വിവാഹങ്ങളിൽ നൃത്തംചെയ്താൽ 4 ലക്ഷം രൂപ കിട്ടും, ഇതൊരു കഠിനാധ്വാനമാണെന്ന് ആഷിഖി താരം

രാഹുൽ റോയ്-അന്നും ഇന്നും
രാഹുൽ റോയ്-അന്നും ഇന്നും

ഒരുകാലത്ത് യുവത്വത്തിന്റെ പ്രിയപ്പെട്ട താരമായിരുന്നു രാഹുൽ റോയ്. 1990-ൽ റിലീസായ 'ആഷിഖി' എന്ന ഒരൊറ്റ ചിത്രത്തിലൂടെ അദ്ദേഹം പ്രശസ്തിയിലേക്കുയർന്നു. അതിനുശേഷം അദ്ദേഹത്തെ തേടി ഒട്ടേറെ സിനിമകൾ വന്നെങ്കിലും, അതൊന്നും ഹിറ്റായില്ല. പല സിനിമകളും പാതിവഴിയിൽവെച്ച് നിന്നുപോയി. രവീണ ഠണ്ടൻ, കരിഷ്മ കപൂർ, ശിൽപ ശിരോദ്കർ, നഗ്മ എന്നിവർ നായികമാരാവുന്ന ഒമ്പതിലേറെ സിനിമകളാണ് നിന്നുപോയത്. ഇതെല്ലാം അദ്ദേഹത്തിന് ദോഷമായി മാറുകയായിരുന്നു. പിന്നീട് രാഹുൽ ചെറുറോളുകളിലേക്ക് ഒതുങ്ങിപ്പോവുന്നതാണ് കണ്ടത്. 2023-ൽ റിലീസായ 'ആഗ്ര'യിലാണ് അവസാനമായി അഭിനയിച്ചത്. അതിനിടെ അദ്ദേഹത്തിന് മസ്തിഷ്‌കാഘാതവുമുണ്ടായി. അതിൽനിന്നെല്ലാം കരകയറുകയാണ് താരം.

അതിനിടെ കുറച്ചുനാൾ മുമ്പ് അദ്ദേഹത്തിന്റെ ഒരു വീഡിയോ വൈറലാവുകയും അതേറെ ചർച്ച ചെയ്യപ്പെടുകയുമുണ്ടായി. ഒരു വിവാഹച്ചടങ്ങിൽ ഗിറ്റാറും പിടിച്ചിരുന്ന് 'ആഷിഖി'യിലെ പാട്ടുകൾക്ക് ലിപ്‌സിങ്ക് ചെയ്യുന്ന രാഹുലിനെയാണ് ആ വീഡിയോയിൽ കാണാൻ കഴിഞ്ഞത്.

പിന്നാലെ താരം കുറച്ച് റീലുകളിൽ പ്രത്യക്ഷപ്പെട്ടു. ഇതെല്ലാം താരത്തിന്റെ സാമ്പത്തികനിലയെക്കുറിച്ചുള്ള ചോദ്യങ്ങളിലാണ് എത്തിച്ചത്. പലരും ഇതിന്റെ പേരിൽ അദ്ദേഹത്തെ പരിഹസിച്ചു. തനിക്ക് പണത്തിനാവശ്യമുണ്ടെന്നും അതുകൊണ്ടാണ് റീലുകളിൽ അഭിനയിക്കുന്നതെന്നുമാണ് താരം അന്ന് വെളിപ്പെടുത്തിയത്.

ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തിൽ അതിനെല്ലാം മറുപടി നൽകുകയാണ് താരം. താനും സഹോദരനും തമ്മിലുള്ള നിയമനടപടി ഉൾപ്പെടെ താൻ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. 30 ലക്ഷം രൂപയുമായി ബന്ധപ്പെട്ടതാണ് ഈ വിഷയമെന്നും, അത് തീർപ്പാക്കാൻ ആഗ്രഹിക്കുന്നതായും, സഹോദരങ്ങൾ ഒന്നിച്ച് അതിനുള്ള ശ്രമങ്ങൾ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

വിവാഹമോചനത്തിന് ശേഷമുള്ള തന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. വിവാഹമോചന വേളയിൽ തന്റെ സ്വത്തുക്കൾ ഭാര്യയ്ക്ക് കൈമാറിയിരുന്നെന്നും, ഇപ്പോൾ സാമ്പത്തികമായി ജീവിതം കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണെന്നും രാഹുൽ വ്യക്തമാക്കി. ''ഇപ്പോഴെനിക്ക് 60 വയസ്സായി. എന്റെ സാമ്രാജ്യം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളിലാണ് ഞാൻ''.

മസ്തിഷ്‌കാഘാതം ഉണ്ടായശേഷം ആഗ്രഹിച്ചത്രയും ജോലി ചെയ്യാൻ സാധിച്ചില്ലെന്നും അദ്ദേഹം പറയുന്നു. ''രോഗമുക്തി നേടുന്നതിനായി സമയം ചെലവഴിക്കേണ്ടി വന്നതിനാൽ കഴിഞ്ഞ അഞ്ച് വർഷം ഒരു ഇടവേള പോലെയായിരുന്നു. അക്കാലത്ത് ജോലിയൊന്നും ഉണ്ടായിരുന്നില്ല. അങ്ങനെയൊന്ന് സംഭവിച്ചിരുന്നില്ലെങ്കിൽ എനിക്ക് ഇതിലും കൂടുതൽ കാര്യങ്ങൾ ചെയ്യാൻ കഴിയുമായിരുന്നു. എന്നാൽ ഇപ്പോൾ എനിക്ക് ചില അവസരങ്ങൾ ലഭിക്കുന്നുണ്ട്, ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. വീണ്ടും സെറ്റിലെത്താനും ക്യാമറയ്ക്ക് മുന്നിൽ നിൽക്കാനും കഴിഞ്ഞതിൽ സന്തോഷമുണ്ട്. എന്നിൽ വിശ്വാസമർപ്പിക്കുന്നവരോട് ഞാൻ ഏറെ കടപ്പെട്ടിരിക്കുന്നു. സിനിമയിലെ എന്റെ 37 വർഷത്തെ യാത്രയിൽ മികച്ച ചില സൃഷ്ടികൾ ചെയ്യാൻ എനിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു; ഇനി വരാനിരിക്കുന്ന കാലത്തും മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ ഞാൻ ആഗ്രഹിക്കുന്നു''.

വിവാഹച്ചടങ്ങുകളിൽ നൃത്തം ചെയ്യുന്ന തന്റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെത്തുടർന്നുണ്ടായ വിമർശനങ്ങളെക്കുറിച്ചും രാഹുൽ സംസാരിച്ചു. ''എനിക്ക് ചിലവുകളുണ്ട്, പണം ആവശ്യമാണ്. മസ്തിഷ്‌കാഘാതം വന്നശേഷം ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്നതെല്ലാം ഞാൻ ചെയ്തുവരുന്നു. ചിലപ്പോൾ വിവാഹങ്ങളിൽ നൃത്തം ചെയ്ത് എനിക്ക് 2 ലക്ഷം അല്ലെങ്കിൽ 4 ലക്ഷം രൂപ വരെ ലഭിക്കാറുണ്ട്. ഇതൊരു കഠിനാധ്വാനമാണെന്ന് എന്നെ പരിഹസിക്കുന്നവർക്ക് അറിയില്ല. എനിക്കും ജീവിക്കാൻ വരുമാനം കണ്ടെത്തേണ്ടതുണ്ട്'', അദ്ദേഹത്തിന്റെ വാക്കുകൾ.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Rahul Roy addressed the viral videos of him dancing at weddings and facing criticism. He revealed he earns 2 to 4 lakh rupees from wedding appearances to support himself. The actor discussed his financial struggles, property loss after divorce, and ongoing legal matters.