മാക്രോഫോട്ടോഗ്രാഫിയില്‍ അത്ഭുതകാഴ്ചകളൊരുക്കുന്ന പാലക്കാട്ടുകാരി

#അഞ്ജിത ശ്രീധരന്‍
വി.എം. അമൃത
വി.എം. അമൃത

മഴവില്‍നിറങ്ങളില്‍ വെളിച്ചം ഏഴായിച്ചിതറുന്ന കുഞ്ഞിക്കണ്ണുകള്‍...വര്‍ണ്ണങ്ങളേഴും ഒന്നിച്ച് വാരിയണിഞ്ഞ നേര്‍ത്ത ചിറകുകള്‍, കരിയില തുണ്ടുപോലെ വേഷപ്രച്ഛന്നരായ പുല്‍ച്ചാടികള്‍, ഇന്ദ്രനീലിമയില്‍ തിളങ്ങുന്ന ഈച്ചകള്‍...വി.എം. അമൃതയുടെ ക്യാമറക്കണ്ണിലൂടെ വെളിച്ചം ചെന്നുവീഴുന്നത് വര്‍ണ്ണവിസ്മയങ്ങള്‍ ഒളിച്ചിരിക്കുന്ന ഇത്തിരിലോകത്തേക്കാണ്. അവിടെ തെളിയുന്ന ഭാവങ്ങളോ സ്‌നേഹവും ആധിപത്യവും ജീവന്റെ നശ്വരതയുമെല്ലാം തന്നെ. ലോകം ചെറുതെങ്കിലും പ്രകൃതിയുടെ നീതി സമാനം തന്നെയെന്ന് അടിവരയിടുന്ന ചിത്രങ്ങളാണ് അമൃത പകര്‍ത്തുന്നത്.

The cycle of life, 2023-ല്‍ കേരള വനംവകുപ്പ് നടത്തിയ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫി മത്സരത്തില്‍ മൂന്നാംസ്ഥാനം നേടിയ ചിത്രത്തിന്റെ ക്യാപ്ഷനാണിത്. ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ ചിത്രങ്ങളില്‍ നിന്നും The cycle of life-നെ വേര്‍തിരിച്ചുനിര്‍ത്തുന്ന ചില പ്രത്യേകതകളുണ്ട്. ഒന്നാമത്തേത് ആ ചിത്രം തന്നെയാണ്. ചത്തുകിടക്കുന്ന ഈച്ചയെ പൊതിഞ്ഞിരിക്കുന്ന ഒരുകൂട്ടം ഉറുമ്പുകള്‍. പ്രകൃതിയുടെ ജീവനീതി നിഴലിക്കുന്ന ചിത്രം. 

മത്സരത്തിന്റെ ചുരുക്കപ്പട്ടികയുടെ ആദ്യപത്തില്‍ ഇടംപിടിച്ച ഒരേയൊരു വനിതാഫോട്ടോഗ്രാഫറാണ് അമൃത. മാക്രോ ഫോട്ടോഗ്രഫി എന്ന സങ്കേതത്തിലൂടെ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫിയില്‍ വിസ്മയങ്ങള്‍ തീര്‍ക്കുകയാണ് അവര്‍. ചെറിയലോകത്തിലെ വലിയ കാഴ്ചകള്‍ പകര്‍ത്തുന്ന ഫോട്ടോഗ്രഫിക് രീതിയാണ് മാക്രോ ഫോട്ടോഗ്രഫി. ഷഡ്പദങ്ങളുടെയും ഉരഗങ്ങളുടെയും ലോകത്തിലേക്ക് തന്റെ ക്യാമറ ഫോക്കസ് ചെയ്ത് അത്ഭുതനിമിഷങ്ങള്‍ക്കായി അമൃത ക്ഷമയോടെ കാത്തിരിക്കുന്നു.
ചെറുപ്പം മുതലേ അമൃത ഫോട്ടോഗ്രാഫി ഇഷ്ടപ്പെട്ടിരുന്നു. അച്ഛന്റെയും പിന്നീട് സഹോദരന്റെയും കൈമറിഞ്ഞ് തന്നിലേക്കെത്തിയ ഒരു കൊച്ചുക്യാമറയില്‍ നിന്നാണ് എല്ലാത്തിന്റേയും തുടക്കം. 

പിന്നീട് ഒരു ആര്‍കിടെക്റ്റായി മാറിയപ്പോഴും അവള്‍ ക്യാമറയെ കൈവിട്ടില്ല. ഡിഗ്രി പഠനകാലത്ത്‌ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്ന ചിത്രങ്ങളില്‍ ചില വിസ്മയങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന് കണ്ടെത്തുന്നത് ഫോട്ടോമ്യൂസ് എന്ന ഫോട്ടോഗ്രാഫി കമ്മ്യൂണിറ്റിയാണ്. മാക്രോ ഫോട്ടോഗ്രഫിയുടെ സാങ്കേതികവശങ്ങളൊന്നും ആദ്യം അറിയുമായിരുന്നില്ല. ക്യാമറയുടെ ലെന്‍സ് സാധാരണയില്‍ നിന്നും വ്യത്യസ്തമായി തിരിച്ചുപിടിച്ചാണ്‌ ആദ്യകാലത്ത് മാക്രോ ഫോട്ടോകള്‍ എടുത്തിരുന്നത്. തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ കമ്മ്യൂണിറ്റിയില്‍ നിന്നാണ് പ്രൊഫഷണല്‍ ഫോട്ടോഗ്രാഫിയുടെ ബാലപാഠങ്ങള്‍ അമൃത പഠിക്കുന്നത്.

പൂമ്പാറ്റചിത്രങ്ങള്‍ തേടി ശെന്തുരുണിയിലേക്ക്
ചിത്രശലഭങ്ങളുടെ സര്‍വേക്കായി ശെന്തുരുണിയിലെത്തിയത് അമൃത ഓര്‍ക്കുന്നു. ഫോട്ടോമ്യൂസിലെ സുഹൃത്തായ ബര്‍ണാഡാണ് അമൃതയ്ക്ക് വന്യജീവി സര്‍വേകളെ പരിചയപ്പെടുത്തുന്നത്. അതായിരുന്നു ആദ്യത്തെ 'കാട്ടുയാത്ര'. പിന്നീട് പറമ്പിക്കുളത്തും മീശപ്പുലിമലയിലുമെല്ലാം വന്യജീവി സര്‍വേകള്‍ക്കായി പോയി. സഹയാത്രികനായ ബര്‍ണാഡ് ഇന്ന് അമൃതയുടെ ജീവിതപങ്കാളികൂടിയാണ്. കാടകങ്ങള്‍ താണ്ടുമ്പോഴും കുഞ്ഞന്‍ജീവികളുടെ അത്ഭുതലോകം അമൃതയെ മോഹിപ്പിക്കുന്നുണ്ടായിരുന്നു. ഈച്ചയും തവളയും ശലഭങ്ങളും പ്രാണികളുമെല്ലാം അമൃതയുടെ ക്യാമറക്കണ്ണില്‍ നിറഞ്ഞുചിരിക്കുന്നു.  

ഇതിനോടകം നിരവധി മത്സരങ്ങളില്‍ അമൃതയുടെ ചിത്രങ്ങള്‍ കൈയടി നേടിയിട്ടുണ്ട്. വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ടിന്റെ ഇന്ത്യാസ് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫി കോണ്ടസ്റ്റ് 2023, യു. കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോയല്‍ ഫോട്ടോഗ്രഫിക് സൊസൈറ്റിയുടെ വുമണ്‍ സയന്‍സ് ഫോട്ടോഗ്രാഫര്‍ ഓഫ് ദ ഇയര്‍ -2023, ബോംബൈ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി 2020 ല്‍ ബിഗ് ബട്ടര്‍ഫ്‌ലൈ മാസാചരണത്തിന്റെ ഭാഗമായി നടത്തിയ ലൈഫ് സൈക്കിള്‍ കോണ്ടസ്റ്റ് തുടങ്ങിയവ അതില്‍ ചിലതാണ്.


പ്രകൃതിചിത്രങ്ങളെ പകര്‍ത്തുന്നതിനൊപ്പം അതിനെ സംരക്ഷിക്കേണ്ടതിന്റെ പ്രധാന്യം പ്രചരിപ്പിക്കുന്നതിലും അമൃതയും ബര്‍ണാഡും മുന്നിലുണ്ട്. അതിനായി അവര്‍ നിരവധി എന്‍.ജി.ഒ.കള്‍ക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിനായി നടത്തുന്ന വിവിധ ബോധവത്ക്കരണ സെമിനാറുകളിലും അമൃത സംസാരിക്കാറുണ്ട്.

Content Highlights: wild photographer macrophotographer amrutha