ഫ്രിഡ്ജില്‍ മുട്ടകള്‍ എത്രകാലം കേടുകൂടാതെയിരിക്കും? ചീത്തയായ മുട്ട ഇനി എളുപ്പം കണ്ടെത്താം

പ്രതീകാത്മക ചിത്രം/ Freepik
പ്രതീകാത്മക ചിത്രം/ Freepik

ചൂടുള്ള ഓംലെറ്റും എരിവുള്ള മുട്ടക്കറിയും മുട്ട ബിരിയാണിയും... മുട്ട വിഭവങ്ങള്‍ ഇഷ്ടമില്ലാത്തവര്‍ ചുരുക്കമാണ്. പതിവായി ഉപയോഗിക്കുന്ന ഭക്ഷണസാധനമായതിനാല്‍ തന്നെ മിക്കവരും മുട്ട ഒന്നിച്ച് വാങ്ങി സൂക്ഷിക്കാറാണ് പതിവ്. ഇങ്ങനെ സൂക്ഷിക്കുമ്പോള്‍ മുട്ട ചീത്തയായിപ്പോകാം എന്ന ധാരണയും പലര്‍ക്കുമില്ല. കടകളില്‍ നിന്ന് വാങ്ങുന്ന പാക്ക് ചെയ്ത മുട്ടകളില്‍ മാത്രമാണ് എക്‌സ്‌പെയറി ഡേറ്റ് എഴുതിയിട്ടുള്ളത്. കൂടുതല്‍ പേരും കൂട്ടമായി വാങ്ങുന്നതിനാല്‍ ലേബലും ഉണ്ടാകാറില്ല.  കേടാകാതിരിക്കാന്‍ മുട്ട  ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നവരാണ് കൂടുതലും.

ഈ മുട്ടകൾ എത്ര കാലം കേടുകൂടാതെയിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? മുട്ട എങ്ങനെ ശരിയായി സൂക്ഷിക്കാമെന്നും ചീത്തയായ മുട്ട എങ്ങനെ കണ്ടെത്താമെന്നും പരിശോധിക്കാം.

നാല് ഡിഗ്രി സെല്‍ഷ്യസോ അതില്‍ താഴെയുള്ള താപനിലയിലോ ശരിയായി സൂക്ഷിച്ചാല്‍, വാങ്ങിയ ദിവസം മുതല്‍ അഞ്ച് ആഴ്ച വരെ മുട്ടകള്‍ കേടുകൂടാതെയിരിക്കും. ഒരാഴ്ച വരെയൊക്കെ നനവോ ഈര്‍പ്പമോ ഇല്ലാത്ത സ്ഥലത്ത് മുട്ട കേടാകാതെ സൂക്ഷിക്കാനാകും. എങ്കിലും നമ്മുടെ കാലാവസ്ഥയില്‍ പുറത്തുവെച്ച മുട്ട പെട്ടെന്ന് തന്നെ കേടാകാന്‍ സാധ്യതയുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ മുട്ട ദീര്‍ഘനാള്‍ കേടുകൂടാതെ ഇരിക്കാന്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ്. എന്നാല്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന മുട്ടകളിലും പ്രത്യേകം ശ്രദ്ധവേണം.

ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന മുട്ട

  • പുതിയ മുട്ടകള്‍ നാല് ആഴ്ചകള്‍ വരെ ഫ്രിഡ്ജില്‍ സൂക്ഷിക്കാം. എന്നാല്‍ അതിന് മുന്‍പുതന്നെ ഉപയോഗിക്കുന്നതാണ് നല്ലതെന്ന് വിദഗ്ധരുടെ അഭിപ്രായം.
  • പൊട്ടിയ മുട്ട രണ്ട് ദിവസം വരെയും പുഴുങ്ങിയ മുട്ട ഒരാഴ്ചവരെയും ഫ്രിഡ്ജില്‍ സൂക്ഷിക്കാം
  • മുട്ട ഫ്രിഡ്ജില്‍ വയ്ക്കുന്നതിന് മുമ്പ് മുട്ടയുടെ പുറമെ ഈര്‍പ്പം ഇല്ലെന്ന് ഉറപ്പ് വരുത്തണം. ഈര്‍പ്പം നിന്നാല്‍ മുട്ട പെട്ടെന്ന് ചീത്തയാകാനുള്ള സാധ്യതയുണ്ട്.
  • കൂടാതെ ഫ്രിഡ്ജില്‍ നിന്നും തണുത്ത മുട്ട നേരെ പാകം ചെയ്യാന്‍ എടുക്കരുത്. അത് ആരോഗ്യത്തിന് ദോഷമാണ്. തണുപ്പ് മാറിയ ശേഷം മാത്രം പാകം ചെയ്യാന്‍ ശ്രദ്ധിക്കുക.
  • മുട്ട ഫ്രിഡ്ജിന്റെ ഡോറില്‍ സൂക്ഷിക്കുന്നതിനുപകരം ഉള്ളില്‍ സൂക്ഷിക്കുന്നതാണ് ഏറ്റവും നല്ലത്.
  • ഒരിക്കല്‍ ഫ്രിഡ്ജില്‍ വെച്ച മുട്ട ദീര്‍ഘനേരം പുറത്തുവച്ചിരുന്നശേഷം ഉപയോഗിക്കരുത്.

മുട്ട ചീത്തയായോ എന്ന് പരിശോധിക്കാനുള്ള മാര്‍ഗങ്ങള്‍

  1. മുട്ടകള്‍ മോശമായോ എന്ന് പരിശോധിക്കാനുള്ള മികച്ച മാര്‍ഗമാണ് ക്ലാസിക് ഫ്‌ളോട്ട് ടെസ്റ്റ്. ഇതിനായി ഒരു പാത്രം വെള്ളത്തില്‍ മുട്ട ഇട്ട് വയ്ക്കുക. അത് താഴ്ന്ന് പരന്നു കിടക്കുകയാണെങ്കില്‍, അത് പുതിയതാണെന്നും, പൊങ്ങിക്കിടക്കുകയാണെങ്കില്‍ ചീത്തയായെന്നും മനസ്സിലാക്കാം.
  2. മുട്ട പൊട്ടിച്ച് പെട്ടെന്ന് മണത്തുനോക്കുക എന്നതാണ് മറ്റൊരു മാര്‍ഗം. ചീത്ത മണമുണ്ടെങ്കിലോ കാഴ്ചയില്‍ വ്യത്യാസമുണ്ടെങ്കിലോ ആ മുട്ട ഒഴിവാക്കുക.
  3. മുട്ടയുടെ കവറിനു മുകളിലുള്ള തീയതികള്‍ പലപ്പോഴും സുരക്ഷയേക്കാള്‍  ഗുണമേന്മയെയാണ് സൂചിപ്പിക്കുന്നത് എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.
  4. മുട്ട പൊട്ടിക്കുമ്പോള്‍ അതിനുള്ളില്‍ ചുവന്ന നിറത്തിലുള്ള പാടുകളോ മറ്റോ കാണുന്നുണ്ടെങ്കില്‍ ആ മുട്ട ഉപയോഗിക്കാത്തതാണ് നല്ലത്.
  5. മുട്ട പൊട്ടിക്കുന്നതിന് മുന്‍പ് കുലുക്കി നോക്കുന്നതാണ് മറ്റൊരു മാർഗം. മുട്ട കുലുക്കുമ്പോള്‍ അകത്ത് ദ്രാവകം പരന്നൊഴുകുന്നതുപോലെയാണ് തോന്നുന്നതെങ്കില്‍ മുട്ട ചീത്തയായി എന്ന് വേണം മനസ്സിലാക്കാന്‍. ഫ്രഷ് ആണെങ്കില്‍ മുട്ട കുലുക്കുമ്പോള്‍ അത് മൊത്തമായി ഭാരമുള്ള രീതിയില്‍ നീങ്ങുന്നതായി തോന്നും.

പുതുമ നിലനിര്‍ത്താനും മറ്റ് മണം ആഗിരണം ചെയ്യുന്നത് തടയാനും മുട്ടകള്‍ എപ്പോഴും അതിന്റെ കാര്‍ട്ടണില്‍ തന്നെ സൂക്ഷിക്കുന്നതാണ് ഉത്തമം.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Learn how to store eggs properly and identify spoiled egg.