വിവാഹം കഴിഞ്ഞാല്‍ ക്രിക്കറ്റ് വിടണം, മക്കളെ നോക്കണം-ഇന്ത്യന്‍ ക്യാപ്റ്റനായ മിതാലിയോട് അയാള്‍ പറഞ്ഞു

മിതാലി രാജ്/ കടപ്പാട്-Getty Images
മിതാലി രാജ്/ കടപ്പാട്-Getty Images

2004 മുതല്‍ 2022 വരെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്നു മിതാലി രാജ്. ലോക വനിതാക്രിക്കറ്റിലെ ഏറ്റവുമുയര്‍ന്ന റണ്‍സ് നേടിയ താരം. ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച കളിക്കാരില്‍ ഒരാളായി മിതാലി വിലയിരുത്തപ്പെടുന്നു. പക്ഷേ, അതൊന്നും വിവാഹമാര്‍ക്കറ്റില്‍ തനിക്ക് നേട്ടമായില്ല എന്നാണ് മിതാലി പറയുന്നത്. 'ദി രണ്‍വീര്‍ അലഹാബാദിയ ഷോ' എന്ന പോഡ്കാസ്റ്റ് ഷോയിലാണ് മിതാലിയുടെ തുറന്നുപറച്ചില്‍.

2009-ലാണ് അറേന്‍ജ്ഡ് മാരേജിന്റെ ലോകത്തേക്ക് മിതാലി കടക്കുന്നത്. അമ്മയായിരുന്നു പ്രേരണ. അന്ന് മിതാലിക്ക് 27-28 വയസ്സ് പ്രായം വരും. മിതാലിയുടെ കരിയര്‍ ഗ്രാഫ് ഉയര്‍ന്ന നില്‍ക്കുന്ന സമയം. ദേശീയ ടീമിന്റെ ക്യാപ്റ്റനാകുക എന്നത് വലിയ ഉത്തരവാദിത്തമാണല്ലോ. പോരാത്തതിന് ആദ്യ വനിതാ ടി20 ലോകകപ്പ് തുടങ്ങാനിരിക്കുന്നു. ലോകകപ്പ് കഴിഞ്ഞ് തിരിച്ചെത്തുമ്പോഴേക്കും വിവാഹം എന്നായിരുന്നു മിതാലിയുടെ മനസ്സില്‍. 

കടപ്പാട്-Getty Images

തനിക്ക് വിവാഹാലോചനയുമായി വന്ന ഒരു ചെറുപ്പക്കാരനോട് ഫോണില്‍ സംസാരിച്ച അനുഭവം മിതാലി ഓര്‍ത്തെടുത്തു. കുശലം പറച്ചിലിന് ശേഷം നേരെ വിവാഹം കഴിഞ്ഞുള്ള ജീവിതത്തെപ്പറ്റിയായി ചെറുപ്പക്കാരന്റെ സംസാരം. വിവാഹം കഴിഞ്ഞാല്‍ മിതാലി ക്രിക്കറ്റ് അവസാനിപ്പിക്കണം എന്നായിരുന്നു അയാളുടെ ആവശ്യം. വിവാഹശേഷം വീടുനോക്കാനും കുട്ടികളെ നോക്കാനും സമയം വേണ്ടിവരുമല്ലോ, അപ്പോള്‍ പിന്നെ ക്രിക്കറ്റിന് മിതാലിയുടെ ജീവിതത്തില്‍ പ്രാധാന്യം ഉണ്ടാകില്ലല്ലോ എന്നായിരുന്നു അയാളുടെ വാദം. 'എന്റെ അമ്മയ്ക്ക് എന്തെങ്കിലും അസുഖം വന്നാല്‍ അമ്മയെ നോക്കുമോ അതോ ക്രിക്കറ്റ് കളിക്കാന്‍ പോകുമോ' എന്നൊരു സാങ്കല്‍പ്പികചോദ്യവും അയാള്‍ മിതാലിയോട് ചോദിച്ചു. മിതാലിക്ക് എന്താണ് പ്രധാനമെന്നറിയുക ആയിരുന്നു ഉദ്ദേശം. 

ആ ചോദ്യവും അതിനു പിന്നിലെ മനോഭാവവും തന്നെ അസ്വസ്ഥയാക്കിയെന്ന് മിതാലി പറയുന്നു. ''ഏറെ ത്യാഗങ്ങള്‍ സഹിച്ചിട്ടുണ്ട് എന്റെ രക്ഷിതാക്കളും ഞാനും. അതൊക്കെയാണ് ഇവിടം വരെയെത്തിച്ചത്. അങ്ങനെ നേടിയതൊക്കെ ആര്‍ക്കെങ്കിലും വേണ്ടി ഉപേക്ഷിക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ല.'' 

2009 ലോകകപ്പില്‍ അതുഗ്രന്‍ ബാറ്റിങ്ങായിരുന്നു മിതാലിയുടേത്. ഇന്ത്യയുടെ വനിതാക്രിക്കറ്റ് ടീമിന് വലിയ പ്രശംസ നേടിക്കൊടുത്തു ആ കന്നി ലോകകപ്പിലെ പ്രകടനം. രാജ്യം തന്ന ശ്രദ്ധയും സ്‌നേഹവും അംഗീകാരവും വിവാഹത്തെക്കുറിച്ചുള്ള മിതാലിയുടെ കാഴ്ചപ്പാട് മാറ്റി. വിവാഹം ഉടനെ വേണ്ടെന്ന് അവര്‍ തീരുമാനിച്ചു. രണ്ടുമൂന്ന് വര്‍ഷം കൂടി കരിയറിന് നീക്കിവെക്കാന്‍ അതോടെ മിതാലി ഉറച്ചു. വീട്ടില്‍ വിളിച്ചു പുതിയ തീരുമാനം അറിയിക്കുകയും ചെയ്തു.

കടപ്പാട്- Getty Images

അതോടെ അമ്മയുടെ ആധി ഇരട്ടിയായി. മകള്‍ വിവാഹം വൈകിപ്പിക്കുന്നതിനു മറ്റ് വല്ല കാരണങ്ങളുമുണ്ടോ എന്നായി അമ്മയുടെ സംശയം. ലോകകപ്പിനായി മിതാലി ഓസ്ട്രേലിയയില്‍ തങ്ങുകയായിരുന്നു. താന്‍ ഏതോ ഓസ്ട്രേലിയക്കാരനുമായി പ്രണയത്തിലാണോ എന്നുപോലും അമ്മ സംശയിച്ചു എന്നാണ് മിതാലി പറയുന്നത്. അതേപ്പറ്റി മിതാലിയുടെ ഒരു കൂട്ടുകാരിയെ അമ്മ ഫോണ്‍ ചെയ്തു ചോദിക്കുകയും ചെയ്തുപോലും.

കരിയറില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനുള്ള മിതാലിയുടെ തീരുമാനം ശരിയായിരുന്നെന്ന് കാലം തെളിയിച്ചു. വനിതാ ഏകദിനത്തില്‍ 7000 റണ്‍സ് നേടിയ ഏക താരം, ഏകദിനത്തില്‍ തുടര്‍ച്ചയായി 7 അര്‍ധസെഞ്ച്വറി നേടിയ ഏക താരം. ഏകദിനത്തില്‍ ഏറ്റവുമധികം അര്‍ധസെഞ്ച്വറി നേടിയ താരവും മിതാലിയാണ്. വനിതാ ടി20യില്‍ 2000 റണ്‍സ് തികച്ച ആദ്യ കളിക്കാരിയും മിതാലിയാണ്. 2022 ജൂണ്‍ 8-ന് മിതാലി ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു.


  
 

Content Highlights: mitali raj opens about her arranged marriage phase