തോര്‍ത്തിനും ബ്രഷിനും കാലാവധിയുണ്ടോ?

കാലങ്ങളോളം ഉപയോഗിക്കുന്ന ചില നിത്യോപയോഗ സാധനങ്ങളുണ്ടാകും വീടുകളില്‍. സ്ലിപ്പറുകള്‍, തലയിണ, ടൂത്ത് ബ്രഷ് എന്നിങ്ങനെ കാലങ്ങളോളം നമുക്കൊപ്പമുള്ള സാധനങ്ങള്‍. എന്നാല്‍ ഇവയ്ക്കും കാലാവധിയുണ്ട്. കൃത്യമായ സമയങ്ങളില്‍ മാറ്റി ഉപയോഗിച്ചില്ലെങ്കില്‍ രോഗങ്ങള്‍ വരെ പിടിപെടാം.
1. തലയണ
നമ്മുടെ ബാല്യം മുതല്‍ കൂടെ കൂട്ടുന്ന ചില സാധനങ്ങള്‍ മിക്കവര്‍ക്കുമുണ്ടാവും. പാവകള്‍, ചില ഉടുപ്പുകള്‍, പുതപ്പ് ഒക്കെ പോലെ. അവയിലൊന്നാണ് തലയിണകളും. എത്ര പഴകിയാലും വലിപ്പം കുറഞ്ഞാലും കിടയ്ക്കക്കരികില്‍ അത് വയ്ക്കണമെന്ന് വാശിപിടിക്കും ചിലരൊക്കെ. എന്നാല്‍ ശരിക്കും തലയിണകളുടെ കാലാവധി രണ്ട് മുതല്‍ മൂന്ന് വര്‍ഷം വരെ മാത്രമാണ്. മുറിയിലെ പൊടിയും ഈര്‍പ്പവും ഏറ്റവും കൂടുതല്‍ പറ്റിപ്പിടിക്കുന്നത് തലയിണയിലാണ്. തലയിലെ വിയര്‍പ്പും താരനുമൊക്കെ ഇതില്‍ നിത്യവാസികളായിട്ടുണ്ടാവും. പഴയ തലയിണവഴി അസുഖങ്ങള്‍ വരാന്‍ എളുപ്പമെന്ന് ചുരുക്കം. കഴുത്ത് വേദനയ്ക്കുള്ള പ്രധാന കാരണമാണ് പഴകിയ തലയണകള്‍. തലയിണകള്‍ ഇടയ്ക്കിടെ വെയില്‍ കൊള്ളിച്ച് വേണം ഉപയോഗിക്കാന്‍.
2. സ്ലിപ്പര്‍
ആറുമാസം മാത്രമാണ് വീടിനുള്ളില്‍ ഉപയോഗിക്കുന്ന സ്ലിപ്പറുകളുടെ കാലാവധി. ബാത്ത് റൂമിലും മറ്റും ഉപയോഗിക്കുന്നതിനാല്‍ രോഗാണു വാഹകരാണ് പല സ്ലിപ്പറുകളും. മാത്രമല്ല പഴകിയ സ്ലിപ്പറുകള്‍ കാലുകളിലെ ഫംഗസ് രോഗങ്ങള്‍ക്ക് കാരണമാകും. കൃത്യമായ ഇടവേളകളില്‍ സ്ലിപ്പറുകള്‍ കഴുകി ഉണക്കി ഉപയോഗിക്കുകയും വേണം.
3. ടൗവ്വല്‍
തോര്‍ത്തുകളും, ബാത്ത് ടൗവ്വലുകളും ഒന്ന് മുതല്‍ മൂന്ന് വര്‍ഷം വരെ പരമാവധി ഉപയോഗിക്കാം. പഴകിയ ബാത്ത് ടൗവ്വലുകള്‍ ബാക്ടീരിയകളുടെ കൂടാരമാണ്. താരന്‍, ചര്‍മ രോഗങ്ങള്‍ എന്നിവ പിടിപെടാം.
4. ബാത്ത് സ്‌പോഞ്ച്
രണ്ട് ആഴ്ചമാത്രമാണ് ഇവയുടെ കാലാവധി. കൂടിപ്പോയാല്‍ ആറ് മാസം. ചര്‍മത്തില്‍ പലതരം അലര്‍ജി, അണുബാധകള്‍ എന്നിവയ്ക്ക് പഴകിയ ബാത്ത് സ്‌പോഞ്ച് കാരണമാകാം. സിന്തറ്റിക്ക് സ്‌പോഞ്ചുകള്‍ ഇടയ്ക്കിടെ ചൂടുവെള്ളത്തില്‍ കഴുകിയെടുക്കുകയും വേണം.
5. ടൂത്ത് ബ്രഷ്
ഉപയോഗം മൂന്ന് മാസം വരെ മാത്രം. ബ്രഷിന്റെ പല്ലുകള്‍ക്ക് തേയ്മാനമോ ഇളക്കമോ ഉണ്ടായാല്‍ മൂന്ന് മാസം വരെ കാത്തിരിക്കേണ്ട. പുതിയത് വാങ്ങാം. നല്ല ബ്രഷ് അല്ല എങ്കില്‍ പല്ലുകള്‍ കൃത്യമായി വൃത്തിയാവില്ലെന്ന് മാത്രമല്ല പലതരം അണുബാധകളും ഉണ്ടാകാം. പനി പോലുള്ള രോഗങ്ങള്‍ക്ക് ശേഷവും ബ്രഷ് മാറ്റുന്നതാണ് നല്ലത്.
6. ഹെയര്‍ ബ്രഷ്
ഒരു വര്‍ഷം വരെയാണ് കാലാവധി. ഹെയര്‍ ബ്രഷുകള്‍ ആഴ്ചയിലൊന്ന് വൃത്തിയാക്കണം. താരന്‍, മുടി കൊഴിച്ചില്‍ എന്നിവ തടയാന്‍ ഇത് സഹായിക്കും. പഴയ ബ്രഷുകള്‍ മുടി പൊട്ടുന്നതിനും താരനും മുടികൊഴിച്ചിലിനുമൊക്കെ കാരണമാകും. ബോര്‍ ബ്രിസ്റ്റില്‍ ബ്രഷുകള്‍ ഏഴ്മാസം കൂടുമ്പോഴെങ്കിലും മാറ്റുന്നതാണ് നല്ലത്.
7. പെര്‍ഫ്യൂമുകള്‍
ഉപയോഗിച്ച് കുപ്പിയൊഴിയുന്ന കാലത്ത് മാത്രമാണ് പലരും പെര്‍ഫ്യൂമുകള്‍ മാറ്റുന്നത്. തണുപ്പുള്ള നേരിട്ട് സൂര്യപ്രകാശമേല്‍ക്കാത്ത രീതിയില്‍ വേണം പെര്‍ഫ്യൂമുകള്‍ സൂക്ഷിക്കാന്‍. തുറന്ന് ഉപയോഗിക്കാത്ത പെര്‍ഫ്യൂമുകള്‍ ഈ രീതിയില്‍ മൂന്ന് വര്‍ഷം വരെ കേടുകൂടാതെ സൂക്ഷിക്കാം. തുറന്ന ബോട്ടിലുകള്‍ രണ്ട് വര്‍ഷംവരെയേ ഉപയോഗിക്കാവൂ. പെര്‍ഫ്യൂമിന്റെ നിറമോ ഗന്ധമോ മാറിയതായി തോന്നിയാല്‍ പിന്നീട് അത് ഉപയോഗിക്കരുത്.
8. ഹെല്‍മറ്റ്
വാങ്ങിയാല്‍ ഏതാണ്ട് മുഴുവനോ പൊട്ടിയും പൊളിഞ്ഞും നാശമാകുന്നതുവരെ ഉപയോഗിക്കുന്ന ഒന്നാണ് ഹെല്‍മറ്റ്. എന്നാല്‍ ഹെല്‍മറ്റ് അപകടങ്ങളില്‍ തലയെ സംരക്ഷിക്കുന്ന വലിയൊരു സുരക്ഷാകവചമാണ്. ഇവ രണ്ട് വര്‍ഷത്തിലൊരിക്കല്‍ മാറ്റുന്നതാണ് നല്ലത്. ഹെല്‍മറ്റിനുള്ളില്‍ അടിഞ്ഞുകൂടുന്ന വിയര്‍പ്പും അഴുക്കും തലയിലെ താരന്‍, മുടികൊഴിച്ചില്‍, ചര്‍മരോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകും. മാത്രമല്ല കാലം കഴിയുന്നതനുസരിച്ച് തലയെ സംരക്ഷിക്കാനുള്ള ഇവയുടെ ശേഷിയും നഷ്ടമാകും. വീഴുമ്പോഴും മറ്റും ഹെല്‍മറ്റ് പൊട്ടിയും സ്ട്രാപ്പ് മുറുകാതെ തെറിച്ചുപോയും തലയ്ക്ക് ക്ഷതങ്ങള്‍ പറ്റാം.
9. റണ്ണിങ് ഷൂസ്
സോളും ഗ്രിപ്പും ഷൂവിനുള്ളിലെ സപ്പോര്‍ട്ടിങ് പാഡും തേഞ്ഞ് തീര്‍ന്നാല്‍പ്പോലും റണ്ണിങ് ഷൂസ് അങ്ങനെയൊന്നും മാറ്റില്ല. എന്നാല്‍ പഴകിയ റണ്ണിങ് ഷൂ കാല്‍ മുട്ടിനും പാദത്തിനുമുണ്ടാക്കാവുന്ന പരിക്കുകള്‍ ചെറുതല്ല. കുറഞ്ഞത് 300 മൈല്‍ ഓട്ടത്തിന് ശേഷം ഈ ഷൂസുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്തണമെന്നാണ് വിദഗ്ധരുടെ ഉപദേശം.
10. സണ്‍ഗ്ലാസ്
റെയ്ബാന്‍ ഗ്ലാസിന് എക്‌സ്പിയറി ഡേറ്റോ? അതേ സണ്‍ ഗ്ലാസിനുമുണ്ട് കാലാവധി. സണ്‍ഗ്ലാസുകള്‍ കടുത്ത ചൂടില്‍ നിന്നും അപകടകരമായ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും കടുത്ത വെളിച്ചത്തില്‍ നിന്നുമെല്ലാം കണ്ണുകളെ സംരക്ഷിക്കുന്നവയാണ്. എന്നാല്‍ പോറലുകള്‍ വീണ പഴകിയ സണ്‍ഗ്ലാസുകള്‍ ഇതിന് സഹായിക്കില്ല. എല്ലാ ദിവസവും രണ്ട് മണിക്കൂറെങ്കിലും സണ്‍ഗ്ലാസുകള്‍ ഉപയോഗിക്കുന്നവരാണ് നിങ്ങളെങ്കില്‍ രണ്ട് വര്‍ഷമാകുമ്പോള്‍ പുതിയ കണ്ണടവാങ്ങുന്നതാണ് നല്ലത്.
Content Highlights: household items have expiration date