
ഒളിമ്പിക്‌സ് ഹോക്കിയില്‍ വെങ്കലമെഡല്‍ നേടിയതിനുപിന്നാലെ, ഇന്ത്യന്‍ ഹോക്കി താരം പി.ആര്‍.ശ്രീജേഷ് വീരോചിതമായി വിടവാങ്ങി. സ്‌പെയിനിനെ തോല്‍പ്പിച്ചാണ് ഇന്ത്യ മെഡല്‍ നേടിയത്. അവസാനമിനിറ്റുകളില്‍ പി.ആര്‍.ശ്രീജേഷിന്റെ മികച്ച സേവുകളാണ് ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചതെന്നത് വിജയത്തിന്റെ മധുരം കൂട്ടും. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഹോക്കിയില്‍ ഇന്ത്യ മെഡല്‍ നേടുന്നത്. കഴിഞ്ഞതവണ ടോക്യോ ഒളിമ്പിക്‌സിലും വെങ്കലമെഡല്‍ കരസ്ഥമാക്കിയിരുന്നു. അതിലും ശ്രീജേഷ് അംഗമായിരുന്നു.
2006-ലാണ് ശ്രീജേഷ് ഹോക്കി ദേശീയടീമില്‍ അംഗമാവുന്നത്. 2016-ലെ റിയോ ഒളിമ്പിക്‌സില്‍ ടീമിനെ നയിച്ചു. ചാമ്പ്യന്‍സ് ട്രോഫി, ജൂനിയര്‍ ഏഷ്യ കപ്പ് മത്സരങ്ങളില്‍ ബെസ്റ്റ് ഗോള്‍കീപ്പര്‍ ഓഫ് ദ ടൂര്‍ണമെന്റ് പുരസ്‌കാരവും നേടി. ടോക്യോ ഒളിമ്പിക്‌സില്‍ ജര്‍മനിയെ പരാജയപ്പെടുത്തുന്നതിലും പ്രധാനപങ്ക് വഹിച്ചു. 2021-ല്‍ വേള്‍ഡ് ഗെയിംസ് അത്‌ലറ്റ് ഓഫ് ദ ഇയര്‍ പുരസ്‌കാരവും ശ്രീജേഷിനെ തേടിയെത്തി. ഈ പുരസ്‌കാരം നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് അദ്ദേഹം. രാജ്യം പത്മശ്രീ, ഖേല്‍ രതന പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചിട്ടുണ്ട്.
കടുത്ത പോരാട്ടത്തിനുശേഷമാണ് ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രിട്ടനെ തോല്‍പ്പിച്ചത്. കുറേ മികച്ച സേവുകളും ശ്രീജേഷ് നടത്തി. വിജയാഘോഷങ്ങള്‍ക്കിടയിലും തന്റെ കൈയിലെ ഹോക്കി സ്റ്റിക്ക് ഉയര്‍ത്തിക്കാണിക്കാന്‍ ശ്രീജേഷ് മറന്നില്ല. കറുപ്പില്‍ ഇംഗ്ലീഷിലെഴുതിയ ഒരു പേര് കാണാമായിരുന്നു ആ ഹോക്കിസ്റ്റിക്കില്‍, അനീഷ്യ. ഭാര്യയ്ക്കുള്ള സമര്‍പ്പണമായി ആ വിജയം.
മുന്‍ ലോങ്ജമ്പ് താരം കൂടിയാണ് ശ്രീജേഷിന്റെ ഭാര്യ ഡോ.അനീഷ്യ. മുമ്പൊരു പോഡ്കാസ്റ്റ് ഷോയില്‍ അനീഷ്യ, ശ്രീജേഷിനെക്കുറിച്ച് പറഞ്ഞതിങ്ങനെ, ''ഞങ്ങള്‍ ഒരുമിച്ച് പഠിച്ചതാണ്. 22 വര്‍ഷമായി തമ്മിലറിയാം. ശ്രീജേഷ് അടുത്തില്ലാത്തത് ബാധിക്കാറുണ്ട്. പക്ഷേ, ഞാനൊരു അത്‌ലറ്റ് ആയിരുന്നതുകൊണ്ടു തന്നെ അതിലെ കഷ്ടപ്പാടുകളെക്കുറിച്ചും ബുദ്ധിമുട്ടുകളെക്കുറിച്ചും ശരിക്കറിയാം. രാജ്യത്തിനുവേണ്ടി അദ്ദേഹം കളിക്കുമ്പോള്‍, കുടുംബം നോക്കുന്ന ചുമതല ഞാനും സന്തോഷപൂര്‍വം ഏറ്റെടുക്കുന്നു''. രണ്ടുമക്കളാണിവര്‍ക്ക്, അനുശ്രീയും ശ്രീഅന്‍ഷും.

തിരുവനന്തപുരം ജി.വി.രാജ സ്‌പോര്‍ട്‌സ് അക്കാദമിയില്‍വെച്ചാണ് ശ്രീജേഷും അനീഷ്യയും ആദ്യമായി കാണുന്നത്. അന്ന് ഒമ്പതാം ക്ലാസിലാണ് രണ്ടുപേരും. ''ക്ലാസ് തുടങ്ങി നാലുമാസത്തിനുശേഷമാണ് ഞങ്ങള്‍ സംസാരിച്ചുതുടങ്ങിയത്. ശ്രീജേഷിന് അന്നൊക്കെ എപ്പോഴും ക്യാമ്പുകളുണ്ടാവും. തിരിച്ചുവരുമ്പോള്‍ ഞാനാണ് നോട്‌സ് ഒക്കെ കൊടുക്കുന്നത്. അങ്ങനെ പതുക്കെ അടുപ്പമായി. പക്ഷേ ഒരിക്കലും അത് പ്രകടിപ്പിച്ചിരുന്നില്ല''. സ്‌പോര്‍ട്‌സ് സ്‌കൂളില്‍ പഠിച്ചിറങ്ങിയശേഷം ഇരുവരും രണ്ടുവഴിക്കായി. എങ്കിലും ആ അടുപ്പം മാത്രം കുറഞ്ഞില്ല. 2013-ലാണ് ഇവര്‍ വിവാഹിതരാവുന്നത്.
മെഡല്‍നേട്ടത്തിനുശേഷം അനീഷ്യ ഇങ്ങനെയെഴുതി, ''മെഡലുകള്‍ നിറഞ്ഞ ആ ഷോകേസില്‍ എന്റെ മിഴികള്‍ പലപ്പോഴും തേടിയിരുന്നത് ആ ചെറിയ കുപ്പിയാണ്. ജി.വി.രാജ സ്‌കൂള്‍ മുറ്റത്തുനിന്ന് കോരിയെടുത്ത ഒരുപിടി മണ്ണ് ആ കുപ്പിയിലാണ്. ശ്രീയെ ഞാനാദ്യമായി കാണുന്നത് ജി.വി.രാജ സ്‌കൂളിലെ ആ ക്ലാസ് മുറിയില്‍വെച്ചായിരുന്നു. ഞങ്ങളുടെ പ്രണയവും വിവാഹവുമൊക്കെയായി ജീവിതം മുന്നോട്ടുപോകുമ്പോള്‍ ശ്രീയുടെ ഹോക്കി സ്‌നേഹം ഞാനെന്നും തിരിച്ചറിഞ്ഞുകൊണ്ടേയിരുന്നു''.
Content Highlights: pr sreejesh and his wife aneeshya lifestory
Published: 09 Aug 2024, 03:58 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented