ചെയിൻസ്‌മോക്കേഴ്‌സ് മോഹൻലാലിനെ കണ്ടു; ‘ഞങ്ങളുടെ പുതിയ സുഹൃത്ത്’

മോഹൻലാൽ
മോഹൻലാൽ

അമേരിക്കൻ ഇലക്ട്രോണിക് ഡിജെ സംഗീതഞ്ജരായ ‘ദ ചെയിൻസ്‌മോക്കേഴ്‌സ്’ (The Chainsmokers), മോഹൻലാലിനൊപ്പം നിൽക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ആഘോഷമാക്കുന്നത്. ഡാലസിലെ തങ്ങളുടെ ഷോയ്ക്ക് മുന്നോടിയായി, പോപ്പ് താരങ്ങളായ അലക്സ് പാൽ, ഡ്രൂ ടാഗർട്ട് എന്നിവർ ലാലേട്ടനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. താരത്തെ തങ്ങളുടെ ‘പുതിയ സുഹൃത്ത്’ എന്നാണ് അവർ വിശേഷിപ്പിച്ചത്.

പ്രശസ്തമായ ‘സെൽഫി’ (Selfie) എന്ന ഗാനത്തിലൂടെ ലോകശ്രദ്ധ നേടിയ ഈ പ്രതിഭകൾ, മോഹൻലാലിനൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിലൂടെയാണ് പങ്കുവെച്ചത്. ചിത്രത്തിൽ ലാലേട്ടന് ഇരുവശത്തുമായി നിന്ന് ചിരിച്ചുകൊണ്ട് പോസ് ചെയ്യുന്ന ഡിജെ ജോഡികളെ കാണാം.

‘ഡാലസിലെ ഞങ്ങളുടെ ഷോയ്ക്ക് മുൻപായി ഒരു പുതിയ സുഹൃത്തിനെ ലഭിച്ചു @mohanlal,’ എന്നായിരുന്നു ചിത്രത്തിന് നൽകിയ അടിക്കുറിപ്പ്. ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ച ചിത്രത്തിന് ഇതിനകം ലക്ഷക്കണക്കിന് ലൈക്കുകളും നാലായിരത്തോളം കമൻറുകളും ലഭിച്ചിട്ടുണ്ട്. ഒപ്പം ചിത്രം ഇൻസ്റ്റയിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും വ്യാപകമായി പ്രചരിക്കുന്നുമുണ്ട്.

ദ ചെയിൻസ്‌മോക്കേഴ്‌സിനെക്കുറിച്ച്
2014-ൽ പുറത്തിറങ്ങിയ "Selfie" എന്ന പാട്ടിലൂടെയാണ് ഇവർ പ്രശസ്തിയിലേക്ക് ഉയർന്നത്. "Bouquet," "Don't Let Me Down", "Closer", "Paris", "Something Just Like This", "No Hard Feelings" തുടങ്ങിയവ ഇവരുടെ ഹിറ്റ് ഗാനങ്ങളിൽ ചിലതാണ്. ഇവരുടെ ഗാനങ്ങൾക്ക് ഇങ്ങ് കേരളത്തിലും നിരവധി ആരാധകരുണ്ട്. ഗ്രാമി അവാർഡും അമേരിക്കൻ മ്യൂസിക് അവാർഡും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ഇവർ നേടിയിട്ടുണ്ട്. ആറ് വർഷം ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കാൽവിൻ ഹാരിസിനെ മറികടന്ന് ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഡിജെകളായും ഇവർ മാറിയിരുന്നു.

ആരാധകർ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം, ‘ദൃശ്യം 3’ മെയ് മാസത്തിൽ തിയേറ്ററുകളിലെത്തും. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഈ ക്രൈം ത്രില്ലറിൽ മീന, അൻസിബ ഹസൻ, എസ്തർ അനിൽ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ഒപ്പം മമ്മൂട്ടിയോടൊപ്പം അഭിനയിക്കുന്ന ‘പാട്രിയറ്റും’ മെയ് മാസമെത്തും.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: The Chainsmokers met Mohanlal ahead of their Dallas concert., The DJ duo referred to Mohanlal as their 'new friend' on Instagram., The viral post received over 100k likes., Brief background on The Chainsmokers' career and awards., Update on Mohanlal's upcoming film Drishyam 3 (May 2026 release) and Vrushabha.