ഐറ്റം ഡാന്‍സ്, മതംമാറ്റം, വിവാഹങ്ങള്‍, സ്വന്തം പാര്‍ട്ടി; ഒരേയൊരു രാഖി സാവന്ത്

രാഖി സാവന്ത് / കടപ്പാട്-PTI
രാഖി സാവന്ത് / കടപ്പാട്-PTI

1997 ലാണ് രാഖി സാവന്തിന്റെ സിനിമാ അരങ്ങേറ്റം. 'അഗ്‌നിചക്ര' എന്ന സിനിമയിലൂടെ. അന്ന് രൂഹി എന്ന പേരിലാണ് അവര്‍ അഭിനയിച്ചത്. പിന്നീടങ്ങോട്ട് ചെറിയ റോളുകള്‍. ഏതാനും ഡാന്‍സ് നമ്പറുകള്‍. പക്ഷേ, 2003-ല്‍ 'മൊഹബത് ഹേ മിര്‍ച്ചി' എന്ന ഐറ്റം ഡാന്‍സ് രാഖിയെ പ്രശസ്തയാക്കി. അതോടെയാണ് ബോളിവുഡിന്റെ ഐറ്റം ഗേളായി രാഖി മാറുന്നത്. എന്നാലും ശ്രദ്ധിക്കപ്പെടുന്ന റോളുകളൊന്നും രാഖിക്ക് കിട്ടിയില്ല. 

ചെറുകിട റോളുകളില്‍ തളയ്ക്കപ്പെട്ട് അപ്രസക്തയായിപ്പോകേണ്ട രാഖിയെ പ്രശസ്തയാക്കിയത് വിവാദങ്ങളാണ്. തന്റെ ബര്‍ത്ത്‌ഡേ പാര്‍ട്ടിക്കിടെ ഗായകന്‍ മിക്കാ സിംഗ് രാഖിയെ ചുംബിക്കാന്‍ ശ്രമിച്ചതായിരുന്നു ആദ്യ വിവാദം. അതോടെ മിക്കയും രാഖിയും തമ്മിലുള്ള ബന്ധമറിയാന്‍ മാധ്യമങ്ങള്‍ തിരക്കിട്ടു. ആ പ്രശസ്തി രാഖി മുതലെടുത്തു. സിനിമയില്‍ തനിക്ക് ഭാഗ്യമില്ലെന്ന് മനസ്സിലാക്കി അവര്‍ ടെലിവിഷനിലേക്ക് തിരിഞ്ഞു. 

രാഖി സാവന്ത്, ഇലേഷ് പുരുജന്‍വാല / കടപ്പാട്-PTI

റിയാലിറ്റി ഷോകളാണ് രാഖിയെ വളര്‍ത്തിയത്. ബിഗ്ബോസിന്റെ ആദ്യസീസണില്‍ പങ്കെടുത്ത ഫൈനലിന് തൊട്ട് മുമ്പ് വരെയെത്തി. 2017-ല്‍ ഡാന്‍സ് റിയാലിറ്റി ഷോയായ നച് ബലിയേയില്‍ ഫസ്റ്റ് റണ്ണറപ്പായി. 2009-ല്‍ രാഖി കാ സ്വയംവര്‍ എന്നൊരു ഷോ തന്നെ രാഖിക്കുവേണ്ടി തയ്യാറാക്കപ്പെട്ടു. തന്നെ വിവാഹം കഴിക്കാന്‍ മോഹിച്ചെത്തിയ വരന്മാരില്‍ നിന്ന് ഒരാളെ രാഖി സ്വയംവരത്തിനു തെരഞ്ഞെടുക്കന്നതായിരുന്നു ഷോ. കനേഡിയന്‍ ബിസിനസുകാരനായ എലേഷ് പരുജന്‍വാലയെയാണ് രാഖി തെരഞ്ഞെടുത്തത്. ഷോ അവസാനിച്ച് മാസങ്ങള്‍ക്ക് ശേഷം ഇരുവരും വഴി പിരിഞ്ഞു. പണത്തിനു വേണ്ടിയായിരുന്നു ആ ബന്ധമെന്ന് പിന്നീട് രാഖി തുറന്നുപറഞ്ഞു. പല ഷോകളിലും മത്സരാര്‍ഥിയായും വിധി കര്‍ത്താവായും അവതാരകയായും രാഖി ടെലിവിഷനില്‍ തുടര്‍ന്നു. ഇടയ്ക്ക് സിനിമകളിലും പ്രത്യക്ഷപ്പെട്ടു. 

അപ്പോഴാണ് രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്ന് രാഖിക്ക് തോന്നിയത്. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് രാഖി പ്രഖ്യാപിച്ചു. രാഷ്ട്രീയ ആം പാര്‍ട്ടി എന്ന ഒരു പാര്‍ട്ടി സ്ഥാപിച്ചു. പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചിഹ്നം അനുവദിച്ച് കിട്ടിയില്ല. പക്ഷേ, അതൊരു ഗ്രീന്‍ ചില്ലി ആകുമെന്ന് രാഖി പ്രത്യാശ പറഞ്ഞു. ബോളിവുഡിന്റെ ഹോട്ട്, സ്പൈസി ഗേളിന് ചേരുന്ന ചിഹ്നം അതാകുമെന്നായിരുന്നു രാഖിയുടെ വിലയിരുത്തല്‍. തെരഞ്ഞെടുപ്പില്‍ അത്ഭുതങ്ങള്‍ സംഭവിക്കുമെന്ന് കരുതിയ രാഖിക്ക് തെറ്റി. ആകെ പതിനഞ്ച് വോട്ടാണ് കിട്ടിയത്. കെട്ടിവെച്ച കാശും പോയി. അതോടെ രാഖി സ്വന്തം പാര്‍ട്ടി വിട്ട് റിപ്പബ്ലിക്കാന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയില്‍ ചേര്‍ന്നു. ഇപ്പോഴും ആ പാര്‍ട്ടിയുടെ നേതാവാണ് അവര്‍.  

2017-ല്‍ ഒരു അഭിമുഖത്തില്‍ കവി വാത്മീകിയെക്കുറിച്ച് അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയ രാഖിക്കെതിരെ നിയമനടപടികള്‍ ഉണ്ടായി. ലുധിയാന കോടതിയാണ് കേസ് പരിഗണിച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദേശീയ കോര്‍ഡിനേറ്റര്‍ രാഹുല്‍ ജോഗിക്കൊപ്പമാണ്  രാഖി കോടതിയില്‍ എത്തിയത്. അന്ന് ബുര്‍ഖയായിരുന്നു രാഖിയുടെ വസ്ത്രം. ഒരു ദേശീയ കോണ്‍ഗ്രസ് നേതാവിനൊപ്പമുള്ള ആ വരവ് വലിയ പ്രാധാന്യത്തോടെ വാര്‍ത്തകളില്‍ ഇടം നേടി. 

കടപ്പാട്-PTI

2018-ല്‍ ദി ഗ്രേറ്റ് ഖലിസ് കോണ്ടിനെന്റല്‍ എന്റര്‍ടെയ്ന്‍മെന്റ് പരിപാടിയുടെ പ്രമോഷന്റെ ഭാഗമായി സംഘടിപ്പിച്ച വേദിയില്‍ അമേരിക്കന്‍ ഗുസ്തിതാരം റെബെലും രാഖിയുമായി ഒരു ഡാന്‍സ് മത്സരം നടന്നു. മത്സരത്തിനൊടുവില്‍ റെബെല്‍ രാഖിയെ കെട്ടിപ്പിടിക്കുകയും താഴേക്കിടുകയും ചെയ്തു. റെബെല്‍ ഉദ്ദേശിച്ചത് വിനോദമായിരുന്നെങ്കിലും കളി കാര്യമായി. രാഖിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. 

2019-ല്‍ രാഖി ബിസിനസ്സുകാരനായ റിതേഷിനെ വിവാഹം കഴിച്ചിരുന്നു. 2022-ല്‍ വിവാഹമോചനം നേടി സുഹൃത്ത് ആദില്‍ ദുരാനിയെ വിവാഹം കഴിച്ചു. ആദ്യം ഇത് നിഷേധിക്കുകയാണ് ആദില്‍ ചെയ്തതെങ്കിലും വൈകാതെ സമ്മതിച്ചു. ഇസ്ലാം മതം സ്വീകരിച്ച രാഖി പേര് മാറ്റി ഫാത്തിമ എന്നാക്കിയെന്ന് വാര്‍ത്തകള്‍ വന്നു. പൊതുവേദികളില്‍ അവര്‍ ബുര്‍ഖ ധരിച്ചെത്താന്‍ തുടങ്ങി. 2023-ല്‍ രാഖി ഉംറ സന്ദര്‍ശിച്ചതും മാധ്യമശ്രദ്ധ നേടിയിരുന്നു. 2024 ആയപ്പോഴേക്കും രാഖി സാവന്ത് തന്റെ പഴയ രൂപഭാവങ്ങളിലേക്ക് മടങ്ങി. പക്ഷേ, തന്റെ വിവാഹജീവിതത്തെപ്പറ്റിയുള്ള ചോദ്യങ്ങള്‍ അവര്‍ ഒഴിവാക്കുകയാണ്. 

ഒരുപാട് സൗന്ദര്യ ശസ്ത്രക്രിയകള്‍ നടത്തിയിട്ടുണ്ട് രാഖി. മുഖത്തിന്റെ ആകൃതിയില്‍ മാറ്റം വരുത്തി ലുക്ക് മാറ്റിയ രാഖി, സ്തനങ്ങളുടെ വലിപ്പം കൂട്ടാനും ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയകള്‍ രാഖിയുടെ സൗന്ദര്യം കൂട്ടുകയല്ല,  അവരെ വിരൂപയാക്കുകയാണ് ചെയ്തതെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അടുത്തിടെ ഗര്‍ഭാശയത്തിലെ മുഴ നീക്കം ചെയ്യാന്‍ അഡ്മിറ്റായ രാഖി ആശുപത്രിക്കിടക്കയില്‍ നിന്ന് പോസ്റ്റ് ചെയ്ത വീഡിയോ വൈറലായിരുന്നു. 

Content Highlights: the life of rakhi sawant