ഒറ്റമുറിയിലെ കെട്ടകാലം കടന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ

രോഹിത് ഗുരുനാഥ് ശര്‍മ്മ എന്ന ദരിദ്രബാലന്‍ പണവും സ്വാധീനവും അടക്കിവാഴുന്ന ക്രിക്കറ്റ് ലോകത്തേക്ക് കടന്നുവന്നത് അറബിക്കഥ പോലെ തോന്നിക്കും. അവനെ ഉയരങ്ങളിലേക്ക് പറത്താന്‍ ഒരു മാന്ത്രികപ്പരവതാനിയും ഉണ്ടായിരുന്നില്ല. വിളക്കുരച്ചാല്‍ വരുന്ന ജിന്നും അവന്റെ കഥയിലില്ല. കണ്ണീരും കഠിനാധ്വാനവും മാത്രം കൈമുതലാക്കി ജയിച്ചുവന്നവനാണ് ഇന്ത്യയുടെ ഹിറ്റ്മാന്‍.
ഇരുള്‍കാലം
നാഗ്പുരിലെ ഒരു നിര്‍ധന കുടുംബത്തിലാണ് രോഹിത് ജനിച്ചത്. അച്ഛന്‍ ഗുരുനാഥ് ശര്‍മ വെയര്‍ഹൗസിലെ കൂലിവേലക്കാരനായിരുന്നു. അമ്മ പൂര്‍ണിമയ്ക്ക് വരുമാനമില്ല. പ്രാരാബ്ധങ്ങള്‍ നിറഞ്ഞ ഒറ്റമുറി ജീവിതത്തില്‍ രോഹിത് ജനാലയിലൂടെ പുറത്തെ ക്രിക്കറ്റ് കാഴ്ചകള്‍ നോക്കിയിരുന്നു. ബാറ്റും ബോളും അവന് ചങ്ങാതിമാരായി. നാല് വയറുനിറയ്ക്കാന്‍ അച്ഛന് കഴിയാതെ വന്നപ്പോള്‍ രോഹിത്തിനെയും അനിയനെയും മുത്തശ്ശനും മുത്തശ്ശിയും വല്യച്ഛന്മാരും ഏറ്റെടുത്തു. കുട്ടികളെ ബോറിവാലിയിലേക്ക് കൊണ്ടുപോയി. അവിടെയാണ് രോഹിത്ത് വളര്‍ന്നത്.
തന്റെ പന്ത്രണ്ടാം വയസ്സില്‍ രോഹിത്ത് ഒരു ക്രിക്കറ്റ് ക്യാമ്പില്‍ പങ്കെടുത്തു. അവിടെ വെച്ചാണ് കോച്ച് ദിനേശ് ലാഡ് അവനെ കാണുന്നത്. പ്രതിഭയുടെ മിന്നാമിനുങ്ങ് വെട്ടം പോലും തിരിച്ചറിയാന്‍ നിപുണനായ ഗുരു രോഹിത്തിനെ സൂക്ഷ്മമായി പഠിച്ചു. അവനോട് സ്വാമി വിവേകാനന്ദ ഇന്റര്‍നാഷണല്‍ സ്‌കൂളിലേക്ക് മാറാന്‍ നിര്‍ദേശിച്ചു. സ്‌കൂളിലെ കോച്ചായി ലാഡ് ജോലി ചെയ്യുകയാണ്. പക്ഷേ, സ്‌കൂള്‍മാറ്റം രോഹിത്തിന് എളുപ്പമാവില്ല. അത്രയും പണം സ്വരൂപിക്കാന്‍ നിവൃത്തിയില്ലാത്ത കുടുംബത്തിന്റെ ദൈന്യത ലാഡ് തിരിച്ചറിഞ്ഞു. അദ്ദേഹം ഒരു സ്പോണ്‍സറെ കണ്ടെത്തി. അടുത്ത നാല് വര്‍ഷത്തേക്ക് രോഹിത്തിന്റെ വിദ്യാഭ്യാസച്ചെലവുകള്‍ സ്‌പോണ്‍സര്‍ വഹിച്ചു.
നിറങ്ങളിലേക്ക്
കുട്ടി രോഹിത്തിന്റെ മനസ്സ് പിടയുന്നുണ്ടായിരുന്നു. വീട്ടുകാരെയും കൂട്ടുകാരെയും പിരിയുകയല്ലേ...സങ്കടങ്ങള്‍ മറക്കാന്‍ അവന്‍ ക്രിക്കറ്റില്‍ മുഴുകി. കളിയും പഠനവും അവന്റെ രാപകലുകള്‍ കീഴടക്കി. വീട്ടില്‍ പോകാന്‍ കലണ്ടറിലെ ചുകന്ന അക്കങ്ങളില്‍ അവന്‍ കൊതിയോടെ കണ്ണുനട്ടു.
ഓഫ് സ്പിന്നറായി തുടങ്ങിയ അവന്റെ യാത്ര ഓപ്പണിങ് ബാറ്ററിലേക്ക് മാറുന്നത് ഇക്കാലയളവിലാണ്. അവന്റെ ബാറ്റിങ് വഴക്കം ശ്രദ്ധിച്ച കോച്ച് ദിനേശ് വേണ്ട പരിശീലനം കിട്ടിയാല്‍ രോഹിത്തിന് മികച്ച ബാറ്ററാകാന്‍ കഴിയുമെന്ന് മനസ്സിലാക്കി. ബാറ്റിങ്ങിന് ഊന്നല്‍ കൊടുത്തുള്ള ട്രെയിനിങ് ആരംഭിച്ചു. പതിയെ അവന്റെ സന്തോഷങ്ങള്‍ക്ക് ബാറ്റിങ്ങിന്റെ താളമായി. സ്‌കൂള്‍ ടൂര്‍ണമെന്റുകളില്‍ രോഹിത്ത് തകര്‍പ്പന്‍ കളി പുറത്തെടുത്തു. ഹാരിസ് ആന്‍ഡ് ഗൈല്‍സ് സ്‌കൂള്‍ ക്രിക്കറ്റ് മത്സരങ്ങളില്‍ ഓപ്പണറായി. ആദ്യ മത്സരത്തില്‍ തന്നെ സെഞ്ചുറി. രോഹിത്തിന്റെ പേര് ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചകളില്‍ ഉയര്‍ന്നുതുടങ്ങി.
എ ലിസ്റ്റ് ക്രിക്കറ്റ് കളിയുടെ ലോകത്തേക്കുള്ള രോഹിത്തിന്റ രംഗപ്രവേശം 2005-ലാണ്. ഡിയോഡര്‍ ട്രോഫി ക്രിക്കറ്റില്‍ വെസ്റ്റ് സോണിന്റെ കളിക്കാരനായി. ഇത്തവണയും സെഞ്ചുറിയ്ക്ക് മുടക്കമുണ്ടായില്ല. തൊട്ടടുത്ത വര്‍ഷം മുംബൈയുടെ രഞ്ജി ടീമിലും രോഹിത് ഇടം നേടി. അന്ന് മുതല്‍ മുംബൈ ടീമിന്റെ വജ്രായുധമാണ് രോഹിത്.
ഭാഗ്യക്കളി
2006-ലെ അണ്ടര്‍ 19 ലോകകപ്പിലെ പ്രകടനമാണ് രോഹിത്തിന് ഇന്ത്യന്‍ ടീമിലേക്ക് വഴിയൊരുക്കിയത്. 2007-ല്‍ അയര്‍ലണ്ടിനെതിരെ ഏകദിനത്തിനിറങ്ങിയ ടീമില്‍ രോഹിത്തും ഉണ്ടായിരുന്നു. പക്ഷേ, രോഹിത്തിന് ബാറ്റുവീശാന്‍ അവസരം കിട്ടിയില്ല. കന്നി മത്സരത്തില്‍ കളിക്കാനാകാതെ മടക്കം. പിന്നീടങ്ങോട്ട് രോഹിത്തിന് ഇന്ത്യന്‍ ടീമില്‍ അതിഥി വേഷമായിരുന്നു. ഇടയ്ക്കിടെ ടീമില്‍ ഉള്‍പ്പെടുത്തും. പുറത്താക്കപ്പെടും. 2012 വരെ കഷ്ടകാലത്തിന്റെ നിഴല്‍ മൂടിയ കരിയര്‍.
2013-ല്‍ ഭാഗ്യദേവത കണ്ണുതുറന്നു. ഐ.സി.സി ചാമ്പ്യന്‍ഷിപ് ട്രോഫിയില്‍ രോഹിത്-ശിഖര്‍ സഖ്യം പെരുമഴ പോലെ റണ്‍സ് അടിച്ചുകൂട്ടി. കുറച്ചുകണ്ടവര്‍ക്ക് നേരെ കുതിച്ചുചാടിയ കൂറ്റനടികള്‍. ഇന്ത്യന്‍ ടീമില്‍ രോഹിത്തിന് സ്വന്തം ഇടമുണ്ടായി. മാറ്റി നിര്‍ത്താനാകാത്ത പേരായി രോഹിത് ശര്‍മ്മ മാറി.
അരികില്‍ നിന്ന് അമരത്തേക്ക്
2013 ഓസ്ട്രേലിയക്കെതിരെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് രോഹിത്തിന്റെ ആദ്യ ഡബിള്‍ സെഞ്ചുറി. 16 സിക്സറുകള്‍ ചേര്‍ന്ന ഇന്നിങ്‌സ്. 2014-ല്‍ ശ്രീലങ്കയ്ക്കെതിരായ ഏകദിനത്തില്‍ 264 റണ്‍സാണ് രോഹിതിന്റെ വലംകയ്യില്‍ നിന്ന് പിറന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഏകദിനത്തില്‍ 250 റണ്‍സ് ആരും കടന്നിട്ടില്ല എന്നോര്‍ക്കണം. മൂന്നുവര്‍ഷം കടന്നുപോയി. ഇരകള്‍ വീണ്ടും ശ്രീലങ്ക. രോഹിതിന്റെ ബാറ്റ് നിര്‍ദയം ഇടംവലം നീങ്ങി. 13 ബൗണ്ടറികളും 12 സികസറുകളും കൊഴുപ്പിച്ച 208 റണ്‍സ്. ഏകദിനത്തില്‍ മൂന്ന് ഡബിള്‍ സെഞ്ചുറി! ക്രിക്കറ്റില്‍ മറ്റാര്‍ക്കും പറയാനില്ലാത്ത റെക്കോര്‍ഡ്. 2016-ല്‍ ടിട്വന്റി ഫോര്‍മാറ്റിലും 2018, 2023 വര്‍ഷങ്ങളില്‍ ഏകദിന ഫോര്‍മാറ്റിലും ഇന്ത്യ ഏഷ്യാകപ്പില്‍ മുത്തമിട്ടപ്പോള്‍ ടീമില്‍ ഇടിമിന്നല്‍ ബാറ്ററായി രോഹിത് ഉണ്ടായിരുന്നു.
ചടുലതാളത്തില്‍ വമ്പനടികളുതിര്‍ക്കുന്ന രോഹിത്തിന്റെ ശൈലി ടെസ്റ്റ് ക്രിക്കറ്റിന് ചേരില്ലെന്ന് പലരും പറഞ്ഞു. പക്ഷേ, 2013-ല്‍ രോഹിത് ടെസ്റ്റ് ടീമില്‍ തെരഞ്ഞെടുക്കപ്പെട്ടു. സച്ചിന്റെ അവസാന ടെസ്റ്റ്. പടിയിറങ്ങും മുന്‍പ് തന്റെ ആരാധ്യതാരത്തിനൊപ്പം ഗ്രൗണ്ടിലിറങ്ങാനുള്ള സൗഭാഗ്യം രോഹിത്തിന് കിട്ടി. ആദ്യ ടെസ്റ്റ് മത്സരം സെഞ്ചുറിയോടെ പൂര്‍ത്തിയാക്കി. 177 റണ്‍സാണ് വാരിക്കൂട്ടിയത്. പരിക്കും സ്ഥിരതയില്ലായ്മയും കാരണം വളരെ കുറച്ച് ടെസ്റ്റുകളേ രോഹിത്തിന്റെ കരിയറില്‍ ഉണ്ടായിട്ടുള്ളൂ. ആ ചുരുക്കം മത്സരങ്ങളില്‍ പോലും രോഹിത്തിന്റെ ഇന്നിങ്സുകള്‍ അത്ഭുതാവഹമാണ്.
ട്വന്റി ട്വന്റിയിലെ മുടിചൂടാമന്നനാണ് രോഹിത് ശര്‍മ്മ. 2007-ലെ ആദ്യ ട്വന്റി ട്വന്റി ലോകകപ്പ് ജയിച്ച ടീമില്‍ ഈ മുംബൈക്കാരനുണ്ടായിരുന്നു. ട്വന്റി ട്വന്റിയില്‍ ഏറ്റവുമധികം സെഞ്ചുറികള്‍, ഏറ്റവുമധികം സിക്സറുകള്‍ എന്ന റെക്കോര്‍ഡുകള്‍ രോഹിത്തിന് സ്വന്തം.
വിജയനായകന്‍
ജയത്തിന്റെ തുരുത്തുകളില്‍ നിന്ന് വിജയവന്‍കരകളിലേക്ക് ഇന്ത്യയെ അടുപ്പിച്ച ക്യാപ്റ്റനായിരുന്നു ധോണി. ഒന്നിലും പതറാത്ത ക്യാപ്റ്റന്‍ കൂള്‍. പിന്നീടുവന്ന കോലിയാകട്ടെ തീപോലെ കത്തിപ്പടരുന്ന നായകന്‍. രോഹിത് ക്യാപ്റ്റനായപ്പോള്‍ ഒരുപാട് നെറ്റികള്‍ ചുളിഞ്ഞു. മുന്‍ഗാമികളില്‍ നിന്ന് വ്യത്യസ്തന്‍. ക്രീസില്‍ അക്രമണകാരിയെങ്കിലും വാക്കുകളില്‍ പിശുക്കന്‍. പരസ്യപ്രസ്താവനകള്‍ ചുരുക്കം. ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ മെനക്കെടാത്തവനെന്നും അലസനെന്നും ചീത്തപ്പേര്.
വിമര്‍ശിച്ചവര്‍ മറന്നുപോയി, 2013-ല്‍ ക്യാപ്റ്റനായി ചുമതലയേറ്റത് മുതല്‍ രോഹിതിന്റെ മുംബൈ ഇന്ത്യന്‍സ് ടീം നേടിയത് 5 ഐ.പി.എല്‍ കിരീടങ്ങളാണെന്ന്. ഐ.പി.എല്‍ കണ്ട ഏറ്റവും മികച്ച തലവനാണ് രോഹിത്. 2013 മുതല്‍ മുംബൈ രഞ്ജി ടീമിന്റെ ക്യാപ്റ്റനായും രോഹിത് തിളങ്ങുകയാണ്. 2018, 2023 ഇന്ത്യയുടെ ഏഷ്യാകപ്പ് വിജയങ്ങളില്‍ ടീം ക്യാപ്റ്റന്‍ രോഹിത്തായിരുന്നു. ഇപ്പോഴിതാ ഈ ലോകകപ്പിലും ഇന്ത്യയുടെ നായകന്‍ രോഹിത് ശര്‍മയാണ്. വിജയങ്ങള്‍ ഓരോന്ന് പിന്നിടുമ്പോള്‍ വിമര്‍ശകര്‍ വായടക്കുന്നു. അയാളെ വാഴ്ത്തിപ്പാടുന്നു.
സഖി റിതിക
ക്രിക്കറ്റ് ലോകത്തിന് അപരിചിതയായിരുന്നില്ല റിതിക സജ്‌ദേ. യുവരാജ് സിങിന്റെ ബന്ധുകൂടിയായ റിതിക വര്‍ഷങ്ങളായി സ്‌പോര്‍ട്‌സ് ഇവന്റ് മാനേജരായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഒരു പരസ്യചിത്രീകരണത്തിനിടെയാണ് രോഹിത്തിന്റെയും റിതികയുടെയും ആദ്യകണ്ടുമുട്ടല്‍. ഇരുവര്‍ക്കുമിടയില്‍ സൗഹൃദം രൂപപ്പെടാന്‍ പോലും അല്പം സമയമെടുത്തു. റിതിക രോഹിത്തിന്റെ ഓര്‍ഗനൈസറായി. ആറുവര്‍ഷം നീണ്ടുനിന്ന പ്രണയത്തിന് 2015-ല്‍ പകിട്ടുള്ള വിവാഹച്ചടങ്ങോടെ പൂര്‍ണത. ക്രിക്കറ്റ് താരങ്ങളും സിനിമാതാരങ്ങളും രാഷ്ട്രീയപ്രമുഖരും വ്യവസായപ്രമാണിമാരും പങ്കെടുത്ത വര്‍ണപ്പകിട്ടുള്ള വിവാഹം. 2018-ല്‍ ഇരുവര്‍ക്കും മകള്‍ പിറന്നു. സമൈറ. മത്സരങ്ങള്‍ക്കിടയിലുള്ള അവധികള്‍ കുടുംബത്തോടൊപ്പം ആഘോഷിക്കുന്നതാണ് രോഹിത്തിന്റെ രീതി. സോഷ്യല്‍മീഡിയയിലൂടെ തന്റെ സന്തോഷവേളകള്‍ രോഹിത്ത് പങ്കുവെക്കാറുണ്ട്.
36-കാരനായ രോഹിത്തിന്റെ അവസാന ലോകകപ്പാകാം ഇത്തവണത്തേത്. ഇന്ത്യന്‍ ടീം നല്ല ഫോമിലാണ്. ഗാലറിയുടെ പിന്തുണയ്ക്കും പരിധിയില്ല. അസാമാന്യ ഇന്നിങ്സുകള്‍ തീര്‍ത്ത് രോഹിത് കപ്പുയര്‍ത്തുന്നത് കാണാന്‍ നമുക്ക് കാത്തിരിക്കാം.
Content Highlights: the life story of rohit sharma