ഒളിമ്പിക്‌സില്‍ മത്സരിക്കുമ്പോള്‍ ഏഴു മാസം ഗര്‍ഭിണി; കൈയടി നേടി നദ ഹാഫിസ്

''മത്സരിക്കുമ്പോള്‍ ഞാനും എതിരാളിയും മാത്രമായിരുന്നില്ല. നിങ്ങള്‍ കാണാത്ത മറ്റൊരാളും കൂടെയുണ്ടായിരുന്നു. ഞങ്ങളുടെ ലോകത്തിലേക്ക് കടന്നുവരാന്‍ പോകുന്ന കുഞ്ഞ്''. പാരീസ് ഒളിമ്പിക്‌സിലെ വനിതാ ഫെന്‍സിങ്ങില്‍ പരാജയപ്പെട്ട ശേഷം നദ ഹാഫിസ് നടത്തിയ വെളിപ്പെടുത്തലിന് കൈയടിക്കുകയാണ് കായികലോകം. പ്രീ ക്വാര്‍ട്ടറില്‍ ദക്ഷിണ കൊറിയയുടെ ജിയൂന്‍ ഹ്യൂങിനോട് പരാജയപ്പെടുമ്പോള്‍ ഈജിപ്ത് ഫെന്‍സര്‍ നദ ഏഴുമാസം ഗര്‍ഭിണിയായിരുന്നു.
''ഈ ഒളിമ്പിക്‌സില്‍ മാനസികമായും ശാരീരികമായും ഏറെ വെല്ലുവിളികള്‍ നേരിടേണ്ടിവന്നു. എന്നെ പിന്തുണച്ച ഭര്‍ത്താവിനും കുടുംബത്തിനും നന്ദി''- മത്സരശേഷം നദ പറഞ്ഞു. കഴിഞ്ഞ വര്‍ഷമായിരുന്നു ഭര്‍ത്താവ് ഹാഫിസുമായി നദയുടെ വിവാഹം. മെഡിക്കല്‍ ബിരുദദാരിയായ നദ അമേരിക്കയുടെ ലോക ഏഴാം നമ്പര്‍ താരം എലിസബത്ത് തര്‍തകോവ്‌സ്‌കിയെ തോല്‍പ്പിച്ചാണ് പ്രീക്വാര്‍ട്ടറിലെത്തിയത്. റിയോയിലും, ടോക്യോയിലും മത്സരിച്ച നദയുടെ മൂന്നാമത്തെ ഒളിമ്പിക്‌സാണിത്.
സമാനമായ സംഭവങ്ങള്‍ മുമ്പും കായികലോകത്ത് സംഭവിച്ചിട്ടുണ്ട്. ടെന്നീസ് താരം സെറീന വില്യംസ്, ബ്രിട്ടന്റെ സൈക്കിളിങ് താരം എലിനോര്‍ ബാര്‍ക്കര്‍, അമേരിക്കയുടെ ബീച്ച് വോളിബോള്‍ താരം കെറി വാല്‍ഷ്, സോഫ്റ്റ്‌ബോള്‍ താരം മിഷേലെ ഗ്രാങര്‍ അടക്കമുള്ളവര്‍ ഗര്‍ഭിണിയായിരിക്കേ കളത്തിലിറങ്ങിയിട്ടുണ്ട്. 2017-ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ തുടങ്ങുന്നതിന് കുറച്ചുദിവസം മുമ്പാണ് താന്‍ ഗര്‍ഭിണിയാണെന്ന് സെറീന അറിയുന്നത്. മത്സരത്തില്‍ കിരീടം നേടിയശേഷം അവര്‍ ലോകത്തോട് തുറന്നുപറഞ്ഞു, ''ഞാന്‍ എട്ടാഴ്ച ഗര്‍ഭിണിയായിരിക്കുമ്പോഴാണ് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ മത്സരിച്ചത്. എന്റെ ഭര്‍ത്താവിനും സഹോദരിക്കും എന്നെ ചികിത്സിക്കുന്ന ഡോക്ടര്‍ക്കും മാത്രമേ അതറിയുമായിരുന്നുള്ളൂ''.
Content Highlights: Olympic fencer reveals she was 7 months pregnant while competing