സ്ഥലപരിമിതി പ്രശ്‌നമാക്കേണ്ട; ഇനി നായകളെ ഫ്ളാറ്റിലും വളർത്താം

PAW PRINTS
#ഡോ. സാബിന്‍ ജോര്‍ജ്ജ്, പ്രൊഫസര്‍, വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റി
representative image/ shutter stock
representative image/ shutter stock

വിസ്തൃതമായ തൊടിയും മുറ്റവുമുള്ള വീടുകള്‍ക്കു പകരം  ബഹുനില ഫ്‌ളാറ്റുകളിലാണ് ഇന്ന് കൂടുതല്‍ പേരും താമസിക്കുന്നത്. കുടുംബത്തിലെ കുട്ടികള്‍ക്കും, പ്രായം ചെന്നവര്‍ക്കും സഹചാരിയായി ഫ്ളാറ്റിലെ ചെറിയ ലോകത്തേക്ക് ഒരു നായക്കുട്ടിയെ കൂട്ടുവിളിക്കാന്‍ തോന്നുന്നുണ്ടെങ്കില്‍ ഇനി മടിക്കേണ്ടതില്ല. അപ്പാര്‍ട്‌മെന്റുകളില്‍ നായകളെ വളര്‍ത്തുന്നതിനനുകൂലമായ വിധി ഹൈക്കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. എങ്കിലും താമസിക്കുന്ന അപ്പാര്‍ട്മെന്റില്‍ വളര്‍ത്തുമൃഗങ്ങളെ പരിപാലിക്കുന്നതു സംബന്ധിച്ച് നിയന്ത്രണമോ, ഉപാധികളോ ഉണ്ടെങ്കില്‍, അത് വ്യക്തമായി അറിയുകയാണ് ആദ്യ പടി. നിബന്ധനകളുണ്ടെങ്കില്‍ അവയെല്ലാം കൃത്യമായി പാലിക്കണം. നായകളുടെ അനുവദനീയമായ ശരീരഭാരം, വലുപ്പം, ഇനങ്ങള്‍ എന്നിവയോടൊപ്പം പെറ്റ് ഡിപ്പോസിറ്റ് പോലുള്ള ചട്ടങ്ങളെക്കുറിച്ചും അറിയണം. ഫ്ളാറ്റിലെ പരിമിതികളോടും ജീവിതശൈലിയോടും പൊരുത്തപ്പെടുന്ന ഇനങ്ങളെ വേണം തിരഞ്ഞെടുക്കാന്‍. 

നായയുടെ വലുപ്പത്തെക്കാള്‍ പ്രധാനം അവയുടെ ഊര്‍ജ്ജനില (energy level), വികാരങ്ങളെയും പ്രവൃത്തിയെയും പെരുമാറ്റത്തെയും നിയന്ത്രിക്കുന്ന പ്രകൃതി ഗുണം (temperament) എന്നിവയാണ്. അതായത്, ശാന്തപ്രകൃതരായ ഗ്രേറ്റ് ഡെയ്ന്‍ പോലെയുള്ള വലിയ ഇനങ്ങളാണ് എപ്പോഴും ഓടി നടന്ന് കുരയ്ക്കുന്ന പൊമറേനിയന്‍ പോലെയുള്ള ചെറിയ ഇനങ്ങളേക്കാള്‍ അപ്പാര്‍ട്മെന്റില്‍ പാര്‍പ്പിക്കാന്‍ അനുയോജ്യം. പ്രസരിപ്പും, ചുറുചുറുക്കും മിതമായ ശാന്തപ്രകൃതരായ ഫ്രഞ്ച് ബുള്‍ഡോഗ്, ഡാഷ്ഹണ്ട്, ഷിവാവ, പഗ്, ചൗ ചൗ, മിനിയേച്ചര്‍, പുഡില്‍, മാള്‍ട്ടീസ്, ഇന്ത്യന്‍ സ്പിറ്റ്സ്, ലാബ്രഡോര്‍, റിട്രീവര്‍ എന്നിവയൊക്കെ അപ്പാര്‍ട്മെന്റുകളിലേക്ക് ഇണങ്ങും. ഇവയില്‍ത്തന്നെ, നീളന്‍ രോമക്കാരെക്കാള്‍ കുറിയ രോമമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കാം.  അയല്‍വാസികളുമായും കുടുംബസുഹൃത്തുക്കളുമായും സൗഹൃദപരമായി ഇണങ്ങാനുള്ള കഴിവും നോക്കണം. 

വീടുകളില്‍ നിന്നു ഫ്ളാറ്റുകളിലേക്ക് താമസം മാറുന്നവര്‍ തിരഞ്ഞെടുക്കുന്നതോ ഒപ്പം കൊണ്ടുപോകുന്നതോ, പ്രസരിപ്പും കൂടെക്കൂടെ കുരയ്ക്കുന്നതുമായ നായകളെയാണെങ്കില്‍ ചില കരുതലുകള്‍ വേണ്ടതുണ്ട്. ഇത്തരം ഇനങ്ങള്‍ക്ക് വ്യായാമം ആവശ്യമായതിനാല്‍ ദിവസേന അല്‍പ്പനേരം തുറസ്സായ സ്ഥലത്ത് നടക്കാന്‍ കൊണ്ടുപോകാം. ഫ്ളാറ്റിനുള്ളില്‍ കളിപ്പാട്ടങ്ങള്‍ നല്‍കി കളിക്കാന്‍ അവസരമൊരുക്കാം. ആളുകളെയോ റോഡിലെ വാഹനങ്ങളെയോ കാണാവുന്ന തരത്തിലുള്ള ജനാലകള്‍ക്കരികില്‍ അരുമകള്‍ക്ക് വിശ്രമിക്കാന്‍ സ്ഥലമൊരുക്കാതെയിരിക്കാനും ശ്രദ്ധിക്കാം. നായകള്‍ ഒപ്പമുണ്ടെങ്കില്‍ ഫ്ളാറ്റിന്റെ ഒന്നാംനിലയാണ് താമസിക്കാന്‍ ഏറ്റവും നല്ലത്. ഫ്ളാറ്റിനു പുറത്തു തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനത്തിനും പതിവുനടത്തത്തിനുമായി നായകളെ കൊണ്ടുപോകാന്‍ ഇതാണ് സൗകര്യം. ഇനി രണ്ടോ മൂന്നോ നിലകളിലോ അതിനു മുകളിലോ ആണെങ്കിലും ഫ്ളാറ്റിന്റെ ബാത്റൂമിലോ സുരക്ഷിതമായ ബാല്‍ക്കണികളിലോ 'എമര്‍ജന്‍സി പോട്ടി' ക്രമീകരിച്ചു നല്‍കാം. ഇതിനായി ആറാഴ്ച പ്രായമുള്ളപ്പോള്‍ മുതല്‍ പത്രക്കടലാസുകള്‍ക്കുമേല്‍ ശോധനചെയ്യാന്‍ നായക്കുട്ടിയെ പരിശീലിപ്പിക്കണം. 

പുതുതായി ഫ്ളാറ്റിലെത്തുന്ന ചെറിയ നായക്കുട്ടിക്ക് ബാത്റൂംപോലൊരു കൃത്യമായ മുറിയിലോ അല്ലെങ്കില്‍ വലിയ ഒരു മുറിയുടെ  പ്രത്യേകഭാഗത്തോ മാത്രമേ സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കാവൂ. ടോയ്ലെറ്റ് ട്രെയിനിങ്ങ് നേടുന്നതുവരെ ഇതായിരിക്കണം രീതി. വലിയ മുറിയുടെ ഒരു ഭാഗത്ത് ഒരു ചൈല്‍ഡ് ഗേറ്റ് വച്ചു വേര്‍തിരിച്ച് അവിടെ ഒരു കൂടും (crate) ഒരുക്കേണ്ടതാണ്. വീട്ടുകാര്‍ ജോലിക്കു പോകുന്ന സമയത്തും, ഉറങ്ങുന്ന സമയത്തും നായക്കുട്ടിയെ ക്രെയ്റ്റില്‍ കയറ്റി വാതിലടയ്ക്കണം. ഉറങ്ങാനും വിശ്രമിക്കാനുമുള്ള സുരക്ഷിതസ്ഥലമാണ് ക്രെയ്റ്റ് എന്ന് നായക്കുട്ടിയെ അങ്ങനെ ബോധ്യപ്പെടുത്താം. അല്‍പ്പം കൂടി വലുതാകുമ്പോള്‍, മാറ്റ് (mat) വിരിച്ചുകൊടുത്ത് ഈ സ്ഥലം വേര്‍തിരിച്ചാല്‍ നായക്കുട്ടി ച്യൂ ടോയ്സ് (chew toys) ചവയ്ക്കുന്നതിന്റെയും കളിക്കുന്നതിന്റെയും അവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുന്നതും തറയില്‍ കറകള്‍ വീഴുന്നതും ഒഴിവാക്കാം. ഫ്‌ളാറ്റിലെ സഹവാസത്തില്‍ ഏറ്റവും പ്രധാനം നായകള്‍ക്ക് എത്രയും വേഗം ടോയ്ലറ്റ് പരിശീലനം നല്‍കുക എന്നതാണ്. വീടുകളില്‍ വളര്‍ത്തുന്ന നായകളേക്കാള്‍ കൃത്യമായ ഭക്ഷണക്രവും, ദിനചര്യകളും ‌ഫ്ളാറ്റുകളിലെ അരുമകള്‍ക്ക് ഉണ്ടായിരിക്കണം. വയര്‍ നിറച്ച് ആഹാരം നല്‍കിയതിനുശേഷം ശോധനയ്ക്കുള്ള ലക്ഷണങ്ങള്‍ കാണിക്കുമ്പോള്‍ ഫ്ളാറ്റിനകത്തോ പുറത്തോ മലമൂത്ര വിസര്‍ജ്ജനം നടത്തേണ്ട സ്ഥലത്തേക്ക് നായക്കുട്ടിയെ കൊണ്ടുപോകണം. മലമൂത്ര വിസര്‍ജ്ജനത്തിനായി ഫ്ളാറ്റിന്റെ പൊതുഇടങ്ങള്‍ ഉപയോഗിക്കരുത്. അപ്പാര്‍ട്മെന്റ് വളപ്പിന് പുറത്ത് അല്‍പ്പം പുല്ലും മറ്റും വളര്‍ന്നു നില്‍ക്കുന്ന സ്ഥലങ്ങളാണ് നല്ലത്. 

ഓമനമൃഗങ്ങളുടെ മാലിന്യ നിര്‍മാര്‍ജ്ജനത്തിനു നഗരസഭയോ, മുനിസിപ്പാലിറ്റിയോ നിര്‍ദ്ദേശിച്ചിട്ടുള്ള വ്യവസ്ഥകള്‍ പാലിക്കണം. മാലിന്യം, ശോധന ചെയ്ത സ്ഥലത്തുനിന്നു നീക്കുകയും വേണം. നായകളുടെ മൂത്രം പൂച്ചെടികള്‍ക്ക് അത്ര നന്നല്ല. അതിനാല്‍ പൂന്തോട്ടങ്ങള്‍ ഒഴിവാക്കാം. ശോധനയുടെ തോന്നലുണ്ടാകുമ്പോള്‍ നായ ഫ്ളാറ്റിന്റെ പുറത്തേക്കുള്ള വാതിലിനടുത്തേക്ക് ഓടിച്ചെന്ന് വാലാട്ടി നിന്ന് പുറത്തുപോകാനായി നോക്കുന്നുവെങ്കില്‍ ടോയ്ലെറ്റ് പരിശീലനം നേടിക്കഴിഞ്ഞുവെന്നു മനസ്സിലാക്കാം. 

നായകളെ ഭയമുള്ളവരോ അവയെ ഇഷ്ടപ്പെടാത്തവരോ ഫ്ളാറ്റില്‍ താമസിക്കുന്നുവെങ്കില്‍ അവര്‍ക്ക് ഫ്ളാറ്റിലെ നായ വളര്‍ത്തല്‍ ഇഷ്ടപ്പെട്ടുവെന്നുവരില്ല. നായയും ഉടമയും എത്ര നന്നായി പെരുമാറുന്നവരാണെങ്കിലും അവരുമായി ഒത്തുപോകാന്‍ ഇവര്‍ തയ്യാറായെന്നു വരില്ല. വലുപ്പമേറിയ ശരീരപ്രകൃതമുള്ള നായകളെ അപകടകാരികളായി ഇവര്‍ തെറ്റിദ്ധരിച്ചേക്കാം. ഫ്ളാറ്റിലെ ലിഫ്റ്റുകളില്‍ നായകള്‍ കയറുന്നതും ഇവര്‍ക്ക് ഇഷ്ടമാകില്ല. ഇവയൊക്കെ കണക്കിലെടുത്തും ഫ്ളാറ്റ് നിവാസികളുടെ സൗകര്യം, സ്വാതന്ത്ര്യം എന്നിവയ്ക്ക് പരമാവധി പരിഗണന നല്‍കിയും വേണം ഫ്ളാറ്റിലെ പൊതുസ്ഥലങ്ങള്‍ നായയോടൊപ്പം ഉപയോഗിക്കാന്‍. അപരിചിതരായ ആളുകള്‍, ശബ്ദങ്ങള്‍ എന്നിവ നായകളെ അസ്വസ്ഥരാക്കാം. എന്നതിനാല്‍, കൂടെക്കൂടെ സന്ദര്‍ശിക്കേണ്ടതോ കണ്ടുമുട്ടേണ്ടതോ ആയ അയല്‍ക്കാര്‍, സുഹൃത്തുക്കള്‍ എന്നിവരെ നായക്കുട്ടിക്കു പരിചയപ്പെടുത്തിക്കൊടുക്കണം.

അപ്പാര്‍ട്മെന്റില്‍ പകല്‍ മുഴുവന്‍ ഏകാന്തതയില്‍ കഴിയേണ്ടിവരുമ്പോഴോ, ബോറടി മൂലമോ നായകള്‍ അസ്വസ്ഥരായി സോഫ, കാര്‍പ്പെറ്റ് എന്നിവ കടിച്ചുകീറാറുണ്ട്. ഇതൊഴിവാക്കാനായി അവയ്ക്ക് പലതരം കളിപ്പാട്ടങ്ങള്‍ നല്‍കണം. കുടുംബാംഗങ്ങള്‍ കുറെ സമയമെങ്കിലും അവയോടൊത്തു ചെലവിടുകയും അവയെ ശ്രദ്ധിക്കുകയും വേണം. ജോലി സംബന്ധമായോ മറ്റോ കൂടുതല്‍ ദിവസങ്ങള്‍ ഫ്ളാറ്റില്‍ നിന്ന് മാറി നില്‍ക്കേണ്ടിവരുമ്പോള്‍ നായയ്ക്കു മുന്‍പരിചയമുള്ള ഡോഗ് സിറ്ററുടെ (dog sitter) സേവനം നേടാം. ഫ്ളാറ്റില്‍ വളര്‍ത്തുന്ന നായകളുടെ തൊലിപ്പുറത്തെ ആരോഗ്യപ്രശ്നങ്ങള്‍ക്ക് പ്രത്യേകശ്രദ്ധ നല്‍കുകയും അടിയന്തിര വൈദ്യസഹായം തേടുകയും വേണം. രോമം ദിവസേന ബ്രഷ് ചെയ്യണം. നഖവും നീളന്‍ രോമങ്ങളും ഇടയ്ക്കിടെ വെട്ടുകയും വേണം. എല്ലാ നായകളുടെയും രോമം പൊഴിയുമെന്നതിനാല്‍ ആഴ്ചയിലൊരിക്കലെങ്കിലും ഫര്‍ണീച്ചര്‍, കാര്‍പെറ്റ് എന്നിവ വാക്വം ക്ലീനര്‍ ഉപയോഗിച്ച് വൃത്തിയാക്കുകയും വേണം.

Content Highlights: how to take care of a dog in an apartment