സ്ത്രീകള്‍ ബിസിനസിലേക്ക് ഇറങ്ങും മുമ്പ് ഓര്‍ത്തിരിക്കേണ്ട 10 കാര്യങ്ങള്‍

(പ്രതീകാത്മചിത്രം)
(പ്രതീകാത്മചിത്രം)

ഏതൊരാളും ബിസിനസ് രംഗത്ത് ഇറങ്ങും മുമ്പ് ഓര്‍ത്തുവയ്ക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. സ്ത്രീകള്‍ മാത്രമായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ കൂടി ഉണ്ട് എന്ന്് പറയുന്നത് അവരുടെ കഴിവിനെ കുറച്ച് കാണിക്കാനല്ല. മറിച്ച് കുടുംബം, പണം, ജോലിക്കാര്‍, ഉപഭോക്താക്കള്‍ തുടങ്ങിയവയുടെ കാര്യത്തില്‍ സ്ത്രീകള്‍ പൊതുവേ ചില പ്രത്യേക അനുഭാവം വെച്ചുപലുര്‍ത്തുന്നവരാണല്ലോ. അതുകൊണ്ട് അക്കാര്യത്തില്‍ ഒരു കരുതല്‍ വേണം എന്നുമാത്രം.
ഒഴിവ് സമയം ഫലപ്രദമായി ചിലവഴിക്കാന്‍, ഉപജീവനത്തിന്, സ്വപ്നം സാക്ഷാത്കരിക്കാന്‍, സ്വന്തം കാലില്‍ നില്‍ക്കാന്‍, സ്വന്തം വ്യക്തിത്വം ഉയര്‍ത്തിപ്പിടിക്കാന്‍...സംരംഭം തുടങ്ങുന്നതിന് ഇത്തരത്തില്‍ നിരവധി കാരണങ്ങള്‍ ഓരോ സ്ത്രീക്കും ഉണ്ടാകുമല്ലോ. അതെല്ലാം നല്ലത്. പക്ഷേ, ഒരിക്കല്‍ ഇറങ്ങിയാല്‍ തിരിച്ചുകയറാന്‍ പറ്റുന്ന ഒന്നല്ല സംരംഭം എന്നത് മറക്കരുത്.

ഇനി പറയുന്ന 10 കാര്യങ്ങള്‍ നിങ്ങളുടെ വിജയത്തെ എളുപ്പമാക്കും

1. ഒരു കുഞ്ഞിനെ വളര്‍ത്തുമ്പോഴുള്ള ശ്രദ്ധയും പരിചരണവും ബിസിനസിനു നല്‍കണം. എല്ലാം അതിന്റെ വഴിക്ക്് പോയിക്കോളും എന്നു വിചാരിക്കരുത്. കുഞ്ഞ് നടക്കാന്‍ തുടങ്ങുമ്പോള്‍, സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ മാതാപിതാക്കള്‍ കാണിക്കുന്ന ക്ഷമയും കരുതലും തുടക്കത്തില്‍ ബിസിനസിനു നല്‍കണം. ഒഴിവ് സമയം ചിലവഴിക്കാന്‍ ലഘുബിസിനസ് ആരംഭിക്കുകയാണെങ്കില്‍ കുഴപ്പമില്ല. പക്ഷേ, അത്തരത്തില്‍ തുടങ്ങിയ ലഘുസംരംഭത്തെ വളര്‍ത്താന്‍ കൂടുതല്‍ മുടക്കുമുതല്‍ നടത്തുമ്പോള്‍ കാര്യങ്ങള്‍ മാറും.

2. ബിസിനസിന്റെ ഉടമ എന്ന ലേബലിലല്ല ഒരു തൊഴിലാളി എന്ന ലേബലിലാണ് തുടക്കത്തില്‍ നിങ്ങള്‍ സ്ഥാപനത്തിനുള്ളില്‍ അറിയപ്പെടേണ്ടത്. സംരംഭത്തിന്റെ വിജയത്തിനായി നിങ്ങള്‍ നടത്തുന്ന കഠിനാധ്വാനവും അര്‍പ്പണ മനസ്സും ഓരോ ജോലിക്കാരനും ലക്ഷ്യബോധവും പ്രചോദനവും നല്‍കണം.

3. ഒരു ജോലിക്കുപോകുന്നതുപോലയല്ല സ്വന്തമായൊരു സംരംഭം തുടങ്ങുന്നത്. രാവിലെ 10 മണിമുതല്‍ വൈകിട്ട് അഞ്ചുവരെ എന്ന രീതിയില്‍ ബിസിനസുമായി ബന്ധപ്പെട്ട ജോലികളെ കാണാന്‍ കഴിയില്ല. സംരംഭത്തില്‍ സജീവമാകുംമുമ്പ് ഇക്കാര്യങ്ങളെല്ലാം ഭര്‍ത്താവുമായോ മക്കളുമായോ മാതാപിതാക്കളുമായോ റിലേഷന്‍ഷിപ്പിലുള്ളവരുമായോ സംസാരിച്ച് പിന്തുണ ഉറപ്പാക്കണം. ബിസിനസില്‍ കുടുതല്‍ ശ്രദ്ധിക്കുന്നതുകൊണ്ട് കുടുംബകാര്യങ്ങളോ കുടുംബകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതുകൊണ്ട് ബിസിനസോ പാളിപ്പോകാന്‍ ഇടയാകരുത്.

4. സംരംഭം തുടങ്ങുന്നത് നിങ്ങളാണെങ്കിലും അതിന്റെ വിജയത്തിനായി ഭാര്യയും ഭര്‍ത്താവും യോജിച്ച് പ്രവര്‍ത്തിക്കണം. പങ്കുവയ്ക്കാവുന്ന ജോലികളും ഉത്തരവാദിത്തങ്ങളും പങ്കിട്ടെടുത്ത് ചെയ്യുക. ദീര്‍ഘദൂര യാത്രകളും മറ്റും ആവശ്യമാണെങ്കില്‍ ഭര്‍ത്താവിനെ കൂടെ കൂട്ടാം. അല്ലെങ്കില്‍ അത്തരം ജോലികള്‍ ഭര്‍ത്താവിനോട് ചെയ്യാന്‍ ആവശ്യപ്പെടാം. ജോലികള്‍ പങ്കുവയ്ക്കുമ്പോള്‍ അഭിരുചികളും കഴിവുകളും പരിഗണിക്കണം. ആളുകളെ അഭിമുഖീകരിക്കാനും കാര്യങ്ങള്‍ വിശദീകരിക്കാനും മടിയുണ്ടെങ്കില്‍ അത്തരം ജോലികള്‍ ഏല്‍പ്പിക്കരുത്.

5. എത്ര കഴിവുണ്ടെങ്കിലും ബിസിനസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുടക്കത്തില്‍ ഭംഗിയായി തന്നെ മുന്നോട്ടുപോകണം എന്നില്ല. അതുകൊണ്ട് തിരിച്ചടി നേരിടാന്‍ തുടക്കത്തിലേ മനസ് പാകപ്പെടുത്തിയിരിക്കണം. പരാജയം സംഭവിക്കുമ്പോള്‍ കുറ്റപ്പെടുത്താനും ഒറ്റപ്പെടുത്താനും ആളുകള്‍ കൂടുതലായിരിക്കും. ഉപദേശിക്കാനും നന്നാക്കാനും എന്ന രീതിയില്‍ നിരവധിപേര്‍ തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ മല്‍സരിക്കും. വിജയം ഉണ്ടാകുമ്പോള്‍ പ്രോത്സാഹിപ്പിക്കാനും ആളുകള്‍ ഏറെ ഉണ്ടാകും.

6. സംശയമോ പ്രതിസന്ധികളോ ഉണ്ടാകുമ്പോള്‍ ആരോടുവേണമെങ്കിലും ഉപദേശവും നിര്‍ദേശവും തേടാം. പക്ഷേ, തീരുമാനം എടുക്കേണ്ടത് നിങ്ങള്‍ തന്നെ ആകണം. നിങ്ങള്‍ക്കുവേണ്ടി തീരുമാനങ്ങള്‍ എടുക്കാനുള്ള അവകാശം മറ്റുള്ളവര്‍ക്ക് വിട്ടുകൊടുക്കരുത്. എല്ലാ ഉപദേശങ്ങളും കേട്ടശേഷം സ്വന്തം മനസുപറയുന്ന കാര്യങ്ങള്‍ക്കു കൂടി ചെവികൊടുക്കുക. അതിനുശേഷം തീരുമാനം സ്വയം എടുക്കുക. ആ തീരുമാനം ശരിയായാലും തെറ്റായാലും ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുക.

7.  ജീവിതത്തില്‍ പലപല ആവശ്യങ്ങളും ഉണ്ടാകും. അതിനുള്ള ചിലവിനായി ബിസിനസിലെ പണം ഉപയോഗിക്കരുത്. ബിസിനസിലെ ചിലവും ജീവിതച്ചിലവും കൂട്ടിക്കുഴയ്ക്കരുത്. തുടക്കത്തില്‍ ഒരു നിശ്ചിത തുക ശമ്പളം പോലെ നിങ്ങള്‍ എഴുതിയെടുക്കുക. ജീവിതച്ചിലവുകള്‍ അതിനുള്ളില്‍ നിര്‍ത്തണം. ബിസിനസിലെ പണം കൈകാര്യം ചെയ്യാനും ജീവിതച്ചിലവ് കൈകാര്യം ചെയ്യാനും വെവ്വേറെ ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടാകണം.

8. തുടക്കത്തില്‍ ആഡംബരം വേണ്ട. സംരംഭം തുടങ്ങുമ്പോഴേ വലിയ ഓഫീസ് മുറികളും ആര്‍ഭാടങ്ങളും വേണമെന്ന ആഗ്രഹം സ്വാഭാവികം. പക്ഷേ, എല്ലാം പടിപടിയായി മാത്രം മതി. ബിസിനസിന്റെ മുന്നോട്ടുള്ള വളര്‍ച്ചയ്ക്ക് അത് അത്യാവശ്യമാണ് എന്ന ഘട്ടത്തില്‍ മാത്രം അത്തരം കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക. ചെറിയ രീതിയിലുള്ള ചുവടുവയ്പുകളാണ് വലിയ വിജയത്തിലേക്ക് നയിക്കുക. എത്ര ചെറുതായി തുടങ്ങാമോ അത്ര നല്ലത്. അങ്ങനെ ചെയ്താല്‍ പ്രതിസന്ധിയോ നഷ്ടമോ നേരിട്ടാല്‍ തിരിച്ചടിയും ചെറുതായിരിക്കും.

9. നിങ്ങള്‍ ഒറ്റയ്ക്ക് ചെയ്തിരുന്നപ്പോഴുള്ള പൂര്‍ണതയും പെര്‍ഫെക്ഷനും ഒന്നും ഒരു ടീമിനെ വേച്ചോ ജോലിക്കാരെ വെച്ചോ ചെയ്യിക്കുമ്പോള്‍ കിട്ടണം എന്നില്ല. പൂര്‍ണതയ്ക്കുവേണ്ടി എല്ലാം സ്വയം ചെയ്യാമെന്ന്് കരുതുന്നതും അബദ്ധമാണ്. നിങ്ങള്‍ ആഗ്രഹിക്കുന്ന നിലവാരത്തിലേക്ക് ടീം എത്താന്‍ ആവശ്യമായ സമയം കൊടുക്കുക.

10. ഒരു സ്ത്രീ ആണ് എന്നതുകൊണ്ട് സംരംഭക രംഗത്ത് ഒരു പരിമിതിയും സൃഷ്ടിക്കപ്പെടുന്നില്ല എന്ന തിരിച്ചറിവ് സ്വയം ഉണ്ടാകണം. സ്ത്രീ ആണെന്നതുകൊണ്ടുമാത്രം മുന്നില്‍ ഉയര്‍ന്നുവരുന്ന ഒരു അവസരത്തെയും വേണ്ട എന്ന് വയ്ക്കരുത്. വലിയ എതിരാളികള്‍ ഉള്ള ഒരു മത്സര രംഗമാണ് ബിസിനസ് മേഖല. അവിടെ നമ്മുടെ ഇല്ലാത്ത പരിമിതകളെക്കുറിച്ച് ആലോചിച്ച് പാഴാക്കാന്‍ ഒരു നിമിഷം പോലുമില്ല എന്നറിയുക.

(പേഴ്സണല്‍ ഫിനാന്‍സ് അനലിസ്റ്റും എന്റര്‍പ്രണര്‍ഷിപ്പ് ട്രെയിനറുമാണ് ലേഖകന്‍)
 

Content Highlights: business tips for women