'എന്റെ ആർത്തവം നാഷണൽ ജോക്ക് ആയി മാറി. അതിനെല്ലാം പിന്നിൽ പുരുഷൻമാർ'

അയേഷ ഖാൻ / IMDb
അയേഷ ഖാൻ / IMDb

'ധുരന്ധർ' (dhurandhar) എന്ന സിനിമയിലെ 'ഷരാരത്' (shararat) എന്ന പാട്ടുസീനിലെ നൃത്തത്തിലൂടെ പ്രശസ്തിയിലേക്കുയർന്ന താരമാണ് അയേഷ ഖാൻ. അതിനുമുമ്പ് സീരിയലുകളിലും സിനിമകളിലും അഭിനയിച്ചെങ്കിലും പ്രതീക്ഷിച്ചത്ര ജനപ്രീതി ലഭിച്ചിരുന്നില്ല. അതിനിടെയാണ് 'ധുരന്ധർ' എത്തുന്നത്. അതവർക്ക് ഭാഗ്യമായി മാറുകയും ചെയ്തു.

നൃത്തരംഗത്ത് അയേഷയ്‌ക്കൊപ്പം ക്രിസ്റ്റൈൽ ഡിസൂസയുമുണ്ടായിരുന്നു. തനിക്ക് ആർത്തവമുള്ളപ്പോഴായിരുന്നു ആ സീനിന്റെ ചിത്രീകരണം നടന്നതെന്ന് അവർ നേരത്തെ തുറന്നുപറഞ്ഞിരുന്നു. ഷൂട്ടിങ് കഴിഞ്ഞപ്പോഴേക്കും, അസ്ഥികളൊക്കെ നുറുങ്ങുന്നതുപോലെ തോന്നിയെന്നും ആർത്തവമായതിനാൽ കൂടുതൽ ക്ഷീണം തോന്നിയെന്നും അയേഷ അന്ന് പറഞ്ഞു.

അയേഷയുടെ ഈ തുറന്നുപറച്ചിലിനെ ആളുകൾ അഭിനന്ദിക്കുകയും ചെയ്തു. ഈ വെളിപ്പെടുത്തൽ ഒരു 'ദേശീയ തമാശ' (national joke) ആയി മാറിയെന്ന് അവർ പറയുന്നു. ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു താരം. ''ഇക്കാലത്ത് നിങ്ങൾ എന്തു ചെയ്താലും പറഞ്ഞാലും, അതെല്ലാം തമാശയായി മാറും. അതെല്ലാം ഡാർക്ക് ഹ്യൂമറും രസകരവുമാവുന്നുവെന്നത് നിർഭാഗ്യകരമാണ്. എല്ലാത്തിനും ചിരിക്കാൻ കഴിയുന്നത് നല്ല കാര്യമാണ്. എന്നാൽ എന്തിനും ഏതിനും ചിരിക്കുക എന്നത് അത്ര രസകരമല്ല. ഒരു സാധാരണ അഭിമുഖത്തിലാണ് ഞാൻ ആർത്തവത്തെക്കുറിച്ച് പറഞ്ഞത്. അതിനെക്കുറിച്ച് സംസാരിക്കുമ്പോൾ എനിക്ക് കാര്യമായൊന്നും തോന്നിയില്ല. കാരണം എനിക്കത് വലിയ കാര്യമല്ലായിരുന്നു. മറിച്ച് വളരെ സാധാരണമാണ്. എല്ലാ മാസവും ഈ സൈക്ലിലിലൂടെ (mensus cycle) കടന്നുപോകുന്നു. ആർത്തവസമയത്ത് നമ്മൾ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുമുണ്ട്''.

ആ അഭിമുഖത്തിനുശേഷം തന്റെ ആർത്തവവുമായി ബന്ധപ്പെട്ടുള്ള ഒട്ടേറെ മീമുകളും തമാശകളും താൻ കണ്ടുവെന്നും അവർ കൂട്ടിച്ചേർത്തു. ''ഓ, എന്റെ ആർത്തവം ഒരു നാഷണൽ ജോക്ക് ആയി മാറിയോ? ആ തമാശകളെല്ലാം പുരുഷൻമാരിൽനിന്നാണെന്ന് എനിക്ക് ഉറപ്പുണ്ട്. അതുവളരെ മോശമായിരുന്നു. പക്ഷേ എനിക്ക് നാണക്കേട് തോന്നിയോ? ഇല്ല, ഞാൻ അഭിമാനിയായ സ്ത്രീയാണ്. ആർത്തവസമയത്ത് ഞാനെന്തു ചെയ്താലും എനിക്കത് അഭിമാനം തന്നെയാണ്. നമ്മളിതൊക്കെ നമ്മുടെ മക്കളെ പഠിപ്പിക്കേണ്ടതുണ്ട്, നമ്മുടെ സഹോദരങ്ങളെ പഠിപ്പിക്കേണ്ടതുണ്ട്'', താരത്തിന്റെ വാക്കുകൾ.

എല്ലാ അഭിമുഖങ്ങൾക്കുശേഷവും ട്രോളുകളുണ്ടാകുമെന്നും, ഇത് പുതിയൊരു പ്രശ്‌നമല്ല, വളരെക്കാലമായി നിലനിൽക്കുന്നതാണെന്നും അയേഷ പറയുന്നു. കറാച്ചിയിലെ ഒരു വിവാഹാഘോഷത്തിൽനിന്നുള്ള രംഗം പോലെയാണ് നൃത്തം അവതരിപ്പിച്ചിരിക്കുന്നത്. വിജയ് ഗാംഗുലിയാണ് കൊറിയോഗ്രഫി ചെയ്തിരിക്കുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Ayesha Khan reveals her statement about menstruating during a song shoot became a 'national joke'. She believes the memes and jokes were primarily created by men.