ജൂഹു ബീച്ചില്‍ നഗ്നയോട്ടം നടത്തിയ നര്‍ത്തകി;'ചീത്തപ്പെണ്‍കുട്ടി'യാകാനിഷ്ടപ്പെട്ട പ്രോതിമ ബേദി

''ഹിമാലയസാനുക്കളില്‍ എന്നെത്തന്നെ ഉപേക്ഷിക്കാന്‍ ഞാന്‍ തീരുമാനിച്ചു. പര്‍വതങ്ങള്‍ എന്നെ മാടിവിളിച്ചുകൊണ്ടേയിരിക്കുകയായിരുന്നു...''ഒരഭിമുഖത്തില്‍ നര്‍ത്തകിയും മോഡലുമായ പ്രോതിമ ബേദി പറഞ്ഞതിങ്ങനെ. വെറും നാല് മാസങ്ങള്‍ക്കപ്പുറം ആ ഹിമാലയത്തില്‍ തന്നെ അവര്‍ അവസാനശ്വാസം വലിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ ഉരുള്‍പൊട്ടലുകളിലൊന്നില്‍ അവര്‍ മരിച്ചു. മാനസസരോവറില്‍നിന്നുള്ള മടക്കയാത്രയ്ക്കിടെ മണ്ണിടിച്ചിലില്‍ പെട്ട് മരിക്കുമ്പോള്‍ പ്രോതിമയ്ക്ക് 49 വയസ്സ് മാത്രമേയുണ്ടായിരുന്നുള്ളൂ. അവരുടെ ശരീരം പോലും കിട്ടിയില്ല. പ്രോതിമയുടെ ആഗ്രഹംപോലെ, ഹിമാലയത്തില്‍ അവരുടെ ശരീരവും ചേര്‍ന്നു.
ഹിമാലയന്‍ ഗ്രാമമായ മാല്‍പ. പിത്തോറഗഢിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കാളി നദിയുടെ തീരത്തുള്ള ഈ ഗ്രാമം വളരെ മനോഹരമാണ്. ഇതിലൂടെയാണ് മാനസ സരോവറിലേക്കുള്ള തീര്‍ഥാടകരും കടന്നുപോകുന്നത്. 1998 ഓഗസ്റ്റ് 18. ഒരു കൂട്ടം തീര്‍ഥാടകര്‍ മാനസസരോവറില്‍നിന്ന് തിരിച്ചുള്ള യാത്രയിലായിരുന്നു. മാല്‍പ ഗ്രാമത്തിലെ ക്യാമ്പില്‍ രാത്രി തങ്ങി, അതിരാവിലെ യാത്ര തുടരാനാണ് അവര്‍ തീരുമാനിച്ചത്. ആ സംഘത്തില്‍ പ്രോതിമയും ഉള്‍പ്പെട്ടിരുന്നു. ശാന്തമായ ആ രാത്രി, പെട്ടെന്നാണ് ദുരന്തത്തിന്റേതായി മാറിയത്. പലരും ഉറക്കത്തിലായിരുന്നു. അപ്പോഴാണ് ഇരച്ചെത്തിയ മണ്ണും, ചെളിയും, പാറക്കഷണങ്ങളും ആ ഗ്രാമത്തിനുമുകളിലേക്ക് വീഴുന്നത്. 300-ലേറെ പേര്‍ മരിച്ചു. പലരെയും ഇന്നും കണ്ടെത്താനായിട്ടില്ല. അതുകൊണ്ട് തന്നെ മരണസംഖ്യയിലും വ്യക്തതയില്ല.
ലോകം ഉണരുന്നത് കുറേ മൃതദേഹാവശിഷ്ടങ്ങളും പാറക്കഷണങ്ങളും ചെളിയും മാത്രം നിറഞ്ഞുനില്‍ക്കുന്ന ആ കാഴ്ചയിലേക്കാണ്. ഗ്രാമം തന്നെ തുടച്ചുനീക്കപ്പെട്ടിരുന്നു. ദുരന്തത്തിന് ദിവസങ്ങള്‍ക്കുശേഷവും പാറക്കഷണങ്ങള്‍ താഴേയ്ക്ക് വീണുകൊണ്ടേയിരുന്നുവത്രേ. ഇതെല്ലാം ചെന്നുവീണത് കാളി നദിയിലേക്കാണ്. ഇന്നും മാനസസരോവര്‍ യാത്രികര്‍ ആ ദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മകളിലാണ്.
സ്വാതന്ത്ര്യം തന്നെ ജീവിതം
''സമൂഹം ശ്രദ്ധാപൂര്‍വം കെട്ടിപ്പടുത്ത ഓരോ നിയമവും ഞാന്‍ തകര്‍ത്തെറിഞ്ഞു. യാതൊന്നും എനിക്ക് തടസ്സമായില്ല. തോന്നിയതെല്ലാം ഞാന്‍ ചെയ്തു. ആരെയും കൂസാതെ. എന്റെ യൗവനം, എന്റെ ലൈംഗികത, എന്റെ ബുദ്ധി, എല്ലാം ഞാന്‍ നിര്‍ലജ്ജം ആഘോഷിച്ചു...''
ടൈംപാസ് എന്ന ആത്മകഥാപരമായിട്ടുള്ള പുസ്തകത്തില്‍ പ്രോതിമ ബേദി ഇങ്ങനെയെഴുതി. അതേ, അതായിരുന്നു പ്രോതിമ. ചെറുപ്പംമുതലേ അവര്‍ ജീവിതം ഓരോ തരിയും ഓരോ നിമിഷവും ആഘോഷിച്ചുകൊണ്ടേയിരുന്നു. മാതാപിതാക്കളുടെ രണ്ടാമത്തെ മകള്‍. ഒരാണ്‍കുട്ടിയെ പ്രതീക്ഷിച്ചിരുന്ന കുടുംബത്തിലേക്ക് വീണ്ടും പെണ്‍കുട്ടിയെത്തിയപ്പോള്‍, വീട്ടുകാര്‍ക്കൊന്നും അതംഗീകരിക്കാന്‍ കഴിഞ്ഞില്ല. അവള്‍ക്കൊരു അനിയന്‍ കൂടി വന്നതോടെ, ആ പെണ്‍കുട്ടിയെ ആരും നോക്കാതായി. അതോടെ മറ്റുള്ളവരുടെ അംഗീകാരവും ശ്രദ്ധയും കിട്ടാനുള്ള ശ്രമങ്ങളായി.
''ഒരു നല്ല പെണ്‍കുട്ടിയാകുക എന്നത് എനിക്കൊരിക്കലും പ്രധാനപ്പെട്ട കാര്യമല്ല. യഥാര്‍ഥത്തില്‍ ഒരു ചീത്ത പെണ്‍കുട്ടിയാകാനായിരുന്നു എനിക്കിഷ്ടം. ഒരു കാര്യത്തിലും ആരും എന്നെ ശ്രദ്ധിക്കാത്തതുകൊണ്ട്, ഒരു ചീത്ത പെണ്‍കുട്ടിയായി ഞാന്‍ എല്ലാവരെയും എല്ലാത്തിനെയും എതിര്‍ത്തു.''
അങ്ങനെ പ്രോതിമ വളര്‍ന്നു. അവര്‍ പലര്‍ക്കും അരാജകവാദിയായിരുന്നു. മോഡലിങ് എന്ന കരിയര്‍ തിരഞ്ഞെടുത്തതോടെ അവളെ വീട്ടില്‍നിന്ന് പുറത്താക്കി. പിന്നെ സ്വതന്ത്രമായ ജീവിതമായിരുന്നു. സാമൂഹ്യചട്ടക്കൂടുകളില്‍ ഒതുങ്ങിജീവിക്കാത്തവള്‍, ഹിപ്പി മോഡല്‍ ജീവിതം നയിക്കുന്നവള്‍, ഒട്ടേറെ പുരുഷന്‍മാരുടെ പ്രണയിനിയായിരുന്നവള്‍, ലജ്ജയില്ലാത്തവള്‍...എന്നും വ്യത്യസ്തയാകാനായിരുന്നു അവര്‍ക്ക് താത്പര്യം. നിരവധി പൂക്കളുടെയും നക്ഷത്രങ്ങളുടെയും ഹൃദയങ്ങളുടെയും ചുവന്ന ചുണ്ടുകളുടെയും ചിത്രങ്ങളാല്‍ അലങ്കരിച്ച കാറിലാണ് യാത്ര.
ടാബ്ലോയിഡുകളുടെ പ്രിയപ്പെട്ട താരം
അണ്‍പ്രഡിക്ടബിള്‍ വുമന്‍ എന്നായിരുന്നു സുഹൃത്തുക്കള്‍ പ്രോതിമയെ കുറിച്ച് പറഞ്ഞിരുന്നത്. തനിക്കിഷ്ടമുള്ളത് ചെയ്യാന്‍ ഒരുനിമിഷം പോലും അവര്‍ മടിച്ചുനിന്നിരുന്നില്ല. 1960കളില്‍ മോഡലിങ് രംഗത്തേക്ക് കടന്നു. വൈകാതെ മുംബൈ ഫാഷന്‍ വേള്‍ഡിലെ മുന്‍നിര മോഡലുകളിലൊരാളായി മാറുകയും ചെയ്തു. മുംബൈയിലെ ടാബ്ലോയിഡുകള്‍ക്ക് പ്രോതിമ എന്നും ഒരിഷ്ടവിഷയമായിരുന്നു. അന്നത്തെ പ്രശസ്തനടനായ കബീര്‍ ബേദിയുമായുള്ള പ്രണയം, അവരുടെ ജീവിതരീതികള്‍, ജുഹൂ ബീച്ചിലെ സ്ട്രീക്കിങ്...സിനിബ്ലിറ്റ്സ് എന്ന മാസികയുടെ പ്രചരണാര്‍ഥമായിരുന്നു തിരക്കേറിയ ജുഹു ബീച്ചിലൂടെ അവര്‍ നഗ്നയായി ഓടിയത്. ടാബ്ലോയിഡുകള്‍ ദിവസങ്ങളോളം ഇത് ആഘോഷമാക്കി.
ഈ നഗ്നയോട്ടത്തെക്കുറിച്ച് 'ടൈംപാസി'ലും അവര്‍ പറയുന്നുണ്ട്. പക്ഷേ എല്ലാവരും കരുതുന്നതുപോലെ അത് ജുഹൂവില്‍നിന്ന് എടുത്തതല്ലെന്നും കൃത്രിമമായി മാസിക പ്രസിദ്ധീകരിച്ചതാണെന്നും പ്രോതിമ പുസ്തകത്തില്‍ എഴുതുന്നു. ''ഗോവയിലെ ഒരു ക്യാമ്പില്‍ പങ്കെടുത്തപ്പോള്‍ ഹിപ്പികളുമൊത്ത് സമയം ചെലവഴിച്ചിരുന്നു. അന്ന് ആരെങ്കിലും എന്റെ നഗ്നചിത്രമെടുത്തതായിരിക്കും''.
എന്നും തന്റെ ശരീരത്തില്‍ കംഫര്‍ട്ടബിളായിരുന്നു പ്രോതിമ. അതിന്റെ പേരില്‍ തനിക്കുനേരെയുണ്ടാവുന്ന ആക്രമണങ്ങളെയെല്ലാം അവര്‍ തള്ളിക്കളയുകയും ചെയ്തു. അമ്മയെക്കുറിച്ച് മകള്‍ ആത്മകഥയില്‍ ഓര്‍ക്കുന്നതിങ്ങനെ:
''അവര്‍ നഗ്നഓട്ടം നടത്തിയപ്പോള്‍ എനിക്ക് അഞ്ച് വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. വിഷമിച്ചുകൊണ്ട് ഞാനവരോട് പറഞ്ഞു, എന്റെ സ്‌കൂളിലെ എല്ലാ കുട്ടികളും പറയുന്നത് നിങ്ങള്‍ നഗ്നഓട്ടം നടത്തിയെന്ന് അവരുടെ അമ്മമാര്‍ പറയുന്നുവെന്നാണ്. അതിനുത്തരമായി തീക്ഷ്ണതയോടെ വളരെ പതുക്കെ അവര്‍ പറഞ്ഞു, 'ഇതെന്റെ ജീവിതമാണ്. ഞാനെങ്ങനെ ജീവിക്കണമെന്ന് പറയാനോ ഞാന്‍ എന്തൊക്കെ ചെയ്യുന്നുവെന്ന് ചോദിക്കാനോ ആര്‍ക്കും അവകാശമില്ല. നിങ്ങള്‍ വലുതാകുമ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടേതായ തിരഞ്ഞെടുപ്പുകള്‍ നടത്താം. ഞാനൊരിക്കലും അതിലിടപെടുകയില്ല''.
പ്രണയമായി കടന്നുവന്ന കബീര്‍
മോഡലിങ്ങില്‍ സജീവമായി തുടരുമ്പോഴാണ് പ്രശസ്തനടനായ കബീര്‍ ബേദിയെ പരിചയപ്പെടുന്നത്. അധികം താമസിയാതെ അവരൊരുമിച്ച് ജീവിക്കാന്‍ തുടങ്ങുകയും ചെയ്തു. അഞ്ചുവര്‍ഷത്തെ ബന്ധത്തിനുശേഷം പിരിയുമ്പോള്‍ ബാക്കിയായത് കുറേ ഓര്‍മകളും പൂജ, സിദ്ധാര്‍ഥ് എന്നീ മക്കളുമാണ്. പ്രണയമാണെങ്കിലും ലൈംഗികതയാണെങ്കിലും അത് തുറന്നുപ്രകടിപ്പിക്കാനും ആസ്വദിക്കാനുള്ളതാണെന്ന ചിന്തയാണ് അവരെ മുന്നോട്ടുനയിച്ചത്. അതായിരിക്കാം അവരെ സമൂഹത്തിനുമുന്നില്‍ നോട്ടപ്പുള്ളിയാക്കി മാറ്റിയതും. പുസ്തകത്തില്‍ പ്രോതിമ ഇങ്ങനെ എഴുതുന്നു:
''എന്റെ ഭര്‍ത്താവിന് ഒരു സീതയാകാന്‍ എനിക്ക് കഴിഞ്ഞില്ല. കാമുകര്‍ക്ക് രാധയാവാന്‍ എനിക്ക് കഴിയുകയില്ല. എന്റെ കുഞ്ഞുങ്ങളോട് ഒരു യശോദയാവാന്‍ കഴിഞ്ഞോ എന്ന കാര്യത്തിലും എനിക്ക് സംശയമാണ്. ഈ സമൂഹത്തിന്റെ കാഴ്ചപ്പാടില്‍, ഒറ്റവാക്കില്‍ പറഞ്ഞാല്‍, ഒരു തികഞ്ഞ പരാജയം''.
പക്ഷേ മകളുടെ വാക്കുകളില്‍നിന്ന് തികച്ചും വ്യത്യസ്തയായ ഒരമ്മയെ വായിച്ചെടുക്കാം. ''എന്റെയും സിദ്ധാര്‍ഥിന്റെയും മതം ഏതാണെന്ന് രേഖപ്പെടുത്താനായി സ്‌കൂളില്‍നിന്നും ഒരു ഫോം തന്നിരുന്നു. എന്തായിരിക്കും എന്റെ മതമെന്ന് എനിക്ക് കണ്‍ഫ്യൂഷനായി. അപ്പോള്‍ അമ്മ പറഞ്ഞു, നീ ഇന്ത്യന്‍ എന്നെഴുതണം. അതിന്റെ പേരില്‍ ഇനി എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അവരെന്നോട് സംസാരിക്കട്ടെ''.
വഴിത്തിരിവായി ഒഡീസിനൃത്തം
1975-ലെ മഴയില്‍ കുതിര്‍ന്നൊരു സായാഹ്നം പ്രോതിമയുടെ ജീവിതം മാറ്റിമറിച്ചു. മഴയില്‍നിന്ന് രക്ഷനേടാനായി ഓടിക്കയറിയത് ബുലാഭായ് മെമ്മോറിയല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വരാന്തയിലേക്കാണ്. ഓഡിറ്റോറിയത്തിനുള്ളിലേക്ക് കടന്ന പ്രോതിമ വേദിയില്‍ രണ്ടുപെണ്‍കുട്ടികള്‍ അവതരിപ്പിക്കുന്ന ആ നൃത്തരൂപം കണ്ടുനിന്നുപോയി. അത് ഒഡീസിനൃത്തമാണെന്നൊന്നും മനസ്സിലായില്ല. നൃത്തം കഴിഞ്ഞയുടനെ, നേരെ വേദിക്ക് പിന്നിലേക്ക് നടന്നു.
അവിടെയുണ്ടായിരുന്ന പ്രശസ്തനര്‍ത്തകന്‍ കേളുചരണ്‍ മഹാപാത്രയോട് തന്നെയും നൃത്തം പഠിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഹീലുള്ള ചെരിപ്പും കൈയില്‍ പുകയുന്ന സിഗരറ്റുമായി നില്‍ക്കുന്ന പെണ്‍കുട്ടിയെ പലതും പറഞ്ഞൊഴിവാക്കാന്‍ ഗുരു ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒടുവില്‍ അവസാനശ്രമമെന്ന നിലയില്‍ അദ്ദേഹം പറഞ്ഞു, ഒറീസയിലെ കട്ടക്കിലാണ് എന്റെ സ്ഥാപനം. ഞാനവിടെ എത്തുന്നതിനുമുമ്പ് നീ അവിടെത്തിയാല്‍ നിന്നെ ഞാന്‍ ശിഷ്യയായി സ്വീകരിക്കാം. പ്രോതിമയ്ക്ക് ഒന്നും ആലോചിക്കാനുണ്ടായിരുന്നില്ല. അടുത്തദിവസം തന്നെ മക്കളെ ഭര്‍ത്താവിനെ ഏല്‍പിച്ച് അവര്‍ കട്ടക്കിലേക്ക് വണ്ടികയറി. അത്രമാത്രം ആ നൃത്തരൂപം അവരെ ആകര്‍ഷിച്ചിരുന്നു.
വെറുതെ നൃത്തം എന്നുപറഞ്ഞ് ഇറങ്ങിപ്പുറപ്പെടുകയായിരുന്നില്ല, പ്രോതിമ. അതുവരെയുള്ള വസ്ത്രധാരണരീതികളും ജീവിതരീതികളുമെല്ലാം അടിമുടി മാറ്റിയാണ് അവര്‍ കട്ടക്കിലേക്ക് പോയത്. ഹാള്‍ട്ടര്‍ നെക്ക് ടോപ്പിനും ടൈറ്റ് പാന്റിനും പകരം കോട്ടണ്‍സാരികള്‍ ഇടംപിടിച്ചു. വലിയ പൊട്ടും എണ്ണമയമുള്ള മുടിയുമെല്ലാമായി പുതിയൊരു പ്രോതിമയെയാണ് പിന്നീട് കാണാനായത്. ദിവസവും പതിനാല് മണിക്കൂര്‍ വരെ അവര്‍ നൃത്തപഠനത്തിനായി മാറ്റിവെച്ചു. വര്‍ഷങ്ങള്‍ നീണ്ട നൃത്തപരിശീലനത്തിനുശേഷം, അവര്‍ രാജ്യത്തെമ്പാടും പരിപാടികള്‍ അവതരിപ്പിക്കാന്‍ തുടങ്ങി. പിന്നീട് ജുഹുവിലെ പൃഥ്വി തിയേറ്ററില്‍ സ്വന്തമായി ഡാന്‍സ് സ്‌കൂളും തുടങ്ങി. അതുപിന്നീട് ഒഡീസി ഡാന്‍സ് സെന്ററായി മാറി.
ഗുരുകുലസമ്പ്രദായത്തിലുള്ള ഒരു പരിശീലനകേന്ദ്രം തുടങ്ങണമെന്നതായി പിന്നീട് അവരുടെ ആഗ്രഹം. അതിനുവേണ്ടിയുള്ള ശ്രമങ്ങളായിരുന്നു പിന്നീട്. ബാംഗ്ലൂരില്‍ അതിനായുള്ള സ്ഥലം വാങ്ങാനും കേന്ദ്രം തുടങ്ങാനും പ്രോതിമ വളരെയധികം ബുദ്ധിമുട്ടി. ഒടുവില്‍ ആ സ്വപ്നവും പൂര്‍ത്തിയാക്കി, നൃത്യഗ്രാം എന്നാണ് ആ കേന്ദ്രത്തിന്റെ പേര്. ക്ലാസിക്കല്‍ നൃത്തരൂപങ്ങളും കളരിപ്പയറ്റുമെല്ലാം പരിശീലിക്കാവുന്ന, ഇന്ത്യയിലെ ആദ്യത്തെ മോഡേണ്‍ ഗുരുകുലകേന്ദ്രമാണ് നൃത്യഗ്രാം.
ഒടുവില്‍ ആത്മീയതയിലേക്ക്
സ്വപ്നങ്ങളെല്ലാം യാഥാര്‍ഥ്യമാകുമ്പോഴും മറുവശത്ത് അടിമുടി തകര്‍ക്കാന്‍ പാകത്തില്‍ പലതും അവരെ കാത്തിരിപ്പുണ്ടായിരുന്നു. മകന്റെ ആത്മഹത്യയായിരുന്നു അവരെ ആകെ ഉലച്ചത്. മാനസികപ്രശ്നങ്ങളില്‍പ്പെട്ടിരുന്ന മകനെ സഹായിക്കാന്‍ കഴിഞ്ഞില്ലെന്ന കുറ്റബോധം അവരെ പിന്തുടര്‍ന്നു. ലൗകീകജീവിതത്തില്‍ നിന്നുള്ള മടക്കമായിരുന്നു പിന്നീട്. അവര്‍ പ്രോതിമ ഗൗരി എന്ന പേര് സ്വീകരിച്ചു. നൃത്യഗ്രാമത്തിലെ കുട്ടികള്‍ക്ക് അവര്‍ ഗൗരി മാ ആയിരുന്നു. പിന്നീടൊരിക്കലും അവര്‍ പഴയ പ്രോതിമയായില്ല.
ഒടുവില്‍ എല്ലാം ഉപേക്ഷിച്ച് ഹിമാലയത്തിലേക്കുള്ള യാത്രയിലാണ് മരണം അവരെ കൊണ്ടുപോയത്. പിന്നീട് 2000-ലാണ് പ്രോതിമ പലപ്പോഴായി എഴുതിയ ചെറുകുറിപ്പുകളും കത്തുകളുമെല്ലാം ചേര്‍ത്ത് ടൈംപാസ് എന്ന പേരില്‍ മകള്‍ പൂജ ബേദി പുറത്തിറക്കുന്നത്. മരണശേഷമാണ് പ്രോതിമ എന്ന പ്രശസ്തനര്‍ത്തകിയെക്കുറിച്ച് പലരും ശരിക്കറിയുന്നത്. അതുവരെ ടാബ്ലോയിഡുകളുടെ തലക്കെട്ടുകളില്‍ നിരന്തരം നിറഞ്ഞുനിന്ന പേര് മാത്രമായിരുന്നു അവര്‍.
Content Highlights: life story of popular dancer protima bedi