വില ഉയരുമ്പോള്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നത് സുരക്ഷിതമോ ?

20 ലക്ഷം രൂപയുടെ എഫ്.ഡി പുതുക്കിയിടാന്‍ ബാങ്കില്‍ എത്തിയപ്പോഴാണ് പലിശ കുറഞ്ഞകാര്യം ജോസഫ് മനസ്സിലാക്കിയത്. അതോടെ പത്ത് ലക്ഷം രൂപയുടെ എഫ്.ഡി പുതുക്കാനും ബാക്കിയുള്ള നിക്ഷേപം തിരികെയെടുക്കാനും തീരുമാനിച്ചു. വിലയില്‍ ഇനിയും വര്‍ധനവുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ തിരിച്ചെടുക്കുന്ന തുക സ്വര്‍ണത്തില്‍ നിക്ഷേപിക്കാനാണ് പ്ലാന്‍.
പകുതി തുകയ്ക്ക് സ്വര്‍ണം വാങ്ങിവെക്കാമെന്ന് എഫ്.ഡി ഇടുന്ന സമയത്ത് ഭാര്യ ഉപദേശിച്ചിരുന്നു. അന്ന് അത് ചെയ്തിരുന്നുവെങ്കില്‍ ഇപ്പോഴത്തെ മൂല്യം എത്രയാകുമായിരുന്നുവെന്ന ചിന്ത അദ്ദേഹത്തെ നിരാശനാക്കി. ഇടക്കിടെ ഭാര്യ അതേക്കുറിച്ച് ഓര്‍മിപ്പിക്കുകയും ചെയ്തു. ഇനിയും വൈകിയിട്ടില്ലെന്ന ഉപദേശംകൂടി മുഖവിലയ്‌ക്കെടുത്തായിരുന്നു തീരുമാനം.
ദിനംപ്രതിയെന്നോണം വില കുതിച്ചുകൊണ്ടിരിക്കെ, കയ്യിലുള്ള പണം മുഴുവന്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ താത്പര്യപ്പെടുന്നവരുടെ എണ്ണം കൂടിവരികയാണ്. ഓഹരിയായാലും സ്വര്‍ണമായാലും മുന്നേറ്റം രേഖപ്പെടുത്തുമ്പോള്‍ നിക്ഷേപിക്കാന്‍ ആവേശം കൂടുക സ്വാഭാവികം. സ്ഥിര നിക്ഷേപങ്ങളുടെ പലിശ കുറയുന്നതിനാലും ഓഹരി വിപണിയില്‍ ചാഞ്ചാട്ടം തുടരുന്നതിനാലും കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ സ്വര്‍ണത്തിനപ്പുറം സാധ്യകളില്ലെന്നാണ് ജോസഫിനെപ്പോലുള്ളവര്‍ കരുതുന്നത്.
അനിശ്ചിതത്വങ്ങള്‍ക്കെതിരെയുള്ള സുരക്ഷ എന്നതിനേക്കാള്‍ പെട്ടെന്ന് നേട്ടമുണ്ടാക്കാനുള്ള വഴിയായി സ്വര്‍ണത്തെ കാണരുത്. വ്യത്യസ്ത ആസ്തികളില്‍ നിക്ഷേപിക്കുന്നതിന്റെ ഭാഗമായി ദീര്‍ഘകാലം ലക്ഷ്യമിട്ട് മൊത്തം ആസ്തിയില്‍ നിശ്ചിത വിഹിതം സ്വര്‍ണത്തിലും കരുതുകയാണ് വേണ്ടത്.
സ്വര്‍ണം അതിന്റെ യഥാര്‍ഥ രൂപത്തില്‍ വാങ്ങുന്നതിനേക്കാള്‍ സുരക്ഷിതവും സുതാര്യവും ചെലവ് കുറഞ്ഞതും അതോടൊപ്പം എളുപ്പത്തില്‍ പണമാക്കി മാറ്റാന്‍ കഴിയുന്നവയുമാണ് ഇ.ടി.എഫുകള്‍. ശുദ്ധമായ സ്വര്‍ണത്തിലാണ് ഇ.ടി.എഫുകള്‍ നിക്ഷേപിക്കുന്നത്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്ക് പ്രകാരം ഗോള്‍ഡ് ഇ.ടി.എഫുകളുടെ കൈവശമുള്ളത് 3,692 ടണ്‍ സ്വര്‍ണമാണ്. ഇതിന്റെ മൂല്യമാകട്ടെ 407 ബില്യണ്‍ ഡോളറും.
എങ്ങനെ നിക്ഷേപിക്കാം?
ഓഹരികള്‍ പോലെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ട്രേഡ് ചെയ്യുന്നവയാണ് ഇ.ടി.എഫുകള്‍. അതുകൊണ്ടുതന്നെ ഡീമാറ്റ് അക്കൗണ്ട് ആവശ്യമാണ്. അതില്ലാത്തവര്‍ക്ക് ഫണ്ട് ഓഫ് ഫണ്ട്‌സ് (ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ട്) വഴിയും നിക്ഷേപം നടത്താം. മാസംതോറും എസ്.ഐ.പിയായി 500 രൂപ വീതം നിക്ഷേപിക്കാനും അവസരമുണ്ട്.
വില കൂടുമ്പോള്‍ നിക്ഷേപിക്കുകയെന്നതിലുപരി വൈവിധ്യവത്കരണത്തിന്റെ സാധ്യത പ്രയോജനപ്പെടുത്താന്‍ മൊത്തം നിക്ഷേപത്തിന്റെ 10-15 ശതമാനം വിഹിതം എക്കാലത്തും സ്വര്‍ണത്തില്‍ നിലനിര്‍ത്തുന്നതാണ് ഉചിതം.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Is investing in gold safe as prices rise? Explore insights on gold investment, ETFs, and diversification for better returns than FDs and stocks. Learn how to invest wisely.