വിദേശഭാഷകളടക്കം 140 ഭാഷകളില്‍ തുടര്‍ച്ചയായി പാടി റെക്കോര്‍ഡിട്ട് മലയാളി പെണ്‍കുട്ടി

ഒമ്പത് മണിക്കൂറില്‍ 140 ഭാഷകളിലായി പാട്ടുപാടി ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ കയറി സുചേത സതീഷ് എന്ന മലയാളി പെണ്‍കുട്ടി. കണ്‍സേര്‍ട്ട് ഫോര്‍ ക്ലൈമറ്റ് എന്ന് പേരിട്ട സംഗീതപരിപാടി നവംബര്‍ 24-ന്, ദുബായിലെ ഇന്ത്യന്‍ കോണ്‍സലേറ്റ് ഓഡിറ്റോറിയത്തില്‍വെച്ചാണ് നടന്നത്.
കാലാവസ്ഥാ വ്യതിയാനം എന്ന അതീവഗുരുതരമായ വിഷയത്തെക്കുറിച്ച് അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് സുചേത ഈ പരിപാടി അവതരിപ്പിച്ചത്.
101 വിദേശഭാഷകളിലും 39 ഇന്ത്യന്‍ ഭാഷകളിലുമുള്ള പാട്ടുകളാണ് സുചേത വേദിയില്‍ പാടിയത്. ഒരു ഭാഷയില്‍നിന്ന് മറ്റൊന്നിലേക്കുള്ള മനോഹരമായ സഞ്ചാരമായിരുന്നു അത്.
121 ഭാഷകളില്‍ പാടിയ മറ്റൊരു ഇന്ത്യക്കാരിയുടെ റെക്കോര്‍ഡാണ് സുചേത തകര്‍ത്തത്. നേരത്തെ 2021-ല്‍ 120 ഭാഷകളില്‍ പാടിയതിന്റെ റെക്കോര്‍ഡും സുചേതയുടെ പേരിലായിരുന്നു. ഓരോ ഭാഷയിലും മൂന്ന് മിനിറ്റ് വീതമാണ് പാടിയത്.
ടി.സി.സതീഷ്- സുമിത എന്നിവരുടെ മകളാണ് സുചേത. 'കാലാവസ്ഥാ വ്യതിയാനം സത്യമാണ്. അത് തടയുകയെന്നത് നമ്മുടെ ഓരോരുത്തരുടേയും കടമയാണ്'', പരിപാടി തുടങ്ങുന്നതിനുമുമ്പ് സുചേത പറഞ്ഞു. വരികളോ മറ്റൊന്നും നോക്കാതെ ഇംഗ്ലീഷ് അക്ഷരങ്ങളുടെ ക്രമം നോക്കിയാണ് സുചേത പാടിയത്.
Content Highlights: suchetha sathish sang in 140 languages