നാലുവയസ്സുള്ളപ്പോൾ അഭിനയിച്ച സിനിമയ്ക്ക് ദേശീയപുരസ്‌കാരം; ആരാണ് ട്രീഷ തോസർ?

ഷാരൂഖ് ഖാനൊപ്പം ട്രീഷ തോസർ / Instagram
ഷാരൂഖ് ഖാനൊപ്പം ട്രീഷ തോസർ / Instagram

ഇത്തവണ ദേശീയചലച്ചിത്രപുരസ്‌കാരം നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന വിശേഷണം ട്രീഷ തോസറിന് സ്വന്തം. മോഹൻലാൽ, ഷാരൂഖ് ഖാൻ, റാണി മുഖർജി, വിക്രാന്ത് മാസി എന്നിവർ പുരസ്‌കാരമേറ്റുവാങ്ങിയ വേദിയിൽ ഏവരും കൗതുകത്തോടെ നോക്കിയതും ഈ ആറുവയസ്സുകാരിയെ തന്നെ.

മറാത്തി സിനിമയായ 'നാൽ 2'വിലെ അഭിനയത്തിനാണ് മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം ട്രീഷയെ തേടിയെത്തിയത്. അവാർഡ് നൽകുന്നതിനായി വേദിയിലേക്ക് ക്ഷണിക്കുമ്പോൾ അവതാരക ആ പെൺകുട്ടിയെ വിശേഷിപ്പിച്ചതിങ്ങനെ, ''അവളുടെ സ്വാഭാവികതയും നിഷ്‌കളങ്കതയും സാന്നിധ്യവും കൊണ്ട് സിനിമയെ ഉയർത്തിയ പെൺകുട്ടി''.

സ്വർണനിറത്തിലുള്ളൊരു സാരിധരിച്ച്, പൊട്ടും കുത്തിയാണ് ട്രീഷ വേദിയിലേക്കെത്തിയത്. നിറഞ്ഞ കൈയടികളോടെ വിഗ്യാൻ ഭവനിലുള്ളവർ ആ പെൺകുട്ടിയെ വരവേറ്റു. 330-ലേറെ എൻട്രികളിൽനിന്നാണ് ട്രീഷ തിരഞ്ഞെടുക്കപ്പെട്ടത്. അവാർഡ് സ്വീകരിച്ചശേഷം ട്രീഷ പറഞ്ഞതിങ്ങനെ, ''രാഷ്ട്രപതി എന്നെ അഭിനന്ദിച്ചു. അതിലൊരുപാട് സന്തോഷമുണ്ട്''.

2023-ൽ പുറത്തിറങ്ങിയ സിനിമകൾക്കാണ് 71-ാമത് ദേശീയപുരസ്‌കാരം ലഭിച്ചത്. പുരസ്‌കാരം നേടിയ 'നാൽ 2'ൽ അഭിനയിക്കുമ്പോൾ ട്രീഷയ്ക്ക് വെറും നാലുവയസ്സ് മാത്രമേയുണ്ടായിരുന്നുള്ളൂ.

ആറുവയസ്സിൽ തന്നെ ഹിന്ദിയിലും മറാത്തിയിലുമായി ഒട്ടേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് ട്രീഷ. പ്രമുഖസംവിധായകരായ മഹേഷ് മഞ്ജരേക്കർ, സിദ്ധാർഥ് ജാധവ് തുടങ്ങിയവരുടെ ചിത്രങ്ങളിൽ വരെ ട്രീഷ ഈ ചുരുങ്ങിയ പ്രായത്തിനുള്ളിൽ തന്നെ അഭിനയിച്ചുകഴിഞ്ഞു. വെബ്‌സീരീസ്, പരസ്യചിത്രങ്ങൾ എന്നിവയിലും അഭിനയിച്ചിട്ടുണ്ട്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi

Content Highlights: Treesha Thosar, the youngest recipient at the 69th National Film Awards, won Best Child Artist for her role in `Naal 2`.