പത്തുവർഷം നീണ്ട പ്രണയം, ഒന്നിച്ചു ജീവിച്ച ഇരുപത്തൊന്ന് നാളുകൾ, കരയാനല്ലാതെ മറ്റൊന്നിനും കെല്പില്ലായിരുന്നു

#വി. പ്രവീണ
കനിക (നർത്തകി, നൃത്താധ്യാപിക)
കനിക (നർത്തകി, നൃത്താധ്യാപിക)

സന്തോഷത്തിന്റെ കൊടുമുടിയിൽ നിന്ന് തീരാ നോവിന്റെ ഗർത്തത്തിലേക്ക് വീണുപോയാൽ എന്താകും അവസ്ഥ. അതിനുള്ള ഉത്തരം ജീവിതം എന്നെ പഠിപ്പിക്കുകയായിരുന്നു. പത്തുവർഷം നീണ്ട പ്രണയം. ഒടുവിൽ അത് വിവാഹത്തിലേക്കെത്തിയതിന്റെ ആനന്ദത്തിലായിരുന്നു ഞാൻ. പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് രജിയേട്ടനുമായി ഞാൻ അടുക്കുന്നത്. വീട്ടിൽ അറിഞ്ഞപ്പോൾ ചെറിയ പ്രശ്നമൊക്കെ ഉണ്ടായി. പക്ഷേ, എല്ലാവരുടെയും സമ്മതത്തോടെ എന്റെ ഇരുപത്തിനാലാംവയസ്സിൽ ഞങ്ങൾ വിവാഹിതരായി. ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം സാധ്യമാക്കിയതിന്റെ സന്തോഷം അറിഞ്ഞ നാളുകൾ. പക്ഷേ, ആ സന്തോഷത്തിനും ഞാനറിഞ്ഞ സ്നേഹത്തിനും ആയുസ് കുറവായിരുന്നു.

വിവാഹം കഴിഞ്ഞ് ഇരുപത്തൊന്നാം നാൾ ഞങ്ങൾ രണ്ടുപേരുംകൂടി വീടിനടുത്തുള്ള പുഴയിൽ കുളിക്കാൻ പോയതാണ്. പുഴയിൽ ഇറങ്ങിയ സമയത്ത് എങ്ങനെയോ വെള്ളം ഉയർന്നു. ഒഴുക്കിൽപ്പെട്ട എന്നെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രജിയേട്ടൻ മുങ്ങിപ്പോവുകയായിരുന്നു. അദ്ദേഹത്തിന് രക്ഷപ്പെടാനായില്ല. ഒന്നിച്ചു ജീവിച്ച ഇരുപത്തൊന്ന് നാളുകൾ, പത്തുവർഷത്തോളം ഒന്നിച്ചു പങ്കിട്ട പ്രണയം. പെട്ടെന്ന് ഞാനീ ഭൂമിയിൽ തനിച്ചായി. യാഥാർഥ്യത്തെ ഉൾക്കൊള്ളാൻ എനിക്കായില്ല. നല്ല ഓർമ്മകൾ മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. ഓരോ ഓർമ്മയും നോവിച്ചുതുടങ്ങി. ഞാൻ ഞാനല്ലാതായിമാറി. ചവിട്ടിനിന്ന മണ്ണും ഈ ഭൂമിതന്നെയും മാഞ്ഞുപോയതുപോലെ.

കരയാനല്ലാതെ മറ്റൊന്നിനും കെല്പില്ലാതെ മൂന്നു മാസത്തോളം മുറിയിൽ അടച്ചിരുന്നു. വിശപ്പില്ല, ഉറക്കമില്ല. ആരെയും കാണാനോ സംസാരിക്കാനോ ഒന്നും കഴിയാത്ത മാനസികാവസ്ഥ. കരഞ്ഞുകരഞ്ഞുതീർത്ത ദിവസങ്ങൾ. ആ അവസ്ഥയിലാണ് ചികിത്സതേടുന്നത്.

ഒരു പ്രൊഫഷണൽ ഡാൻസറാണ് ഞാൻ. ഈ സംഭവത്തിനുശേഷം നൃത്തത്തെപ്പോലും ഞാൻ മറന്നു. നൃത്തത്തിലേക്ക് എന്നെ തിരികെ കൊണ്ടുവരികയായിരുന്നു ചികിത്സയുടെ ആദ്യപടി. ഒരുതരത്തിൽ സങ്കടങ്ങളുടെ ഇരുട്ടിൽ നൃത്തം എന്റെ കൈപിടിക്കുകയായിരുന്നു. ആരുടെയൊക്കെയോ പ്രോത്സാഹനത്തിൽ ഒടുവിൽ മൻസിയ എന്ന സുഹൃത്തിനൊപ്പം ഒരു വേദിയിൽ നൃത്തംചെയ്തു. പതിയെ നൃത്തം എന്നെ ആശ്വസിപ്പിച്ചുതുടങ്ങി. പല വേദികളിൽ നൃത്തം തുടർന്നു. ജീവിതം നിലച്ചുപോകാതിരിക്കാൻ അതുമാത്രമായിരുന്നു പിടിവള്ളി. പക്ഷേ, അപ്പോഴും വേദനകൾ വിടാതെ പിന്തുടർന്നു. വേദികളിൽ ഞാൻ സജീവമായതോടെ 'ഓ ഇത്രയൊക്കെയേ ഉള്ളായിരുന്നു ആ സ്നേഹം അല്ലേ' എന്ന് കുറ്റപ്പെടുത്തിയവരുണ്ട്. അപ്പോഴൊക്കെ വീണ്ടും വീണുപോയി.

എല്ലാവരും നൃത്തം ചെയ്യുന്നത് മനസ് സന്തോഷമറിയുമ്പോഴായിരിക്കുമല്ലോ. പക്ഷേ, ഞാൻ നൃത്തം ചെയ്തുചെയ്ത് സന്തോഷം കണ്ടെത്തുകയായിരുന്നെന്ന് പറയാം. രണ്ടുവർഷത്തിനുശേഷം കുറ്റ്യാടിയിൽ നൃത്തവിദ്യാലയം തുടങ്ങി. പതിനഞ്ചു വിദ്യാർഥികളുമായി തുടങ്ങിയ ആ സ്ഥാപനത്തിൽ ഇന്ന് ഇരുനൂറോളംപേർ പഠിക്കുന്നു. ഞാൻ കുച്ചുപ്പുടിയിൽ ഡിപ്ലോമ നേടി. ഭരതനാട്യത്തിൽ പഠനം തുടരുന്നു.

ഒന്നും എളുപ്പമായിരുന്നില്ല. സന്തോഷം സമ്മാനിക്കുന്ന നിമിഷങ്ങൾ വേദനയുടെ ഉറവകൂടിയാണെന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു. എവിടെപ്പോയാലും ഓർമ്മകൾ പിന്നാലെ വരും. ഒന്നിച്ച് സമയം പങ്കിട്ട ഇടങ്ങൾ, ചില രുചികൾ, ചില സന്ധ്യകൾ എല്ലാം വേദനിപ്പിച്ചുകൊണ്ടിരുന്നു. അന്ന് എന്നെ പ്രവേശിപ്പിച്ച ആശുപത്രിക്ക് മുന്നിലൂടെ പോകേണ്ടിവരുമ്പോൾ മനസ്സ് വല്ലാതെ പിടഞ്ഞുകൊണ്ടിരുന്നു.

ഡോക്ടർമാരെയും നഴ്സുമാരെയും കാണുന്നതുതന്നെ എനിക്ക് ഭയമായിരുന്നു. ആംബുലൻസിന്റെ ശബ്ദം കേൾക്കുമ്പോഴൊക്കെ ശരീരം വിറയ്ക്കും. ഓർമ്മ കടന്നുവരുന്ന എല്ലാ പഴുതുകളിലൂടെയും സങ്കടം കയറിവന്നുകൊണ്ടിരുന്നു.

പതിയെപ്പതിയെയാണ് എല്ലാം മാറിയത്. പക്ഷേ, അന്നത്തെ ആഘാതം മനസ്സിനെ ഒരുപാട് തളർത്തി. ചെറിയ കാര്യങ്ങളിൽപ്പോലും വല്ലാതെ വേദനിക്കുന്ന ഒരാളായി ഞാൻ മാറി. എങ്കിലും ആ ഇരുട്ടിൽ നിന്ന് ഏറെക്കുറെ പുറത്തുകടക്കാനായി. നൃത്തവും ക്ഷമയോടെ എന്നെ കേട്ട പ്രിയപ്പെട്ട മനുഷ്യരും ചികിത്സയും ഒക്കെച്ചേർന്നാണ് അതിജീവനം സാധ്യമായത്. അക്കാലത്ത് സങ്കടങ്ങളിൽ ഒപ്പംനിന്ന സുഹൃത്തിനെ കഴിഞ്ഞ നവംബറിൽ ഞാൻ വിവാഹംചെയ്തു. നൃത്തം എന്നെ സംബന്ധിച്ച് മരുന്നാണ്. ഓർമ്മകൾ വറ്റിപ്പോയി എന്നല്ല. ഓർമ്മകളും നോവും അവിടെത്തന്നെയുണ്ട്. പക്ഷേ, അതിജീവിക്കാതെ നിലനിൽക്കാനാവില്ല…


(മുഴുവൻ ലേഖനം ഒക്ടോബർ ഒന്നാം ലക്കം ഗൃഹലക്ഷ്മിയിൽ. ഓൺലൈൻ വഴിവാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക)

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: A 10-year love story ending in marriage followed by a tragic drowning accident 21 days later., Battling severe depression, trauma, and isolation for months after the tragedy., Using dance as a form of therapy to slowly overcome grief and rebuild life., Establishing a dance school, pursuing advanced studies in dance, and eventually remarrying.