'ആ കുഞ്ഞ് കരഞ്ഞപ്പോൾ ഒന്നും നോക്കിയില്ല, പാലുകൊടുത്തു', ആര്യ എന്ന പോലീസുകാരി പറയുന്നു

''കുഞ്ഞിന്റെ കരച്ചില് കേട്ടപ്പോള്‍ മനസ്സില്‍ വന്നത് മോളുടെ മുഖമാണ്. രാത്രി ഡ്യൂട്ടി കഴിഞ്ഞ് വൈകി വീട്ടിലെത്തുമ്പോള്‍ എന്റെ മോളുടെ തളര്‍ന്ന മുഖം ഞാന്‍ പലവട്ടം കണ്ടിട്ടുണ്ട്. അപ്പോള്‍ വേറൊന്നും ചിന്തിച്ചില്ല. നാലുമാസം പ്രായമേയുള്ളു കുട്ടിക്ക്. എടുത്തുകൊണ്ടുപോയി പാലുകൊടുത്തു.'' - കൊച്ചി സിറ്റി നോര്‍ത്ത് വനിതാ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ എം.എ. ആര്യ ഇതുപറയുമ്പോള്‍ വാക്കുകളില്‍ മാതൃത്വം നിറയുന്നുണ്ടായിരുന്നു. ബിഹാര്‍ പട്ന സ്വദേശിനിയുടെ നാലുമാസം പ്രായമായ മകള്‍ക്കാണ് കഴിഞ്ഞ ദിവസം ആര്യ അമ്മയായത്.
ഇതേക്കുറിച്ചുള്ള വീഡിയോ സബ് ഇന്‍സ്പെക്ടര്‍ ആനി ശിവ സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റ് ചെയ്തതോടെയാണ് പുറംലോകം വാര്‍ത്തയറിയുന്നത്. മലയാളികൾ വാർത്ത ഏറ്റെടുക്കാൻ അധികം താമസമുണ്ടായില്ല. രാവിലെയായപ്പോഴേക്കും മാധ്യമങ്ങളിലെല്ലാം ഈ നന്മ നിറഞ്ഞ വാർത്ത നിറഞ്ഞു.