പെണ്‍കിളികള്‍ തമ്മിലും ആണ്‍കിളികള്‍ തമ്മിലും ഇണകളാകുന്ന സ്വഭാവരീതി മറികടക്കാൻ ഡിഎൻഎ ടെസ്റ്റ് നടത്താം

കൂട്ടിനുള്ളിലെ ചില്ലയില്‍ കൊക്കുരുമ്മി പ്രണയവിവശരായിരിക്കുന്ന കുഞ്ഞിതത്തകളെ ലോകം 'ലവ്ബേര്‍ഡ്സ്' എന്നു വിളിക്കുന്നു. സ്വദേശം ആഫ്രിക്കയായതിനാല്‍ മുഴുവന്‍ പേര് ആഫ്രിക്കന്‍ ലവ്ബേര്‍ഡ്സ് എന്നുമാണ്. നമ്മുടെ നാട്ടില്‍ ബഡ്ജറിഗറുകളെ ലവ്ബേര്‍ഡ്സ് എന്ന് വിളിക്കാറുണ്ടെങ്കിലും യഥാര്‍ഥത്തില്‍ സ്നേഹപ്പക്ഷികള്‍ എന്ന പേരിന്റെ അവകാശികള്‍ ആഫ്രിക്കന്‍ ലവ്ബേര്‍ഡ്സ് തന്നെയാണ്. ചെറിയ വാലും കൊഴുത്തുരുണ്ട ശരീരവും തീക്ഷ്ണ വര്‍ണ്ണങ്ങളും കൈമുതലാക്കിയ ഈ കുഞ്ഞിതത്തകള്‍ പക്ഷിപ്രേമികളുടെ മനം കീഴടക്കിയിരിക്കുന്നു. പൊതുവെ പച്ചനിറത്തിലുള്ള ഈ പക്ഷികള്‍ മഞ്ഞ, വെള്ള, നീല തുടങ്ങിയ വര്‍ണ്ണഭേദങ്ങളിലും കാണപ്പെടുന്നു.
ഇനങ്ങള്‍
'സിറ്റാസിഡേ' എന്നു പേരുള്ള തത്തകളുടെ കുടുംബത്തിലെ 'അഗാപോര്‍ണിസ്' ജനുസിലെ 9 ജാതി പക്ഷികളാണ് ലവ്ബേര്‍ഡ്സ് എന്ന പേരില്‍ അറിയപ്പെടുന്നത്. ആഫ്രിക്ക, മഡഗാസ്‌കര്‍ ദ്വീപ് എന്നിവയാണ് ഇവയുടെ സ്വാഭാവിക വാസസ്ഥലങ്ങള്‍. പത്തൊന്‍ പതാം നൂറ്റാണ്ടിന്റെ പകുതിയോടെ ലോകത്തിന്റെ പല ഭാഗത്തും വളര്‍ത്തുപക്ഷികളായി ഇവ പ്രചരിക്കപ്പെട്ടു. ഏകദേശം 13 സെന്റിമീറ്റര്‍ നീളം വരുന്ന കൊഴുത്തുരുണ്ട് വര്‍ണ്ണശഭളമായ മേനിയുള്ള 9 ഇനം ആഫ്രിക്കന്‍ ലവ്ബേര്‍ഡുകളില്‍ 8 എണ്ണം മധ്യ ആഫ്രിക്കക്കാരും ഒരെണ്ണം മഡഗാസ്‌കര്‍ സ്വദേശിയുമാണ്. പീച്ച് ഫേസ്ഡ്, മാസ്‌ക്ഡ്, ഫിഷര്‍ എന്നീ മൂന്നു സ്പീഷീസുകളും അവയുടെ ഉപസ്പീഷീസുകളുമാണ് നമുക്ക് സുപരിചിതര്‍. നിയാസ, ബ്ലാക്ക് ചീക്ക്ഡ്, മഡഗാസ്‌ക്കര്‍, അബിസീനിയന്‍, റെഡ് ഫെയ്സ്ഡ്, ബ്ലാക്ക് കോളേഡ് എന്നീ ആറിനങ്ങള്‍ നമുക്ക് തീര്‍ത്തും അപരിചിതരുമാണ്. പീച്ച് ഫേസുകള്‍ തലയില്‍ വെള്ള, ചുവപ്പ്, ഓറഞ്ച് നിറങ്ങള്‍ ഉള്ളവയായിരിക്കും. ഒപ്പം കൊക്കിന്റെ നിറം മഞ്ഞ കലര്‍ന്ന വെള്ള നിറവുമാണ്. ലൂട്ടിനോ, ഗ്രീന്‍പീച്ച് ഫേസ്, ലൂട്ടിനോ പീച്ച് ഫേസ്, ഒലീവ് പീച്ച്, സിന്നമണ്‍ പീച്ച്, ഡച്ച് ബ്ലൂ പീച്ച്, അക്വാ ബ്ലൂ പീച്ച് എന്നീ നിറഭേദങ്ങളില്‍ പീച്ച് ബേസ്ഡ് ലൗബേര്‍ഡുകള്‍ പക്ഷിപ്രേമികള്‍ക്കിടയില്‍ പ്രിയങ്കരമാണ്.
മാസ്‌ക്ഡ് ലവ്ബേര്‍ഡുകള്‍ക്ക് പച്ചനിറത്തിലുള്ള ഉടലും കറുപ്പ് നിറത്തിലുള്ള തലയും കണ്ണില്‍ കട്ടിയുള്ള വെളുത്ത വളയവും, ചുവന്ന ചുണ്ടുകളുമാണുള്ളത്. ബ്ലൂ മാസ്‌ക്, മാവോ മാസ്‌ക്, ഒലിവ് മാസ്‌ക്, കൊബാള്‍ട്ട് മാസ്‌ക്, വയലറ്റ് മാസ്‌ക് തുടങ്ങിയ നിറഭേദങ്ങള്‍ സൃഷ്ടിക്കാന്‍ പ്രജനനത്തിലൂടെ കഴിഞ്ഞിട്ടുണ്ട്. ഫിഷര്‍ ആഫ്രിക്കന്‍ ലവ്ബേര്‍ഡുകള്‍ മാസ്‌ക്കുകളുമായി സാമ്യമുള്ളവയാണ്. ഫിഷറുകളുടെ തലയുടെ നിറം ചുവപ്പ് കലര്‍ന്ന ഓറഞ്ചു നിറവും നെഞ്ചിന്‍ ഭാഗത്ത് ഓറഞ്ചു കലര്‍ന്ന മഞ്ഞ നിറവുമായിരിക്കും.
പീച്ച് ഫേസ് ലവ്ബേര്‍ഡ്‌സില്‍ നിന്ന് ബ്രീഡ് ചെയ്‌തെടുത്തവയാണ് ഒപലീന്‍' എന്ന ഇനം. പീച്ച് ഫേസ് ലവ്ബേര്‍ഡുകള്‍ക്ക് മുഖത്തു മാത്രമാണ് ചുവപ്പ്/ഓറഞ്ച്/വെള്ള എന്നീ നിറമുള്ളതെങ്കില്‍, ഒപലീന്‍ ഇനത്തില്‍ തലമുഴുവന്‍ ചുവപ്പോ ഓറഞ്ചോ വെള്ളയോ നിറം പടര്‍ന്നിരിക്കും. ഇവയുടെ വാലില്‍ ചുവപ്പ്, കറുപ്പ്, ഓറഞ്ച് നിറങ്ങളുടെ മിശ്രണം കാണാം. 'പൈഡ്സ്' എന്നു വിളിക്കപ്പെടുന്ന ഇനങ്ങളില്‍ ശരീരത്തില്‍ നിരവധി നിറങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. പീച്ച് ഫേസ്ഡ്, ഫിഷര്‍, മാസ്‌ക്ക്ഡ് എന്നീ മൂന്നു വിഭാഗങ്ങളിലും പൈഡ്സ് നിറഭേദങ്ങള്‍ കാണപ്പെടുന്നു. മല്‍പ്പറഞ്ഞ വിധത്തിലുള്ള വര്‍ണ്ണഭേദങ്ങളുടെ സാന്നിധ്യം ആഫ്രിക്കന്‍ ലവ്ബേര്‍ഡുകളെ വിപണി പ്രിയങ്കരമാക്കുന്നു. ഒരു ജോഡി പക്ഷികളെ പ്രത്യേകമായി വളര്‍ത്താന്‍ ആവശ്യമായ കമ്പിവലക്കൂടുകളുടെ ചുരുങ്ങിയ അളവ് 78: 60 : 60 സെന്റീമീറ്ററാണ്. ചില ബ്രീഡര്‍മാര്‍ 89 ഃ 50 ഃ 50 എന്ന അളവും പിന്‍തുടരാറുണ്ട്. ചെറിയ കൂടുകളിലും ലവ്ബേര്‍ഡുകള്‍ പ്രജനനം നടത്തുമെങ്കിലും പക്ഷികളുടെ പൊതുവായ ക്ഷേമത്തിന് വലിയ കൂടുകള്‍ തന്നെയാണുത്തമം. പാമ്പ്, എലി തുടങ്ങിയ ശത്രുക്കളില്‍ നിന്ന് രക്ഷനല്‍കുന്ന വിധം ചെറിയ കണ്ണികള്‍ ഉള്ള വല ഉപയോഗിച്ച് കൂടുകള്‍ ഒരുക്കണം. ലവ്ബേര്‍ഡ്‌സുകളുടെ പെര്‍ച്ചുകള്‍/ ഇരിക്കാനുള്ള കൊമ്പുകള്‍ ഉചിതമായ രീതിയില്‍ കൂടുകള്‍ക്കുള്ളില്‍ സ്ഥാപിക്കണം. നേരിട്ട് മഴയേല്‍ക്കാത്തതും താപനില ക്രമീകരിക്കുന്നതുമായ സംവിധാനങ്ങള്‍ അത്യാവശ്യമാണ്.
ഇത്തിരി തീറ്റ, ഒത്തിരി കാര്യം
മാംസ്യസമൃദ്ധമായ പയറിനങ്ങളും, ധാന്യങ്ങളും, ഇലത്തീറ്റകളും ചേരുന്നതാവണം തീറ്റമിശ്രിതം. പയര്‍, വന്‍പയര്‍, വെള്ളക്കടല, കടല, ഗ്രീന്‍പീസ് തുടങ്ങിയ പയര്‍വര്‍ഗ്ഗങ്ങള്‍ മുളപ്പിച്ച് നല്‍കാം. നെല്ല്, തിന, സൂര്യകാന്തിക്കുരു എന്നിവ കഴുകി ഉണക്കിയാണ് നല്‍കേണ്ടത്. കാരറ്റ്, ബീറ്റ്റൂട്ട്, വെള്ളരി മുതലായ പച്ചക്കറികളും തീറ്റയില്‍ ഉള്‍പ്പെടുത്തണം. തുളസിയില, പുതിനയില, മല്ലിയില, ചീരയില, ആര്യവേപ്പില എന്നിവയും നല്‍കാം. കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങുന്ന സമയത്ത് മുട്ട, റൊട്ടിപ്പൊടി എന്നിവ ചേര്‍ത്തു തയ്യാറാക്കുന്ന എഗ്ഗ് ഫുഡ് നല്‍കുന്നത് ഏറെ പ്രയോജനം ചെയ്യും.
പ്രജനനം പ്രധാനം
മികച്ച ഇണകളെ കണ്ടെത്തുന്നതിലാണ് പ്രജനനത്തിന്റെ വിജയം കുടികൊള്ളുന്നത്. പക്ഷിക്കുഞ്ഞുങ്ങളെ ആദ്യം വാങ്ങുമ്പോള്‍ അവയെ കൂട്ടമായി ഒരു വലിയ കൂട്ടില്‍ പാര്‍പ്പിക്കുക. ആറുമാസം പ്രായമെത്തുന്നതോടെ അവ സ്വയം ഇണകളെ കണ്ടെത്തുന്നു. ഇണകള്‍ ഒന്നിച്ചിരുന്ന് സ്നേഹപ്രകടനങ്ങള്‍ നടത്തുന്നതും ആഹാരം പങ്കുവെയ്ക്കുന്നതുമൊക്കെ കാണാം. പക്ഷികളെല്ലാം ഒരുപോലെ കാണപ്പെടുന്നതിനാല്‍ ഇണകളെ തിരിച്ചറിയുന്നതിനായി മാര്‍ക്കര്‍ പേന ഉപയോഗിച്ച് വ്യക്തമായി കാണാന്‍ സാധിക്കുന്ന ശരീരഭാഗങ്ങളില്‍ അടയാളങ്ങള്‍ നല്‍കണം. പക്ഷികളെ തുടര്‍ന്നും നിരീക്ഷിക്കുകയും ഇണകളെ തിരിച്ചറിയുകയും ചെയ്യണം. 2-3 പ്രാവശ്യം കൂടി പരിശോധനയും, നിരീക്ഷണവും നടത്തിയതിനുശേഷം ഇണകളെന്ന് ഉറപ്പിച്ച പക്ഷികളെ പ്രത്യേകം കൂടുകളിലേക്ക് മാറ്റാവുന്നതാണ്. ആണ്‍-പെണ്‍ കിളികളെ തിരിച്ചറിയാന്‍ ഏറെ പ്രയാസമാണെന്നതാണ് പ്രധാന വെല്ലുവിളി. തലയുടെ വലിപ്പം, ചുണ്ടിന്റെ ആകൃതി, പെല്‍വിക് ബോണിന്റെ (ഇടുപ്പെല്ല്) അകലം എന്നിവയൊക്കെ പരിശോധിച്ച് ലിംഗനിര്‍ണ്ണയം സാധ്യമെന്ന് പറയുന്നവരുണ്ടെങ്കിലും ലിംഗനിര്‍ണ്ണയം സാധ്യമെന്ന് പറയുന്നവരുണ്ടെങ്കിലും ഡി.എന്‍.എ. പരിശോധന വഴി ലിംഗനിര്‍ണ്ണയം നടത്തുന്നതാണ് ഉത്തമം. ഇതിനായി മുതുകിലെയോ, നെഞ്ചിലെയോ, തൂവല്‍ പറിച്ചെടുത്ത് ഉചിതമായി പാക്ക് ചെയ്ത് ലബോറട്ടറികളില്‍ അയച്ച് പരിശോധന നടത്തണം. 24 മണിക്കൂറിനുള്ളില്‍ ഫലം ലഭ്യമാകുന്നതാണ്. രണ്ടു പെണ്‍കിളികള്‍ തമ്മിലും, രണ്ടു ആണ്‍കിളികള്‍ തമ്മിലും ഇണകളാകുന്ന ലൗബേര്‍ഡിന്റെ സ്വഭാവരീതി മറികടക്കാന്‍ ഡി.എന്‍.എ. ലിംഗനിര്‍ണ്ണയം സഹായിക്കുന്നു. ഇണകളാകുന്ന പക്ഷികളെ 10 മാസം പ്രായത്തിനുശേഷമാവണം ഇണചേര്‍ക്കേണ്ടതാണ്.
ഒരു വര്‍ഷം പ്രായമെത്തുമ്പോഴേക്കും ആഫ്രിക്കന്‍ ലവ്ബേര്‍ഡുകള്‍ പൂര്‍ണമായും പ്രജനനസജ്ജരാകുന്നു. രണ്ടരയടി നീളവും ഒന്നരയടി വീതം വീതിയും ഉയരവുമുള്ള കൂടുകളാണ് പ്രജനനത്തിനായി തിരഞ്ഞെടുത്ത ഒരു ജോഡിക്കായി നല്‍കുക. അതുവരെ വെവ്വേറെ പാര്‍പ്പിച്ചിരിക്കുന്ന ഇണക്കിളികളിലെ പെണ്‍കിളിയെ ആദ്യം പ്രജനന കൂട്ടിലേക്ക് മാറ്റുന്നു. ഒരു ദിവസം കഴിഞ്ഞാല്‍ ആണ്‍പക്ഷിയേയും മാറ്റാം. വൈക്കോലും ചെറുനാരുകളും, പച്ചപ്പുല്ലും, ചുള്ളിക്കമ്പുകളും ഇട്ടുകൊടുത്ത് മുട്ട ഇടാനുള്ള അറയൊരുക്കാന്‍ പ്രേരണ നല്‍കണം. നല്ല വലിപ്പമുള്ള കുടങ്ങളോ/ 8: 6:6 ഇഞ്ച് വലിപ്പമുള്ള ചതുരപ്പെട്ടികളോ മുട്ടയിടാനുള്ള അറ/ നെസ്റ്റ് ബോക്സ് (Nest box) ആയി ഉപയോഗിക്കാം. ഇവയില്‍ നല്‍കുന്ന പ്രവേശന ദ്വാരം 2-2.5 ഇഞ്ച് വ്യാസമുള്ള വൃത്തവുമായിരിക്കണം. പ്രജനന സമയത്ത് വൈകാരികമായി പ്രത്യേക അവസ്ഥയിലായതിനാല്‍ പക്ഷികളെ ഒരു രീതിയിലും ശല്യപ്പെടുത്താന്‍ പാടില്ല. ഉയര്‍ന്ന മാംസ്യമടങ്ങിയ ആഹാരം നല്‍കാനും മറക്കരുത്. കൃത്യമായി ജോഡി തിരിച്ച് കൂടുകളില്‍ പാര്‍പ്പിക്കുന്ന രീതിയാണ് നല്ലത്.
പ്രജനനസമയത്ത് പെണ്‍കിളി ഒരു തവണ 3-4 വരെ മുട്ടകളിടുന്നു. വര്‍ഷത്തില്‍ 3-4 പ്രവശ്യം വരെ മുട്ടയിടും. സാധാരണഗതിയില്‍ പെണ്‍കിളികള്‍ അടയിരിക്കുകയും 21-23 ദിവസത്തിനുള്ളില്‍ മുട്ടകള്‍ വിരിയുകയും ചെയ്യും. ആണും, പെണ്ണും ചേര്‍ന്ന് കുഞ്ഞുങ്ങള്‍ക്ക് തീറ്റകൊടുക്കുകയാണ് പതിവ്. കുഞ്ഞുങ്ങള്‍ കണ്ണുകള്‍ തുറക്കാന്‍ 10 ദിവസമെങ്കിലും കഴിയണം. 40-42 ദിവസം കഴിയുമ്പോള്‍ ഇവ കലത്തില്‍ നിന്നും വെളിയിലിറങ്ങി തുടങ്ങുന്നു. പെണ്‍കിളികളെ അടുത്ത പ്രജനനത്തിലേക്ക് കൊണ്ടുവരാന്‍ പുതിയ കലങ്ങള്‍ കൂട്ടില്‍ സ്ഥാപിക്കാം. വര്‍ഷത്തില്‍ പന്ത്രണ്ട് കുട്ടികള്‍ വരെ ഒരു ജോഡിയില്‍ നിന്ന് ലഭിക്കാം. ഒരു ജോടി പക്ഷികള്‍ക്ക് വര്‍ണ്ണഭേദമനുസരിച്ച് 2000-5000 രൂപ വില ലഭിക്കാറുണ്ട്. പീച്ച് ഫേസ്, മാസ്‌ക്, ഫിഷര്‍ എന്നിവയെ ഒരുമിച്ച് പാര്‍പ്പിച്ച് ഇണചേര്‍ക്കുന്നത് ഒഴിവാക്കണം.
ആരോഗ്യം അതല്ലേ എല്ലാം
പരിപാലനത്തിലെ വീഴ്ചകള്‍, സമീകൃതമല്ലാത്ത തീറ്റക്രമം എന്നിവയുടെ പരിണിത ഫലമാണ് ആഫ്രിക്കന്‍ ലവ്ബേര്‍ഡ്‌സുകളിലെ ആരോഗ്യപ്രശ്നങ്ങള്‍. കൂടുകളില്‍ ആവശ്യത്തിന് സ്ഥലം നല്‍കാതെ കൂട്ടമായി വളര്‍ത്തുന്നത് പക്ഷികളെ സമ്മര്‍ദ്ദത്തിലാക്കുന്നു. വൃത്തിയുള്ള പരിസരം ഇഷ്ടപ്പെടുന്ന ലവ്ബേര്‍ഡ്‌സുകള്‍ വിജയകരമായി പ്രജനനം നടത്തണമെങ്കില്‍ മെച്ചപ്പെട്ട പരിസരമൊരുക്കേണ്ടതാണ്. ബാഹ്യ, ആന്തര പരാദങ്ങളെ അകറ്റി നിര്‍ത്താന്‍ ശുചിത്വവും ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകളും ആവശ്യമാണ്.
Content Highlights: love birds pets care and breeding