‘അവൾ എന്റെ സൗഭാഗ്യമാണ്, എന്റെ ഏറ്റവും അടുത്ത കൂട്ടുകാരി’

താര കല്ലൃാൺ, സൗഭാഗ്യ വെങ്കിടേഷ് | Instagram
താര കല്ലൃാൺ, സൗഭാഗ്യ വെങ്കിടേഷ് | Instagram

കലയെ ജീവവായുവായി കാണുന്ന കലാകാരിയാണ് താര കല്ലൃാൺ. കലാകേരളത്തിന് താര വെറുമൊരു നർത്തകിയോ നടിയോ മാത്രമല്ല, അതിജീവനത്തിന്റെ കരുത്തുറ്റ മുഖം കൂടിയാണ്. ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് കരുത്തോടെ മുന്നോട്ടു പോയ ഒരമ്മകൂടിയാണ് അവർ. ആ അമ്മയ്ക്ക് കൂട്ടായി മകളുമൊപ്പമുണ്ടായിരുന്നു. ചുവടിടറിയപ്പോഴും മകളുടെ കരുത്തിൽ പുഞ്ചിരിയോടെ നിൽക്കുന്ന താരയും, അമ്മയുടെ നിഴലായി കൂടെയുള്ള മകൾ സൗഭാഗ്യ വെങ്കിടേഷും. ഇരുവരും സോഷ്യൽ മീഡിയയിൽ ഇപ്പോൾ വളരെ ആക്ടീവാണ്. നൃത്തവും വ്ലോഗുമെല്ലാമായി തിരക്കിലായ താര കല്ല്യാൺ മാതൃദിനത്തിൽ വിശേഷങ്ങൾ പങ്കുവെക്കുന്നു.

മകളിൽ നിന്ന് അമ്മയിലേക്ക്

മകൾ എന്ന നിലയിൽ നിന്ന് അമ്മയിലേക്കുള്ള സൗഭാഗ്യയുടെ മാറ്റം വളരെ അതിശയത്തോടെയാണ് താര നോക്കി കാണുന്നത്. അതൊരു പൂർണ്ണതയിലേക്കുള്ള യാത്രയായിരുന്നുവെന്നും അവർ പറയുന്നു. ‘സൗഭാഗ്യയുടെ അടുത്ത് ഞാൻ വളരെ സ്ട്രിക്ക്റ്റായ ഒരമ്മയായിരുന്നു. ആരും എന്റെ മകളെക്കുറിച്ച് മോശം പറയരുതെന്ന് കരുതിയാണ് അങ്ങനെ ചെയ്തത്. പക്ഷെ ഇപ്പോൾ ഓർക്കുമ്പോൾ അങ്ങനെ ആകേണ്ടിയിരുന്നില്ല എന്നു തോന്നുന്നു. സൗഭാഗ്യ വളർന്നുതുടങ്ങിയപ്പോഴാണ് ഞാനും അവളും നല്ല കൂട്ടുകാരായി മാറുന്നത്. ഇപ്പോഴും അത് തുടരുന്നു.’

നിഴലായി, ശബ്ദമായി...

കോവിഡ്കാലത്തായിരുന്നു താരയുടെ ശബ്ദത്തിന് പ്രയാാസം വന്നുതുടങ്ങിയത്. എന്നാൽ ആ നിമിഷങ്ങളിൽ പതറാതെ താര അതെല്ലാം അതിജീവിച്ചു. താങ്ങായത് മകൾ സൗഭാഗ്യയാണ്. "എന്റെ ശബ്ദം ഇല്ലാതായപ്പോൾ കുറേ മെഡിക്കൽ പ്രൊസീജ്യർ ചെയ്തു. അന്നൊക്കെ അവൾ എന്റെ കൂടെ നിന്നു," എന്ന് താര അഭിമാനത്തോടെ ഓർക്കുന്നു.

മകളുടെ വളർച്ചയെക്കുറിച്ച്

‘സൗഭാഗ്യ അവൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾ മാത്രമേ ചെയ്യാറുള്ളു. ഞാൻ എന്തൊക്കെ പറഞ്ഞാലും, പിണങ്ങിയാലും എന്റടുത്ത് എതിർത്ത് പറയില്ല. എന്നാൽ അവൾക്ക് ബോധ്യമുള്ള കാര്യമേ ചെയ്യൂ. ഇപ്പോഴും അങ്ങനെത്തന്നെ. എന്നാലും ഇന്ന് സൗഭാഗ്യയുടെ വളർച്ച കാണുമ്പോൾ എനിക്ക് വല്ലാത്ത അഭിമാനം തോന്നുന്നു. ഒരമ്മയായും, ഭാര്യയായും, മകളായും, എല്ലാത്തിലുമുപരി ഒരു നല്ല വ്യക്തിയായും എല്ലാ കാര്യങ്ങളും ഭംഗിയായി ചെയ്യുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നു.’ ഒരു മകളിൽ നിന്ന് ഉത്തരവാദിത്തമുള്ള ഒരമ്മയിലേക്കുള്ള സൗഭാഗ്യയുടെ മാറ്റം അവിശ്വസനീയമാണെന്ന് താര പറയുന്നു. ‘അവൾ എന്റെ സാഭാഗ്യമാണ്. അതുകൊണ്ടാണ് ഞാൻ അവൾക്ക് സാഭാഗ്യ എന്ന് പേരിട്ടതും.’

കുടുബത്തോടൊപ്പം

മാറാത്ത സ്നേഹം

പണ്ട് സൗഭാഗ്യയെ വളർത്തിയ താര കല്യാണല്ല ഇന്ന് കൊച്ചുമകൾ സുദർശനയെ ലാളിക്കുന്ന താര. സൗഭാഗ്യയുടെ അടുത്തുണ്ടായ സ്ട്രിക്ക്നെസ്സൊക്കെ മാറി. ‘സുദർശനയോടും എനിക്ക് വലിയ സ്നേഹമാണ്, എന്റെ മകളാണ് എനിക്ക് അവളെയും തന്നത്. സുദർശനയെ സൗഭാഗ്യ വഴക്ക് പറയുമ്പോൾ ഞാൻ തടയാറുണ്ട്. അപ്പോൾ അവളെന്നോടു ചോദിക്കും അമ്മ ഇങ്ങനെ ചെയ്തിരുന്നില്ലേയെന്ന്, അക്കാര്യത്തിൽ എനിക്ക് ഇപ്പോൾ ഖേദം തോന്നുന്നു എന്ന് ‍ഞാൻ അവളോട് പറയാറുണ്ട്. അത് അവൾ ആവർത്തിക്കാതിരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്.’ മരുമകൻ അർജുൻ താരയുടെ ശിഷ്യനായിരുന്നു. ഇപ്പോൾ ശെരിക്കും തന്റെ മകനെപ്പോലെയാണ് അർജുനെന്നും, എല്ലാം തുറന്നു പറയുന്ന പ്രകൃതക്കാരനാണെന്നും താര കൂട്ടിച്ചേർത്തു.

കലയും ജീവിതവും

ഞാൻ മകളെ ഉപദേശിക്കാറില്ല. എന്നാലും എന്റെ ജീവിതം കണ്ട് അവൾ കുറേ കാര്യങ്ങൾ പഠിച്ചിട്ടുണ്ടാവണം. ഞാൻ വളരെ കഷ്ടപ്പെട്ടാണ് ജീവിതം പടുത്തുയർത്തിയത്. അങ്ങനെ മകൾക്ക് കഷ്ടപ്പെടേണ്ടി വരരുത് എന്ന് ആഗ്രഹമുണ്ടായിരുന്നു. എന്റെ അമ്മ എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. അമ്മ പറയുന്നതൊക്കെ അനുസരിക്കുന്ന മകളായിരുന്നു ഞാൻ.

പണ്ടൊക്കെ തിരക്കിനിടയിൽ സൗഭാഗ്യയുടെ കൂടെയുള്ള നല്ല നിമിഷങ്ങൾ നഷ്ടമായിട്ടുണ്ട്. അത് ആലോചിക്കുമ്പോൾ വിഷമം തോന്നാറുണ്ട്. അവൾ ഒരുക്കലും എന്നോട് അതേക്കുറിച്ച് പരാതിപ്പെട്ടിട്ടില്ല. അവളെന്ന വ്യക്തിയെ എനിക്ക് ഏറെ ഇഷ്ടമാണ്. നൃത്തവും, ജീവിതവും കണ്ടന്റ് ക്രിയേഷനുമെല്ലാം അവൾ ഭംഗിയായി ചെയ്യുന്നുണ്ട്. അവളുടെ ഉറക്കത്തിന്റെ കാര്യത്തിൽ ഞാൻ ആശങ്കപ്പെടാറുണ്ട്. 

ഭർത്താവിനൊപ്പം

സൗഹൃദത്തിന്റെ രഹസ്യം

അമ്മയും മകളും എന്നതിലുപരി ഇവർക്കിടയിലെ രഹസ്യം, ആഴത്തിലുള്ള സൗഹൃദമാണ്. പരസ്പരം വിശ്വസിക്കാനും എന്തും തുറന്നു പറയാനുമുള്ള സ്വാതന്ത്ര്യമാണ് ഈ ബന്ധത്തിന്റെ അടിത്തറ. മകൾ നൃത്തവേദികളിൽ ശോഭിക്കുമ്പോഴും ജീവിതത്തിലെ പ്രതിസന്ധികളെ ധീരമായി നേരിടുമ്പോഴും താൻ അങ്ങേയറ്റം സംതൃപ്തയാണെന്ന് താര പറയുന്നു.

സിനിമാ, സീരിയൽ, നൃത്തം എന്നീ മോഖലകളിലെല്ലാം മികവ് വെളിയിച്ച താരമാണ് താരകല്ല്യാൺ. ഇപ്പോൾ ന‍ൃത്തം പഠിപ്പിക്കുന്നുമുണ്ട്.

ചാനൽ അവതാരകനും കൊറിയോഗ്രാഫറും അഭിനേതാവുമൊക്കെയായിരുന്നു താര കല്യാണിന്റെ ഭർത്താവ് രാജാറാം (Raja Venkatesh). 2017- ലാണ് അദ്ദേഹം അന്തരിച്ചത്. ശേഷം മകൾ സൗഭാഗ്യയും അമ്മ സുബ്ബലക്ഷ്മിയുമായിരുന്നു കൂട്ട്. സിനിമാ, സീരിയൽ മേഖലകളിൽ നിറസാന്നിദ്ധമായിരുന്നു നടിയും നർത്തകിയുമായിരുന്ന സുബ്ബലക്ഷ്മി അമ്മ. 2023-ൽ താരയ്ക്ക് അമ്മയെയും നഷ്ടമായി.

‘ഇപ്പോൾ സൗഭാഗ്യയാണെന്റെ ലോകം. എന്റെ സ്വത്താണ് അവൾ.’ ജീവിതത്തിലെ കയ്പ്പും മധുരവും ഒരുപോലെ പങ്കിട്ട്, പരസ്പരം താങ്ങായി നിൽക്കുന്ന ഈ അമ്മയും മകളും മാതൃത്വത്തിന്റെ പുതിയൊരു അധ്യായമാണ് തുറന്നു കാട്ടുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Evolution of Tara Kalyan and Sowbhagya's relationship from strict parenting to best friends., Sowbhagya's pivotal role in supporting Tara Kalyan during health challenges., Tara Kalyan's reflections on raising a daughter and the joy of being a grandmother to Sudarshana., The legacy of resilience passed down through three generations of women., Balancing life, dance, and content creation as a family unit.