കാമുകനുമായി ഉടന്‍ വിവാഹമെന്ന് അഭ്യൂഹം, പ്രിയങ്കയേക്കാളും ഫോളോവേഴ്‌സ്, ടൈഗര്‍ ഷ്രോഫിന്റെ ക്രഷ്

ശ്രദ്ധ കപൂർ /PTI
ശ്രദ്ധ കപൂർ /PTI

ഇന്‍സ്റ്റഗ്രാമില്‍ ദീപിക പദുക്കോണിന് 80.3 മില്യൺ  ഫോളോവേഴ്‌സാണുള്ളത്. ബോളിവുഡിനും  ഹോളിവുഡിനും  ഒരുപോലെ പ്രിയങ്കരിയായ പ്രിയങ്ക ചോപ്രയ്ക്ക് 92.6 മില്യൺ ആണ് ഫോളോവേഴ്‌സ്. ബോളിവുഡിലെ നിലവിലെ നമ്പര്‍ വൺ  നായിക എന്ന് വിളിക്കാവുന്ന ആലിയ ഭട്ടിന് 86.2 മില്യൺ ഫോളോവേഴ്‌സാണ്. ഇവരേക്കാള്‍ ഒരു പടി മുന്നിലാണ് നടി ശ്രദ്ധ കപൂര്‍. 94.2 മില്യൺ ആണ് ശ്രദ്ധയ്ക്കുള്ളത്.

ബോളിവുഡിലെ പതിവ് വില്ലനായ ശക്തി കപൂറിന്റെ മകളായ ശ്രദ്ധ 2010-ലാണ് സിനിമയിലെത്തുന്നത്. ആലിയക്കോ ജാന്‍വിക്കോ സാറയ്‌ക്കോ അനന്യയ്‌ക്കോ കിട്ടിയ വരവേല്‍പ്പൊന്നും ശ്രദ്ധയ്ക്ക് കിട്ടിയില്ല. ബോളിവുഡില്‍ കഴിഞ്ഞ കുറേക്കാലമായി ശക്തി കപൂര്‍ അപ്രസക്തനായതാകാം കാരണം. കരണ്‍ ജോഹറിനെപ്പോലെ ഒരു ഗോഡ്ഫാദറുടെ അനുഗ്രഹമില്ലാതെ ശ്രദ്ധ സിനിമയിലെത്തി.

ആദിത്യ റോയ് കപൂറിനൊപ്പം /PTI

ആദ്യ രണ്ടു സിനിമകളും ശരാശരി ജയങ്ങള്‍. മൂന്നാമത്തെ സിനിമ ശ്രദ്ധയുടെ തലവര തിരുത്തി. 'ആഷിഖി 2' എന്ന മ്യൂസിക്കല്‍ ചിത്രത്തില്‍ ആരോഹി എന്ന ഗായികയായി ശ്രദ്ധ തിളങ്ങി. ശ്രദ്ധയും ആദിത്യ റോയ് കപൂറുമായുള്ള ജോഡി ബോളിവുഡിലെ ന്യൂജെന്‍ ഷാരൂഖ്-കജോള്‍ ജോഡി ആണെന്ന് വരെ വാഴ്ത്തലുകള്‍ ഉണ്ടായി. സിനിമ വലിയ സാമ്പത്തികവിജയമായിരുന്നു.

ഏക് വില്ലന്‍, എബിസിഡി, ഭാഗി, ചിഛോരെ, സാഹോ എന്നീ ചിത്രങ്ങളുടെ വിജയത്തില്‍ നിന്നും സ്ത്രീ എന്ന ചിത്രത്തിന്റെ മഹാവിജയത്തിലേക്ക് ശ്രദ്ധ വളര്‍ന്നു. സ്ത്രീ 1, സ്ത്രീ 2 എന്ന രണ്ട് ചിത്രങ്ങളും പണം വാരി. ശ്രദ്ധയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റാണ് 'സ്ത്രീ 2'. താരനായകനില്ലാത്ത, നായികാകേന്ദ്രീകൃതമായ ഒരു ബോളിവുഡ് സിനിമ ഇങ്ങനെയൊരു വിജയം നേടുന്നത് അസാധാരണമാണ്. 

ശ്രദ്ധയുടെ സ്വകാര്യജീവിതം ആരാധകര്‍ക്ക് കൗതുകമുള്ള വിഷയമാണ്. ബോളിവുഡ് പാര്‍ട്ടികളില്‍ ശ്രദ്ധ പങ്കെടുക്കുന്നത് വളരെ വിരളമാണ്. താരങ്ങളുടെ വീടുകളില്‍ ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുമ്പോഴും ശ്രദ്ധയെ അങ്ങനെ കാണാറില്ല. സിനിമാലോകത്ത് എല്ലാവരുമായും നല്ല ബന്ധമാണെങ്കിലും ആഴമുള്ള സൗഹൃദങ്ങള്‍ ശ്രദ്ധയ്ക്ക് സിനിമയിലില്ല. 

ടൈഗർ ഷ്രോഫിനൊപ്പം//PTI

'ആഷിഖി 2'വിലും 'ഓക്കേ ജാനു'വിലും നായകനായ ആദിത്യ റോയ് കപൂറുമായി അടുപ്പത്തിലാണ് ശ്രദ്ധയെന്ന് പറഞ്ഞുകേട്ടിരുന്നു. ഈ ബന്ധം പാതിവഴിയില്‍ അവസാനിച്ചു. ഇപ്പോള്‍ തിരക്കഥാകൃത്ത് രാഹുല്‍ മോദിയുമായി റിലേഷന്‍ഷിപ്പിലാണ് ശ്രദ്ധ. ഇരുവരും ഒപ്പമുള്ള ഫോട്ടോയാണ് ശ്രദ്ധയുടെ വാള്‍പേപ്പര്‍. അത് പാപ്പരാസികള്‍ പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. വിവാഹം ഉടനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ശ്രദ്ധയോട് തനിക്ക് ക്രഷ് തോന്നിയിട്ടുണ്ടെന്ന് ടൈഗര്‍ ഷ്റോഫ് മുന്‍പ് പറഞ്ഞിരുന്നു. ''അന്ന് അത് തുറന്നുപറയാനുള്ള ധൈര്യം കിട്ടിയില്ല. വാതില്‍ക്കല്‍ നിന്ന് ഞാന്‍ ശ്രദ്ധ വരുന്നതും പോകുന്നതുമൊക്കെ നോക്കാറുണ്ടായിരുന്നു.'' അങ്ങനെയൊരു കാര്യം താന്‍ അറിഞ്ഞതേയില്ല എന്നായിരുന്നു ശ്രദ്ധയുടെ മറുപടി.


 

Content Highlights: shraddha kapoor and marriage rumours