284 രോഗികളെ കൊന്ന സീരിയല്‍ കില്ലര്‍ ഡോക്ടര്‍; കാരണമായത് അമ്മയുടെ മരണം

30 കൊല്ലം നീണ്ടുനിന്ന ഞെട്ടിപ്പിക്കുന്ന കൊലപാതക പരമ്പര. ആധുനികലോകം കണ്ട ഏറ്റവും വലിയ സീരിയ കില്ലര്‍മാരില്‍ ഒരാളായിരുന്നു അതിനുപിന്നില്‍. ഹാരോള്‍ഡ് ഷിപ്പ്മാന്‍ എന്ന ബ്രിട്ടീഷ് ഡോക്ടര്‍. ഡോക്ടര്‍ ഡെത്ത്, ദി ഗുഡ് ഡോക്ടര്‍, മരണത്തിന്റെ മാലാഖ എന്നിങ്ങനെ പല വിളിപ്പേരുകളുണ്ട് ഡോക്ടര്‍ ഹാരോള്‍ഡിന്.
ചികിത്സ തേടിയെത്തിയ പ്രായമായ രോഗികളായിരുന്നു ഹാരോള്‍ഡിന്റെ ഇരകള്‍. കാരണമായത് അമ്മയും. പതിനേഴാം വയസ്സില്‍ സ്വന്തം അമ്മയുടെ മരണം നേരിട്ട് കണ്ടതാണ് ഷിപ്പ്മാന്റെ മനസ്സിനെ ആകെ മാറ്റിമറിച്ചത്. ശ്വാസകോശ അര്‍ബുദമായിരുന്നു അമ്മയ്ക്ക്. കടുത്ത വേദന സഹിക്കാനാകാതെ വരുമ്പോള്‍ ഒരു ഡോക്ടര്‍ വീട്ടില്‍ വന്ന് മോര്‍ഫിന്‍ ഇഞ്ചക്ഷന്‍ നല്‍കും. അതോടെ അമ്മയുടെ വേദന പതിയെ മാറുന്നതും അമ്മ ആശ്വസിക്കുന്നതും ഹാരോള്‍ഡ് നിരീക്ഷിച്ചു.
1974-ലാണ് ഹാരോള്‍ഡിന്റെ കരിയര്‍ ആരംഭിക്കുന്നത്. സ്വന്തം ആവശ്യത്തിന് മരുന്ന് തിരിമറി നടത്തിയതിനു ചെറിയ ശിക്ഷ ലഭിച്ചെന്നതൊഴിച്ചാല്‍ നല്ല കരിയര്‍. രോഗികളുടെ വിശ്വസ്തനായ ഡോക്ടര്‍.
ഹാരോള്‍ഡിന്റെ ഹോസ്പിറ്റലില്‍ പ്രവര്‍ത്തിക്കുന്ന ലിന്‍ഡ റെയ്‌നോള്‍ഡ്‌സ് എന്ന ഡോക്ടര്‍ ചില സംശയങ്ങള്‍ സൗത്ത് മാഞ്ചസ്റ്ററിലെ ഒരു ജുഡീഷ്യല്‍ ഒഫീഷ്യലിനോട് പങ്കുവെച്ചിരുന്നു.ഹാരോല്‍ഡിന്റെ രോഗികള്‍ക്കിടയില്‍ മരണനിരക്ക് വളരെ കൂടുതലാണ് എന്നതാണ് ലിന്‍ഡയെ സംശയത്തിലാക്കിയത്. പ്രായമായ ഒരുപാട് സ്ത്രീകളുടെ സംസ്‌കാരത്തിനുള്ള രേഖകള്‍ ഒപ്പിടാനായി ഹാരോള്‍ഡ് അവര്‍ക്ക് നല്‍കിയിരുന്നു. ഇതും സംശയത്തിന് ആക്കം കൂട്ടി. അന്വേഷണം നടന്നെങ്കിലും ഒന്നും കണ്ടെത്താനാകാത്തതിനാല്‍ പാതിവഴിയില്‍ നിലച്ചു.
ടാക്‌സി ഡ്രൈവറായ ജോണ്‍ ഷാ ആണ് പിന്നെ ആരോപണം ഉയര്‍ത്തുന്നത്. ചെറിയ അസ്വസ്ഥതകളുമായി അയാള്‍ ഹാരോള്‍ഡിന്റെ ഹോസ്പിറ്റലിലെത്തിച്ച പ്രായമായവരെല്ലാം മരണപ്പെട്ടതാണ് സംശയത്തിനിടയാക്കിയത്. 21 രോഗികളെ ഹാരോള്‍ഡ് കൊന്നു എന്ന് സംശയിക്കുന്നതായി അയാള്‍ പോലീസിനെ അറിയിച്ചു.
(Wikipedia)
കാത്‌ലീന്‍ ഗ്രണ്ടി എന്ന സ്ത്രീയുടെ മരണമാണ് ഹാരോള്‍ഡിനെ പ്രതിക്കൂട്ടില്‍ കയറ്റുന്നത്. വീട്ടില്‍ മരിച്ചു കിടക്കുകയായിരുന്നു കാത്‌ലീന്‍. മരണശേഷം കണ്ടെത്തിയ ഒസ്യത്തില്‍ അവര്‍ വലിയൊരു തുക ഹാരോള്‍ഡിനും നീക്കിവെച്ചിരുന്നു. ഇത് മകള്‍ ചോദ്യം ചെയ്തു. കാത്‌ലിനെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോള്‍ കാന്‍സര്‍ രോഗികള്‍ക്ക് നല്‍കുന്ന പെയിന്‍ കില്ലര്‍ വലിയ ഡോസില്‍ അകത്തുചെന്നിരുന്നതായി കണ്ടെത്തി. കാതലീന്‍ അഡിക്റ്റ് ആയിരുന്നെന്നും അതിന്റെ രേഖകള്‍ തന്റെ മെഡിക്കല്‍ ജേര്‍ ണലിലുണ്ടെന്നും ഹാരോള്‍ഡ് വാദിച്ചു.
വിശദമായ പരിശോധനയില്‍ ആ വിവരങ്ങളെല്ലാം കാത്‌ലിന്റെ മരണശേഷം കൂട്ടിച്ചേര്‍ക്കപ്പെട്ടതാണെന്ന് കണ്ടെത്തി. പോരാത്തതിന് കാത്‌ലിന്റേത് എന്ന് വിശ്വസിക്കപ്പെട്ടിരുന്ന ഒസ്യത്ത് ഹാരോള്‍ഡ് എഴുതിയുണ്ടാക്കിയതാണെന്ന് തെളിയുകയും അതിനുപയോഗിച്ച ടൈപ്പ് റൈറ്റര്‍ കണ്ടെടുക്കപ്പെടുകയും ചെയ്തു. ഇതേ പെയിന്‍ കില്ലര്‍ നല്‍കി വേറെയും 15 പേരെ ഹാരോള്‍ഡ് കൊന്നതായും തെളിഞ്ഞു.
1999-ല്‍ 15 സ്ത്രീകളെ കൊന്നകേസില്‍ ഹാരോള്‍ഡിന്റെ വിചാരണ തുടങ്ങി. 2000-ല്‍ ശിക്ഷ വിധിക്കപ്പെട്ടു. മരണം വരെ തടവ്. രോഗികളുടെ കൊലപാതകത്തിന് ശിക്ഷിക്കപ്പെട്ട ഏക ബ്രിട്ടീഷ് ഡോക്ടറാണ് ഹാരോള്‍ഡ് ഷിപ്പ്മാന്‍. പിന്നീടാണ് ഹരോള്‍ഡിന്റെ കൂടുതല്‍ കൊലപാതകങ്ങള്‍ പുറത്തുവരുന്നത്. 2004-ല്‍ തന്റെ 58-ാം പിറന്നാല്‍ ദിനത്തില്‍ ഹാരോള്‍ഡ് ജയില്‍ മുറിയില്‍ തൂങ്ങി മരിച്ചു.
Content Highlights: the murders committed by doctor harold shipman