നാലുമക്കളെ കൊന്ന അമ്മ, പതിറ്റാണ്ടുകളുടെ ശിക്ഷ; 20-ാം വര്‍ഷം നിരപരാധി

1999... ഓസ്‌ട്രേലിയയിലെ ഹണ്ടര്‍ നദീതീരത്തുളള പോലീസ് സ്‌റ്റേഷന്‍. ഓസ്‌ട്രേലിയ കണ്ട ഏറ്റവും 'നിഷ്ഠൂരയായ സീരിയല്‍ കില്ലറെ' പോലീസ് ചോദ്യം ചെയ്യുന്നു. ഒമ്പത് മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലില്‍ ആകെ നാല് ചോദ്യം മാത്രം. അതിനെല്ലാം ഒരൊറ്റ ഉത്തരവും.
' കാത്തീ നീയാണോ കാലെബിനെ കൊന്നത്..'- പോലീസ് ചോദിച്ചു
' അല്ല, ഞാനല്ല'- വിതുമ്പലോടെ കാത്‌ലിന്‍ ഫോള്‍ബിഗ് മറുപടി നല്‍കി.
'കാത്തീ, നീയാണോ പാട്രിക്കിനെ കൊന്നത്?'
' അല്ല, ഞാനല്ല'- കാത്തി ഉറച്ച സ്വരത്തില്‍ പറഞ്ഞു.
'കാത്തീ, നീയാണോ സാറയെ കൊന്നത്?'
' അല്ല, ഞാനല്ല. എനിക്കത് ചെയ്യാനാവില്ല'-മറുപടി പറഞ്ഞതും കാത്തി പൊട്ടിക്കരഞ്ഞു. കൈയിലുള്ള ടിഷ്യു എടുത്ത് മുഖം തുടച്ചു. ആ കരച്ചില്‍ പൂര്‍ത്തിയാകും മുമ്പേ പോലീസ് ഓഫീസര്‍ അടുത്ത ചോദ്യം ചോദിച്ചു.
'കാത്തി, നീയാണോ ലോറയെ കൊന്നത്?'
' ഞാന്‍ പറഞ്ഞില്ലേ... ഞാന്‍ ആരെയും കൊന്നിട്ടില്ല'.
പക്ഷെ പോലീസ് അതൊന്നും ചെവിക്കൊണ്ടില്ല. രണ്ടുവര്‍ഷം നീണ്ടുനിന്ന അന്വേഷണത്തിനൊടുവില്‍ കാത്‌ലിന്‍ ഫോള്‍ബിഗിനെ പോലീസ് അറസ്റ്റ് ചെയ്തു. സ്വന്തം മക്കളെ കൊലപ്പെടുത്തി എന്നതായിരുന്നു കുറ്റം. ഒന്നല്ല നാല് മക്കളെ. കുറ്റം ഏറ്റുപറഞ്ഞില്ലെങ്കിലും സാഹചര്യത്തെളിവുകള്‍ കാത്‌ലിന് എതിരായിരുന്നു. 2003ല്‍ കേസിന്റെ വിചാരണ തുടങ്ങി. ഏഴ് ആഴ്ച നീണ്ട വിചാരണയ്‌ക്കൊടുവില്‍ കാത്‌ലിന്‍ കുറ്റക്കാരിയാണെന്ന് കോടതിയും വിധിയെഴുതി. 40 വര്‍ഷം തടവ്. ആദ്യത്തെ മുപ്പത്ത് കൊല്ലത്തിനിടെ ഒരു പരോള്‍ പോലും നല്‍കരുത്. രണ്ടുവര്‍ഷത്തിനുള്ളില്‍ അപ്പീല്‍ കോടതി ആ വിധി മാറ്റിയെഴുതി. 30 കൊല്ലം തടവ്. 25 വര്‍ഷത്തേക്ക് പരോള്‍ അനുവദിക്കാന്‍ പാടില്ല. കാത്‌ലിന്‍ അഴിക്കുള്ളില്‍.
ഈ ശിക്ഷ അനുഭവിക്കുന്നതിനിടയില്‍ കഴിഞ്ഞ തിങ്കളാഴ്ച ന്യൂ സൗത്ത് വേല്‍സിലെ അറ്റോര്‍ണി ജനറല്‍ പുതിയ വിധി പ്രസ്താവിച്ചു. ' കാത്‌ലിനെ ഉടന്‍ വിട്ടയയ്ക്കും. അവര്‍ക്ക് മാപ്പ് നല്‍കിയിരിക്കുന്നു. കഴിഞ്ഞ 20 വര്‍ഷം അഗ്നിപരീക്ഷയായിരുന്ന അവള്‍ക്ക് സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതം ആശംസിക്കുന്നു'.
30 വര്‍ഷം നീളുന്ന ശിക്ഷയില്‍ 20 കൊല്ലം ജയിലില്‍ കിടന്ന കാത്‌ലിന് മാപ്പ് നല്‍കാന്‍ ന്യൂസൗത്ത് വെയ്ല്‍സിലെ നീതിന്യായ വ്യവസ്ഥയ്ക്ക് എങ്ങനെ തോന്നി. എന്തായിരുന്നു ആ വിധിക്ക് പിന്നിലുള്ള കാരണം. ഇതറിയും മുമ്പ് കുറച്ച് ഫഌഷ്ബാക്ക്.
ക്രൂരതയുടെ ബാല്യം
അന്ന് കാത്‌ലിന് ഒന്നര വയസ്സ്. അച്ഛനും അമ്മയും അത്ര നല്ല രസത്തില്ല. ഒരുദിവസം അച്ഛന്‍ കിട്ടിയ കത്തിയെടുത്ത് അമ്മയെ കുത്തി. മരിച്ചുവെന്ന് ഉറപ്പിക്കാനായി ആഞ്ഞുകുത്തിയത് 24 തവണ. കുഞ്ഞ് കാത്‌ലിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു ആ ദൃശ്യം.
അമ്മയെ കൊന്നതിന് തൊട്ടടുത്ത ദിവസം അച്ഛന്‍ അറസ്റ്റില്‍. ഒന്നര വയസ്സുകാരിയായ കാത്‌ലിനെ ഫോസ്റ്റര്‍ കെയറിലേക്ക് മാറ്റി. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ മറ്റു കുടുംബങ്ങള്‍ക്കൊപ്പം താമസിക്കുന്ന രീതിയാണ് ഫോസ്റ്റര്‍ കെയര്‍. പിന്നീട് പ്രായപൂര്‍ത്തിയാകുന്നതുവരെ കാത്‌ലിന് പലയിടങ്ങളില്‍ തങ്ങേണ്ടി വന്നു.
പുതിയ ജീവിതം
1984. കാത്‌ലിന് പതിനഞ്ചുവയസ്സ്. പുതിയ ലോകത്തിന്റെ വാതായനങ്ങള്‍ അവള്‍ക്ക് മുന്നില്‍ തുറന്നു. അതിനിടെ അവള്‍ ഒരു ചെറുപ്പക്കാരനെ പരിചയപ്പെട്ടു. പേര് ക്രെയ്ഗ് ഗിബ്‌സണ്‍. കുറച്ചുകാലത്തെ പരിചയം വെച്ച് അവര്‍ 1987-ല്‍ വിവാഹം കഴിച്ചു. കാത്‌ലിന്‍ പുതിയ ജീവിതം ആസ്വദിച്ചുതുടങ്ങി.
മരണദിനങ്ങള്‍
1989 ഫെബ്രുവരി ഒന്ന്. കാത്‌ലിനും ക്രെയ്ഗിനും ആദ്യത്തെ കുഞ്ഞുപിറന്നു. കുഞ്ഞിന് അവര്‍ കാലെബ് എന്ന് പേര് നല്‍കി. ഫെബ്രുവരി 20, കാലെബ് അപ്രതീക്ഷിതമായി ലോകത്തോട് വിടപറഞ്ഞു
1990 ജൂണ്‍ മൂന്നിന് അവര്‍ക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്നു. കുഞ്ഞിനെ പാട്രിക് എന്ന് വിളിച്ചു. ഒക്ടോബര്‍ 18. പാട്രിക്കിനെ കിടത്തി കാത്‌ലിനും ക്രെയ്ഗും ഉറങ്ങി. രാത്രി കാത്‌ലിന്റെ അലര്‍ച്ച കേട്ട് ക്രെയ്ഗ് ഞെട്ടിയുണര്‍ന്നു. കാത്‌ലിന്‍ കുട്ടിക്ക് അരികില്‍ നിന്ന് കരയുന്നു. ക്രെയ്ഗ് എത്തിയപ്പോള്‍ കുട്ടിക്ക് ശ്വാസമില്ല. അയാള്‍ ആംബുലന്‍സ് വിളിച്ചു. പാട്രിക്കിന് ജീവന്‍ തിരിച്ചുകിട്ടി. നാല് മാസങ്ങള്‍ക്ക് ശേഷമുള്ള ഫെബ്രുവരി 18. ക്രെയ്ഗ് പതിവുപോലെ ഓഫീസിലേക്ക് പോയി. ജോലിത്തിരക്കിനിടെ ഉച്ചയ്ക്ക് ക്രെയ്ഗിന് കാത്‌ലിന്റെ വിളിയെത്തി. ' ക്രെയ്ഗ് അത് വീണ്ടും സംഭവിച്ചു. നമ്മുടെ പാട്രിക് മരിച്ചു'.
ആ മരണത്തോടെ കാത്‌ലിനും ക്രെയ്ഗും വീട് മാറി. മെയ്റ്റ്‌ലാന്‍ഡിന്റെ പ്രാന്തപ്രദേശത്തായിരുന്നു പുതിയ വീട്. 1992 ഒക്ടോബറില്‍ അവര്‍ക്ക് മൂന്നാമത്തെ കുഞ്ഞ് പിറന്നു. പെണ്‍കുട്ടി. പേര് സാറ. പക്ഷേ, സാറയും അധികകാലം ജീവിച്ചില്ല. പത്താം മാസം സാറ മരണപ്പെട്ടു.
ആ മരണത്തിന് ശേഷം അവര്‍ വീണ്ടും വീടുവിട്ടിറങ്ങി. ഇത്തവണ സിങ്കിള്‍ട്ടണിലേക്കായിരുന്നു മാറ്റം. 1997 ഒക്ടോബര്‍ ഏഴ്. അവര്‍ക്ക് വീണ്ടുമൊരു കുഞ്ഞു പിറന്നു. ലോറ എലിസബെത്ത് എന്നായിരുന്നു കുഞ്ഞിന് അവര്‍ നല്‍കിയ പേര്. മറ്റുളളവരെ അപേക്ഷിച്ച് ലോറയ്ക്ക് ആയുസ്സ് കൂടുതല്‍ കിട്ടി. എന്നാല്‍, ഒന്നരവയസ്സായപ്പോഴെക്കും ലോറയും ഈ ഭൂമി വിട്ടു.
സംശയം, അറസ്റ്റ്
പെട്ടെന്നുള്ള ഒരു കുഞ്ഞിന്റെ മരണം ഒരു ദുരന്തമാണ്. രണ്ടാമതും കുഞ്ഞ് മരിച്ചാല്‍ അത് സംശയാസ്പദമാണ്. മൂന്നാമതും ഒരു കുട്ടി മരിച്ചാല്‍, കൊലയല്ലെന്ന് തെളിയിക്കപ്പെടുന്നത് വരെ അതൊരു കൊലപാതകമായി കാണണം- റോയ് മെഡോ (ബ്രിട്ടീഷ് പീഡീയാട്രീഷ്യന്‍)
നാലാമത്തെ കുഞ്ഞ് മരിച്ചതോടെ ഭര്‍ത്താവ് ക്രെയ്ഗിന് സംശയം തോന്നി. അങ്ങനെയിരിക്കെ ഒരിക്കല്‍ ക്രെയ്ഗ് കാത്‌ലിന്റെ ഡയറി തുറന്നു. അതിലെ കുറിപ്പുകളില്‍ ക്രെയ്ഗിന് സംശയം തോന്നി. നേരെ പോലീസ് സ്‌റ്റേഷനിലേക്ക്. പോലീസ് കേസെടുത്തു. ക്രെയ്ഗ് തന്റെ കൈയിലുള്ള ഡയറി പോലീസിന് കൈമാറി. കേസും അന്വേഷണവും തുടര്‍ന്നു. ഇതിന് പിന്നാലെ ക്രെയ്ഗും കാത്‌ലിനും വിവാഹമോചിതരായി.
ഒടുവില്‍ 2001 ഏപ്രിലില്‍ കാത്‌ലിനെ പോലീസ് അറസ്റ്റ് ചെയ്തു. 2003-ലായിരുന്നു കേസിന്റെ വിചാരണ. ഏഴ് ആഴ്ച നീണ്ടുനിന്ന വിചാരണയ്‌ക്കൊടുവില്‍ കോടതി കാത്‌ലിന്‍ കുറ്റവാളിയാണെന്ന് വിധിച്ചു. താന്‍ കൊന്നിട്ടില്ലെന്ന് കാത്‌ലിന്‍ കോടതിയില്‍ വാദിച്ചെങ്കിലും സാഹചര്യത്തെളിവുകള്‍ അവള്‍ക്കെതിരായിരുന്നു. ഡയറിക്കുറിപ്പുകളും കുട്ടികളുടെ മരണം നടക്കുമ്പോള്‍ കാത്‌ലിന്റെ സാന്നിധ്യവും കോടതി തെളിവുകളായി രേഖപ്പെടുത്തി. നരഹത്യയടക്കം നിരവധി വകുപ്പുകള്‍ കാത്‌ലിന്റെ പേരില്‍ ചുമത്തപ്പെട്ടു.
ജയില്‍ കാലം
ജയിലില്‍ കാത്‌ലിന് ഏകാന്തവാസമായിരുന്നു. മറ്റുള്ളവര്‍ അക്രമിക്കുമോ എന്ന ഭയം കാരണം അവരെ ഒറ്റയ്ക്ക് താമസിപ്പിച്ചു. പിന്നീട് സാധാരണ ജയിലിലേക്ക് മാറ്റി. ജയിലില്‍ അവളുടെ നല്ല പെരുമാറ്റം മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റി. ഇതിനിടെ ഒരിക്കല്‍പ്പോലും കാത്‌ലിന്‍ കുറ്റം സമ്മതിച്ചില്ല. ചെയ്യാത്ത കുറ്റത്തിനാണ് ശിക്ഷ അനുഭവിക്കുന്നതെന്ന് പറഞ്ഞുകൊണ്ടിരുന്നു.
അന്വേഷണം
സാഹചര്യത്തെളിവുകളെ മാത്രം അടിസ്ഥാനമാക്കി ഇത്രയും വലിയ ശിക്ഷ നല്‍കിയതിന് ന്യൂ സൗത്ത് വേല്‍സില്‍ ചെറിയ പ്രതിഷേധങ്ങളുണ്ടായിരുന്നു. കോടതിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടു. കാത്‌ലിന് മാപ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ട് നിവേദനങ്ങള്‍ വന്നു. ഇതിനെത്തുടര്‍ന്ന് കോടതി 2018-ല്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. റെഗിനാള്‍ഡ് ബ്ലാഞ്ച് നയിച്ച അന്വേഷണത്തില്‍ കാത്‌ലിന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് തെളിയിക്കാനായില്ല.
ശാസ്ത്രം തുണച്ചു
തുടക്കം മുതലേ ഈ കേസ് ഓസ്‌ട്രേലിയയില്‍ ചര്‍ച്ചയായിരുന്നു. ഓസ്‌ട്രേലിയയിലെ പ്രമുഖ ശാസ്ത്രജ്ഞര്‍ കാത്‌ലിനെ പിന്തുണച്ചെത്തി. കാത്‌ലിന്‍ കുറ്റക്കാരിയല്ലെന്നും അവര്‍ക്ക് മാപ്പ് നല്‍കണമെന്നും വാദിച്ചു. അവര്‍ ശാസ്ത്രീയമായ തെളിവുകളും നിരത്തി. ശൈശവത്തിലും കുട്ടിക്കാലത്തും പെട്ടെന്നുള്ള മരണത്തിന് കാരണമായേക്കാവുന്ന അപൂര്‍വമായ മ്യൂട്ടേഷനുകള്‍ കാത്‌ലിന്റെയും കുട്ടികളുടെയും ഡി.എന്‍.എ.യില്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. കുട്ടികളില്‍ പെട്ടെന്ന് ഹൃദയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാവുന്ന കാല്‍മോഡുലിന്‍ 2 ന്റെ മ്യൂട്ടേഷനാണ് ലോറയുടെയും സാറയുടെയും മരണകാരണമെന്ന് ഇവര്‍ തെളിയിച്ചു. കാലെബിനും പാട്രിക്കും ബി.എസ്.എന്‍. എന്ന ജീനില്‍ മ്യൂട്ടേഷന്‍ സംഭവിച്ച് മരണപ്പെട്ടതാണെന്നും കണ്ടെത്തി. ഇത് ഒരുപക്ഷെ അവരുടെ പിതാവ് ക്രെയ്ഗില്‍ നിന്ന് പാരമ്പര്യമായി കിട്ടിയതാവാമെന്നും ശാസ്ത്രജ്ഞര്‍ കണ്ടെത്തി. മാത്രമല്ല, കാത്‌ലിന്‍ കുട്ടികളെ ശ്വാസം മുട്ടിച്ച് കൊന്നതിന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിവില്ലെന്നും വാദിച്ചു. ഈ തെളിവുകള്‍ക്കു പിന്നാലെ കോടതി രണ്ടാമതൊരു ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇക്കഴിഞ്ഞ ജൂണ്‍ അഞ്ചിന് കോടതി കാത്‌ലിന് മാപ്പ് നല്‍കി. തൊട്ടടുത്ത ദിവസം അവര്‍ ജയില്‍ മോചിതയായി.
ഇനിയെന്ത്..
' കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഇന്നാദ്യമായി അവള്‍ ഉറങ്ങി' - ജയില്‍മോചിതയായതിന് തൊട്ടടുത്ത ദിവസം സുഹൃത്ത് ട്രെയ്‌സി ചാപ്മാന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. ചെയ്യാത്ത കുറ്റത്തിനാണ് കാത്‌ലിന്‍ ജയിലിലായതെന്ന് കോടതി കണ്ടെത്തിയിരിക്കുന്നു. അവള്‍ക്ക് നഷ്ടമായ രണ്ട് പതിറ്റാണ്ടിന് ആര് സമാധാനം പറയും. കാത്‌ലിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യം ഓസ്‌ട്രേലിയയില്‍ ഇപ്പോള്‍ തന്നെ ഉയര്‍ന്നിട്ടുണ്ട്.
Content Highlights: the story of kathleen folbigg