മൺചട്ടിയിൽ പെട്ടെന്ന്‌ പൂപ്പൽ പിടിക്കുന്നുണ്ടോ? ഇതെങ്ങനെ പരിഹരിക്കാം

മീൻകറിയും മാംസവിഭവങ്ങളും പാകംചെയ്യാൻ ഇപ്പോഴും പലരും ആശ്രയിക്കുന്നത് മൺചട്ടികളെ തന്നെയാണ്. അതിൽവെക്കുന്ന കറികൾക്ക് രുചി കൂടുമെന്നാണ് അവരുടെ ഭാഷ്യം. അതൊരു പരിധി വരെ ശരിയുമാണ്. മൺചട്ടി വാങ്ങുമ്പോഴും അത് ഉപയോഗിച്ചുതുടങ്ങുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്.

മൺചട്ടി വാങ്ങുമ്പോൾ വിരലുകൾ കൊണ്ട് ഒന്ന് ചെറുതായി തട്ടിനോക്കണം. നല്ല വ്യക്തമായ ശബ്ദമുണ്ടെങ്കിൽ, ചട്ടിക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഉറപ്പിക്കാം. ശബ്ദം കുറവാണെങ്കിൽ, ചട്ടിക്ക് അത്ര ഗുണനിലവാരമില്ലെന്ന് മനസ്സിലാക്കാം. ചട്ടിയുടെ ഉൾവശം മിനുസമുള്ളതാണോയെന്ന് പരിശോധിക്കണം. പരുപരുത്ത പ്രതലമാണെങ്കിൽ, ആ ചട്ടി വാങ്ങാതിരിക്കുന്നതാണ് നല്ലത്.

ആവശ്യത്തിന് ഭാരമുള്ള ചട്ടിയാണോയെന്ന് നോക്കണം. ആവശ്യത്തിന് ഭാരവും അടി കട്ടിയുമുള്ള ചട്ടിയാണ് നല്ലത്. ഭാരക്കുറവുള്ള ചട്ടി പെട്ടെന്ന് പൊട്ടിപ്പോകാൻ സാധ്യതയുണ്ട്.

മണ്ണുകൊണ്ട് നിർമിച്ച ചട്ടികൾ വാങ്ങിയ ഉടൻ തന്നെ ഉപയോഗിക്കരുത്. ആദ്യം ചട്ടിയിൽ നിറയെ കഞ്ഞിവെള്ളമൊഴിച്ച് നന്നായി തിളപ്പിക്കുക. അതിനുശേഷം വെള്ളമൊഴിച്ചും നന്നായി തിളപ്പിക്കണം. ഇനി ചെറുതായി ഉണങ്ങുമ്പോൾ ചട്ടിയിൽ എണ്ണ പുരട്ടി, വെയിലത്തുവെച്ച് ഉണക്കണം. അതിനുശേഷം മാത്രമേ ചട്ടി ഉപയോഗിക്കാൻ പാടുള്ളൂ.

മൺചട്ടി ചെറുതീയിലോ ഇടത്തരം തീയിലോ വെച്ച് പാകം ചെയ്യുന്നതാണ് നല്ലത്. നല്ല ചൂടുള്ള ചട്ടിയിലേക്ക് തണുത്തവെള്ളം ഒഴിക്കരുത്. ചട്ടി പെട്ടെന്ന് കേടാകാനിടയുണ്ട്.

ഓരോ ഉപയോഗത്തിനുശേഷവും ചട്ടി നന്നായി കഴുകി ഉണക്കണം. കഴുകി കമഴ്ത്തി വെക്കുന്നതാണ് പലരുടെയും ശീലം. അങ്ങനെ ചെയ്യരുത്. ചെറുവെയിലത്തുവെച്ച് തന്നെ ഉണക്കണം. ശരിയായി ഉണങ്ങിയില്ലെങ്കിൽ, പെട്ടെന്ന് പൂപ്പൽ പിടിക്കാൻ സാധ്യതയുണ്ട്. ചെറുനാരങ്ങയോ ബേക്കിങ് സോഡയോ കൊണ്ട് ചട്ടി കഴുകുന്നതാണ് നല്ലത്. ഉപ്പും ചെറുചൂടുവെള്ളവും ഉപയോഗിക്കുന്നതും നല്ലതാണ്. ഡിഷ് വാഷുകളും സോപ്പുകളും ഒഴിവാക്കാം. മൃദുവായ ചകിരിയോ സ്‌ക്രബറോ ഉപയോഗിച്ചുവേണം ഉരയ്ക്കാൻ.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Tips for checking the quality and sound of earthen pots before buying., Step-by-step seasoning process using starch water and oil., Best practices for cooking on low to medium heat.