സ്ത്രീകൾക്ക് സംരംഭം തുടങ്ങാനുള്ള സഹായപദ്ധതികളെപ്പറ്റി അറിയാം

AI
AI

വനിതകളിലെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് നിരവധി പദ്ധതികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപ്പാക്കി വരുന്നുണ്ട്. ചില പദ്ധതികൾ പരിചയപ്പെടാം.

സ്റ്റാൻഡ് ഇന്ത്യ സ്‌കീം

10 ലക്ഷം രൂപയ്ക്ക് മുകളിലും ഒരു കോടി രൂപയ്ക്ക് താഴെയുമുള്ള വായ്പകളാണ് സ്റ്റാൻഡ് അപ് ഇന്ത്യ പദ്ധതി പ്രകാരം അനുവദിക്കുക. ഇന്ത്യയിലെ ഒരു ബാങ്ക് ബ്രാഞ്ച് ഓരോ വർഷവും കുറഞ്ഞത്, ഒരു വനിതയ്ക്കും ഒരു പട്ടികജാതി പട്ടിക വർഗ സംരംഭകനും ഓരോ വായ്പകൾ നിർബന്ധമായും നൽകിയിരിക്കണം എന്നാണ് പദ്ധതിയുടെ നിബന്ധന. ഈ പദ്ധതി പ്രകാരം പ്രത്യേക സബ്സിഡി പറയുന്നില്ലെങ്കിലും മറ്റ് സർക്കാർ സബ്സിഡികൾക്ക് അർഹത ഉണ്ടായിരിക്കും. പുതിയ പദ്ധതികൾക്ക് കൊളാറ്ററൽ സെക്യൂരിറ്റി നൽകാതെ വായ്പ അനുവദിക്കുന്നു. നിങ്ങൾക്ക് അക്കൗണ്ടുള്ള ബാങ്കിനെയാണ് ഇതിനായി ബന്ധപ്പെടേണ്ടത്.

പി എം ഇ ജി പി

സേവന സംരംഭങ്ങൾക്കും നിർമ്മാണ സംരംഭങ്ങൾക്കുമാണ് പ്രധാനമായും പ്രൈം മിനിസ്റ്റേഴ്‌സ് എംപ്ലോയ്‌മെന്റ് ജനറേഷൻ പ്രോഗ്രാം വായ്പ അനുവദിക്കുക. സേവന സംരംഭങ്ങൾക്ക് 20 ലക്ഷം രൂപ വരെയും നിർമാണ സംരംഭങ്ങൾക്ക് 50 ലക്ഷം രൂപ വരെയും മാത്രമേ സബ്സിഡി ലഭിക്കുകയുള്ളൂ. വനിതകളെ പൂർണമായും പ്രത്യേക വിഭാഗമായി കണക്കാക്കി അവരുടെ പദ്ധതികൾക്ക് ഗ്രാമപ്രദേശത്ത് 35 ശതമാനവും മുനിസിപ്പാലിറ്റി/കോർപ്പറേഷൻ പരിധിയിൽ 25 ശതമാനവും സബ്സിഡി നൽകിവരുന്നു.

വനിതകൾ മുടക്കേണ്ട പദ്ധതിവിഹിതം അഞ്ച് ശതമാനമായി നിജപ്പെടുത്തിയിരിക്കുന്നു. വനിതകൾക്ക് 30 ശതമാനം സംവരണം ഈ പദ്ധതിയിൽ നൽകിയിട്ടുണ്ട്. ഇതിനായി ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷന്റെ സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. (ഈ പദ്ധതിയിൽ കൂടുതൽ മാറ്റങ്ങൾ 2026-27 വർഷം മുതൽ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു).

25 ലക്ഷം വരെ വായ്പ

പദ്ധതി നടപ്പിലാക്കുന്നത് കെ.എസ്.ഐ.ഡി.സി. ആണ്. പുതിയ സംരംഭം തുടങ്ങുന്നതിനും നിലവിലുള്ളവ വിപുലീകരിക്കുന്നതിനും വായ്പ ലഭിക്കും. 80 ശതമാനമോ 25 ലക്ഷം രൂപയോ ആയിരിക്കും പരമാവധി അനുവദിക്കുക. എന്നാൽ പ്രവർത്തന മൂലധന ആവശ്യത്തിന് 10 ലക്ഷം രൂപ വരെ മാത്രമേ വായ്പയായി നൽകുകയുള്ളൂ. വനിതാ സംരംഭകരുടെ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമുള്ള പ്രൊപ്രൈറ്ററി, പങ്കാളിത്ത സ്ഥാപനങ്ങൾ, കമ്പനികൾ എന്നിവർക്കും ഇതിന് അർഹതയുണ്ട്. ഏഴ് ശതമാനമാണ് വാർഷിക പലിശ. ഇതിനായി സ്‌മോൾ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് കോർപ്പറേഷൻ (കെ.എസ്.ഐ.ഡി.സി.) ഓഫീസുകളുമായി ബന്ധപ്പെടണം.

എന്റെ ഗ്രാമം

സംസ്ഥാന സർക്കാർ ഖാദി ബോർഡ് വഴി നടപ്പാക്കിവരുന്ന പദ്ധതിയാണ് എന്റെ ഗ്രാമം. അഞ്ച് ലക്ഷം രൂപ വരെ വായ്പയായി അനുവദിക്കും. വനിതകളെ പ്രത്യേക വിഭാഗമായി കണക്കാക്കി അവർക്ക് 30 ശതമാനം വരെ ഗ്രാൻഡ് അനുവദിക്കുന്നു. പദ്ധതി പ്രകാരം വനിതകൾക്ക് നിർമാണ/സേവന സ്ഥാപനങ്ങൾ ആരംഭിക്കാം. അപേക്ഷ സമർപ്പിക്കുന്നതിന് ഖാദി ബോർഡിന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.

ശരണ്യ

സംസ്ഥാന സർക്കാർ എംപ്ലോയ്മെന്റ് ഡിപ്പാർട്ട്മെന്റ് വഴി നടപ്പാക്കിവരുന്ന ഒരു സാന്ത്വന സഹായ പദ്ധതിയാണ് ശരണ്യ. വിധവകൾ, വിവാഹമോചനം നേടിയ സ്ത്രീകൾ, പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെടുന്ന അവിവാഹിതരായ അമ്മമാർ... തുടങ്ങിയവർക്കാണ് പദ്ധതിയുടെ പ്രയോജനം. 50,000 രൂപ വരെ പരമാവധി വായ്പ ലഭിക്കും. ഇതിൽ 50 ശതമാനം പരമാവധി 25000 രൂപ വരെ സബ്സിഡിയായി ലഭിക്കും. സംസ്ഥാനത്തെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഓഫീസുകളെ ബന്ധപ്പെടുക.

നാനോ പലിശ സബ്സിഡി

10 ലക്ഷം രൂപയിൽ താഴെ വായ്പയെടുത്ത് സ്വന്തം ഭവനത്തിലോ മറ്റു സ്ഥലങ്ങളിലോ സംരംഭം നടത്തുന്നവർക്ക് വാർഷിക പലിശ തിരികെ നൽകുന്ന പദ്ധതിയാണ് ഇത്. തദ്ദേശ സ്വയംഭരണ സ്ഥാപന അനുമതിയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും ഈ പലിശ സബ്സിഡിക്ക് അർഹതയുണ്ട്. വനിതകളെ പ്രത്യേക വിഭാഗമായി കണക്കാക്കി എട്ട് ശതമാനം പലിശയാണ് സംസ്ഥാന സർക്കാർ സബ്സിഡിയായി അനുവദിച്ചു വരുന്നത്. കൂടുതൽ വിവരങ്ങൾ ബ്ലോക്ക് തലങ്ങളിൽ പ്രവർത്തിക്കുന്ന വ്യവസായ വികസന ഓഫീസറിൽ നിന്നും ലഭിക്കും.

എന്റർപ്രണർ സപ്പോർട്ട് സ്‌കീം

നിർമ്മാണ യൂണിറ്റുകൾക്ക് സ്ഥിരനിക്ഷേപത്തെ അടിസ്ഥാനമാക്കി 40 ലക്ഷം രൂപ വരെ സബ്‌സിഡിയായി അനുവദിക്കുന്നു. വനിതകളെ പ്രത്യേക വിഭാഗമായി കണക്കാക്കി സ്ഥിരനിക്ഷേപത്തിന്റെ 25 ശതമാനം, പരമാവധി ഒരു ലക്ഷം രൂപ വരെ സബ്‌സിഡിയായി അനുവദിക്കും. മുൻഗണനാ വിഭാഗത്തിൽ വരുന്ന സംരംഭങ്ങൾക്ക് ഇപ്പോൾ 35 ശതമാനം വരെ സബ്സിഡി ലഭിക്കും. വായ്പ എടുക്കാത്തവർക്കും ഈ സബ്സിഡി ആനുകൂല്യം ലഭിക്കും. ജില്ലാ വ്യവസായ കേന്ദ്രം, താലൂക്ക് വ്യവസായ ഓഫീസ് എന്നിവയുമായി ബന്ധപ്പെട്ട് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

നാരീ ശക്തി വായ്പ

കേന്ദ്രസർക്കാർ ധനകാര്യ സ്ഥാപനങ്ങൾ വഴി നടപ്പാക്കിവരുന്ന പദ്ധതി. സംരംഭകയുടെ വിഹിതം അഞ്ച് ശതമാനമായി നിജപ്പെടുത്തിയിരിക്കുന്നു. കൂടാതെ രണ്ട് ലക്ഷത്തിന് മുകളിലുള്ള വായ്പയ്ക്ക് പലിശ സബ്സിഡിയും അനുവദിക്കുന്നു. അഞ്ച് ലക്ഷം രൂപ വരെ ഈടില്ലാതെ വനിതാ സംരംഭകർക്ക് വായ്പ ലഭിക്കുന്നു. അക്കൗണ്ടുള്ള ബാങ്കിനെയാണ് ഇതിനായി ആദ്യം സമീപിക്കേണ്ടത്.

നാനോ സംരംഭങ്ങൾക്ക് 40 ശതമാനം

സംസ്ഥാന സർക്കാർ ജില്ലാ വ്യവസായ കേന്ദ്രങ്ങൾ വഴി നടപ്പാക്കുന്ന പദ്ധതി. പത്തുലക്ഷം രൂപയിൽ താഴെ പദ്ധതി ചെലവ് വരുന്ന നിർമാണ യൂണിറ്റുകൾക്കും സേവന യൂണിറ്റുകൾക്കും ജോബ് വർക്ക് ചെയ്യുന്ന യൂണിറ്റുകൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും. വനിതകളെ പ്രത്യേക വിഭാഗമായി കരുതി പദ്ധതി ചെലവിന്റെ 40 ശതമാനം വരെ (പരമാവധി നാലുലക്ഷം രൂപ) സബ്സിഡിയായി അനുവദിക്കും. ഇതിനായി ജില്ലാ വ്യവസായ കേന്ദ്രത്തെയോ താലൂക്ക് വ്യവസായ ഓഫീസുകളെയോ ബന്ധപ്പെടുക.

പ്രത്യേക സഹായങ്ങൾ

സംസ്ഥാന സർക്കാർ കേരള സ്റ്റാർട്ടപ്പ് മിഷൻ വഴി നടപ്പാക്കിവരുന്ന പദ്ധതിയാണ് ഇത്. ടെക്നോളജി ട്രാൻസ്ഫർ സ്‌കീം, സോഫ്റ്റ് ലോൺ സ്‌കീം എന്നിവയാണ് വനിതാ സ്റ്റാർട്ടപ്പുകൾക്ക് നൽകിവരുന്ന പ്രധാന സാമ്പത്തിക സഹായ പദ്ധതികൾ. ടെക്നോളജി വാങ്ങുന്നതിന് വരുന്ന നിക്ഷേപത്തിന്റെ 90 ശതമാനം (പരമാവധി 10 ലക്ഷം രൂപ വരെ) ഗ്രാൻഡ് ആയി അനുവദിക്കുന്നു. വനിതാ സ്റ്റാർട്ടപ്പുകൾക്ക് ഓർഡറുകൾ നടപ്പിലാക്കുന്നതിന് ആവശ്യമായി വരുന്ന തുകയുടെ 80 ശതമാനം (പരമാവധി 15 ലക്ഷം രൂപ വരെ) സോഫ്റ്റ് ലോൺ ആയി അനുവദിക്കുന്നു. ഇതിനായി സ്റ്റാർട്ടപ്പ് ഇന്ത്യ പോർട്ടലിലും കേരള സ്റ്റാർട്ടപ്പ് മിഷന്റെ പോർട്ടലിലും പ്രത്യേകം രജിസ്റ്റർ ചെയ്യണം. കേരള സ്റ്റാർട്ടപ്പ് മിഷനുമായി ബന്ധപ്പെട്ടാൽ കൂടുതൽ വിവരങ്ങൾ ലഭിക്കും. ഓൺലൈനായി സ്റ്റാർട്ടപ്പ് മിഷനിൽ അപേക്ഷ സമർപ്പിക്കണം. 

കടപ്പാട്: ടിഎസ് ചന്ദ്രൻ

(മുൻഡെപ്യൂട്ടി ഡയറക്ടർ, സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ്)

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Comprehensive overview of central and state-funded loan schemes for women., Details on interest subsidies and collateral-free loan options available in 2026., Specific guidance for manufacturing, service, and startup sectors., Actionable steps for application through official portals and local industrial centers.