ്പരാഗത രീതിയില്‍ നിന്ന് സൂപ്പര്‍ സ്പെഷ്യാലിറ്റിയിലേക്കുള്ള മാറ്റം മനുഷ്യരിലെന്നപോലെ മൃഗങ്ങള്‍ക്കും ഇന്ന് ലഭ്യമാണ്. കണ്ണ് (ഒഫ്താല്‍മോളജി), കാത് (ഇ.എന്‍.ടി.), ദന്തം (ഡെന്റിസ്ട്രി), അസ്ഥിവ്യൂഹം (ഓര്‍ത്തോപീഡിക്സ്), ചര്‍മ്മം (ഡെര്‍മെറ്റോളജി) എന്നീ അഞ്ചു മേഖലകളില്‍ അരുമമൃഗങ്ങള്‍ക്കുള്ള ചികിത്സ ഏറെ മുന്നേറിയിട്ടുണ്ട്. കണ്ണ്, ചെവി, പല്ല്, ചര്‍മ്മം, എല്ല് എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് നായകളിലും പൂച്ചകളിലും കൂടുതലായി കാണപ്പെടുന്നത്. ഇത്തരം സ്‌പെഷ്യാലിറ്റി ചികിത്സയെ ഓരോന്നായി വിശകലനം ചെയ്യാം.
കണ്‍മണി പോലെ കരുതല്‍ (ഒഫ്താല്‍മോളജി)
ബ്രീഡുകള്‍ തമ്മില്‍ കണ്ണിന്റെ ആകൃതിയിലും, സ്ഥാനത്തിലും നിരവധി വ്യത്യാസങ്ങളുണ്ട്. ചൈനീസ് പഗ്, പോമറേനിയന്‍, സ്പിറ്റ്സ്, ലാസാ ആപ്സോ തുടങ്ങിയ ഇനങ്ങളില്‍ പല നേത്രരോഗങ്ങളും കൂടുതലായി കണ്ടുവരുന്നു. നിയോ പൊളിറ്റന്‍ മാസ്റ്റിഫ് ഇനത്തിലും പ്രത്യേക നേത്രരോഗങ്ങള്‍ വരാം. പ്രായം, അണുബാധ, മറ്റു രോഗങ്ങള്‍, അപകടങ്ങള്‍, പാരമ്പര്യം, കാലാവസ്ഥാമാറ്റം എന്നിവ നേത്രരോഗത്തിന് കാരണമാകാം. നായക്കുട്ടികളിലെ പ്രമേഹവും കണ്ണിന് പ്രശ്നമാവാം. കണ്‍പോളകളുടെ ആവരണത്തെ ബാധിക്കുന്ന കണ്‍ജങ്ക്റ്റിവിറ്റിസ്, നേത്രപാളികളുടെ വീക്കമായ കെരറ്റെറ്റിസ്, കണ്ണിന്റെ ലെന്‍സിനെ ബാധിക്കുന്ന തിമിരം, കണ്ണിനുള്ളിലെ മര്‍ദ്ദം കൂട്ടുന്ന ഗ്ലോക്കോമ, ചെറി ഐ, ഡ്രൈ ഐ തുടങ്ങിയ അസുഖങ്ങളാണ് നായ്ക്കളില്‍ കൂടുതലായി കാണപ്പെടുന്നത്. കണ്ണുനീരൊലിക്കല്‍, വീക്കം, രക്തസ്രാവം, കണ്ണിലെ മുഴകള്‍, കാഴ്ചശക്തിയിലെ കുറവ്, പഴുത്തൊലിക്കല്‍, പീളകെട്ടല്‍, കണ്ണ് വീര്‍ത്തുവരുക, കണ്ണിലെ രക്തക്കുഴലുകള്‍ ചുവന്ന് തടിച്ച് കാണപ്പെടല്‍, വികസിച്ച കൃഷ്ണമണി തുടങ്ങിയ ബഹ്യലക്ഷണങ്ങള്‍ നേത്രരോഗത്തിന്റെ സൂചകങ്ങളാകാം. ചിലപ്പോള്‍ വേദനയും അസ്വസ്ഥതയും കാരണം നായകള്‍ കണ്ണില്‍ മാന്തുകയും കണ്ണ് കട്ടിയുള്ള പ്രതലത്തില്‍ ഉരയ്ക്കുകയും ചെയ്യുന്നു, ഇത് കൂടുതല്‍ അപകടകരമാകും(പെക്കിന്‍ഗീസ് പോലെയുള്ള ഉന്തിയ കണ്ണുളളവര്‍ക്ക് പ്രത്യേകിച്ചും). ഇത്തരം ലക്ഷണങ്ങള്‍ അവഗണിച്ചാല്‍ കാഴ്ചശക്തി നഷ്ടപ്പെടാനും കാരണമായേക്കാം. അതിനാല്‍ കണ്ണുകളില്‍ കാണുന്ന ഏതു ലക്ഷണങ്ങളും പരിശോധനയ്ക്ക് വിധേയമാക്കണം.
വെറ്ററിനറി സര്‍വ്വകലാശാലയുടെ മണ്ണുത്തിയിലും വയനാട്ടിലുമുളള വെറ്ററിനറി കോളേജുകളിലെ മൃഗാശുപത്രികളില്‍ സുസജ്ജമായ ഒഫ്താല്‍മോളജി വിഭാഗമുണ്ട്. നേത്രരോഗങ്ങളുടെ രോഗനിര്‍ണ്ണയത്തിനും, ചികിത്സയ്ക്കും, ശസ്ത്രക്രിയകള്‍ക്കുമായി ആധുനിക രീതികളാണ് ഇന്ന് മൃഗചികിത്സയില്‍ ലഭ്യമാണെന്ന് ഈ വിഭാഗത്തില്‍ വൈദഗ്ദ്യം നേടിയ ഡോ. സൂര്യദാസ്, ഡോ. അനൂപ് എന്നിവര്‍ പറയുന്നു. രോഗനിര്‍ണ്ണയത്തിനായി എസ്.ടി.ടി. എന്ന ലിറ്റ്മസ് ടെസ്റ്റ് ഫ്ളര്‍, ഡൈ ടെസ്റ്റ്, ടോണോമെട്രി, ഒഫ്താല്‍മോസ്‌കോപ്പി, സ്ലിറ്റ് ലാംപ്, ബയോ മൈക്രോസ്‌കോപ്പി, അള്‍ട്രാസൗണ്ട് സ്‌കാനിങ്ങ്, ഫണ്ടസ് ക്യാമറ തുടങ്ങിയ രീതികളും ഉപകരണങ്ങളും ഉപയോഗിക്കുന്നു. കൃത്യമായ രോഗനിര്‍ണ്ണയത്തിനുശേഷം ആവശ്യമായ ചികിത്സ നല്‍കുന്നു. മരുന്നുകള്‍ വഴിയും ആവശ്യമെങ്കില്‍ ശസ്ത്രക്രിയ വഴിയും ഉചിതമായ ചികിത്സ നടത്തുന്നു. തിമിര ശസ്ത്രക്രിയ ടാര്‍സോറാഫി, കോര്‍ണിയല്‍ ഗ്രാഫ്റ്റിങ്ങ്, കണ്‍ജങ്ക്ടൈവല്‍, ഗ്രാഫ്റ്റിംഗ്, ട്രബക്കുലക്ടമി, തേര്‍ഡ് ഐലിഡ് മെബ്രാനോപ്ലാസ്റ്റി തുടങ്ങിയ ആധുനിക ശസ്ത്രക്രിയ രീതികള്‍ ഇന്ന് വളര്‍ത്തുമൃഗങ്ങളിലും നടത്താന്‍ കഴിയും. മണ്ണുത്തി വെറ്ററിനറി കോളേജില്‍ പുതുതായി തുടങ്ങുന്ന ആശുപത്രി സമുച്ചയത്തില്‍ നേത്ര ശസ്ത്രക്രിയയ്ക്കായി മാത്രം പ്രത്യേകം ഓപ്പറേഷന്‍ തിയേറ്റര്‍ ഒരുക്കുന്നു. കണ്ണിന്റെ വില മനസ്സിലാക്കി തന്നെയാണ് വെറ്ററിനറി സയന്‍സിന്റെ കുതിപ്പ്.
കാതോട് ചേര്‍ത്ത് : ഇ.എന്‍.ടി.
യജമാനന്റെ വിളിയും അപകടസൂചനയും തിരിച്ചറിയാന്‍ സൂക്ഷ്മ സംവേദനശക്തിയുള്ള കാതുകളാണ് നായകള്‍ക്കുള്ളത്. ഓരോ ഇനങ്ങള്‍ തമ്മിലും ചെവികളുടെ നീളത്തിലും ആകൃതിയിലും ചില വ്യത്യാസങ്ങള്‍ കാണപ്പെടുന്നു. നീണ്ടു തൂങ്ങുന്ന ചെവികളുള്ള ലാബ്രഡോര്‍, സ്പാനിയല്‍, ബ്ലഡ് ഹൂണ്ട്, ഡാഷ്ഹണ്ട്, ബാസറ്റ് ഹൂണ്ട് എന്നീ ഇനങ്ങളില്‍ ചെവിയുടെ പ്രശ്നങ്ങള്‍ കൂടുതലായിരിക്കും. ധാരാളം രോമങ്ങളുള്ള ഇനങ്ങള്‍ക്കും കാതുകളില്‍ പ്രശ്നങ്ങളധികമാകാം. ബധിരത പാരമ്പര്യമായ വെള്ളനിറമുള്ള ഡാല്‍മേഷ്യന്‍ ഇനങ്ങളിലും, വയസ്സാകുമ്പോള്‍ റിട്രീവര്‍ ജനുസ്സുകളിലും ഇത്തരം പ്രശ്‌നങ്ങള്‍ വരാം. ശ്രവണനാളിയുടെ ഉള്‍ഭാഗമോ, നടുഭാഗമോ, പുറംഭാഗമോ വീര്‍ക്കുന്ന ഓട്ടൈറ്റിസ്, ചെവിയുടെപുറംഭാഗമോ, അകംഭാഗമോ വീര്‍ത്തു തൂങ്ങിക്കിടക്കുന്ന ഹെമറ്റോമ എന്നിവയാണ് പ്രധാന രോഗങ്ങള്‍. ശ്രവണശേഷി നഷ്ടപ്പെടല്‍, ശരീരത്തിന്റെ ബാലന്‍സ് നഷ്ടപ്പെടല്‍, തലകുലുക്കല്‍, ചെവിയില്‍ ചൊറിയുക, സ്രവങ്ങള്‍പുറപ്പെടുക, രോമംകൊഴിയല്‍ തുടങ്ങിയവ ലക്ഷണങ്ങളാകാം. ഓട്ടൈറ്റിസ്, ഹെമറ്റോമ എന്നീ രണ്ട് അവസ്ഥകളും ശസ്ത്രക്രിയയിലൂടെ പരിഹരിക്കാവുന്നതാണ്. ചെവി വൃത്തിയായി സൂക്ഷിച്ച് മരുന്നൊഴിച്ചാല്‍ മേല്‍പ്പറഞ്ഞ രോഗങ്ങളെ ഒരു പരിധിവരെ തടയാം. ചെവിക്ക് ഉദ്ദേശിക്കുന്ന ആകൃതി നല്‍കാന്‍ നടത്തുന്ന ഇയര്‍ ക്രോപ്പിങ്ങ് നായകളിലെ സൗന്ദര്യ വര്‍ദ്ധക ശസ്ത്രക്രിയയാണ്. ഓട്ടോസ്‌കോപ്പ്, വീഡിയോ ഓട്ടോസ്‌കോപ്പ്, ഡിജിറ്റല്‍ എക്സ്-റേ എന്നീ സൗകര്യങ്ങള്‍ ചെവിയുടെ പരിശോധനയും രോഗനിര്‍ണ്ണയവും എളുപ്പമാക്കുന്നു.
ദന്തകാന്തി നല്‍കാന്‍ : ഡെന്റിസ്ട്രി
പല്ലില്ലാതെ പിറന്നു വീഴുന്ന നായക്കുട്ടികള്‍ക്ക് രണ്ടു മാസംകൊണ്ട് 28 താല്‍ക്കാലിക പല്ലുകളും, ആറുമാസത്തിനുള്ളില്‍ അവ പൊഴിഞ്ഞ് 42 സഥിരം പല്ലുകളും മുളയ്ക്കുന്നു. കാട്ടില്‍ വേട്ടയാടി നടന്ന നായകള്‍ക്ക് ദന്തപരിചരണം സ്വാഭാവികമയി ലഭിച്ചിരുന്നുവെങ്കില്‍ നാട്ടിലെ നായക്ക് (പ്രത്യേകിച്ച് സസ്യഭുക്കുകളായി വളരുന്നവയ്ക്ക്) ഡെന്റല്‍ ടാര്‍ടാര്‍ അടിഞ്ഞുകൂടി പ്രശ്നമുണ്ടാകാം. പുഴുപ്പല്ല്, ദന്തക്ഷയം, എന്നിവ നായകളില്‍ കുറവാണ്. ബാക്ടീരിയക്ക് വളരാന്‍ പറ്റിയ സാഹചര്യം ഇല്ലാത്തതാണ് പല്ലുകളെ രക്ഷിക്കുന്നത്. ഡെന്റല്‍ ടാര്‍ടാര്‍, മോണരോഗങ്ങള്‍, ഇനാമല്‍ ഹെപ്പോപ്ലേഷ്യ, ഗം ട്യൂമര്‍ എന്നിവ കാണപ്പെടുന്നു. നാലു വയസ്സുകഴിയുന്നതോടെ എഴുപതു ശതമാനം നായകളിലും മോണരോഗങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. പൂഡില്‍, യോര്‍ക്ക്ഷെയര്‍, ടെറിയര്‍ തുടങ്ങി തലയോട്ടിയുടെ ആകൃതിയുടെ പ്രത്യേകതകൊണ്ട് പല്ലുകള്‍ കൂടുതല്‍ അടുത്തിരിക്കുന്ന ഇനങ്ങളില്‍ ദന്തരോഗങ്ങള്‍ കൂടുതലായിരിക്കും. വായ്നാറ്റമാണ് പ്രഥമ ലക്ഷണം. ഉമിനീരൊലിപ്പിക്കല്‍, ആഹാരം കഴിക്കുന്ന രീതിയിലുള്ള വ്യത്യാസം, പല്ലിലും മുഖത്തും മാന്തുക, ചുമന്നു തുടുത്ത മോണകള്‍, പല്ലുകള്‍ക്ക് നിറവ്യത്യാസം എന്നിവ കണ്ടാല്‍ വെറ്ററിനറി ഡോക്ടറുടെ സഹായം തേടണം. കൃത്യമായ ദന്തപരിചരണം നടത്തിയില്ലെങ്കില്‍ അത് മറ്റ് രോഗങ്ങള്‍ക്കും വഴിവയ്ക്കാം. പല്ലുകളില്‍ അടിഞ്ഞുകൂടുന്ന ടാര്‍ടാര്‍ നീക്കം ചെയ്യാന്‍ അള്‍ട്രാസൗണ്ട് സ്‌കെയിലിങ്ങ് എന്ന ചികിത്സാരീതി നായകളില്‍ ചെയ്തുവരുന്നു. പൂര്‍ണ്ണമായി മയക്കി ചെയ്യുന്ന ശസ്ത്രക്രിയയാണിത്. ടാര്‍ടാര്‍ നീക്കുന്നതോടൊപ്പം മറ്റു പല്ലുകളുടെ അവസ്ഥയും പരിശോധിക്കാം. മോണരോഗങ്ങള്‍ക്ക് മരുന്നുകള്‍ ഉപയോഗിച്ചുള്ള ചികിത്സ മതിയാകും. എന്നാല്‍, മോണയിലെ ട്യൂമറുകള്‍ ഇലക്ട്രോ സര്‍ജറി വഴി നീക്കം ചെയ്യാം. അപകടത്താലും ദന്തക്ഷയത്താലും ആടി നില്‍ക്കുന്ന പല്ലുകളും നീക്കം ചെയ്യാം. ഉടമതന്നെ കൃത്യമായ ഇടവേളയില്‍ പല്ലും മോണയും പരിശോധിക്കണം. നായകള്‍ക്ക് പ്രത്യേക ബ്രഷും പേസ്റ്റും ലഭ്യമാണ്. കടിക്കാന്‍ എല്ലുകള്‍ നല്‍കുന്നതാണ് പഴയ രീതി. ഇന്ന് ദന്തസംരക്ഷണത്തിന് നായകള്‍ക്ക് നല്‍കാന്‍ ച്യൂ ടോയ്സ് ലഭ്യമാണ്. സസ്യനാരുകള്‍ വായിലെ ബാക്ടീരിയയുടെ വളര്‍ച്ച തടയുന്നു. കൂടാതെ രാസത്വരകങ്ങള്‍ അടങ്ങിയ മാംസവും നല്ലതാണ്. കുറഞ്ഞ കൊഴുപ്പുള്ള, സ്വാദിഷ്ടമായ, പല്ലിന് കേട് വരത്താത്ത ടാര്‍ടാര്‍ നീക്കുന്ന ച്യൂകളും ഇന്ന് ലഭ്യമാണ്.
കരുത്തേകാന്‍ : ഓര്‍ത്തോപീഡിക്സ്
ആധുനിക അസ്ഥിരോഗ ചിക്തിസാരീതികളാണ് അരുമകളുടെ കാര്യത്തിലും ഇന്ന് പിന്‍തുടരുന്നത്. വേഗവും അനായാസചലനവും ഉറപ്പാക്കുന്ന ശരീരഘടനയാണ് നായകള്‍ക്ക് പ്രകൃതി നല്‍കിയിരിക്കുന്നത്. മുന്‍കാലുകള്‍ ശരീരഭാരത്തിന്റെ അറുപതുശതമാനം താങ്ങുമ്പോള്‍ പിന്‍കാലുകള്‍ വേഗവ്യതിയാനം നല്‍കുന്ന ശക്തമായ അച്ചുകോലുകളായി പ്രവര്‍ത്തിക്കുന്നു. ഇങ്ങനെ ഉത്തോലകം പോലെയുള്ള എല്ലുകളും, എണ്ണിയിട്ടതുപോലെയുള്ള സന്ധികളും, സ്നായുക്കളും അസ്ഥിബന്ധങ്ങളും ഒക്കെ ചേരുന്ന കരുത്തുറ്റ അസ്ഥിവ്യൂഹവും, മാംസേപേശികളും ചേര്‍ന്ന ശരീരം ഒടിവുകള്‍ക്കും മുറിവുകള്‍ക്കും എളുപ്പത്തില്‍ വശപ്പെടാം.
നിയന്ത്രിത പ്രജനനത്തിലൂടെ സൃഷ്ടിക്കപ്പെട്ട ബ്രീഡുകളില്‍ പലതിലും അസ്ഥിരോഗങ്ങള്‍ അധികമാണ്. ഗ്രേറ്റ് ഡെയിന്‍, അല്‍സേഷന്‍, ലാബ്രഡോര്‍, ഡാഷ്ഹണ്ട്, ബീഗിള്‍, ബാസറ്റ് ഹൗണ്ട് തുടങ്ങിയ ജനുസ്സുകളില്‍ ഇത്തരം പ്രശ്നങ്ങള്‍ ഏറെയാണ്. എല്ലുകളുടെ ഒടിവ്, ഡിസ്‌ക് പ്രൊലാപ്സ്, ഹിപ്പ് ഡിസ്പ്ലേഷ്യ, സന്ധികളുടെ സ്ഥാനചലനം, സ്നായുക്കളുടേയും, അസ്ഥിബന്ധങ്ങളുടേയും പ്രശ്നങ്ങള്‍ തുടങ്ങി നിരവധി പ്രശ്നങ്ങളാണ് നായകള്‍ക്കുണ്ടാകുന്നത്. നടക്കാനുള്ള ബുദ്ധിമുട്ട്, നീര്‍വീക്കം, സന്ധിവേദന, എല്ലുകളുടെ ആകൃതിയിലുള്ള വ്യത്യാസം, എല്ലുകളുടെ ബലക്ഷയം, തളര്‍ച്ച, പ്രത്യേക രീതിയിലുള്ള നടത്തം തുടങ്ങിയവ പ്രാഥമിക ലക്ഷണങ്ങളാണ്. അപകടങ്ങള്‍, വീഴ്ച, മറ്റു നായകളുടേയോ മനുഷ്യരുടേയോ ആക്രമണം, പ്രായം, പാരമ്പര്യം, വളര്‍ച്ചയിലെ പ്രശ്നങ്ങള്‍, പോഷകാഹാരക്കുറവ്, വിറ്റാമിനുകളുടെയും ധാതുക്കളുടെയും കുറവ്, മറ്റു രോഗങ്ങള്‍, പാരമ്പര്യം എന്നിവയൊക്കെ രോഗത്തിന് സാധ്യത കൂട്ടുന്നു. ഉദാഹരണത്തിന് നായകളുടെ സന്ധിരോഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഹിപ്പ് ഡിസ്പ്ലേസിയ. തുടയെല്ലും, ഇടുപ്പെല്ലും ചേരുന്ന സന്ധിഭാഗത്തെ തേയ്മാനമാണിത്. വേദനയും മുയലിനെപ്പോലെ ചടിച്ചാടിയുള്ള നടത്തവുമാണ് ഇതിന്റെ ലക്ഷണങ്ങള്‍. രോഗലക്ഷണങ്ങളും, എക്സ്റേ പരിശോധനയും വഴിയാണ് രോഗനിര്‍ണ്ണയം സാധ്യമാക്കുന്നത്. പ്ലാസ്റ്റര്‍ ഓഫ് പാരിസ് കാസ്റ്റ് ബാന്‍ഡേജ് എന്നിവ മുതല്‍ കൃത്രിമസന്ധി ഘടിപ്പിക്കുന്ന ചികിത്സാരീതികള്‍ വരെ ഇന്ന് ഉപയോഗിക്കുന്നുണ്ടെന്ന് വയനാട്, പൂക്കോട് വെറ്ററിനറി കോളേജിലെ ഡോ. പി.ടി. ദിനേശ് പറഞ്ഞു. പഴയ പ്ലാസ്റ്റര്‍ കാസ്റ്റിനു പകരം ഇന്ന് ഫൈബര്‍ ഗ്ലാസ്സ് കാസ്റ്ററുകളെത്തിക്കഴിഞ്ഞു. സങ്കീര്‍ണ്ണമായ ഒടിവുകള്‍ക്ക് ഇന്‍ട്രാ മെഡുല്ലറി പിന്നിങ്ങ്, പ്ലേറ്റിങ്ങ്, എക്സേണല്‍ സ്‌കെലിറ്റല്‍ ഫിക്സേഷന്‍ തുടങ്ങിയ ശസ്ത്രക്രിയ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നു. ഹിപ്പ് ഡിസ്പ്ലേസിയ നേരിടാന്‍ എക്സിഷന്‍ ആര്‍ത്രോപ്ലാസ്റ്റി മുതല്‍ ഹിപ്പ് പ്രോസ്തെസിസ് (കൃത്രിമ സന്ധി പിടിപ്പിക്കല്‍) വരെ ചെയ്യുവാന്‍ കഴിയുന്നു. കൂടാതെ ഹിപ്പ് ഡീനേര്‍വേഷന്‍ ശസ്ത്രക്രിയ വഴി അസഹ്യവേദന ഒഴിവാക്കാന്‍ കഴിയും. കൂടാതെ സ്പൈനല്‍ ഫിക്സേഷന്‍, സ്പൈനല്‍ ഡികംപ്രഷന്‍, ക്രൂസിയേറ്റ് ലിഗമെന്റ്, മുട്ടുചിരട്ടയുടെ സ്ഥാനഭ്രംശം തുടങ്ങിയവയ്ക്കുള്ള സര്‍ജറികളും ചെയ്യാവുന്നതാണ്. അസ്ഥിരോഗ വിദഗ്ദരും, അനുബന്ധ ചികിത്സകള്‍ക്കുമൊപ്പം സന്ധികളെ ബലപ്പെടുത്താന്‍ കഴിയുന്ന സ്വഭാവിക ഘടകങ്ങളടങ്ങിയ മരുന്നുകളും ലഭ്യമാണ്.
ചര്‍മകാന്തി നല്‍കാന്‍ : ഡെര്‍മറ്റോളജി
നായകളുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനുമായി പ്രകൃതി നല്കിയ കണ്ണാടിയാണ് അവരുടെ ചര്‍മവും രോമാവരണവും.
ചര്‍മത്തിന്റേയും, രോമത്തിന്റേയും പ്രശ്നങ്ങള്‍ ഉടമകളെ ഏറെ അലട്ടുന്നതിനാല്‍ ഡെര്‍മറ്റോളജി വിഭാഗവും പുതിയ തന്ത്രങ്ങളുമായി വളരുകയാണ്. ബാക്ടീരിയ, ഫംഗസ്, ബാഹ്യപരാദങ്ങള്‍, യീസ്റ്റ്, പോഷകക്കുറവ്, അലര്‍ജി, ഹോര്‍മോണ്‍ വ്യതിയാനം, ശരീരത്തിലെ മറ്റു രോഗങ്ങള്‍, ഉപാപചയ പ്രവര്‍ത്തന തകരാറുകള്‍, അര്‍ബുദം, പരമ്പര്യം എന്നിവ രോഗത്തെ വിളിച്ചുവരുത്തും. ചൊറിച്ചില്‍, രോമം കൊഴിയല്‍, ചര്‍മത്തിലെ നിറവ്യത്യാസം, അസ്വസ്ഥത എന്നിവ പൊതുലക്ഷണങ്ങള്‍. നായകള്‍ സ്ഥിരമായി ചൊറിയുകയും നക്കുകയും കടിക്കുകയും ചെയ്യാം. ചിലപ്പോള്‍ ചര്‍മത്തില്‍ മുഴകള്‍ പ്രത്യക്ഷപ്പെടുന്നതായും കാണാം. കോക്കര്‍ സ്പാനിയല്‍, ഗോള്‍ഡന്‍ റിട്രീവര്‍, പോമറേനിയന്‍, ലാസാ ആപ്സോ തുടങ്ങിയ മുടിയന്‍മാരായ നായകള്‍ക്ക് ചര്‍മരോഗ സാധ്യതകള്‍ കൂടുതലായിരിക്കും. കൃത്യമായ ഗ്രൂമിങ്ങ് ചെയ്യുക എന്നതാണ് പ്രധാന പ്രതിരോധം. ചര്‍മരോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ വെറ്ററിനറി ഡോക്ടറുടെ സഹായം തേടണം. ലക്ഷണങ്ങള്‍, മൈക്രോസ്‌കോപ്പി പരിശോധന എന്നിവ വഴി രോഗകാരണങ്ങള്‍ കണ്ടുപിടിച്ച് ആന്റിബയോട്ടിക്, ആന്റിഫംഗല്‍ തുടങ്ങിയ മരുന്നുകള്‍ ഉപയോഗിച്ചാണ് സാധാരണ ചികിത്സ. രക്തപരിശോധനയിലൂടെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ കണ്ടുപിടിച്ച് ചികിത്സ നല്‍കുന്ന പുത്തന്‍ രീതിയുമുണ്ട്. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ പ്രത്യേകിച്ച് തൈറോയിഡ് അഡ്രീനല്‍ കോര്‍ട്ടക്സ് ഹോര്‍മോണ്‍ അളവുകള്‍ ചര്‍മരോഗങ്ങള്‍ക്കും, രോമംപൊഴിയുന്നതിനും പ്രധാന കാരണങ്ങളിലൊന്നാണ് എന്നോര്‍ക്കണം. ചര്‍മമെന്ന പ്രതിരോധ സംവിധാനത്തിന്റെ സ്വാഭാവിക പ്രതിരോധശേഷി നിലനിര്‍ത്തുന്ന ചര്‍മത്തിലെ സ്വാഭാവിക സൂക്ഷ്മജീവികളുടെ ബാലന്‍സ് നിലനിര്‍ത്തുന്ന പ്രതിരോധ പരിപാടികള്‍ക്ക് മുന്‍തൂക്കം നല്‍കേണ്ടതുണ്ട്. എസ്സന്‍ഷ്യല്‍ ഫാറ്റി ആസിഡുകളും, എസ്സന്‍ഷ്യല്‍ ഓയിലും അടങ്ങിയ മരുന്നുകള്‍ ചര്‍മസംരക്ഷണത്തില്‍ ഏറെ പ്രധാനമാണ്. കൂടാതെ ചര്‍മത്തിന്റെ സ്രവങ്ങളുടെ അളവ് പരിധിയില്‍ നിര്‍ത്തുന്ന, ചര്‍മം വൃത്തിയാക്കുന്ന മരുന്നുകള്‍, ലോഷന്‍, ഷാംപൂ, ചര്‍മം തുടയ്ക്കാനുള്ള വൈപ്പുകള്‍ എന്നിവയും ലഭ്യമാണ്.
(കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറാണ് ലേഖകൻ)
Content Highlights: superspeciality treatments in pets