വണ്ടികളിലെ ഇന്ധന-ഗ്യാസ് ലീക്കേജും ഓള്‍ട്ടറേഷന്‍ വര്‍ക്കും വില്ലന്‍മാരാകുമ്പോള്‍...

വേനല്‍ കരുതല്‍ / ഫോട്ടോ: Shutterstock
വേനല്‍ കരുതല്‍ / ഫോട്ടോ: Shutterstock

വേനല്‍ കടുക്കുകയാണ്. ചൂടുപേടിച്ച് വീടിനുള്ളില്‍ ഇരിക്കാമെന്നു വച്ചാല്‍ അവിടെയും ചൂടുതന്നെ വില്ലന്‍. കത്തുന്ന സൂര്യനോട് പൊരുതി തോല്‍ക്കും ഫാന്‍. കാറ്റുകടക്കാന്‍ ജനലുകള്‍ തുറന്നിടാമെന്നുവച്ചാല്‍
കടന്നുകൂടുന്ന കാറ്റിനും വേനലിന്റെ വീര്യം. പകല്‍ സമയത്തെ യാത്രകള്‍ക്കും വേനല്‍ വിലങ്ങുതടിയാവുകയാണ്. ഉയരുന്ന ചൂടില്‍ വാഹനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി ചില നിര്‍ദേശങ്ങള്‍ അടുത്തിടെ മോട്ടോര്‍ വാഹന വകുപ്പ് പങ്കുവച്ചിരുന്നു. ഇന്ധന-ഗ്യാസ് ലീക്കേജും ഓള്‍ട്ടറേഷന്‍ വര്‍ക്കുകളും പാര്‍ക്കിങ് സ്ഥലവും വരെ അഗ്നിബാധയ്ക്ക് കാരണമായേക്കാമെന്നും ആ കുറിപ്പില്‍ പറയുന്നു.

ഇന്ധനലീക്കേജ് ഇല്ലെന്ന് ഉറപ്പാക്കുക പ്രധാനമാണ്. വാഹനത്തിന്റെ ബോണറ്റ് തുറന്ന് കേടുപാടുകള്‍ ഇല്ലെന്ന് ഉറപ്പുവരുത്തുന്നതും ഗുണം ചെയ്യും. വാഹനത്തിന്റെ പുറംഭാഗമെന്ന പോലെ ഉള്‍വശവും വൃത്തിയായി സൂക്ഷിക്കുക. കൃത്യമായ ഇടവേളയില്‍ കൂളന്റും എഞ്ചിന്‍ ഓയിലും മാറ്റുക. വാഹനത്തിനുള്ളില്‍ കുപ്പികളിലും മറ്റും ഇന്ധനങ്ങള്‍ സൂക്ഷിക്കാതിരിക്കുക. ഡാഷ്‌ബോര്‍ഡിലും മറ്റും വെള്ളക്കുപ്പികള്‍, സാനിറ്റൈസര്‍ തുടങ്ങിയവ സൂക്ഷിക്കാതിരിക്കുക. തീപ്പെട്ടി, ലൈറ്റര്‍ തുടങ്ങിയവ വാഹനത്തില്‍ നിന്ന് നീക്കംചെയ്യുക. ഇതൊക്കെയും മോട്ടോര്‍വാഹന വകുപ്പിന്റെ മുന്‍കരുതല്‍ നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുന്നു.

സുരക്ഷ പ്രധാനം
സുരക്ഷയിലുണ്ടാകുന്ന ഏതു വീഴ്ചയും ശ്രദ്ധക്കുറവും യാത്രയില്‍ അപകടം വിളിച്ചുവരുത്തും. ചെറുതും വലുതുമായ ഒട്ടേറെക്കാര്യങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ടതുണ്ട്. ഒരുകാരണവശാലും വാഹനത്തിനുളളിലിരുന്ന് പുകവലിക്കാതിരിക്കുക. മദ്യത്തിനും എളുപ്പത്തില്‍ തീപിടിക്കാന്‍ ഇടയുളള മറ്റ് വസ്തുക്കള്‍ക്കും വാഹനത്തില്‍ ഇടം കൊടുക്കാതിരിക്കുക. തീപ്പിടിത്തത്തെ തടയുന്ന തരത്തിലുള്ള മെറ്റീരിയലുകള്‍ ഉപയോഗിച്ചുള്ള സീറ്റ്കവറുകളാണ് നല്ലത്. ചപ്പുചവറുകളും കരിയിലകളും കൂട്ടിയിടുന്ന സ്ഥലങ്ങളില്‍ വാഹനം നിര്‍ത്തിയിടാതിരിക്കുക. 

വൃത്തിയാക്കുമ്പോള്‍ അറിയാന്‍
എ.സി. ഫില്‍റ്ററില്‍ പൊടി അടിഞ്ഞുകൂടിയാല്‍ കാറിനുള്ളില്‍ ശരിയായ രീതിയില്‍ തണുപ്പ് ലഭിച്ചെന്നുവരില്ല. എ.സി.-എയര്‍ ഫില്‍റ്ററുകള്‍ കൃത്യമായ ഇടവേളയില്‍ വൃത്തിയാക്കാന്‍ മറക്കരുത്. റേഡിയേറ്ററിലെ തകരാറുകള്‍ പലപ്പോഴും അപകടത്തിന് ഇടയാക്കാറുണ്ട്. ഇക്കാര്യവും ശ്രദ്ധിക്കണം. വെയിലില്‍ നിര്‍ത്തിട്ട കാര്‍ വീണ്ടും സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ ഗ്ലാസുകള്‍ താഴ്ത്തി ഫാന്‍ പ്രവര്‍ത്തിപ്പിച്ച് ചൂട് വായുവിനെ പുറന്തള്ളിയ ശേഷം മാത്രം എ.സി.ഓണാക്കുക. ടയറുകളില്‍ ആവശ്യമായ അളവില്‍ വായു ഉണ്ടെന്നും ഉറപ്പാക്കണം. വേനല്‍ക്കാലം പൊടിശല്യത്തിന്റേതും കൂടിയാണല്ലോ. വണ്ടി വൃത്തിയാക്കുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. വീര്യം കൂടിയ ഷാംപുവും ഡീസല്‍ വാഷും വണ്ടിയുടെ നിറം മങ്ങാന്‍ ഇടവരുത്തിയേക്കും. 

സണ്‍ഗ്ലാസുകളും ശീലമാക്കുക 
വേനല്‍ക്കാലത്തെ വാഹനയാത്ര തടികേടാക്കാതിരിക്കാന്‍ ചില മുന്‍കരുതലുകള്‍ ആവശ്യമാണ്. ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ശരീരം മുഴുവന്‍ മറയുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് നല്ലത്. സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത ഒഴിവാക്കുക. പകല്‍ യാത്രയില്‍ ആവശ്യത്തിന്  വെള്ളം കുടിക്കാന്‍ മടിക്കരുത്. നിര്‍ജലീകരണം ഉള്‍പ്പെടെയുള്ള ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ കാത്തിരിക്കുന്നുണ്ടെന്ന് മറക്കരുത്. തിളപ്പിച്ചാറ്റിയ വെള്ളമാണ് വേനലില്‍ നല്ലത്. 

Content Highlights: precautions to take in vehicle care and travel in summer