തുണികളിലെ കരിമ്പനകറ്റാൻ ഉരുളക്കിഴങ്ങും ചെറുനാരങ്ങാനീരും

എഐ നിർമിതചിത്രം
എഐ നിർമിതചിത്രം

മഴക്കാലത്ത് പലരും നേരിടുന്ന പ്രധാന പ്രശ്‌നമാണ് വസ്ത്രങ്ങളിലെ പൂപ്പല്‍. അലമാരയില്‍ മടക്കി സൂക്ഷിക്കുന്നതോ അയയില്‍ ഉണക്കാനിട്ടതോ ആയ വസ്ത്രങ്ങളില്‍ ഒക്കെയും പലപ്പോഴും പൂപ്പല്‍ കണ്ടുവരാറുണ്ട്. മഴക്കാലത്ത് തുണികളില്‍ ഫംഗസുകള്‍ കൂടുകൂട്ടാന്‍ സാധ്യതയേറെയാണ്. വെളുത്ത പൊടിയുടെ രൂപത്തിലോ കരിമ്പന്‍ എന്ന കറുത്ത കുത്തുകളായോ ഇവ വസ്ത്രങ്ങളില്‍ പ്രത്യക്ഷപ്പെടും. ഈര്‍പ്പത്തിനൊപ്പംതന്നെ വിയര്‍പ്പും കരിമ്പന് കാരണമാണ്. ഈ ഫംഗസ്ബാധ പെട്ടെന്ന് പകരുന്നതുമാണ്. മഴക്കാലത്ത് അന്തരീക്ഷത്തിലെ ഉയര്‍ന്ന ഹ്യുമിഡിറ്റി കാരണം തുണികള്‍ ഉണങ്ങിക്കിട്ടാന്‍ പ്രയാസമാവാറുണ്ട്. ഇതുതന്നെയാണ് ഫംഗസ് ബാധയ്ക്ക് കാരണവും. കോട്ടണ്‍ വസ്ത്രങ്ങളില്‍ ഈര്‍പ്പംതങ്ങിനിന്ന് ഫംഗസ് പെരുകാനുള്ള സാധ്യത ഏറെയാണ്. ഈ പ്രശ്‌നം മറികടക്കാനുള്ള ചില വഴികള്‍ ഇതാ...

  • തുണികള്‍ സൂര്യപ്രകാശത്തില്‍ നന്നായി ഉണക്കിയശേഷം മാത്രം മടക്കി അലമാരയില്‍ സൂക്ഷിക്കുക. വെയില്‍ തെളിയുന്ന വേളകളില്‍ വാതിലുകളും ജനാലകളും തുറന്നിട്ട് വീട്ടിനുള്ളില്‍ സൂര്യപ്രകാശം കടത്തുകയുംവേണം.
  • അലമാരയില്‍ സിലിക്ക ജെല്‍ പൗച്ചുകള്‍ സൂക്ഷിക്കാവുന്നതാണ്. ഇവ ഈര്‍പ്പം വലിച്ചെടുക്കും.
  • തുണികള്‍ അലക്കുന്ന വെള്ളത്തില്‍ വിനാഗിരി തൂകാം.
  • ഉപ്പ് നാരങ്ങാനീരില്‍ കുഴച്ച് പേസ്റ്റ് രൂപത്തിലാക്കി വസ്ത്രങ്ങളില്‍ പൂപ്പലുള്ള ഭാഗത്ത് തേച്ചുപിടിപ്പിച്ചശേഷം കഴുകിയുണക്കുക. പൂപ്പലിന്റെ പാടുകള്‍ മായും.
  • അലമാരയ്ക്കുളളില്‍ ഇളംവെളിച്ചമുള്ള ബള്‍ബുകള്‍ പ്രകാശിപ്പിക്കുന്നതും ഒരു പരിധിവരെ ഫംഗസ്ബാധയെ തടയും.
  • ഒരു ടീസ്പൂണ്‍ വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ വിനാഗിരിയും ഒരു ടീസ്പൂണ്‍ ബേക്കിങ് സോഡയും ചേര്‍ത്തിളക്കി അതില്‍ മുക്കിയ ബ്രഷ് തുണിയിലെ കരിമ്പനുള്ള ഭാഗത്ത് ഉരയ്ക്കുക. പത്തുമിനിറ്റിന് ശേഷം കഴുകിക്കളയുക. 
  • ഉരുളക്കിഴങ്ങിന്റെ നീര് പുരട്ടി കഴുകി ഉണക്കിയാലും കരിമ്പന്‍ മാറും.
  • വസ്ത്രങ്ങളിലെ ഫംഗസ് ബാധ തടയാനും ദുര്‍ഗന്ധം അകറ്റാനും ബേക്കിങ് സോഡ നല്ലതാണ്. തുണി അലക്കുമ്പോള്‍ വാഷിങ് മെഷീനില്‍ ഡിറ്റര്‍ജന്റിനൊപ്പം അരക്കപ്പ് ബേക്കിങ് സോഡയും ചേര്‍ത്തോളൂ.
  • ആപ്പിള്‍ സിഡെര്‍ വിനെഗറും ബേക്കിങ് സോഡയും ചേര്‍ന്ന മിശ്രിതം വസ്ത്രങ്ങളിലെ ഫംഗസ് ബാധയുള്ള ഇടങ്ങളില്‍ പുരട്ടി രണ്ട് മണിക്കൂറിനുശേഷം കഴുകിക്കളയാം.
  • നന്നായി പുളിച്ച മോര് കരിമ്പനുള്ള ഭാഗത്ത് തേച്ചുപിടിപ്പിച്ച് രണ്ടുമൂന്ന് മണിക്കൂറിന് ശേഷം കഴുകിക്കളയുന്നതിലൂടെയും കരിമ്പന്റെ പാടുകള്‍ ഇല്ലാതാക്കാം.
  • വസ്ത്രങ്ങള്‍ പൂര്‍ണമായും ഉണങ്ങാതെ അലമാരയില്‍ വെക്കാതിരിക്കുക.
  • ഇസ്തിരിയിട്ടശേഷം മടക്കിവെക്കുന്നതും ഗുണംചെയ്യും.
    കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Learn how to easily remove mildew and mold stains from clothes using simple home remedies. Effective tips for preventing mold growth.