ചെലവ് കുറച്ച് വീട് അലങ്കരിക്കാം, ദീപാവലി ആഘോഷിക്കാം

പ്രതീകാത്മകചിത്രം/AI
പ്രതീകാത്മകചിത്രം/AI

വെളിച്ചവും നിറങ്ങളും മനോഹരമായ അലങ്കാരങ്ങളുമായി വീടിനെ ഉത്സവാന്തരീക്ഷത്തിലേക്ക് മാറ്റുന്ന സമയമാണ് ദീപാവലി. എന്നാൽ പുതുപുത്തൻ അലങ്കാരവസ്തുക്കൾ വാങ്ങി വീടിന് പുതിയൊരു ഭംഗി നൽകാൻ വലിയ തുക ചെലവഴിക്കണമെന്നില്ല. വീട്ടിലുള്ള വസ്തുക്കൾ പുനരുപയോഗിച്ചും ലളിതമായ ചില പൊടിക്കൈകൾ പരീക്ഷിച്ചും ചെലവു കുറഞ്ഞ രീതിയിൽ വീട് അലങ്കരിക്കാം. പഴയ കുപ്പികൾ മുതൽ ദുപ്പട്ടകളും പൂക്കളും വരെ ഇതിനായി പ്രയോജനപ്പെടുത്താം.

ഫെയറി ലൈറ്റുകൾ കൊണ്ട് കുപ്പികൾ അലങ്കരിക്കാം
ഒഴിഞ്ഞ ചില്ലുകുപ്പികൾ മനോഹരമായ അലങ്കാരവസ്തുക്കളാക്കി മാറ്റാം. പഴയ ജാം കുപ്പികളോ അച്ചാർ കുപ്പികളോ നന്നായി കഴുകി ലേബലുകൾ നീക്കി ഉണക്കിയെടുക്കുക. അതിനുള്ളിൽ ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഫെയറി ലൈറ്റുകൾ വയ്ക്കാം. ഷെൽഫിലോ ജനൽപ്പടിയിലോ പ്രവേശനഭാഗത്തെ മേശയിലോ ഇവ നിരത്തിവയ്ക്കുന്നത് വീടിന് മനോഹരമായൊരു ഉത്സവഭംഗി നൽകും.

പഴയ ദുപ്പട്ടകളും സാരികളും ഉപയോഗിക്കാം
ഉപയോഗിക്കാതെ സൂക്ഷിച്ചിരിക്കുന്ന നിറമുള്ള ദുപ്പട്ടകളും സാരികളും ദീപാവലി അലങ്കാരത്തിന് പ്രയോജനപ്പെടുത്താം. തിളക്കമുള്ള ദുപ്പട്ട ഡൈനിങ് ടേബിളിൽ വിരിച്ച് ടേബിൾ റണ്ണറാക്കാം. പൂജാമുറിയുടെ പശ്ചാത്തലമായോ കുടുംബചിത്രങ്ങൾ പകർത്തുന്ന ഇടത്തെ അലങ്കാരമായോ പഴയ സാരി ഉപയോഗിക്കാം. പുതിയ അലങ്കാരവസ്തുക്കൾ വാങ്ങാതെ തന്നെ വീടിന് ഉത്സവച്ചമയം നൽകും.

പൂക്കൾ കൊണ്ട് അലങ്കരിക്കാം
വീടിനുള്ളിൽ ഉത്സവാന്തരീക്ഷമൊരുക്കാൻ പൂക്കൾക്ക് പ്രത്യേക കഴിവുണ്ട്. ചെണ്ടുമല്ലി, റോസ് തുടങ്ങിയ പൂക്കൾ ഉപയോഗിച്ച് ലളിതമായ പൂക്കളമോ മേശപ്പുറത്ത് ചെറിയൊരു അലങ്കാരമോ ഒരുക്കാം. വീട്ടിലുള്ള പാത്രത്തിലോ ട്രേയിലോ പൂക്കൾ ഭംഗിയായി ക്രമീകരിച്ചുവയ്ക്കാം. ഇലകളും ഇതളുകളും കൂടി ചേർത്താൽ കൂടുതൽ മനോഹരമാകും. ഇതിനായി പുതിയ അലങ്കാരപ്പാത്രങ്ങൾ വാങ്ങേണ്ടതുമില്ല.

പഴയ മൺചിരാതുകൾക്ക് പുതുഭംഗി നൽകാം
എല്ലാ വർഷവും പുതിയ ചിരാതുകൾ വാങ്ങുന്നതിനു പകരം, കേടുപാടുകളില്ലാത്ത പഴയ മൺചിരാതുകൾ വീണ്ടും ഉപയോഗിക്കാം. ഇവ നന്നായി വൃത്തിയാക്കി ഉണക്കിയശേഷം അനുയോജ്യമായ പെയിന്റ് ഉപയോഗിച്ച് പുറംഭാഗത്ത് നിറങ്ങളും ലളിതമായ ഡിസൈനുകളും നൽകാം. ഇഷ്ടമുള്ള നിറങ്ങളിൽ ഒരുക്കിയ ചിരാതുകൾ വീടിന്റെ പ്രവേശനഭാഗത്തും പൂജാമുറിയിലും നിരത്തിവയ്ക്കാം. പഴയ ചിരാതുകൾക്ക് പുതിയൊരു രൂപം നൽകുന്നതിനൊപ്പം ചെലവും കുറയ്ക്കാം.

പ്രത്യേകം ശ്രദ്ധിക്കേണ്ടത്
നിറങ്ങൾ തിരഞ്ഞെടുക്കാം: രണ്ടോ മൂന്നോ നിറങ്ങൾ തിരഞ്ഞെടുത്ത് അലങ്കാരങ്ങളിൽ ഒരേ രീതിയിൽ ഉപയോഗിക്കുന്നത് വീടിന് കൂടുതൽ ഭംഗി നൽകും.

പ്രധാന ഇടങ്ങൾക്ക് പ്രാധാന്യം നൽകാം: വീടിന്റെ പ്രവേശനഭാഗം, സ്വീകരണമുറി, ഡൈനിങ് ടേബിൾ, പൂജാമുറി എന്നിവ അലങ്കരിച്ചാൽ മതി. എല്ലാ മുറികളിലും പുതിയ അലങ്കാരങ്ങൾ ഒരുക്കേണ്ടതില്ല.

വെളിച്ചം ഭംഗിയായി ക്രമീകരിക്കാം: ഷെൽഫുകളിലും ജനലുകളിലും വീടിന്റെ ഒഴിഞ്ഞ കോണുകളിലും ഫെയറി ലൈറ്റുകൾ ഉപയോഗിക്കാം. സുരക്ഷയ്ക്കായി ബാറ്ററിയിൽ പ്രവർത്തിക്കുന്ന ലൈറ്റുകൾ തിരഞ്ഞെടുക്കുന്നതും നല്ലതാണ്.

വിലകൂടിയ അലങ്കാരവസ്തുക്കളേക്കാൾ ഭാവനയ്ക്കും ക്രിയാത്മകതയ്ക്കുമാണ് പ്രാധാന്യം. വീട്ടിലുള്ള വസ്തുക്കൾക്ക് പുതിയൊരു രൂപം നൽകി ഈ ദീപാവലിക്ക് വീടിനെ മനോഹരവും ഉത്സവസമൃദ്ധവുമാക്കാം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi