വിയര്‍ത്തും കിതച്ചും ചോര തുപ്പിയും യുവരാജ് ജയിപ്പിച്ച ലോകകപ്പ്; 15 വിക്കറ്റ്, 362 റണ്‍സ്

യുവരാജ് സിങ്/ കടപ്പാട്-Getty Images
യുവരാജ് സിങ്/ കടപ്പാട്-Getty Images

സ്വപ്നതുല്യമായിരുന്നു ഇന്ത്യയുടെ 2011 ലോകകപ്പ് ജയം. സച്ചിന്‍ ടെണ്ടുല്‍ക്കറിനുള്ള ടീം ഇന്ത്യയുടെ സ്‌നേഹസമര്‍പണം. അത്ര എളുപ്പമായിരുന്നില്ല ഇന്ത്യയ്ക്ക് ജയം. ക്വാര്‍ട്ടറില്‍ എതിരാളികള്‍ ഓസ്‌ട്രേലിയ. നോക്കൗട്ടെത്തുമ്പോള്‍ കങ്കാരുക്കള്‍ കരുത്തരാകാറുണ്ട്. ആറ് വിക്കറ്റിന് അവര്‍ 260 റണ്‍സെടുത്തു. പിന്നാലെ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് സേവാഗിനെ നഷ്ടമായി. സച്ചിനും ഗംഭീറും ഇന്നിംഗ്‌സ് കെട്ടിയുയര്‍ത്തി. പക്ഷേ, വിജയിപ്പിച്ചത് യുവരാജ് സിങ് തന്നെ. പ്ലെയര്‍ ഓഫ് ദി മാച്ച് യുവരാജായിരുന്നു. ആ ക്വാര്‍ട്ടര്‍ ജയത്തോടെ തന്നെ ഇന്ത്യ ഏറെക്കുറെ കപ്പുറപ്പിച്ചു.  

15 വിക്കറ്റ്, 362 റണ്‍സ്. ശ്വാസകോശത്തില്‍ ട്യൂമറുമായി 2011 ലോകകപ്പില്‍ യുവരാജിന്റെ പ്രകടനം ഇങ്ങനെയായിരുന്നു. മത്സരങ്ങള്‍ക്കിടെ അദ്ദേഹം വിയര്‍ക്കുന്നതും കിതക്കുന്നതും ലോകം കണ്ടിരുന്നു. അത് അര്‍ബുദം കൊണ്ടാകുമെന്ന് ആരും കരുതിയില്ല. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഇടയ്ക്കിടെ രക്തം ഛര്‍ദ്ദിക്കുന്നുണ്ടെന്ന കാര്യവും ആരും അറിഞ്ഞില്ല. ലോകകപ്പ് ജയത്തിന്റെ ആവേശം കൊടിയിറങ്ങും മുന്നേ യുവരാജിന്റെ ആരോഗ്യം മോശമായി. വൈകാതെ ശ്വാസകോശ അര്‍ബുദം നിര്‍ണയിക്കപ്പെട്ടു. 

ചികിത്സയ്ക്ക് ശേഷം/കടപ്പാട്- AP

ആദ്യത്തെ ആശങ്കകള്‍ക്ക് ശേഷം മനോധൈര്യം കൈവിടാതെ യുവരാജ് ചികിത്സ തേടി. ഒരു വര്‍ഷം കീമോ തെറാപ്പി. അമേരിക്കയിലായിരുന്നു ചികിത്സ. എത്രയും വേഗം മൈതാനത്തേക്ക് മടങ്ങണമെന്നായിരുന്നു യുവിയുടെ മനസ്സില്‍. അസുഖനില തരണം ചെയ്ത യുവരാജ് 2012 ടി20 ലോകകപ്പ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 

ഇന്ത്യന്‍ ആരാധകര്‍ യുവരാജിന്റെ ബാറ്റില്‍ പ്രതീക്ഷ വെച്ചു. പക്ഷേ, കാര്യമായ റണ്‍വേട്ട നടത്താന്‍ ശരീരം യുവരാജിനെ അനുവദിച്ചില്ല. ആ കുറവ് അദ്ദേഹം പരിഹരിച്ചത് ബോള്‍ കൊണ്ടാണ്. അഫ്ഗാനെതിരെ 3 വിക്കറ്റ്, 16 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു ഓസ്ട്രേലിയന്‍ വിക്കറ്റ്, പാകിസ്താനെതിരെയും 16 റണ്‍സിന് 2 വിക്കറ്റ്, സൗത്താഫ്രിക്കക്കെതിരെ 2 വിക്കറ്റ്... എന്നിങ്ങനെ ആ ലോകകപ്പില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനായി യുവരാജ്.

പക്ഷേ, പിന്നീടങ്ങോട്ട് കുറേക്കാലം യുവരാജിന്റെ ബാറ്റിംഗ് കരിയര്‍ ഇഴഞ്ഞു. ഏകദിനത്തിലും ടെസ്റ്റിലും അദ്ദേഹത്തിന് താളം കണ്ടെത്താനായില്ല. ടീമില്‍ നിന്ന് പുറത്തിരുത്തപ്പെടുകയും ചെയ്തു. പക്ഷേ, ടി20-യില്‍ യുവരാജ് അത്യുഗ്രന്‍ ബാറ്റിങ്ങാണ് കാഴ്ചവെച്ചത്. 2012, 2013 വര്‍ഷങ്ങളില്‍ യുവരാജിന്റെ ബാറ്റിംഗ് താണ്ഡവമാണ് ടി20 മത്സരങ്ങളില്‍ കണ്ടത്.  

ഭാര്യ ഹേസലിനൊപ്പം യുവരാജ് സിങ്/ കടപ്പാട്- PTI

2014 ഏഷ്യാകപ്പ് ടീമില്‍ യുവരാജിന് ഇടം കിട്ടിയില്ല. പക്ഷേ, 2014 ടി20 ലോകകപ്പ് ടീമില്‍ അദ്ദേഹമുണ്ടായിരുന്നു. ശരീരഭാരം അദ്ദേഹത്തെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. ഫീല്‍ഡിങ്ങില്‍ പിഴവുകള്‍ വന്നു. ക്രിസ് ഗെയിലിന്റെ കാച്ച് അദ്ദേഹത്തിന് നഷ്ടമായത് ആരാധകരെ നിരാശരാക്കി. 

2015 ലോകകപ്പ് ടീമില്‍ യുവരാജ് മുപ്പതാമനായാണ് പരിഗണിക്കപ്പെട്ടത്. 2016 ഏഷ്യാകപ്പ് ജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച യുവരാജ് 2016 ടി20 ലോകകപ്പിലും 2017 ചാമ്പ്യന്‍സ് ട്രോഫിയിലും ടീമിന്റെ ജയത്തിന് കാരണക്കാരനായി. 2019-ല്‍ യുവരാജ് സിങ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 


 

Content Highlights: the inspiring story of yuvraj singh