വായ്പയെടുത്ത് കടത്തിലാകുന്ന പ്രായമോ? സാമ്പത്തിക സ്വാതന്ത്ര്യത്തിന് അറിയണം ഇക്കാര്യങ്ങള്‍

#കെ.കെ ജയകുമാര്‍
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

ഫിനാന്‍ഷ്യല്‍ ഫ്രീഡത്തിലേക്കുള്ള യാത്രയില്‍ സ്ത്രീകള്‍ ഓരോരോ പ്രായത്തില്‍ ചെയ്യേണ്ട നിരവധി കാര്യങ്ങളുണ്ട്. രണ്ടാം ഘട്ടമായ 36 മുതല്‍ 55 വയസുവരെയുള്ള കാലയളവില്‍ ചെയ്തിരിക്കേണ്ടവ എന്തൊക്കെയെന്ന് നോക്കാം. 

സിംഗിള്‍ ആയി ജീവിക്കാനാണ് തീരുമാനം എങ്കില്‍ അക്കാര്യം ഈ പ്രായത്തില്‍ ഒന്നുകൂടി ചിന്തിച്ചുറപ്പിച്ച് മുന്നോട്ടുപോകാം. ജീവിതത്തില്‍ പലതരത്തിലുള്ള വഴിത്തിരിവുകള്‍ ഉണ്ടാകുന്ന പ്രായം കൂടിയാണ് ഇത്.

പ്രമോഷനും ശമ്പളവര്‍ധവുമൊക്കെ നേടി ഏറെക്കുറെ സുരക്ഷിതമായ അവസ്ഥയിലായിരിക്കും ശമ്പളവരുമാനക്കാരായ മിക്ക സ്ത്രീകളും ഈ പ്രായത്തില്‍. ജോലിസ്ഥലത്ത് അരക്ഷിതത്വം നേരിടുന്നവര്‍ പുതിയ മികച്ച ജോലി തേടുന്നതും ഏറെക്കുറെ ഈ സമയത്ത് ആയിരിക്കും. ഇത്തരക്കാര്‍ ആദ്യഘട്ടത്തില്‍ മതിയായ കരുതലെടുത്ത് ഭേദപ്പെട്ട സമ്പാദ്യം ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ ജോലിരാജിവെച്ച് പുതിയ ജോലിക്ക് ശ്രമിക്കുന്നതില്‍ തെറ്റില്ല. അല്ലാത്തപക്ഷം ചുരുങ്ങിയത് മൂന്നുമാസത്തെ ജീവിതച്ചെലവിനുള്ള പണം കണ്ടെത്തിയശേഷമേ ജോലി രാജിവയ്ക്കാവൂ. ഏപ്പോഴും നിലവിലുള്ള ജോലി രാജിവെച്ചശേഷം പുതിയതിന് ശ്രമിക്കുന്നതിനേക്കാള്‍ നല്ലത് നിലവിലെ ജോലിയിലിരിക്കേ പുതിയതിന് ശ്രമിക്കുന്നതാണ്.

ഈ പ്രായത്തില്‍ ജീവിതച്ചിലവും ഏറെ ഉയര്‍ന്നുനില്‍ക്കുന്ന സമയമാണ്. വിവാഹിതരാണ് എങ്കില്‍ കുട്ടികള്‍ ഏറെക്കുറെ വളര്‍ന്നിട്ടുണ്ടാകും. ജീവിതം ഏറ്റവും കൂടുതല്‍ ആസ്വാദ്യകരമാക്കണം എന്നുതോന്നുന്നതും ഈ പ്രായത്തിലാണ്. കുട്ടികളും ഓരോന്നും ആവശ്യപ്പെടാന്‍ തുടങ്ങുന്നതും ഈ സമയത്താണ്. സിംഗിള്‍ ആയിട്ടുള്ളവര്‍ക്ക് അവരുടെ പല സ്വപ്നങ്ങളും ചേസ് ചെയ്യാന്‍ സാമ്പത്തിക അടിത്തറ ഭദ്രമായിരിക്കുന്നതും ഈ കാലയളവിലാണ്. മടി കൂടാതെ ധൈര്യമായി മുന്നോട്ടുപോകേണ്ടതും ഈ കാലയളവിലാണ്

വായ്പയെടുത്ത് കടക്കെണിയിലാകുന്നതും ഈ പ്രായത്തിലുള്ളവരാണ് എന്നത് പ്രത്യേകം ശ്രദ്ധിക്കണം. വായ്പകളുടെ പ്രതിമാസ തിരിച്ചടവ് തന്നെ ശമ്പളത്തിന്റെ നല്ലൊരു ഭാഗം വരും.

വരുമാനം കൂടി നല്‍കുന്ന സമയം ആയതുകൊണ്ടാണ് ഭാവിയിലെ വലിയ ലക്ഷ്യങ്ങള്‍ക്കുള്ള കരുതല്‍ ഗണ്യമായി ആരംഭിക്കേണ്ടതും സമ്പത്തുണ്ടാക്കാന്‍ വലിയ ചുവടുവയ്പുകള്‍ നടത്തേണ്ടതും ഈ സമയത്താണ്. എന്നാല്‍ അപ്പോഴേക്ക് വരവും ചെലവും തമ്മിലുള്ള അന്തരം കുറഞ്ഞു വന്ന് അവസാനം രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന അവസ്ഥ ഉണ്ടാകും. ജീവിത ചക്രത്തിലെ ആദ്യഘട്ടമായ 20 മുതല്‍ 35 വരെയുള്ള പ്രായത്തില്‍ ശരിയായ രീതിയില്‍ സമ്പാദ്യത്തിന് തുടക്കമിട്ടവര്‍ക്കാണ് ഈ രണ്ടാം ഘട്ടത്തില്‍ സമ്പത്തിന്റെ പാതയില്‍ ബഹുദൂരം മുന്നേറാന്‍ കഴിയുക. വരവും ചെലവും തമ്മില്‍ കൂട്ടിമുട്ടിക്കാന്‍ പറ്റാതാകുകയും കടക്കെണി രൂക്ഷമാകുകയും ചെയ്താല്‍ വിദഗ്ധ ഉപദേശം തേടി കടങ്ങള്‍ പുനസംഘടിപ്പിച്ച് പ്രതിസന്ധിയില്‍ നിന്ന് പുറത്തുകടക്കണം.

മൂന്നാം ഘട്ടമായ 55 മുതല്‍ 65 വയസുവരെ പ്രായമുള്ളവര്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് അടുത്ത തവണ

(തുടരും)

(പേഴ്‌സണല്‍ ഫിനാന്‍സ് അനലിസ്റ്റും എന്‍ട്രപ്രണര്‍ഷിപ്പ് ട്രെയിനറുമാണ് ലേഖകന്‍ 
ഫോണ്‍: 9447667716, email: jayakumarkk8@gmail.com)

Content Highlights: piggy bank financial freedom tips for women