സമ്പത്തുണ്ടാക്കണോ? ക്ഷമ വേണം അമ്പാനേ

ചെറിയ ചെറിയ സമ്പാദ്യം കൊണ്ട് എന്നാ ആകാനാ. വലിയ തുക ഉണ്ടാകണം. അന്നേ കഷ്ടപ്പാടുമാറൂ. അതൊക്കെ ഇനി എന്നുണ്ടാകാനാ. ഒരു അന്തവും കുന്തവും ഇല്ലാത്ത ജീവിതച്ചെലവുകള്‍. അടിക്കടി അത് കൂടിവരുന്നു. ശമ്പളമോ ഒട്ടും കൂടുന്നില്ലതാനും. ഇതൊക്കെ കൊണ്ട് എന്നാ ആകാനാ അമ്പാനേ എന്നാണ് എല്ലാവരും ചോദിക്കുക. ശരിയാണ് അണ്ണാ എന്നുതന്നെ ആയിരിക്കും ചോദ്യം കേള്‍ക്കുന്ന എല്ലാവരുടെയും മറുപടിയും.
ബഹുഭൂരിപക്ഷം ശമ്പള വരുമാനക്കാരുടെയും ചിന്താഗതിയാണിത്. വലിയതുക കയ്യില്‍ വരാന്‍ ചിലര്‍ കാത്തിരിക്കും. പ്രാര്‍ത്ഥിക്കും. വഴിപാട് കഴിക്കും. മറ്റുചിലര്‍ അതിന് തത്രപ്പാടും സൂത്രപ്പണികളും നടത്തും. വേറെ ചിലര്‍ കുറുക്കുവഴി സ്വീകരിക്കും. ഇനിയുമൊരുകൂട്ടര്‍ ലോട്ടറിയുടെ പിന്നാലെ കൂടി ഭാഗ്യപരീക്ഷണം നടത്തും. ഈ വഴികളിലൂടെ സഞ്ചരിച്ച് സമയം പാഴാക്കാം എന്നല്ലാതെ ഫലമുണ്ടാകില്ല എന്നിവര്‍ക്കുതന്നെ അറിയാം. എന്നാലും അങ്ങനെ പ്രതീക്ഷിച്ച് കഴിയുന്നതിലും ഒരു സുഖം.
എന്നാല്‍ ശമ്പളവരുമാനക്കാരായ ഭൂരിപക്ഷവും ഇന്നനുഭവിക്കുന്ന സാമ്പത്തികഞെരുക്കത്തിനും പ്രതിസന്ധിക്കും കാരണം ഈ ചിന്താഗതിയാണ്. കാരണം ഇക്കൂട്ടരുടെ കയ്യില്‍ ഒരിക്കലും വലിയ തുക പെട്ടെന്ന് പ്രത്യക്ഷപ്പെടാന്‍ പോകുന്നില്ല. കാരണം ശമ്പളം എന്നത് വളരെ നേരത്തെ തന്നെ ക്ലിപ്തപ്പെടുത്തിയിരിക്കുന്ന ഒന്നാണ്. അതില്‍ വളരെ വലിയ വര്‍ധനയൊന്നും പെട്ടെന്ന് ഉണ്ടാകില്ല. വാര്‍ഷിക ഇന്‍ക്രിമെന്റും പ്രമോഷന്‍ ഉണ്ടാകുമ്പോള്‍ ലഭിക്കുന്ന വര്‍ധനയും ആകട്ടെ നാമമാത്രമായിരിക്കുകയും ചെയ്യും.
ബിസിനസുകാര്‍ക്കോ പ്രൊഫഷണലുകള്‍ക്കോ അങ്ങനെയല്ല. ബിസിനസില്‍ ഒരു കുതിച്ചുചാട്ടം ഉണ്ടായാല്‍ ലാഭവും കുതിക്കും. വലിയ കക്ഷികളെ കിട്ടിയാല്‍ പ്രൊഫഷണലുകളുടെ വരുമാനവും ഒറ്റയടിക്ക് വര്‍ധിക്കും. അങ്ങനെയൊന്നും ശമ്പളവരുമാനക്കാര്‍ക്ക് പ്രതീക്ഷിക്കാനേ ഇല്ലല്ലോ.
അപ്പോള്‍ പിന്നെ വലിയ തുക കയ്യിലെത്തുന്നതും സ്വപ്‌നം കണ്ട് സമയം പാഴാക്കുന്നതില്‍ അര്‍ത്ഥമില്ല. എല്ലാ മാസവും കൃത്യമായി ലഭിച്ചുകൊണ്ടിരിക്കുന്ന ശമ്പളമെന്ന വരുമാനസ്രോതസ് ഉള്ളപ്പോള്‍ എന്തിനാണിവര്‍ വലിയ തുക സ്വപ്‌നം കാണുന്നത്. ലഘുസമ്പാദ്യമാണ് സമ്പത്ത് സൃഷ്ടിക്കുക. അത് പക്ഷേ സ്ഥിരമായി, തുടര്‍ച്ചയായി നിക്ഷേപിച്ചുകൊണ്ടിരിക്കണം എന്നുമാത്രം. സ്ഥിരമായി വരുമാനത്തില്‍ നിന്ന് മിച്ചം പിടിക്കുക, അത് സ്ഥിരമായി നിക്ഷേപിക്കുക, ക്ഷമയോടെ കാത്തിരിക്കുക. സമ്പത്ത് താനേ വരും.
വരുമാനത്തില്‍നിന്ന് മിച്ചം പിടിച്ച് അത് വിവിധമാര്‍ഗങ്ങളില്‍ നിക്ഷേപിച്ച് സമ്പത്തുണ്ടാക്കാന്‍ ആകെ വേണ്ടത് ക്ഷമ മാത്രമാണ്. കാരണം പണം നിക്ഷേപിച്ചാല്‍ അത് കിടന്ന് പെരുകാന്‍ ആവശ്യത്തിന് സമയം നല്‍കണം. പെട്ടെന്ന് പണം ഉണ്ടാക്കാന്‍ ഒരു അത്ഭുതവിദ്യയും ആരും ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. ഈ ലോകത്തെ ഇന്നത്തെ നിലയ്ക്ക് മാറ്റിമറിക്കാന്‍ പതിനായിരക്കണക്കിന് കണ്ടുപിടിത്തങ്ങള്‍ കാരണമായിട്ടുണ്ട്. അതിലൊന്നിലും പെട്ടെന്ന് പണമുണ്ടാക്കാനുള്ള വിദ്യയില്ല. അവനവന്‍ കഷ്ടപ്പെട്ട് സമ്പാദിക്കുന്ന പണം ഉപയോഗിച്ച് നേരായ മാര്‍ഗത്തിലൂടെ സമ്പത്തുണ്ടാക്കാനുള്ള വഴികള്‍ മാത്രമേ ഇന്ന് ലോകത്തിനുമുന്നിലുള്ളൂ.
ക്ഷമകാട്ടാന്‍ തയ്യാറുള്ളവര്‍ക്കുമുന്നില്‍ സമ്പത്ത് ഉണ്ടാക്കാന്‍ ഒരു അത്ഭുതവിദ്യയുണ്ട്. അത് മറ്റൊന്നുമല്ല പവ്വര്‍ ഓഫ് കോമ്പൗണ്ടിങ് എന്ന കൂട്ടുപലിശ തന്നെ. കൂട്ടുപലിശയുടെ ശക്തി അപാരമാണ്. സ്ഥിരമായി ലാഭം തരുന്ന ഏതെങ്കിലും മാര്‍ഗത്തില്‍ ഒരു നിശ്ചിതതുക തുടര്‍ച്ചയായി വര്‍ഷങ്ങളോളം നിക്ഷേപിച്ചുകൊണ്ടിരുന്നാല്‍ മുതലും പലിശയും കൂടിച്ചേര്‍ന്ന് പെരുകി വലിയ ഒരു തുകയാകും. ബാങ്ക് റിക്കറിങ് ഡിപ്പോസിറ്റ്, മ്യൂച്വല്‍ ഫണ്ട് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍, ചിട്ടി തുടങ്ങിയവ ഈ മാജിക് റിട്ടേണ്‍ നല്‍കാന്‍ പോന്ന നിക്ഷേപങ്ങളാണ്. പ്രതിമാസം 1000 രൂപ വീതം പ്രതിവര്‍ഷം 8 ശതമാനം പലിശ തരുന്ന ഒരു മാര്‍ഗത്തില്‍ 15 വര്‍ഷക്കാലം തുടര്‍ച്ചയായി നിക്ഷേപിച്ചാല്‍ 3.46 ലക്ഷം രൂപ കിട്ടും. ഇക്കാലയളവില്‍ മുടക്കുന്നത് 1.8 ലക്ഷം രൂപ മാത്രം. പ്രതിവര്‍ഷം 12 ശതമാനം ലാഭം കിട്ടുന്ന മാര്‍ഗത്തിലാണ് നിക്ഷേപിക്കുന്നതെങ്കില്‍ 15 വര്‍ഷം കൊണ്ട് ലഭിക്കുക 4.98 ലക്ഷം രൂപയാണ്. ലാഭം 15 ശതമാനം കിട്ടുമെങ്കില്‍ ലഭിക്കുന്ന തുക 6.44 ലക്ഷം രൂപ. ലാഭം 20 ശതമാനമായാല്‍ കിട്ടുക 10 ലക്ഷം രൂപ. വെറും 1000 രൂപവീതം പ്രതിമാസം നിക്ഷേപിച്ചാല്‍ ലഭിക്കുന്ന നേട്ടമാണിത്. ആകെ 15 വര്‍ഷം കൊണ്ട് മുടക്കുന്നത് 1.8 ലക്ഷം രൂപ മാത്രം. കിട്ടുന്നതോ 10 ലക്ഷം രൂപ. അതായത് ദിവസം വെറും 32 രൂപ മാറ്റിവയ്ക്കാന്‍ തയ്യാറാണെങ്കില്‍ ലക്ഷങ്ങളുടെ സമ്പത്ത് ലക്ഷങ്ങളായി വര്‍ധിക്കും.
(ഈ വിഷയത്തെക്കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങളും അഭിപ്രായങ്ങളും അറിയിക്കാം. ഫോണ്‍: 9447667716, email: jayakumarkk8@gmail.com )
Content Highlights: compounding helps small savings for financial security