കുഞ്ഞന്‍ പഗ്ഗിനെ കരുതലോടെ വളര്‍ത്താം

#ഡോ. സാബിന്‍ ജോര്‍ജ്ജ്, പ്രൊഫസര്‍, വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റി
പഗ്ഗ് / Shutterstock
പഗ്ഗ് / Shutterstock

വര്‍ഷങ്ങള്‍ക്കു മുമ്പ് മൊബൈല്‍ ഫോണിന്റെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ട പഗ്ഗ് എന്ന ഇത്തിരിക്കുഞ്ഞന്‍ നായയെ മലയാളികള്‍ക്ക് വളരെയധികം ഇഷ്ടപ്പെട്ടു. കേവലം ഒരടിയോളം ഉയരം, 6-9 കിലോഗ്രാം ഭാരം, ഉറച്ച പ്രകൃതമുള്ള ശരീരം, നീളം കുറഞ്ഞ രോമം. ചാരം, ക്രീം, കറുപ്പ് നിറങ്ങളില്‍ കാണപ്പെടാം. ചപ്പിയ മുഖത്തോടെ ആഴത്തിലുള്ള ചുളിവുകള്‍, കീഴ്ത്താടി  മേല്‍ത്താടിയേക്കാള്‍  അല്‍പ്പം മുന്നോട്ട് തള്ളി നില്‍ക്കും. മുതുക് കുറുകിയതും നേരെയുള്ളതും, വാല്‍ നന്നായി ചുരുണ്ട് ഇടുപ്പിന് മുകളില്‍ ഇരിക്കും. രണ്ടു ചുരുളുകളുള്ള വാല്‍. നിവര്‍ന്ന ഉറപ്പുള്ള കാലുകള്‍, തുറിച്ച ഉണ്ടക്കണ്ണുകളിലെ ദൈന്യഭാവം എല്ലാം നമ്മെ ആകര്‍ഷിക്കും. 

വീടിനുള്ളില്‍ കൂട്ടായി വളര്‍ത്താന്‍ പറ്റിയ ഇനമാണ് പഗ്ഗ്. വീട്ടുകാരോട്  അചഞ്ചലമായ  കൂറും, സ്നേഹവുമുണ്ടാകും. കളിയും തമാശയും ആസ്വദിക്കുന്ന, ചിലപ്പോള്‍ വാശി പിടിക്കുന്ന  ചങ്ങാതി. നല്ല ബുദ്ധിയുള്ളതിനാല്‍ പരിശീലനത്തിന് വഴങ്ങും. വീടു കാക്കാനും ഇവര്‍ മിടുക്കരാണ്. കുട്ടികളോടും അതിഥികളോടും സ്നേഹവും മര്യാദയും കാണിക്കുന്ന നല്ല പിള്ളയാണ് പഗ്ഗ്. പക്ഷേ ഉടമ തന്നെ ശ്രദ്ധിക്കുന്നില്ലെന്ന് തോന്നിയാല്‍ അല്‍പ്പം കുറുമ്പു കാട്ടാന്‍ മടിക്കില്ലെന്ന് മാത്രം. പ്രിയമേറെയുള്ള ഇനമാണെങ്കിലും പഗ്ഗുകള്‍ക്ക് ചില പ്രത്യേക പരിചരണം ആവശ്യമാണ്. 

കൃത്യമായ പരിചരണം 

  • മുഖത്തെ ചുളിവുകള്‍ നനഞ്ഞ തുണികൊണ്ട് തുടച്ച് വൃത്തിയാക്കണം.
  • രോമത്തിന് നീളം കുറവാണെങ്കിലും ഇടയ്ക്കിടെ ചീകി മിനുക്കണം
  • പല്ലുകള്‍ ബ്രഷ് ചെയ്ത് ദന്തരോഗങ്ങള്‍ തടയണം
  • ചെവികള്‍ വൃത്തിയായി സൂക്ഷിക്കണം. കുളിപ്പിക്കുമ്പോള്‍ ചെവിയില്‍ വെള്ളം കയറാതെ നോക്കണം.
  • നഖം വെട്ടിയോ, രാകിയോ ചെറുതാക്കിവയ്ക്കണം.

ശരീരഘടനകൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങള്‍ 

  1. ചപ്പിചുളുങ്ങിയ മുഖമായതിനാല്‍ മുഖം ശരിക്കു തുറക്കാതെ ശ്വസനം വായില്‍ക്കൂടി നടത്തേണ്ടതായി വന്നേക്കാം.
  2. മേല്‍വായ അല്ലെങ്കില്‍ അണ്ണാക്ക് പിറകിലേക്ക് നീണ്ട് ശ്വാസക്കുഴലിന് തടസ്സം സൃഷ്ടിച്ച് കുറച്ചു സമയത്തേക്ക് മയക്കമോ, ചിലപ്പോള്‍ മരണമോ സംഭവിക്കാം. അതിനാല്‍ അധിക വ്യായാമം പ്രത്യേകിച്ച്  ചൂടുകാലത്ത് ഒഴിവാക്കണം.
  3. ശരീരോഷ്മാവ് ക്രമീകരിക്കുന്നതിനാല്‍ ശ്വാസോച്ഛ്വാസം പ്രധാനമാണ്. ശ്വസനശേഷി കുറവായ പഗ്ഗിന് ചൂട് സഹിക്കാനുള്ള കഴിവ് കുറവാണ്. 
  4. പഗ്ഗില്‍ മാത്രം കാണുന്ന അപസ്മാരം, മസ്തിഷ്‌ക വീക്കം എന്നിവയുണ്ട്. 
  5. നട്ടെല്ലിന്റെ ഡിസ്‌ക്കുകള്‍, ഇടുപ്പിലെ സന്ധികള്‍, കാല്‍മുട്ടുകള്‍ എന്നിവ തകരാറിലാകാന്‍ സാധ്യത കൂടുതലാണ്.
  6. പുറത്തേക്കു തള്ളി നില്‍ക്കുന്ന  ഉണ്ടക്കണ്ണുകള്‍ പെട്ടെന്ന് മുറിപ്പെടാന്‍ ഇടയുണ്ട്.
  7. ഗര്‍ഭധാരണവും പ്രസവവും ബുദ്ധിമുട്ടാകാനും, സിസേറിയനിലെത്താനും സാധ്യത ഉണ്ട്.
  8. തോന്നുംപടി ഭക്ഷണം കഴിച്ച് പൊണ്ണത്തടിയന്‍മാരാകാന്‍ സാധ്യത കൂടുതലാണ്.
  9. ഹൃദയം, കിഡ്നി, മൂത്രാശയ സംബന്ധ അസുഖങ്ങള്‍ക്ക് സാധ്യത കൂടും.

Content Highlights: pug dog breed characteristics and care