'ആ ഭാമയല്ല, ഈ ഭാമ': കലാമണ്ഡലം സത്യഭാമയെന്ന വള്ളത്തോളിന്റെ കണ്ടെത്തല്‍.......

ശരീരവര്‍ണത്തിന്റെ പേരില്‍ നര്‍ത്തകനായ ഡോ. ആര്‍.എല്‍.വി. രാമകൃഷ്ണനെ അപമാനിച്ച നര്‍ത്തകി സത്യഭാമയ്‌ക്കെതിരെ ഒറ്റക്കെട്ടായാണ് കഴിഞ്ഞ ദിവസം കേരളം പ്രതികരിച്ചത്. ഒരുപരിഷ്‌കൃത സമൂഹത്തിന് നിരക്കാത്ത ഇത്തരം പ്രസ്താവനകള്‍ നടത്തുന്ന സത്യഭാമയുടെ പേരിനൊപ്പം കലാമണ്ഡലത്തിന്റെ പേര് ചേര്‍ക്കുന്നത് സ്ഥാപനത്തിന് കളങ്കമാണെന്ന് കേരള കലാമണ്ഡലം തന്നെ പത്രക്കുറിപ്പ് പുറത്തിറക്കി. ഒരു
പൂര്‍വ്വവിദ്യാര്‍ഥി എന്നതിനപ്പുറം ഇവര്‍ക്ക് കലാമണ്ഡലവുമായി നിലവില്‍ ഒരുബന്ധവുമില്ലെന്നും അധികൃതര്‍ പ്രസ്താവിച്ചു. ഈ ചര്‍ച്ചകള്‍ക്കിടയില്‍ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ 'ആ ഭാമയല്ല ഈ ഭാമ...' എന്ന് എഴുതി നിരവധി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
മോഹിനിയാട്ടത്തെ പുതുക്കിപ്പണിത, മണ്‍മറഞ്ഞുപോയ കലാമണ്ഡലം സത്യഭാമ എന്ന ലോകപ്രശസ്ത മോഹിനിയാട്ട കലാകാരിയെ ആണ് സാമൂഹ്യമാധ്യമങ്ങളില്‍ സാംസ്‌കാരിക ലോകം ഒരിക്കല്‍ കൂടി ഓര്‍മിപ്പിച്ചത്. സമാന പേരുമായി ആ മഹദ് വ്യക്തിക്ക് പോലും കളങ്കമായി തീരുകയാണ് പ്രസ്താവന നടത്തിയ നര്‍ത്തകിയെന്ന് സാംസ്‌കാരിക ലോകം ഒന്നടങ്കം പറഞ്ഞു. കലാമണ്ഡലം സത്യഭാമയെന്ന ലോക പ്രശസ്ത നര്‍ത്തകിയുടെ ജീവിതം അറിയുന്നവരെല്ലാം ഈ പ്രസ്താവന അക്ഷരാര്‍ഥത്തില്‍ ശരിവയ്ക്കും. കാരണം മോഹിനിയാട്ടത്തെ ഇന്ന് കാണുന്ന രൂപത്തിലേക്ക് മാറ്റിയതും കലാമണ്ഡലത്തെ കേരള കലാ, സാംസ്‌കാരിക രംഗത്തെ തിളങ്ങുന്ന സ്ഥാപനമായി വളര്‍ത്തിയതുമെല്ലാം കലാമണ്ഡലം സത്യഭാമ എന്ന പത്മശ്രീ ജേതാവാണ്. 2015-ല്‍ മണ്‍മറഞ്ഞുപോയ അവരുടെ ജീവിതം ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന നേട്ടങ്ങളാല്‍ സമ്പന്നമാണ്.
മോഹിനിയാട്ടത്തിന്റെ തറവാട്ടമ്മ...
മോഹിനിയാട്ടത്തെ ഇന്ന് കാണുന്ന രൂപത്തിലേക്ക് മാറ്റിയെടുത്തത് പാലക്കാട് ഷൊര്‍ണൂര്‍ സ്വദേശിയായ കലാമണ്ഡലം സത്യഭാമ എന്ന നാട്യരത്‌നമാണ്. 1937 നവംബര്‍ 4-ന് തലശ്ശേരി കടമ്പാട്ട് കൃഷ്ണന്‍ നായരുടെയും വേണാട്ട് അമ്മിണിയമ്മയുടെ മകളായി സത്യഭാമ ജനിച്ചുവീഴുമ്പോള്‍ മോഹിനിയാട്ടത്തിന്റെ ഇന്ന് കാണുന്ന ഗ്ലാമറോ പ്രശസ്തിയോ ഒന്നും തന്നെയില്ല. ചുരുക്കം പേരാണ് അന്ന് മോഹിനിയാട്ടം അഭ്യസിച്ചിരുന്നത്. എട്ടാംക്ലാസ് പഠനം പൂര്‍ത്തിയാക്കി 1951-ലാണ് സത്യഭാമ നൃത്തപഠനത്തിനായി കലാമണ്ഡലത്തിലെത്തുന്നത്. വിദ്യാര്‍ഥിയായിരിക്കെ തന്നെ അസാമാന്യ നൃത്തപാടവം പ്രകടിപ്പിച്ച അവര്‍ 1952-ല്‍ മഹാകവി വള്ളത്തോളിന്റെ നേതൃത്വത്തില്‍ കലാമണ്ഡലം ട്രൂപ്പില്‍ മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. പഠനശേഷം 1957-ല്‍ കലാമണ്ഡലത്തില്‍ അഡീഷണല്‍ അധ്യാപികയായി നിയമിക്കപ്പെടുകയും ചെയ്തു.
സത്യഭാമ മോഹിനിയാട്ടം പഠിക്കാനായി കലാമണ്ഡലത്തിലെത്തുമ്പോള്‍ ഇന്ന് കാണുന്ന രൂപമായിരുന്നില്ല മോഹിനിയാട്ടത്തിന്. മഹാകവി വള്ളത്തോള്‍ കലാമണ്ഡലത്തില്‍ മോഹിനിയാട്ടം പഠനവിഷയമാക്കിയപ്പോള്‍ അതിന്റെ പൂര്‍വരൂപത്തെ കുറിച്ച് ആഴത്തിലുള്ള അറിവുണ്ടായിരുന്നില്ല. കേരളത്തിന്റെ തനത് നൃത്തരൂപത്തെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യം തന്നെയായിരുന്നു വള്ളത്തോളിന്റെ മനസ്സില്‍. വിദഗ്ധരായ അധ്യാപകരെ ലഭ്യമല്ലാത്തതിനാല്‍ അന്ന് മോഹിനിയാട്ട പരിശീലനത്തിനായി കൈകൊട്ടിക്കളി പഠിപ്പിച്ചിരുന്ന ഗുരുനാഥരെയാണ് കലാമണ്ഡലത്തില്‍ നിയോഗിച്ചിരുന്നത്. മോഹിനിയാട്ടം പഠനവിഷയമാക്കിയപ്പോഴുള്ള ആദ്യകാല വിദ്യാര്‍ഥിനിയായിരുന്നു സത്യഭാമ.
നിലവിലുള്ള രീതിയില്‍നിന്ന് മാറ്റം വരുത്തി മോഹിനിയാട്ടത്തിന് തനത് രൂപം ഉണ്ടാക്കണമെന്ന വള്ളത്തോളിന്റെ ആഗ്രഹം സഫലമാക്കിയത് സത്യഭാമയുടെ നേതൃത്വത്തിലായിരുന്നു. മോഹിനിയാട്ടത്തിന്റെ പുനരുദ്ധാരണത്തിനുള്ള ആത്മാര്‍ഥ സമര്‍പ്പണമായിരുന്നു കലാമണ്ഡലം സത്യഭാമയുടെ ജീവിതം. പിന്നീട് അധ്യാപികയായും കലാമണ്ഡലത്തില്‍ പ്രിന്‍സിപ്പലാവുന്ന ആദ്യ നര്‍ത്തകിയുമായി സത്യഭാമ മാറി. കലാമണ്ഡലം കല്പിത സര്‍വകലാശാലയുടെ നിര്‍വാഹകസമിതി അംഗവുമായിരുന്നു അവര്‍.
സത്യഭാമ നല്‍കിയ പുതുജീവന്‍....
സ്ത്രീകള്‍ കലാവേദിയിലേക്ക് വളരെ ചുരുക്കം വന്നിരുന്ന കാലത്താണ് സത്യഭാമ വലിയ മുന്നേറ്റങ്ങള്‍ നടത്തിയത്. മോഹിനിയാട്ടത്തില്‍ അറുപതോളം അടവുകളും പദങ്ങളും വര്‍ണങ്ങളും ചിട്ടപ്പെടുത്തി. ശൈലിഭേദം വരാത്തവിധമായിരുന്നു പുതിയ ചിട്ടപ്പെടുത്തല്‍. മോഹിനിയാട്ടത്തിന് കലാമണ്ഡലത്തില്‍ കൃത്യമായ പാഠ്യപദ്ധതി തയ്യാറാക്കിയതും കലാമണ്ഡലം സത്യഭാമയാണ്. കേരള കലാമണ്ഡലത്തില്‍ 36 വര്‍ഷം അധ്യാപികയായി ജോലി ചെയ്തു. 1993-ല്‍ പ്രിന്‍സിപ്പലായാണ് വിരമിച്ചത്. വിരമിച്ചശേഷവും മരണംവരെ കലാമണ്ഡലത്തിലെ മോഹിനിയാട്ടം സീനിയര്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കാനെത്തിയിരുന്നു. മഹാകവി വള്ളത്തോളിന്റെ സാഹിത്യമഞ്ജരിയിലുള്ള 'രാധയുടെ കൃതാര്‍ഥത' എന്ന കവിത നൃത്തരൂപത്തില്‍ സ്വന്തമായി ചിട്ടപ്പെടുത്തി. മോഹിനിയാട്ടത്തില്‍ അഞ്ച് വര്‍ണങ്ങള്‍, പതിനൊന്ന് പദങ്ങള്‍, ഒരു തില്ലാന എന്നിവ പുതുതായി സംവിധാനം ചെയ്തു. മോഹിനിയാട്ടത്തിന് നിയമരൂപഭാവങ്ങള്‍ പകര്‍ന്ന നര്‍ത്തകി. മോഹിനിയാട്ടത്തിന് ഘടനാപരമായ മാറ്റങ്ങള്‍ വരുത്തി വേഷവിധാനത്തിലും കേശാലങ്കാരത്തിലും പരിഷ്‌കാരങ്ങള്‍ വരുത്തി. മുദ്രകളുടെ പ്രയോഗം, ആവിഷ്‌കാര ചാരുത, നിഷ്ഠയായ താളപ്രയോഗങ്ങള്‍, മുദ്രകളുടെ വിന്യാസം എന്നിവയില്‍ അവര്‍ ഏറെ നിഷ്‌കര്‍ഷ പുലര്‍ത്തി.
അര്‍ദ മുദ്രകളും മൃദു മുദ്രകളും സൃഷ്ടിച്ച് മോഹിനിയാട്ടത്തിന് പുതിയ മുദ്രാവ്യവസ്ഥതന്നെ ആവിഷ്‌കരിച്ചു. കഥകളിയാചാര്യന്‍ പരേതനായ കലാമണ്ഡലം പത്മനാഭന്‍നായരാണ് സത്യഭാമയുടെ ഭര്‍ത്താവ്. സ്വാതിതിരുനാള്‍ പദങ്ങളുടെ നൃത്താവിഷ്‌കാരത്തിന് അനുയോജ്യമായ മുദ്രകള്‍ കണ്ടെത്താന്‍ കഥകളി കലാകാരനായ പത്മനാഭന്‍നായരുടെ സേവനം വളരെയേറെ സത്യഭാമ പ്രയോജനപ്പെടുത്തിയിരുന്നു.
പത്മശ്രീ തിളക്കം...
ഇന്നുള്ളതില്‍ മോഹിനിയാട്ടത്തെ സംബന്ധിച്ചുള്ള ആധികാരിക ഗ്രന്ഥങ്ങളില്‍ ഒന്നായ 'മോഹിനിയാട്ടം-ചരിത്രം സിദ്ധാന്തം, പ്രയോഗം' എന്ന ശ്രദ്ധേയമായ ഗ്രന്ഥവും കലാമണ്ഡലം സത്യഭാമ രചിച്ചതാണ്. 1976-ല്‍ കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, 1994-ല്‍ ഭാരതസര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന്റെ സീനിയര്‍ ഫെല്ലോഷിപ്പ്, 2005-ല്‍ സംസ്ഥാന സര്‍ക്കാറിന്റെ പ്രഥമ നൃത്തനാട്യ പുരസ്‌കാരം, 2007-ല്‍ കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് എന്നിവ ലഭിച്ചു. 2014-ല്‍ നൃത്തരംഗത്ത് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് സത്യഭാമയെ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.
ഇന്ന് മോഹിനിയാട്ടം രംഗത്തിലെ പ്രമുഖരെല്ലാം സത്യഭാമയുടെ ശിഷ്യഗണത്തില്‍പ്പെട്ടവരാണ്. കലാമണ്ഡലം ക്ഷേമാവതി, സുമതി, സുഗന്ധി, വിമലമേനോന്‍, പത്മിനി, ലീലാമ്മ, ചന്ദ്രിക, മണി മല്ലിക, ഹൈമവതി, ലതിക, തുടങ്ങി മോഹിനിയാട്ടത്തില്‍ പ്രഗത്ഭരായ ശിഷ്യനിര സത്യഭാമയ്ക്കുണ്ട്.
കേരളത്തിന്റെ നൃത്തരംഗത്ത് വലിയ മുന്നേറ്റം ഉണ്ടാക്കുകയും രാജ്യമാകെ ബഹുമാനിക്കുകയും ചെയ്യുന്ന കലാമണ്ഡലം സത്യഭാമ എന്ന പേരിന് അതേ പേരില്‍ മറ്റൊരാള്‍ കളങ്കം ചാര്‍ത്താന്‍ മുതിരുമ്പോള്‍ സാംസ്‌കാരിക കേരളം അതിനെതിരെ ശബ്ദമുയര്‍ത്തിയില്ലെങ്കില്‍ അത് ആ പ്രതിഭയോടുള്ള അനാദരവായി കാലം അടയാളപ്പെടുത്തും.
.
Content Highlights: padmasree kalamandalam sathyabhama who renowned for his achievements in Mohiniyattam