വണ്ടിപ്പെരിയാറിലെ വീട്ടില്‍ കുഞ്ഞുപാവയെ കൈയിലെടുത്ത് അമ്മ വിതുമ്പി...ഈ ലോകം ആ കുഞ്ഞിനോട് ചെയ്തത്!

#വി.പ്രവീണ
നീതിക്കായി കാത്തിരിപ്പ് തുടരും
നീതിക്കായി കാത്തിരിപ്പ് തുടരും

പെരിയാറിന്റെ കൈവഴി ഇടറിയൊഴുകുന്ന താഴ്‌വര. ഹൈറേഞ്ചിനുമുകളില്‍ പൂത്തുലഞ്ഞ നീലക്കുറിഞ്ഞികള്‍ പോലെ മേഘങ്ങള്‍. ഒരുപാലം കടന്നാല്‍ നിബിഢവനത്തിന്റെ കനംപടര്‍ന്ന തേയിലക്കാടുകള്‍. അതിന്റെ ഇരുണ്ടപച്ചപ്പിനപ്പുറം ചെങ്കല്‍ നിറമുള്ള ഇരുള്‍വഴികള്‍. കുറച്ചു നടന്നാല്‍ കാണാം വരിയില്‍ നിരന്ന ചെറുകെട്ടിടങ്ങള്‍. പകിട്ടും നിറവുമില്ലാത്ത ജീവിതംപോലെ നരച്ച മേലാപ്പുകള്‍. വിണ്ട ചുവരുകള്‍. പരിമിതമായ സ്വപ്‌നങ്ങള്‍ക്കു ചേരുംമട്ടില്‍ കെല്പില്ലാത്ത ചെറുമുറികള്‍. അസൗകര്യങ്ങള്‍ക്കിടയില്‍ ഞെരിഞ്ഞ് ജീവിതം തള്ളിനീക്കുന്ന സാധാരണക്കാരായ തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ലയം. പറക്കാന്‍ ആകാശമില്ലാത്തവരുടെ തടവറ. അതിലൊന്നിലൊരു കൊച്ചുപെണ്‍കുട്ടിയുണ്ടായിരുന്നു ഈ മഴക്കാലം വരേയ്ക്കും. അവള്‍ അക്ഷരങ്ങള്‍ എഴുതിപ്പഠിച്ചതിന്റെ അടയാളങ്ങള്‍ കാണാം ആ ചുമരുകളിലൊക്കെ. അവളുടെ കുപ്പായങ്ങളും കളിപ്പാട്ടങ്ങളും നിറഞ്ഞ മുറിക്കുള്ളിലിരുന്ന് അച്ഛനമ്മമാര്‍ ഓര്‍മ്മകള്‍ എണ്ണിപ്പറഞ്ഞു. 

''മിടുക്കിയായിരുന്നു. മിടുമിടുക്കി.'' തിളക്കമറ്റ മൊബൈല്‍ സ്‌ക്രീനില്‍ കൈകൊട്ടിച്ചിരിക്കുന്ന കുസൃതിക്കുരുന്നിന്റെ ചലനങ്ങള്‍ നിറഞ്ഞു. ''ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും ഇത് അവള്‍ക്കൊപ്പമുണ്ടായിരുന്നു.'' ഒരു കുഞ്ഞുപാവയെ കൈയിലെടുത്ത് അമ്മ വിതുമ്പി. കാണാതായ കൂട്ടുകാരിയെ തിരഞ്ഞു തളര്‍ന്നതുപോലെ ആ കുഞ്ഞിപ്പാവ കണ്ണുചിമ്മി. 

കുസൃതികള്‍കൊണ്ട് ആ കൂരയ്ക്കുള്ളില്‍ ഇമ്പം നിറച്ച പെണ്‍കുഞ്ഞ് ഇന്ന് അവിടെയില്ല. കുറച്ചകലെയുള്ള പറമ്പില്‍ ചിതറിയ പൂവിതളുകള്‍ക്കുതാഴെ വെറും മണ്ണില്‍ അവള്‍ ഉറങ്ങുകയാണ്. കളിക്കിടെ കഴുത്തില്‍ ഷാള്‍കുരുങ്ങി സംഭവിച്ചെന്നു കരുതിയ മരണം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ലൈംഗിക പീഡനം നടന്നതിന്റെ തെളിവുകള്‍. കൊലപാതകമെന്ന് തെളിഞ്ഞു. അയല്‍വാസിയായ അര്‍ജുന്‍ എന്ന ഇരുപത്തിരണ്ടുകാരന്‍ പോലീസിന്റെ പിടിയിലായി... മരിച്ച കുഞ്ഞിനെപ്പറ്റി പറയുമ്പോഴൊക്കെയും ആ അച്ഛനമ്മമാരുടെ ഉള്ളില്‍ അവളുടെ മുഖം നിറഞ്ഞു... ഓര്‍മകളുടെ മുനയേറ്റ് അവര്‍ക്ക് മുറിയുന്നുണ്ടായിരുന്നു...

മറ്റൊന്നും വേണ്ട

അയയില്‍ തൂങ്ങുന്ന കുഞ്ഞുടുപ്പുകള്‍ക്കും മുറിയലങ്ങിങ്ങായി ആരുംതൊടാനില്ലാതെ ബാക്കിയായ ഞെക്കുപാവകള്‍ക്കും ഇടയിലായി കുഞ്ഞിന്റെ സ്പര്‍ശമറിഞ്ഞ പലതും ആ മുറിയിലുണ്ട്. അവയ്ക്കു നടുവിലിരുന്ന് അവളെപ്പറ്റി പറയുമ്പോഴൊക്കെയും അമ്മ സങ്കടത്തിന്റെ അതിരില്‍ നിന്ന് നിസ്സഹായതയുടെ കയത്തിലേക്ക് വീണുകൊണ്ടിരുന്നു. 

''ഗുഡ് ടച്ചും ബാഡ് ടച്ചും ഒക്കെ ഞാന്‍ അവള്‍ക്ക് പറഞ്ഞുകൊടുത്തിട്ടുണ്ട്. എല്ലാ കാര്യവും അച്ഛനോടും അമ്മയോടും പറയണമെന്നും പറഞ്ഞിട്ടുണ്ട്. അവളങ്ങനെ തന്നെയായിരുന്നു. എപ്പോഴും ചിരിയും കളിയും കുസൃതിയും. ഞങ്ങള് പണി കഴിഞ്ഞ് വന്നാല്‍ ഒപ്പമിരുന്ന് ആ ദിവസത്തെ കാര്യങ്ങളൊക്കെ പറയും. എന്നിട്ടും അവളെന്താ ഇതുമാത്രം പറയാഞ്ഞതെന്ന് അറിയില്ല... ഈ ലയത്തില് ഞങ്ങളെല്ലാവരും ഒരു കുടുംബം പോലെ കഴിഞ്ഞവരാണ്. കൂട്ടത്തില്‍ ഒരാള്‍ ഇങ്ങനൊരു ക്രൂരത ചെയ്യുമെന്ന് കരുതിയില്ല. അമ്മമാര് കുഞ്ഞുങ്ങളെ ശ്രദ്ധിക്കണം. ആരെയും വിശ്വസിക്കരുത്. ഏറ്റവും അടുത്തബന്ധുക്കളെപ്പോലും. എന്തൊക്കെ ബുദ്ധിമുട്ടുകളുണ്ടെങ്കിലും കുഞ്ഞുങ്ങളുടെ സുരക്ഷ മറക്കരുത്. എന്റെ മൂത്തമകനെ പോലെയാണ് ഞാന്‍ അവനെ കരുതിയിരുന്നത്.  അവന് ഏറ്റവും വലിയ ശിക്ഷ കൊടുക്കണം. അതിനപ്പുറം ഒന്നുംവേണ്ട ഞങ്ങള്‍ക്ക്...''

കുട്ടിയുടെ കുടുംബം താമസിക്കുന്ന ലയം

ജീവിതം ഇരുട്ടില്‍ 

അവര്‍ കടന്നുപോയ ദുരന്തത്തിന് അവരുടെ ജീവിതസാഹചര്യങ്ങളും ഒരുപരിധിവരെ കാരണമാണ്. അച്ഛന്റെ വാക്കുകളില്‍ തെളിയുന്നുണ്ട് നിരാശ്രയരുടെ ഗതികേടുകളുടെ ആഴം. ''ദിവസക്കൂലിക്കാരാണ് ഞങ്ങള്‍. കഴിഞ്ഞ കുറേ നാളുകളായി കൂലി കുറവാണ്. തേയിലയ്ക്ക് വിലയില്ലെന്നാണ് പറഞ്ഞത്. ദിവസം നൂറു രൂപാ കണക്കില്‍ അറുനൂറ് രൂപ ആഴ്ചയില്‍ കൂലി കിട്ടും. വല്ല അസുഖവും വന്ന് ഒരു ദിവസം പണിക്കിറങ്ങാനായില്ലെങ്കില്‍ അന്നത്തെ കൂലിയില്ല. ഈ പൈസയ്ക്ക് ഒരു കുടുംബം എങ്ങനെ കഴിയാനാണ്. അതുകൊണ്ടൊക്കെയാണ് കുഞ്ഞിനെ വീട്ടിലിരുത്തി ഭാര്യയും പണിക്കിറങ്ങിയത്. 
രാവിലെ ഏഴുമണിക്ക് ജോലിക്ക് കയറണം. വൈകിട്ട് നാലരവരെ പണിയുണ്ടാകും. കുഞ്ഞുങ്ങള്‍ക്കുള്ള ഭക്ഷണമൊക്കെ ഉണ്ടാക്കി വച്ചിട്ടാണ് പോകുന്നത്. പതിനൊന്നരയ്ക്ക് വന്ന് മക്കളുടെ കൂടെ ഊണും കഴിച്ച് തേയിലക്കാട്ടിലേക്ക് തിരികെ പോകും. വീട്ടിലെ കാര്യങ്ങള്‍ നടക്കണ്ടേ. മക്കളെ അല്ലലില്ലാതെ വളര്‍ത്തണ്ടേ. 

പണ്ടൊക്കെ തൊഴിലാളികളുടെ കുഞ്ഞുങ്ങളെ നോക്കാന്‍ പിള്ളപ്പറ എന്നൊരു സംവിധാനം ഉണ്ടായിരുന്നു. പണിക്കിറങ്ങുമ്പോള്‍ മക്കളെ അവിടെ ഏല്പിക്കും. നോക്കാന്‍ ആയമാരുണ്ടാകും. അന്നൊന്നും മക്കളെന്ത് ചെയ്യുകയാകും അവര് വല്ലതും കഴിച്ചോ എന്നൊന്നും ഓര്‍ത്ത് വേവലാതി വേണ്ടിയിരുന്നില്ല. പക്ഷേ, പിന്നെ പിള്ളപ്പറകള്‍ ഇല്ലാതായി. മോള്‍ക്ക് മൂന്ന് മാസം പ്രായം ഉള്ളപ്പോള്‍ അവളെയും എടുത്ത് ഞങ്ങള്‍ കമ്പനിക്ക് മുന്നില്‍ സമരം ചെയ്തു. പിള്ളപ്പറകള്‍ തിരികെ കൊണ്ടുവരണമെന്നായിരുന്നു ആവശ്യം. പ്രശ്‌നം ലേബര്‍ ഓഫീസിലൊക്കെ എത്തിയതാണ്. പക്ഷേ, പിള്ളേരുടെ എണ്ണം കുറവാണെന്നും പറഞ്ഞ് ആ ആവശ്യം ആരും അംഗീകരിച്ചില്ല. അങ്ങനൊരു സംവിധാനം ഉണ്ടായിരുന്നെങ്കില്‍ ഞങ്ങളുടെ കൊച്ചിന് ഈ ഗതി വരില്ലായിരുന്നു...'' അവളുടെ അച്ഛന്‍ പറയുന്നു.

വണ്ടിപ്പെരിയാറിലെ കുഞ്ഞിന്റെ പിറന്നാള്‍ ദിനത്തില്‍

പൊലിഞ്ഞു സ്വപ്‌നങ്ങള്‍ 

 ''മകന്‍ ജനിച്ച് പന്ത്രണ്ട് കൊല്ലം കഴിഞ്ഞ് പിറന്ന മോള്‍. അവളെ ഞങ്ങളങ്ങനെ കൊഞ്ചിച്ചു വളര്‍ത്തിയതാണ്. ഇവിടെ ലയത്തില്‍ പതിനെട്ടു മുറികളുണ്ട്. പതിനൊന്ന് കുടുംബങ്ങള്‍ താമസിക്കുന്നു. എന്റെ അച്ഛനമ്മമാരും സഹോദരനുമൊക്കെ അടുത്തടുത്ത മുറികളിലുണ്ട്. ഇളയസഹോദരനും ഭാര്യയ്ക്കും കുഞ്ഞുങ്ങളില്ല. അവര് മോളെ സ്വന്തം കുഞ്ഞിനെപ്പോലെയാണ് വളര്‍ത്തിയത്. അവരെയും അവള്‍ അച്ഛനെന്നും അമ്മയെന്നുമാണ് വിളിച്ചിരുന്നത്. ഇവിടെയല്ലെങ്കില്‍ അവള്‍ അവരുടെയൊപ്പം ആ വീട്ടില്‍ ഉണ്ടാകും. ലയത്തിലെ ഏറ്റവും ചെറിയ കുഞ്ഞായിരുന്നു. ആറ് വയസ്സ് തികഞ്ഞിട്ടില്ലവള്‍ക്ക്. പക്ഷേ, നല്ല തിരിച്ചറിവുണ്ട്. എന്റെ മകനുള്‍പ്പെടെയുളള പിള്ളേര് എന്തെങ്കിലും കുരുത്തക്കേട് കാണിച്ചാല്‍ ഞങ്ങള്‍ വരുമ്പോള്‍തന്നെ അത് പറഞ്ഞു തരും. അങ്ങനെയുള്ള മോള് ഇവന്റെ കാര്യം പറയാതിരുന്നത് എങ്ങനെയെന്ന് അറിയില്ല. കുഞ്ഞല്ലേ... അതൊന്നും മനസ്സിലാക്കാന്‍ അവള്‍ക്ക് അറിയില്ലല്ലോ. അതല്ലെങ്കില്‍ അവന്‍ അവളെ പേടിപ്പിച്ചിട്ടുണ്ടാകും. മൂന്നുവര്‍ഷമായി അവനിത് തുടര്‍ന്നിട്ട് നിങ്ങള്‍ അറിഞ്ഞില്ലേ എന്നൊക്കെ പലരും ചോദിക്കുന്നു. സ്വന്തം കുഞ്ഞിന് ഇങ്ങനൊരു അവസ്ഥ ഉണ്ടായാല്‍ ഏതെങ്കിലും അച്ഛനമ്മമാര്‍ അത് മറച്ചുവെക്കുമോ.'' ആ അച്ഛന് ഇടറിത്തുടങ്ങി.
 
ആ മുറിക്കുള്ളില്‍

തേയിലക്കാടിന് നടുവിലാണ് ലയം. പരിമിതമായ സൗകര്യങ്ങള്‍. ഒരു കിടപ്പുമുറിയും അടുക്കളയും മാത്രം. അതിനോടു ചേര്‍ന്നിറക്കിയ പലകകള്‍ തറച്ച മുറിക്കുള്ളിലാണ് കുട്ടിയെ ഷാള്‍ കഴുത്തില്‍ കുരുങ്ങിയ നിലയില്‍ കണ്ടെത്തിയത്. ''അത് പൂജാമുറിയാണ്. അതിനുള്ളില്‍ വാഴക്കുല പഴുപ്പിക്കാന്‍ തൂക്കാനായി ഒരു കയര്‍ കൊരുത്തിരുന്നു. അതിലാണ് ഷാള്‍ കുരുക്കിയത്. മോള്‍ അവളുടെ അമ്മയുടെ ഷാള്‍ എടുത്ത് കളിക്കാറുണ്ടായിരുന്നു. അങ്ങനെ ചെയ്യുന്നതിനിടയില്‍ അബദ്ധത്തില്‍ കഴുത്തില്‍ കുരുക്ക് വീണതാണെന്നാണ് കരുതിയത്. 
സംശയംതോന്നി പോലീസ് ചുറ്റുവട്ടത്തെ പിള്ളേരെയൊക്കെ ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ അതൊന്നും വേണ്ടെന്നാണ് ഞങ്ങള്‍ പറഞ്ഞത്. കൂടെനിന്ന് ചതിക്കുന്നവര് കൂട്ടത്തിലുണ്ടെന്ന് ഞങ്ങളാരും കരുതിയില്ല. മകള്‍ക്ക് അറിയാതെ സംഭവിച്ച അബദ്ധമാണ്. അതിന്റെ പേരില്‍ ആരെയും ബുദ്ധിമുട്ടിക്കരുതെന്നാണ് ഞങ്ങളന്ന് പറഞ്ഞത്. പക്ഷേ, അന്ന് പോലീസിന് കേസ് ആ വഴി അന്വേഷിക്കാന്‍ തോന്നിയില്ലായിരുന്നെങ്കില്‍ അവനിനിയും പെണ്‍കുഞ്ഞുങ്ങളെ ഇങ്ങനെ ഉപദ്രവിച്ചേനേ...''തെറ്റിപ്പോയ വിശ്വാസത്തെ പഴിക്കുന്നുണ്ടവര്‍.

തോരാത്ത സങ്കടം 
''ഒരു ചുമരിനപ്പുറമാണ് അവന്‍ താമസിക്കുന്നത്. അയല്‍വാസിയല്ലേ. കണ്‍മുന്നില്‍ വളര്‍ന്ന പയ്യന്‍. സ്വന്തം മക്കളുടെ കൂട്ടത്തിലേ അവനെയും ഉള്‍പ്പെടുത്തിയിട്ടുള്ളൂ. ഞങ്ങളുടെ കണ്ണില്‍ അവന്‍ പ്രശ്‌നക്കാരനായിരുന്നില്ല. ഈ വഴി നടന്നു പോകുമ്പോള്‍ കുഞ്ഞിനെ കണ്ടാല്‍ ചിരിക്കും. അതല്ലാതെ വീട്ടില്‍ ഇടയ്ക്കിടെ കയറിവരികയോ കുഞ്ഞിനെ അവന്റെ വീട്ടിലേക്ക് എടുത്തോണ്ടു പോവുകയോ ഒന്നുമില്ല. ഒരു തവണ മിഠായി കൊടുക്കുന്നത് കണ്ടിട്ടുണ്ട്. കുഞ്ഞ് എന്റെ കൂടെ നില്‍ക്കുമ്പോഴാണ്. അവനൊരു മിഠായി നീട്ടി. സഹോദരങ്ങളുടെ മക്കളൊക്കെ മിഠായി കൊണ്ട് കൊടുക്കാറുണ്ട്. അതുപോലെയേ ഞാനത് കണ്ടിട്ടുള്ളൂ. 

സഹിക്കാനാവാത്ത വിഷമമല്ലേ ഞങ്ങള്‍ക്ക് വന്നുപെട്ടത്. ഇപ്പോഴും ഞങ്ങള്‍ക്കത് അംഗീകരിക്കാനാവുന്നില്ല. വീട്ടിനുള്ളില്‍ കയറാന്‍ തോന്നാറില്ല. ഞങ്ങള്‍ക്ക് സ്വന്തമായി ഭൂമിയില്ല. അച്ഛന്റെ പേരില്‍ അഞ്ച് സെന്റ് സ്ഥലമുണ്ട്. അവിടെയാണ് കുഞ്ഞിനെ അടക്കിയത്. അവിടെ ഇടയ്ക്കിടെ ചെന്ന് നോക്കും. ഈ വിഷമം മറക്കാന്‍ എല്ലാംവിട്ട് എങ്ങോട്ടെങ്കിലും പോയാലോ എന്നുപോലും ചിന്തിക്കാറുണ്ട്. എങ്ങോട്ട് പോകാനാണ് ഞങ്ങള്‍. എവിടെപ്പോയാലാണ് ഈ സങ്കടം ഞങ്ങളെ വിട്ടൊഴിയുന്നത്?'' ആ അച്ഛനും അമ്മയും ചോദിക്കുന്നു.
 
പെരുകുന്ന കണക്ക്
വണ്ടിപ്പെരിയാറിലേത് ഒരു ഒറ്റപ്പെട്ട സംഭവമായി കണ്ട് കൈയൊഴിയാന്‍ കഴിയില്ല. ലയങ്ങള്‍ക്കുള്ളില്‍ മാത്രമല്ല അടച്ചുറപ്പുള്ള വീടുകളില്‍ പോലും കുഞ്ഞുങ്ങള്‍ അതിക്രമത്തിന് ഇരയാകുന്നു. ഈ വര്‍ഷം മേയ് വരെ 1352പോക്‌സോ കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. മലപ്പുറം, തിരുവനന്തപുരം, തൃശ്ശൂര്‍, കൊല്ലം, കോഴിക്കോട് ജില്ലകളാണ് കേസില്‍ മുന്നില്‍. മലപ്പുറം 196, തിരുവനന്തപുരം 152, കൊല്ലം128, തൃശ്ശൂര്‍ 131, കോഴിക്കോട് 112 എന്നിങ്ങനെയാണ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ കണക്ക്.  ഇക്കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ബലാത്സംഗ കേസുകളുടെ എണ്ണം 627 ആണ്.
രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം മാത്രമേ രേഖപ്പെടുന്നുള്ളൂ. അതേസമയം പലകാരണങ്ങളാല്‍ വിവരങ്ങള്‍ മറച്ചുവെക്കുന്നവരുടെ എണ്ണവും കുറവല്ല. ഇത്തരം ഒരു അതിക്രമത്തിന് കുഞ്ഞുങ്ങള്‍ ഇരയാകുമ്പോള്‍ സമൂഹത്തില്‍ നിന്നും നേരിടേണ്ട മുന്‍വിധികളെയാവും പലപ്പോഴും രക്ഷകര്‍ത്താക്കള്‍ ഭയക്കുക. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിനും ബാലപീഡകര്‍ പെരുകുന്നതിനും ഇതുതന്നെയാണ് പ്രധാനകാരണവും. 

(പുനപ്രസിദ്ധീകരണം)

Content Highlights: vandiperiyar case, pocso murder, grihalakshmi