എഴുതാത്ത വിരല്‍ കൊണ്ടെഴുതിയ ഏഴു പുസ്തകങ്ങള്‍... ശ്രീദേവിന്റെ അക്ഷരയാത്ര

പിറന്നു വീണപ്പോള്‍ ആ കുഞ്ഞിന് ശ്വാസമെടുക്കാനുള്ള ശേഷിയുണ്ടായിരുന്നില്ല... എന്നിട്ടും അവന്‍ ജീവന്റെ നൂല്‍പ്പാലം കയറി. കരഞ്ഞും ചിരിച്ചും അച്ഛനമ്മമാരുടെ കണ്ണിലുണ്ണിയായി വളര്‍ന്നു. പക്ഷേ, പതിയിരുന്ന ആശങ്ക വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ തലപൊക്കി. കമിഴ്ന്നു വീഴുന്നില്ല, തലയുറയ്ക്കുന്നില്ല... രോഗം എന്തെന്ന് കണ്ടെത്തുമ്പോള്‍ അവന് രണ്ടുവയസ്സ്. സെറിബ്രല്‍ പാള്‍സി. പിന്നെ ചികിത്സയുടെ നാളുകള്‍... കുഞ്ഞിന്റെ തലയൊന്ന് ഉറച്ചുകിട്ടാന്‍, അവനൊന്ന് നടന്നു കാണാന്‍ ആ അച്ഛനമ്മമാര്‍ തേടാത്ത വഴികളില്ല. അതിനിടെ നാലാം വയസ്സില്‍ രണ്ടു വരികള്‍ കൊണ്ട് അവനമ്മയെ ഞെട്ടിച്ചു. ആ ഞെട്ടലില്‍ അമ്മ അവന്റെ പകര്‍ത്തെഴുത്തുകാരിയായി. അങ്ങനെയാണ് ശ്രീദേവ് എസ്. മീനടം എഴുത്തുകാരനായത്. ഇന്നവന് വയസ് 18. കോട്ടയം സി. എം. എസ് കോളേജില്‍ ഒന്നാം വര്‍ഷ മലയാളം ബിരുദ വിദ്യാര്‍ഥി. നടക്കാനും ഇരിക്കാനും പ്രാഥമികകാര്യങ്ങള്‍ ചെയ്യാന്‍ പോലും പരസഹായം ആവശ്യമുണ്ട് അവന്. പക്ഷേ, ദുരിതക്കയത്തില്‍ നിന്ന് അക്ഷരങ്ങള്‍ അവനെ ജീവിതത്തിലേക്ക് വലിച്ചടുപ്പിച്ചു. രണ്ട് നോവലുകളും ഒട്ടേറെ കവിതകളും, കഥാസമാഹാരങ്ങളും അടക്കം ഏഴുപുസ്തകങ്ങള്‍, നിരവധി പുരസ്‌കാരങ്ങള്‍...
അന്നത്തെ കാലം
കോട്ടയത്തെ മീനടത്താണ് ശ്രീദേവിന്റെ വീട്. അമ്മ പുഷ്പ. അച്ഛന്‍ സുഗതന്‍. ഒന്നാം ക്ലാസ് മുതല്‍ പ്ലസ്ടു വരെ മീനടം സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് ശ്രീദേവ് പഠിച്ചത്. പഠിച്ച ക്ലാസിലെല്ലാം ഒന്നാമന്‍. പത്താം ക്ലാസില്‍ എല്ലാ വിഷയത്തിനും എ. പ്ലസ്. പ്ലസ്ടുവിന് 84 ശതമാനം മാര്‍ക്ക്. പേന ചേര്‍ത്തുപിടിക്കാനും എഴുതാനും ബുദ്ധിമുട്ടാണ്. പരീക്ഷകള്‍ സ്‌ക്രൈബിന്റെ സഹായത്തോടെയാണ് എഴുതിയത്. സ്‌കൂളില്‍ സാധാരണ വിദ്യാര്‍ഥികള്‍ക്കൊപ്പം തന്നെ ശ്രീദേവ് പഠിച്ചു. നാലര വയസ് വരെ ശ്രീദേവ് ഒരേ കിടപ്പായിരുന്നെന്ന് പറയുന്നു അമ്മ. മൂന്നര വയസില്‍ ഞങ്ങള്‍ അവനെ നഴ്‌സറിയില്‍ ചേര്‍ത്തു. പുറത്തെ ലോകം അവന് അന്യമാകണ്ട എന്നു കരുതിയിട്ടാണ്. വയ്യാത്ത കുഞ്ഞല്ലേ എന്നുകരുതി മാറ്റിനിര്‍ത്തുന്നത് തെറ്റാണെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. അക്കാലത്ത് മറ്റ് കുട്ടികളെപ്പോലെ ബെഞ്ചിലോ കസേരയിലോ ഒന്നും ഇരിക്കാന്‍ അവനാവില്ല. ഭിത്തിയില്‍ ചാരി ഇരുത്തും. അല്ലെങ്കില്‍ വീണുപോവും.
തുടക്കം ഇങ്ങനെ
മുറ്റത്തെ ചെടിപ്പടര്‍പ്പിലെ കാഴ്ചകളില്‍ നിന്നാണ് ശ്രീദേവിന്റെ എഴുത്തിന്റെ തുടക്കം. ആ കഥയിലേക്ക് അമ്മ കടന്നു. ഒരു ദിവസം മോനെ മുറിയിലിരുത്തി ഞാന്‍ അടുക്കളയില്‍ പണിത്തിരക്കിലായിരുന്നു. അവന്‍ ജനലിന് പുറത്ത് മള്‍ബറിച്ചെടിയിലേക്ക് നോക്കി ഇരിക്കുന്നുണ്ട്. ഇടയ്ക്ക് അവനെന്തോ പറയുന്നപോലെ തോന്നി. ഞാന്‍ ചെന്നു നോക്കുമ്പോള്‍ കവിത ചൊല്ലുകയാണ്. രണ്ടുദിവസം കഴിഞ്ഞ് അതേ കവിത അവന്‍ വീണ്ടും ചൊല്ലി.
കാടും പടലും കേറി നടന്നൊരു പുള്ളിക്കുയിലാണേ
ഞാനൊരു പുള്ളിക്കുയിലാണേ...
എന്ന് തുടങ്ങുന്ന വരികള്‍ ഞാന്‍ ഒരു കടലാസില്‍ എഴുതിവച്ചു. പിന്നെ കുറേ നാള്‍ കഴിഞ്ഞപ്പോള്‍ അവന്‍ എനിക്കൊരു കഥ പറഞ്ഞുതന്നു. വീടില്ലാത്തവരെപ്പറ്റി ഒരു കഥ. പുറംലോകം കാണാത്ത കുഞ്ഞിന് ഈ കഥ എങ്ങനെ കിട്ടി എന്ന് എനിക്ക് അത്ഭുതമായി. ഞാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവനാ കഥ വീണ്ടും പറഞ്ഞു. ഞാനത് പകര്‍ത്തി. മോനെ കാണിക്കുന്ന ഡോക്ടറോട് ഇക്കാര്യം പറഞ്ഞു. അവനെ വീട്ടിലിരുത്തി കൊഞ്ചിക്കാതെ സ്‌കൂളില്‍ വിടണം. എന്നിട്ടേ ഇനി കാണാന്‍ ചെല്ലാവൂ എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ഒരു ഒക്ടോബര്‍ മാസത്തില്‍ അഞ്ചര വയസില്‍ അവനെ സ്‌കൂളില്‍ ചേര്‍ത്തു. മോന്‍ പറഞ്ഞു തന്ന് ഞാന്‍ എഴുതിയ കഥകളും കവിതകളും കൊണ്ട് മൂന്ന് ഡയറി നിറഞ്ഞിരുന്നു അതിനോടകം. പക്ഷേ, ഞങ്ങള്‍ക്കിത് ആരോടെങ്കിലും പറയാന്‍ മടിയായിരുന്നു. ആരെങ്കിലും വിശ്വസിക്കുമോ എന്ന പേടി. പതിയെ മോന്റെ കഴിവ് എല്ലാവരും അറിഞ്ഞു.
കോട്ടയം ഡയറ്റ് മുന്‍കൈയെടുത്ത് മണിമുത്തുകള്‍ എന്ന അവന്റെ ആദ്യ പുസ്തകം പ്രസിദ്ധീകരിച്ചു. അന്ന് അവന്‍ രണ്ടാം ക്ലാസ്സിലാണ്. അവിടുന്നിങ്ങോട്ട് ഏഴ് പുസ്തകങ്ങള്‍. അടുത്ത് ഇടപഴകുന്നവര്‍ക്കല്ലാതെ മറ്റാര്‍ക്കും അവന്‍ പറയുന്നത് വ്യക്തമായി മനസ്സിലാവില്ല. വ്യക്തമായി സംസാരിക്കാനും എഴുതാനും ബുദ്ധിമുട്ടുള്ള കുഞ്ഞിന് ഇങ്ങനെയൊരു ലോകം ഉള്ളതുമാത്രമാണ് ഞങ്ങളുടെ സന്തോഷം. മയില്‍പീലികള്‍, യുവവനം, വാനക്കാഴ്ചകള്‍, മഞ്ഞുവീണ പൂക്കള്‍ തുടങ്ങിയവയാണ് ശ്രീദേവിന്റെ പുസ്തകങ്ങള്‍. നാടകങ്ങളും കഥാപ്രസംഗങ്ങളും രചിച്ചിട്ടുണ്ട്. അടുത്തിടെ എഴുതിയ നുറുങ്ങു ചിന്തകള്‍ ചേര്‍ത്തുവച്ച് ഒരു പുസ്തകം ഇറക്കാനും പദ്ധതിയുണ്ട്. സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ ഉജ്ജ്വല ബാല്യം പുരസ്‌കാരം ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ സ്വന്തമാക്കിയിട്ടുണ്ട് ശ്രീദേവ്.
എന്നെന്നും ഒപ്പം
രോഗം സ്ഥിരീകരിച്ച കാലം മുതല്‍ ശ്രീദേവിന് ഫിസിയോ തെറാപ്പി മുടങ്ങാതെ ചെയ്യുന്നുണ്ട്. പറ്റാവുന്ന ചികിത്സയെല്ലാം നല്‍കി കുടുംബം അവനൊപ്പം നില്‍ക്കുന്നു. അമ്മയ്‌ക്കൊപ്പമായിരുന്നു ശ്രീദേവിന്റെ സ്‌കൂള്‍ യാത്രകള്‍. മകനെ ക്ലാസിലാക്കി അമ്മ പുറത്തെവിടെയെങ്കിലും കാത്തിരിക്കും. അവന് എന്തെങ്കിലും ആവശ്യം വന്നാല്‍ ഓടിച്ചെല്ലാന്‍. അഞ്ചാം ക്ലാസായപ്പോഴാണ് അവനൊന്ന് തല നിവര്‍ത്തിപ്പിടിക്കാന്‍ തുടങ്ങിയത്. പ്രത്യേകം തയ്യാറാക്കിയ കസേരയിലായിരുന്നു ക്ലാസിലെ ഇരുത്തം. ഒരു ദിവസം അധ്യാപകന്‍ മറ്റുകുട്ടികള്‍ക്കൊപ്പം അവനെ ബെഞ്ചില്‍ ഇരുത്തി. അതവന് വലിയ സന്തോഷമായി. പിന്നെയൊരിക്കലും ആ പഴയകസേര ഉപയോഗിച്ചിട്ടില്ല. ശ്രീദേവ് വീണുപോകാതെ താങ്ങായി രണ്ടു വശത്തും ചങ്ങാതിമാര്‍ ഇരിക്കും. ഒമ്പതാം ക്ലാസില്‍ എത്തിയതോടെ താങ്ങില്ലാതെ ബെഞ്ചില്‍ ഒറ്റയ്ക്ക് ഇരിക്കാമെന്നായി. ക്ലാസില്‍ നോട്‌സ് എഴുതിയെടുക്കാതെ അധ്യാപകര്‍ പറയുന്നത് കേട്ടുപഠിക്കുകയായിരുന്നു ശ്രീദേവ്. ഒറ്റത്തവണ പറഞ്ഞുകൊടുത്താല്‍ പിന്നെയവന്‍ മറക്കില്ല. അച്ഛന്‍ അവനെ ചേര്‍ത്തുപിടിച്ചു.
മുന്നിലുണ്ട് പ്രതിസന്ധികള്‍
പഠനത്തിലും എഴുത്തിലും മികവ് പുലര്‍ത്തുമ്പോഴും ശ്രീദേവിന് മുന്നില്‍ പ്രതിസന്ധികള്‍ ഏറെ. അതേപ്പറ്റി അമ്മ പറഞ്ഞുതുടങ്ങി. രണ്ടു പേര് താങ്ങിയാല്‍ മാത്രമേ അവന് ഒരു ചുവട് വെക്കാന്‍ പറ്റൂ. സഹായത്തിന് ആരെങ്കിലും ഒപ്പം വേണം. ഭക്ഷണം സ്വയം കഴിക്കാന്‍ തുടങ്ങിയത് അടുത്തിടെയാണ്... നാലുമാസത്തെ ഒരു ചികിത്സയുടെ ഭാഗമായി വന്ന മാറ്റം. പക്ഷേ, സാമ്പത്തിക പ്രശ്‌നം കാരണം അത് മുടങ്ങി. അവന്റെ യാത്രാസൗകര്യം കണക്കിലെടുത്ത് കടംവാങ്ങി ഒരു പഴയ കാര്‍ വാങ്ങി. അവന്റെ ചേട്ടന്‍ ശ്രീജിത്ത് ബി. ടെക് പൂര്‍ത്തിയാക്കി. ശ്രീദേവിന്റെ കാര്യത്തില്‍ ഞങ്ങളെ സഹായിക്കാന്‍ അവനും ഒപ്പമുണ്ട്. അച്ഛന്‍ സുഗതന്‍ പ്ലംബറായിരുന്നു. പക്ഷേ, മോന്റെ കാര്യം ശ്രദ്ധിക്കാന്‍ വീടിനടുത്ത് കച്ചവടമാണ് ഇപ്പോള്‍. അവനിപ്പോള്‍ വലിയ കുട്ടിയല്ലേ. ഞാന്‍ തനിയെ പിടിച്ചാല്‍ നില്‍ക്കില്ല. ഒന്ന് ടോയ്‌ലറ്റില്‍ കൊണ്ടുപോകണമെങ്കിലും രണ്ടുപേര്‍ വേണം. പ്രതിസന്ധികള്‍ ഒരുപാടുണ്ട്. ഇല്ലായ്മകള്‍ക്ക് നടുവിലും മോന്റെ എഴുത്താണ് ഞങ്ങള്‍ക്ക് ഊര്‍ജം.
Content Highlights: survival journey of sreedev in the world of letters