'രണ്ടരമണിക്കൂര്‍ സിനിമയേക്കാള്‍ വലിയ ചിരി സമ്മാനിക്കുന്നു ഫോണിലെത്തുന്ന ട്രോളുകള്‍'

സ്വപ്നംകണ്ട ജീവിതം കണ്‍മുന്‍പിലെത്തിയതിനെക്കുറിച്ച് പലരും സംസാരിക്കുന്നത് കേട്ടിട്ടുണ്ട്. എന്നാല്‍, നല്ലൊരു ജീവിതം സ്വപ്‌നംകാണാന്‍പോലും ധൈര്യമില്ലാത്ത സാഹചര്യങ്ങളിലൂടെയാണ് ഞാന്‍ കടന്നുവന്നത്. ജീവിതം സമ്മാനിച്ച അദ്ഭുതങ്ങള്‍ക്കുമുന്‍പില്‍ അതിശയപ്പെടാതെ വയ്യ. പിന്നിട്ട വഴികളെക്കുറിച്ചോര്‍ക്കുമ്പോള്‍ ചിലപ്പൊഴൊക്കെ അറിയാതെ കണ്ണുനിറയും.
വര്‍ഷങ്ങളായി സിനിമയ്‌ക്കൊപ്പമാണ് സഞ്ചാരം. പലതരം കഥാപാത്രങ്ങള്‍, വേദികള്‍, ചാനല്‍ ഷോകള്‍.. വെള്ളിവെളിച്ചങ്ങള്‍ക്കു മുന്‍പില്‍ ചിരിച്ചും ചിരിപ്പിച്ചും ദിവസങ്ങള്‍ കടന്നുപോകുന്നു. ചിരിയില്‍ പൊതിഞ്ഞാണ് ഞാനെന്നെത്തന്നെ പാകപ്പെടുത്തിയത്. ആള്‍ക്കൂട്ടത്തിനുള്ളില്‍നിന്നും സൗഹൃദസംഭാഷണത്തില്‍നിന്നുമെല്ലാം ചിരിക്കുള്ള വക കണ്ടെത്താന്‍ പാകപ്പെട്ട മനസ്സാണ് ഇന്നെന്റെത്.
ആളുകളെ ചിരിപ്പിക്കാനുള്ള എന്റെ ശ്രമങ്ങള്‍ തുടങ്ങുന്നത് ഹൈസ്‌കൂള്‍ക്കാലംമുതലാണ്. എട്ടാംക്ലാസില്‍ പഠിക്കുമ്പോഴാണ് മിമിക്രിപരിശീലനത്തിന്റെ തുടക്കം. ചേട്ടന്‍വഴി മിമിക്രിയിലേക്കെത്തിയ കുട്ടിക്കാലമാണ് എന്റെത്. ചേട്ടനും സുഹൃത്തുക്കളും ചേര്‍ന്ന് 'വെഞ്ഞാറമൂട് സുഹൃദ്‌സംഘം' എന്നപേരില്‍ ഒരു മിമിക്രി ട്രൂപ്പുണ്ടാക്കിയപ്പോള്‍ സഹായിയായി ഞാനവര്‍ക്കൊപ്പം ചേര്‍ന്നു. അവിടെനിന്ന് കണ്ടും കേട്ടും പലതും പഠിച്ചെടുത്തു.
മിമിക്രിയും അഭിനയവുമെല്ലാമാണ് എന്റെ ഭാവിജീവിതത്തെ നയിക്കുകയെന്നൊരു തോന്നല്‍ സ്വപ്‌നത്തില്‍പ്പോലുമില്ലായിരുന്നു. ജീവിതം സിനിമാക്കഥകളെക്കാള്‍ അതിശയിപ്പിക്കുന്നതാണെന്ന് ഇന്നെനിക്കറിയാം. ശബ്ദമുറയ്ക്കാത്ത കാലത്ത് മിമിക്രിയെന്നപേരില്‍ ഞാന്‍ നടത്തിയ ചില സൂത്രപ്പണികളും അന്നത്തെ ചങ്കൂറ്റവുമോര്‍ത്ത് ഇന്ന് ചിലപ്പൊഴൊക്കെ ഞാന്‍ ചിരിക്കാറുണ്ട്. ഉപദേശിക്കാനും മാര്‍ഗനിര്‍ദേശം നല്‍കാനും വലിയ ജീവിതങ്ങളൊന്നും മുന്നിലുണ്ടായിരുന്നില്ല. പല ഘട്ടങ്ങളിലും സ്വയം ചുവടുറപ്പിച്ചൊരു കുതിപ്പായിരുന്നു. വരുന്നിടത്തുവെച്ച് കാണാമെന്ന ധൈര്യംമാത്രമായിരുന്നു കൈമുതല്‍. ആള്‍ക്കൂട്ടത്തെ ചിരിപ്പിക്കാനുള്ള ആഗ്രഹമായിരുന്നു യാത്രയുടെ കരുത്ത്.
സ്‌കൂള്‍ക്കാലം കഴിയുമ്പോഴേക്കും എന്റെ ചിരിനമ്പറുകള്‍ക്ക് ആവശ്യക്കാരേറെയുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി. എട്ടാംക്ലാസില്‍ പഠിക്കുമ്പോഴുണ്ടായ അമ്മൂമ്മയുടെ മരണം; മരണവീട്ടിലെ എന്റെ ചില ഇടപെടലുകള്‍ ജീവിതത്തെ മാറ്റിമറിച്ചു. വീടിനോട് ചേര്‍ന്നായിരുന്നു അമ്മൂമ്മയുടെ വീട്. പതിനാറുദിവസത്തെ മരണാനന്തരച്ചടങ്ങുകളെല്ലാം പൂര്‍ത്തിയാകുന്നതുവരെ ബന്ധുക്കളെല്ലാം തറവാട്ടില്‍ തമ്പടിക്കും. ആദ്യ രണ്ടുദിവസം പിന്നിടുന്നതോടെ മരണത്തിന്റെ കണ്ണീരും പ്രകടമായ വിഷമവുമെല്ലാം പതിയെ മാഞ്ഞുപോകും. പിന്നീട് ബന്ധുക്കളുടെ ഒത്തുചേര്‍ന്നുള്ള വര്‍ത്തമാനങ്ങളാണ്.
സ്‌കൂള്‍വിട്ടുവന്നാല്‍ നേരേ മരണവീട്ടിലേക്കൊരോട്ടം. രാത്രിയില്‍ കഞ്ഞിയും പയറും കഴിച്ചിരിക്കുന്ന കുടുബക്കാര്‍ക്കുമുന്‍പില്‍ ചിരിവകകള്‍ നിറയ്ക്കുകയെന്നതാണ് എന്റെ പ്രധാനജോലി. മുന്‍കൂട്ടിത്തയ്യാറാക്കിയ തിരക്കഥയൊന്നുമില്ലാതെ ഞാന്‍ തട്ടിവിട്ട പല തമാശകളും അവിടെയുള്ളവരെ ചിരിപ്പിച്ചു. മറ്റുള്ളവരെ രസിപ്പിക്കാന്‍ എനിക്കൊരു കഴിവുണ്ടെന്ന് സ്വയം തിരിച്ചറിഞ്ഞ വേദികൂടിയായിരുന്നു ആ മരണവീട്.
''നീ വല്യമ്മാവനെ ഒന്ന് കാണിച്ചേ...''
''ചിറ്റപ്പന്‍ എങ്ങനെയാ ചിരിക്കുന്നത്?''
അന്ന് കാണിച്ചത് മിമിക്രിയാണോ എന്നൊന്നും എനിക്കറിയില്ല. എങ്കിലും മരണാനന്തരച്ചടങ്ങ് കഴിഞ്ഞ് ആഴ്ചകള്‍ക്കുശേഷം മടങ്ങുന്നവരുടെ മനസ്സിലെല്ലാം എന്റെ ചിരിനമ്പറുകള്‍ നിറഞ്ഞുനിന്നു. ചെറുക്കന്റെ തമാശകള്‍ ഇനിയെന്ന് കേള്‍ക്കാന്‍ കഴിയുമെന്ന വീടിനുള്ളിലെ അടക്കംപറച്ചിലുകള്‍ ഉള്ളില്‍ അഭിമാനം നിറച്ചു. വെഞ്ഞാറമൂട്ടിലെ മരണവീടുകളില്‍ ഞാന്‍ നിറച്ച ചിരികളാണ് എനിക്ക് പിന്നീട് വേദികള്‍ സമ്മാനിച്ചത്. അന്നത്തെ പ്രകടനങ്ങളുടെ തുടര്‍ച്ചയെന്നോണം കരകുളം ക്ഷേത്രത്തില്‍ മിമിക്രിയവതരിപ്പിക്കാന്‍ മാമന്‍ ക്ഷണിച്ചത് ഇന്നും മനസ്സിലുണ്ട്.
ആളുകള്‍ക്കിടയില്‍ ചിരി നിറയ്ക്കുകയെന്നത് എന്റെ ജോലിയാണെന്ന് മനസ്സുകൊണ്ട് സ്വയം പ്രഖ്യാപിക്കുകയായിരുന്നു. പൊതുഇടങ്ങളിലെ മറ്റുള്ളവരുടെ സംസാരങ്ങളും ശൈലികളും ഇടപെടലുകളുമെല്ലാം സൂക്ഷ്മമായി ഞാനൊപ്പിയെടുത്തു. എന്നെ കേള്‍ക്കാന്‍ ആളുകള്‍ കൂടിക്കൂടിവന്നു. ഞാന്‍ സ്വയം നവീകരിച്ചുമുന്നേറിയ കാലമായിരുന്നു അത്.
ചിരിച്ചും ചിരിപ്പിച്ചുമാണ് സിനിമയിലേക്കെത്തുന്നത്. ഇന്നെന്റെ ഇന്‍ബോക്‌സിലും കമന്റ് ബോക്‌സിലുമെല്ലാം തമാശവേഷങ്ങള്‍ ഒഴിവാക്കുന്നതെന്താണെന്ന ചോദ്യം നിരന്തരമുയരുന്നു. സുരാജ് സീരിയസായി എന്ന് മാധ്യമങ്ങളും എഴുതിത്തുടങ്ങി. തമാശവേഷങ്ങള്‍ അവതരിപ്പിക്കാന്‍ മനസ്സുകൊണ്ടാഗ്രഹിക്കുമ്പോഴും വരുന്നതെല്ലാം ഗൗരവമുള്ള വേഷങ്ങളാണെന്നതാണ് സത്യം.
എബ്രിഡ് ഷൈന്‍ ചിത്രത്തിലെ കഥാപാത്രത്തെ അഭിനന്ദിച്ചുകൊണ്ട് വിളിച്ചവരുടെ കൂട്ടത്തില്‍ എഴുത്തുകാരും സംവിധായകരുമെല്ലാമുണ്ടായിരുന്നു. പിന്നീട് അവരെല്ലാം തമാശയ്ക്കപ്പുറത്തെ വേഷങ്ങളുമായാണ് എന്നെ കാണാന്‍വന്നത്. ഒരു കലാകാരനെന്ന നിലയില്‍ വ്യത്യസ്തവും പുതുമയുള്ളതുമായ വേഷങ്ങള്‍ സ്വീകരിക്കാന്‍ എന്നും ഉത്സാഹമായിരിക്കും. അതുകൊണ്ടുതന്നെ, ചിരിക്കപ്പുറമുള്ള വേഷങ്ങളെടുത്തണിഞ്ഞു. എന്നിരുന്നാലും പ്രേക്ഷകനെ പൊട്ടിച്ചിരിപ്പിക്കുന്ന വേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു. പുതുവര്‍ഷത്തിലെ വലിയ പ്രതീക്ഷ അത്തരം കഥാപാത്രങ്ങള്‍ എന്നെ തേടിവരട്ടെ എന്നുതന്നെയാണ്.
തയ്യാറാക്കിയത്: പി.പ്രജിത്
Content Highlights: in conversation with actor suraj venjaramoodu