തെരേസ എം. ക്ലൈബോണ്‍, യു.എസ് എയര്‍ ഫോഴ്‌സിലെ കറുത്തവംശജയായ ആദ്യ വനിതാപൈലറ്റ് പടിയിറങ്ങുമ്പോള്‍

യു.എസ് എയര്‍ ഫോഴ്‌സില്‍ നിന്ന് ക്യാപ്റ്റന്‍ തെരേസ എം. ക്ലൈബോണ്‍ പടിയിറങ്ങുമ്പോള്‍ കാലംതിരുത്തിയ ഒരു ചരിത്രം കൂടി അവര്‍ക്കൊപ്പമിറങ്ങുന്നുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്‌സ് എയര്‍ഫോഴ്‌സിലെ (യുഎസ്എഎഫ്) ആദ്യത്തെ വനിതാ ആഫ്രിക്കന്‍ അമേരിക്കന്‍ പൈലറ്റെന്ന സ്ഥാനം.
'ഒരു അധ്യായം അവസാനിക്കുകയാണ് ഇവിടെ, ഇനി മറ്റൊന്നു തുറക്കാനാകുമെന്ന പ്രതീക്ഷയുണ്ട്. അവസാന പറക്കലിന് ശേഷം പുറത്തേക്കിറങ്ങുമ്പോള്‍ എനിക്ക് യൂണിഫോം ഉണ്ടായിരുന്നില്ല. വിമാനത്താവളത്തില്‍ ഉണ്ടായിരുന്നവര്‍ ഞാനൊരു സാധാരണ യാത്രക്കാരിയെന്ന് കരുതിയിട്ടുണ്ടാവും. അതേ ഇനി ഞാനൊരു സാധാരണ യാത്രക്കാരിയാണ്. പക്ഷേ ഈ മേഖലയില്‍ ഇനിയും എനിക്ക് മാറ്റങ്ങള്‍ കൊണ്ടുവരാനുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.' നിറഞ്ഞ കണ്ണുകള്‍ തുടച്ച് തെരേസ പറഞ്ഞത് ഇങ്ങനെ. 43 വര്‍ഷത്തെ തന്റെ സേവനത്തിന് ശേഷം ആകാശയാത്രകളോട് തെരേസ വിടപറയുന്നതിന് സാക്ഷിയാവാന്‍ എത്തിയത് 25-ഓളം ആഫ്രിക്കന്‍ വംശജരായ, ചെറുപ്പക്കാരായ വനിതാ പൈലറ്റുമാരായിരുന്നു. തെരേസ കൊണ്ടുവന്ന ആ മാറ്റം അവരുടെ മുഖങ്ങളില്‍ കാണാമായിരുന്നു.
ഒരു സൈനികകുടുംബത്തിലായിരുന്നു തെരേസയുടെ ജനനം. ഏഴാംവയസ്സിലായിരുന്നു വിമാനങ്ങള്‍ തെരേസയുടെ സ്വപ്നങ്ങളിലെത്തിയത്. അച്ഛനൊപ്പം മിലിട്ടറി ക്യാമ്പുകളിലെ ജീവിതത്തില്‍ തെരേസ വലിയ സൈനികവിമാനങ്ങള്‍ കണ്ടു. അവയില്‍ സഞ്ചരിച്ചു. അങ്ങനെയൊരു കുട്ടിക്ക് എങ്ങനെയാണ് വിമാനങ്ങളെയും ആകാശത്തെയും പറ്റി സ്വപ്‌നം കാണാതിരിക്കാനാവുക. എത്രയും വേഗം പൈലറ്റ് ആകണമെന്ന മോഹം തെരേസയെ തന്റെ ബിരുദപഠനകാലത്ത് തന്നെ പൈലറ്റ് ട്രെയിനിങ്ങിന് അപേക്ഷിക്കാന്‍ പ്രേരിപ്പിച്ചു. എല്ലാവര്‍ഷവും പത്ത് പെണ്‍കുട്ടികള്‍ക്ക് യു.എസ്.എയര്‍ ഫോഴ്‌സ് പൈലറ്റ് പരിശീലനം നല്‍കിയിരുന്നു. രണ്ടാമത്തെ അപേക്ഷയില്‍ തെരേസയും തിരഞ്ഞെടുക്കപ്പെട്ടു.
1981 ജൂണ്‍ 20-ന്, തെരേസ യുഎസ്എഎഫില്‍ രണ്ടാം ലെഫ്റ്റനന്റായി കമ്മീഷന്‍ ചെയ്യപ്പെട്ടു. അതും 22-മത്തെ വയസ്സില്‍. ബിരുദം പോലും പൂര്‍ത്തിയാക്കുന്നതിന് മുമ്പ്. 1982 സെപ്റ്റംബര്‍ 16-ന് ലാഫ്‌ലിന്‍ എയര്‍ഫോഴ്‌സ് ബേസില്‍ നിന്ന് ഉയര്‍ന്ന മാര്‍ക്കോടെ ബിരുദം നേടി. ശേഷം തെരേസ യുഎസ് എയര്‍ഫോഴ്‌സിലെ ആദ്യത്തെ കറുപ്പ് വംശജയായ വനിതാ പൈലറ്റായി. ഏഴ് വര്‍ഷം KC-135 സ്ട്രാറ്റോടാങ്കറുകള്‍ പറത്തി. ഫൈറ്റര്‍ജെറ്റുകളില്‍ ആകാശത്ത് നിന്നു തന്നെ ഇന്ധനം നിറയ്ക്കുന്നതിനുള്ള എയര്‍ക്രാഫ്റ്റാണ് ഇത്. അവിടെ ലെഫ്റ്റനന്റ് കേണല്‍ പദവിയിലേക്ക് തെരേസ ഉയര്‍ന്നു
1990-ല്‍ തെരേസ യുണൈറ്റഡ് എയര്‍ലൈന്‍സില്‍ ഫ്‌ളൈറ്റ് ഓഫീസറായി. തെരേസയുടെ ഉയരം വെറും അഞ്ചടി രണ്ടിഞ്ച് മാത്രമായിരുന്നു. അന്നത്തെ നിയമമനുസരിച്ച് സാധാരണ കൊമേഷ്യല്‍ എയര്‍ക്രാഫ്റ്റുകള്‍ പറത്താന്‍ അതിലും ഉയരം വേണമായിരുന്നു. പക്ഷേ തന്റെ ആ ചെറിയ ഉയരത്തില്‍ നിന്ന് തെരേസ കീഴടക്കിയത് വലിയ ഉയരങ്ങളായിരുന്നുവെന്ന് മാത്രം. പിന്നീട് അവര്‍ക്ക് ക്യാപ്റ്റനായി സ്ഥാനക്കയറ്റം ലഭിച്ചു. 2003 ജനുവരി ആറിന് 3000-ലധികം മിലിട്ടറി ഫ്‌ളൈറ്റ് മണിക്കൂറുകളോടെ അവര്‍ സൈന്യത്തില്‍ നിന്ന് വിരമിച്ചു.
എന്നാല്‍ പൈലറ്റ് ജോലിയോട് വിടപറഞ്ഞില്ല. യുണൈറ്റഡ് എയര്‍ലൈന്‍സിലെ കൊമേഷ്യല്‍ പൈലറ്റായി തെരേസ തുടര്‍ന്നു. 'യു.എസ് ബ്യൂറോ ഓഫ് ലേബര്‍ സ്റ്റാറ്റിസ്റ്റിക്ക്‌സിന്റെ കണക്കുകളനുസരിച്ച് 93.7 ശതമാനം പ്രൊഫഷണല്‍ പൈലറ്റുകളും വെളുത്ത നിറമുള്ളവരാണ്. അവരില്‍ 92.5 ശതമാനം പേരും പുരുഷന്മാരും. അമേരിക്കയില്‍ ആകെ 150 ആഫ്രിക്കന്‍വംശജരായ സ്ത്രീപൈലറ്റുമാരെ ഇപ്പോഴുള്ളു. അതുകൊണ്ടു തന്നെ ഈ സമൂഹത്തോട് എനിക്ക് വലിയൊരു ഉത്തരവാദിത്തമുണ്ട്. ഒരു മാറ്റത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഞാന്‍ ബാധ്യസ്ഥയാണ്.' ഒരിക്കല്‍ സി.എന്‍.എന്‍. ട്രാവലിന് നല്‍കിയ അഭിമുഖത്തില്‍ തെരേസ പറഞ്ഞത് ഇങ്ങനെ.
അതിലേക്കുള്ള ആദ്യ ചുവടുവയ്പ്പായിരുന്നു സിസ്റ്റേഴ്‌സ് ഓഫ് സ്‌ക്കൈസ് എന്ന സംഘടന. 2016-ല്‍ പൈലറ്റുമാരായ ക്രിസ്റ്റിന്‍ ഏഞ്ചല്‍ ഹ്യൂസ്, നിയ വേഡ്‌ലോ എന്നിവരുമായി ചേര്‍ന്ന് തെരേസ രൂപംകൊടുത്തതാണ് ഈ സംഘടന. പൈലറ്റ് ട്രെയിനിങ് ചിലവേറിയ ഒന്നാണ്. ഇത് താങ്ങാന്‍ സാധാരണക്കാരായ പലര്‍ക്കും കഴിയില്ല. വര്‍ക്ക്‌ഷോപ്പുകള്‍, മെന്റര്‍ഷിപ്പുകള്‍, സ്‌കോളര്‍ഷിപ്പുകള്‍ എന്നിവ വാഗ്ദാനം ചെയ്ത് കൂടുതല്‍ സ്ത്രീകളില്‍ നിന്നും, ന്യൂനപക്ഷവിഭാഗങ്ങളില്‍ നിന്നും, വിവേചനമനുഭവിക്കുന്ന ആളുകളില്‍ നിന്നുമെല്ലാം അടുത്ത തലമുറയിലെ ഏവിയേഷന്‍ പ്രൊഫഷണലുകളെ പിന്തുണയ്ക്കുകയും മുന്നോട്ടുകൊണ്ടുവരുകയും ചെയ്യുക എന്നതാണ് സിസ്റ്റേഴ്‌സ് ഓഫ് ദി സ്‌കൈസിന്റെ ദൗത്യം.
2024 മെയ് 23-ന് തന്റെ അവസാന പറക്കലിന് ശേഷം പടിയിറങ്ങുമ്പോള്‍ സിസ്റ്റേഴ്‌സ് ഓഫ് സ്‌കൈസിനൊപ്പം വരുതലമുറയെ അതിരില്ലാത്ത ആകാശങ്ങളിലേക്ക് നയിക്കാനുള്ള ഒരുക്കത്തിലാണ് തെരേസ.
Content Highlights: Theresa Claiborne the first black woman to fly in the us air force lands final flight