ജൽസയ്ക്ക് മുമ്പ്, അത് മൻസയായിരുന്നു, അമിതാഭ് ബച്ചന്റെ ഐക്കണിക് വീടിന്റെ പറയാക്കഥ

ഇന്ത്യയിലെ ഏറ്റവും അറിയപ്പെടുന്ന സെലിബ്രിറ്റി വീടുകളിലൊന്നാണ് അമിതാഭ് ബച്ചന്റെ ജുഹുവിലെ വീടായ 'ജൽസ'. 'ടൈംസ് ഓഫ് ഇന്ത്യ'യുടെ റിപ്പോർട്ടനുസരിച്ച്, ഏകദേശം 100 കോടി രൂപയാണിതിന്റെ മൂല്യം. ഞായറാഴ്ചകളിൽ വീടിന്റെ ഗേറ്റിന് പുറത്ത് തടിച്ചുകൂടുന്ന ആരാധകരെ അഭിവാദ്യം ചെയ്യുന്ന ബച്ചന്റെ ശീലം ഏറെ പ്രശസ്തമാണ്. വൈകുന്നേരം 5 മണിയോടെ, ആരാധകർ നടന്റെ വരവിനായി ഇവിടെ പതിവായി കാത്തുനിൽക്കും.
ഈ വീടിന് പേരിട്ടതിനു പിന്നിൽ രസകരമായൊരു കഥയുണ്ട്. ബച്ചൻ ഒരിക്കൽ വിൽക്കുകയും പിന്നീട് ഉയർന്ന വിലയ്ക്ക് തിരികെ വാങ്ങുകയും ഒടുവിൽ പേരുമാറ്റുകയും ചെയ്ത ഒരു ബംഗ്ലാവാണിത്. മൻസയെന്നായിരുന്നു ബംഗ്ലാവിന്റെ ആദ്യപേര്.
1982-ൽ ബച്ചൻ 'സത്തെ പെ സത്ത' എന്ന ചിത്രത്തിൽ അഭിനയിച്ച കാലത്തോളം പഴക്കമുള്ളതാണ് 'മൻസ'യുടെ കഥയ്ക്കും. എൻ.സി. സിപ്പി നിർമ്മിച്ച് ഇളയ മകൻ രാജ് സിപ്പി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. നിർമ്മാതാവ് റോമു സിപ്പി പങ്കുവെച്ച ഒരു ഓർമ്മക്കുറിപ്പ് അനുസരിച്ച്, ചിത്രത്തിലെ പ്രതിഫലത്തിന് പകരമായാണ് എൻ.സി. സിപ്പി ജുഹുവിലെ ഏകദേശം 10,000 ചതുരശ്ര അടി വരുന്ന ബംഗ്ലാവ് ബച്ചന് നൽകിയത്.
രാജിന്റെ സഹോദരനായ റോമു, 1980 കളിലാണ് ഈ വിവരങ്ങൾ പങ്കുവെച്ചത്. അന്ന് 'മൻസ' എന്നറിയപ്പെട്ടിരുന്ന ആ ബംഗ്ലാവാണ് ഇന്ന് 'ജൽസ'യെന്ന വസതിയായി മാറിയത്. അമിതാഭ് ബച്ചൻ ഒരു ഘട്ടത്തിൽ ആ ബംഗ്ലാവ് വിറ്റു. 'ഫ്രീ പ്രസ് ജേണലിന്' നൽകിയ അഭിമുഖത്തിൽ നടൻ 'മൻസ' വിറ്റതിനെക്കുറിച്ച് സംസാരിക്കുകയും, പിന്നീട് സോഷ്യൽ മീഡിയയിലൂടെ ഈ വിവരങ്ങൾ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ജയ ബച്ചൻ ആ വീട് വീണ്ടും വാങ്ങാൻ ആവശ്യപ്പെട്ടതോടെ അദ്ദേഹമത് തിരികെ വാങ്ങുകയായിരുന്നു. ഉയർന്ന വിപണി വില നൽകിയാണ് നടൻ അതേ ബംഗ്ലാവ് തിരികെ വാങ്ങിയത്. തുടർന്ന് ദമ്പതികൾ അതിന് 'ജൽസ' എന്ന് പേരിട്ടു.
ജുഹുവിൽ ബച്ചൻ കുടുംബത്തിനുള്ള സ്വത്തുക്കളിൽ ഒന്നുമാത്രമാണ് ജൽസ. ജൽസയ്ക്ക് ഏകദേശം പിന്നിലായി 'ജനക്' എന്നൊരു സ്വത്തും കുടുംബത്തിനുണ്ട്. ഇത് അവരുടെ ഓഫീസായും അതിഥികളെ സ്വീകരിക്കുന്നതിനുള്ള ഇടമായും പ്രവർത്തിക്കുന്നു.
ജൽസയോട് ചേർന്ന് മറ്റൊരു സ്വത്തായ 'അമ്മു'വുമുണ്ട്. ഇതിന്റെ താഴത്തെ നില ഒരു ബാങ്കിന് വാടകയ്ക്ക് നൽകിയിരിക്കുകയാണ്, ഒന്നാം നില താമസത്തിനായി ഉപയോഗിക്കുന്നു.
2000-ത്തിന്റെ തുടക്കത്തിൽ ബച്ചൻ കുടുംബം സ്വന്തമാക്കിയ മറ്റൊരു ബംഗ്ലാവ് ജൽസയ്ക്ക് പിന്നിലായി നിലകൊള്ളുന്നുണ്ട്. ഈ വീട് കുടുംബത്തിന് കൂടുതൽ സ്വകാര്യത നൽകുന്നു. ഇതിന്റെ പുൽത്തകിടി സ്വകാര്യ പാർട്ടികൾക്കും വിനോദങ്ങൾക്കുമായാണ് ഉപയോഗിക്കുന്നത്.
കൗതുകകരമെന്നു പറയട്ടെ, കുടുംബം അതിന് 'മൻസ' എന്നാണ് പേരിട്ടത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/ grihalakshmi
Content Highlights: Amitabh Bachchan's iconic Jalsa bungalow was originally known as Mansa., The property was acquired in 1982 against his remuneration for Satte Pe Satta.