'രാക്കിളിപ്പാട്ടി'ലൂടെ മലയാളിമനസ്സിലിടം പിടിച്ച ഷർബനി; റാണി മുഖർജി, കജോൾ എന്നിവരുടെ ബന്ധു

'ബോർഡർ 2'-ൽ 'ഏ ജാതേ ഹുവേ ലമ്‌ഹേ' എന്ന പാട്ട് റിലീസായപ്പോൾ പലരുടെയും മനസ്സിലേക്ക് കടന്നുവന്നത് നക്ഷത്രക്കണ്ണുകളുള്ളൊരു നായികയാണ്. കുറച്ചുവർഷങ്ങൾ സിനിമയിൽനിന്ന് കുറച്ചു നല്ല കഥാപാത്രങ്ങൾ അവതരിപ്പിച്ച്, പെട്ടെന്ന് അപ്രത്യക്ഷയായ ഷർബനി മുഖർജി. അഭിനയിച്ച ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകരുടെ മനസ്സിലിടം പിടിച്ച താരമാണവർ. 'ബോർഡർ' സിനിമയിലൂടെയാണ് കടന്നുവന്നത്.
'ബോർഡറി'ലെ അവരുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഷർബനിക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമയും അതു തന്നെ. പട്ടാളക്കാരനായ സുനിൽ ഷെട്ടിയുടെ കഥാപാത്രത്തിന്റെ ഭാര്യയായിട്ടുള്ള വേഷമാണ് ഷർബനി അവതരിപ്പിച്ചത്. ചിത്രത്തിലെ 'ഏ ജാതേ ഹുവേ ലമ്‌ഹേ' എന്ന പാട്ടിലൂടെ ഒറ്റരാത്രികൊണ്ട് അവർ പ്രേക്ഷകമനസ്സിലേക്ക് ഇടിച്ചുകയറി. നക്ഷത്രക്കണ്ണുകളുള്ള ഒരു താരത്തിന്റെ ഉദയം. സ്‌ക്രീൻസ്‌പേസ് കുറവായിരുന്നുവെങ്കിലും, ഷർബനിക്ക് സ്വന്തമായൊരിടം ഉണ്ടാക്കി ആ കഥാപാത്രം.
''സിനിമയിലേക്കുള്ള വഴിതുറന്ന ചിത്രമാണത്. ആ ചിത്രത്തിലെ അഭിനയം എന്നെ പുതുക്കിപ്പണിയുകയായിരുന്നു'', എന്നാണ് അവർ പറഞ്ഞത്. 'ബോർഡറി'നുപിന്നാലെ കുറേ നല്ല അവസരങ്ങൾ തേടിയെത്തി. പക്ഷേ, കാമ്പുള്ള കഥാപാത്രങ്ങൾ മാത്രം ചെയ്യാനായിരുന്നു അവർക്ക് താത്പര്യം. ഹിന്ദിക്കൊപ്പം തമിഴ്, ഭോജ്പുരി സിനിമകളിലും അവർ അഭിനയിച്ചു.
സിനിമാകുടുംബത്തിൽനിന്നായിരുന്നു ഷർബനിയുടെ വരവ്. താരങ്ങളായ റാണി മുഖർജി, കജോൾ, സംവിധായകൻ അയാൻ മുഖർജി എന്നിവരുടെ അടുത്ത ബന്ധു. അതൊന്നും തന്റെ അഭിനയത്തിന് ഭാരമാകാതിരിക്കാൻ അവർ ശ്രദ്ധിച്ചു.
2007-ൽ 'രാക്കിളിപ്പാട്ട്' എന്ന സിനിമയിലൂടെ മലയാളത്തിലേക്കും കടന്നു ഷർബനി. ജ്യോതിക, തബു എന്നിവർക്കൊപ്പം അവർ തിളങ്ങി. അതുകഴിഞ്ഞ് സൂഫി പറഞ്ഞ കഥ, ആത്മ കഥ, നമുക്കൊരേ ആകാശം എന്നീ മലയാളംസിനിമകളിലും അവർ പ്രത്യക്ഷപ്പെട്ടു. പെട്ടെന്നൊരു നാൾ അവർ സിനിമയിൽനിന്ന് അപ്രത്യക്ഷയാവുകയായിരുന്നു.
'ബോർഡർ 2'ലെ പാട്ടുകേട്ടതോടെ എല്ലാവരും ഷർബനിയെ തിരയുകയാണ്. ഇപ്പോൾ മുഖർജിമാരുടെ കുടുംബസംഗമങ്ങളിലും പൂജാവേളകളിലും മാത്രമാണ് ഷർബനി പ്രത്യക്ഷപ്പെടുന്നത്. സിനിമയിൽനിന്ന് ഏറെ അകലെയാണ് അവർ.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Remember Sharbani Mukherjee from `Border`? This talented actress, cousin to Rani Mukerji & Kajol, captivated audiences with `Ae Jaate Hue Lamhe`