ചലിപ്പിക്കാവുന്ന തലപ്പൂവുകള്‍, ഈണത്തിലുള്ള ചൂളംവിളി: എളുപ്പത്തില്‍ വളര്‍ത്താന്‍ കൊക്കറ്റീലുകള്‍

PAW PRINTS
#ഡോ. സാബിന്‍ ജോര്‍ജ്ജ്, പ്രൊഫസര്‍, കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റി
cockatiel
cockatiel

വളര്‍ത്തുപക്ഷികളുടെ ഇടയില്‍ ഏറെ പ്രിയപ്പെട്ടവയാണ് കൊക്കറ്റിലുകള്‍ (cockatiels). തൂവലുകള്‍ നിറഞ്ഞ തലയിലെ കിരീടമാണ് കൊക്കറ്റീലുകളുടെ പ്രധാന ആകര്‍ഷണം. ചലിപ്പിക്കാവുന്ന തലപ്പൂവുകള്‍, ഈണത്തിലുള്ള  ചൂളംവിളി, ചിരപരിചിത ശബ്ദങ്ങള്‍ അനുകരിക്കാനുള്ള  കഴിവ്,  എളുപ്പം ഇണങ്ങും എന്നിവയെല്ലാം ഇവയെ പക്ഷിപ്രേമികള്‍ക്ക് പ്രിയങ്കരമാക്കുന്നു.

പരിപാലനം

ദീര്‍ഘ ചതുരാകൃതിയില്‍ നിര്‍മ്മിക്കപ്പെട്ട കൂടുകളാണ് കൊക്കറ്റീലുകളെ വളർത്താൻ നല്ലത്. 2 അടി നീളം, 2 അടി വീതി, 3 അടി ഉയരം എന്ന അളവില്‍ മൊത്തം 12 ചതുരശ്രയടി വിസ്തീര്‍ണ്ണമെങ്കിലും കൂടിന് വേണം. ബഡ്ജികള്‍, ഫിഞ്ചുകള്‍ തുടങ്ങിയ ചെറുകിളികളെയും ഇവയ്‌ക്കൊപ്പം വളര്‍ത്താം. 3-4 മാസം പ്രായമുളളമ്പോള്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്താൽ ഇണക്കിയെടുക്കാന്‍  എളുപ്പമായിരിക്കും. പ്രായം കൂടിയാല്‍ മനുഷ്യനോട് ഇണങ്ങാന്‍ ബുദ്ധിമുട്ടാണ്.‌
ആണും പെണ്ണും

ആണ്‍ കൊക്കറ്റീലുകളുടെ മുഖത്തിന് മഞ്ഞനിറവും പെണ്ണിന്  ചാരനിറവുമായിരിക്കും.  മുഖത്തുള്ള  ഓറഞ്ചടയാളത്തിന് വലിപ്പവും, ഗാഢതയും പൂവന് കൂടുതലായിരിക്കും. മൂന്ന് മാസം പ്രായമെത്തുമ്പോള്‍ പൂവന്‍ ആകര്‍ഷകമായ രീതിയില്‍  വിസിലടിച്ചു തുടങ്ങുന്നു.  ഒരു വര്‍ഷത്തിനുള്ളില്‍  പ്രായപൂര്‍ത്തിയെത്തുന്നതോടെ  ഇണ ചേര്‍ക്കാം. വര്‍ഷം മുഴുവന്‍ ജോഡി തിരിച്ച് പ്രത്യേക  കൂടുകളില്‍ പ്രജനനം നടത്തുന്നതാണ് കൂടുതല്‍ നല്ലത്. കൂട്ടമായി കോളനി രീതിയില്‍ ഇണകളെ ഒരുമിച്ചിടാന്‍ പ്രയാസമില്ലെങ്കിലും അടയിരിക്കുന്ന അറ പങ്കുവെയ്ക്കുന്ന ഇവയുടെ സ്വഭാവം പ്രശ്നങ്ങളുണ്ടാക്കാം. ഇതുകാരണം ഒരു പിടയ്ക്ക് കൂടുതല്‍ മുട്ടകളില്‍ അടയിരിക്കേണ്ടി വരികയും മുട്ട വിരിയലിനെ അത് പ്രതികൂലമായി ബാധിക്കുകയും ചെയ്യും. അടയിരിക്കുന്ന ജോലി ഇണകള്‍ ഏറ്റെടുക്കുന്നു. പകല്‍ പൂവനും, രാത്രി പിടയും  അടയിരിക്കും. ശരാശരി 19 ദിവസമാണ്  മുട്ട വിരിയാനെടുക്കുന്നത്.  ഒരു സമയത്ത്  5-6 മുട്ടകള്‍  വീതം ഇടുന്നു. മുട്ട വിരിഞ്ഞ് 35 ദിവസങ്ങള്‍ക്കു ശേഷം കുഞ്ഞുങ്ങള്‍ പുറത്ത് വരും.


ആഹാരരീതി

വിത്തുകളുടെ  മിശ്രിതം  കൊക്കറ്റീലുകള്‍ക്ക്  നല്‍കാം. ധാന്യങ്ങളും  പഴങ്ങളും  തീറ്റയാക്കാം. വിത്തുകള്‍ തീറ്റയായി  നല്‍കുമ്പോള്‍ ജീവകം എ. (Vitamin  A) യുടെ കുറവ് മൂലം അടയിരിക്കുന്ന  അറയില്‍ വച്ചുള്ള കുഞ്ഞുങ്ങളുടെ  മരണനിരക്ക് കൂടാമെന്നതിനാല്‍ വിറ്റമിന്‍ എ. മിശ്രിതം തീറ്റയില്‍ നല്‍കണം. സൂര്യകാന്തിക്കുരു, ആപ്പിള്‍ തുടങ്ങിയ ഉള്‍പ്പെടുത്താം. കണവനാക്ക്, കരിക്കട്ടപ്പൊടി, തുളസിയില ഇവ കൂടി ഉള്‍പ്പെടുത്തിയാല്‍ പ്രജനനകാലത്ത് നല്ലതാണ്.

ഇണക്കി വളർത്താം

15 വര്‍ഷം വരെ  ആയുസ് കൊക്കറ്റീലുകള്‍ക്കുണ്ട്. ചെറുപ്രായത്തില്‍ ഇണക്കി വളര്‍ത്തിയാല്‍ സംസാരിക്കാന്‍ ഇവര്‍ പഠിക്കും. ചാര നിറമുള്ള ഗ്രേ കൊക്കറ്റീല്‍ (grey coctkatiel) ആണ് സാധാരണയായി കാണപ്പെടുന്നത്. ചാരനിറമുള്ള  ശരീരം, മുഖത്തിന്റെ  ഇരുവശത്തും ഓറഞ്ചു നിറമുള്ള  പൊട്ടുകള്‍, തവിട്ടു നിറമുള്ള  കണ്ണുകള്‍ എന്നിവയാണ് ഇവയ്ക്കുള്ളത്. പേള്‍ (pearl), ലുട്ടിനോ  (Lutino), പൈഡ്  (pied),  വൈറ്റ് ആല്‍ബിനേ  (White allbino),   ആല്‍ബിനോ റെഡ്  (albino red),  സിനമണ്‍  (Cinnamon) എന്നിവയാണ് ഇക്കൂട്ടത്തിലെ മറ്റ് കേമന്മാര്‍.

Content Highlights: Cockatiel bird care