ഇന്ന് ദേവഗിരി കോളേജിലെ ഹിന്ദി വിഭാഗം മേധാവി; ഒറ്റക്കൈ കവർന്ന ക്യാൻസറിനെ പൊരുതിത്തോൽപ്പിച്ച ഡോ.സനോജ്

പതിനെട്ടാം വയസ്സില്‍ ഓസ്റ്റിയോ സാര്‍ക്കോമ എന്ന കാന്‍സര്‍ ബാധിച്ച് ഇടതുകൈ നഷ്ടപ്പെട്ട സനോജിന്റെ ജീവിതം പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു. കൈ പിടിച്ചുയര്‍ത്താന്‍ ആരും ഇല്ലാതിരുന്നിട്ടും ജീവിതത്തെ വളരെ പ്രതീക്ഷയോടെ കണ്ട ചെറുപ്പക്കാരന്. പ്രയാസങ്ങള്‍ക്കിടയിലും വിദ്യാഭ്യാസം കൈമുതലായി. സൈക്ലിങും നീന്തലും പഠിച്ചു. കോഴിക്കോട് യൂണിവേഴ്സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് നേടി. ഇന്ന് ദേവഗിരി കോളേജിലെ ഹിന്ദി വിഭാഗം എച്ച്. ഒ.ഡി യാണ്. യാത്രകളോടുള്ള കമ്പം സനോജിനെ പൊന്മുടി വരയാടുമൊട്ടയിലേക്കെത്തിച്ചു. ജീവിതയാത്രയില്‍ സനോജ് താണ്ടിയ ദൂരങ്ങളെക്കുറിച്ച് മനസ്സ് തുറക്കുന്നു.
''തൃശ്ശൂരിലെ ചേലക്കരയിലാണ് ജനിച്ചത്. അച്ഛന് തെങ്ങുകയറ്റക്കാരനായിരുന്നു. സാമ്പത്തികമായി വലിയ മെച്ചപ്പെട്ട കുടുംബമല്ലാത്തതിനാല് ചെറുപ്പത്തില്‍ അതിന്റേതായ എല്ലാ ബുദ്ധിമുട്ടുകളും എന്നെ ബാധിച്ചിരുന്നു. വീട്ടിലും എന്നും പ്രശ്നങ്ങളായിരുന്നു. അമ്മയെ തല്ലുന്ന അച്ഛനെ മാത്രമാണ് ഞാന്‍ കണ്ടിട്ടുള്ളത്. നല്ല കുറേ അധ്യാപകരും സ്കൂളും എന്നെ പഠിത്തത്തില്‍ സഹായിച്ചു. അമ്മ കൂലിപ്പണി ചെയ്താണ് ബാക്കി കാര്യങ്ങളും നോക്കിയിരുന്നത്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആനയുടെ ചവിട്ടേറ്റ് അച്ഛന് മരിച്ചു. അച്ഛന്റെ മരണശേഷം ജീവിതമാകെ കീഴ്മേല്‍ മറിഞ്ഞു. അമ്മയുടെ മാനസികനില തെറ്റി. ജോലിക്കൊന്നും പോകാന്‍ പറ്റാതെയായി. എനിക്കൊരു സഹോദരനായിരുന്നു, താളം തെറ്റിയ ജീവിത സാഹചര്യം അവനെ ചെറുപ്പത്തിലെ ഞങ്ങളില്‍ നിന്നും അകറ്റി. ഇപ്പോള്‍ എവിടെ ആണെന്ന് പോലും അറിയില്ല. അച്ഛന്റെ മരണശേഷം ബന്ധുവീടുകളായി ആശ്രയം. ഓരോ വീടും മാറിക്കൊണ്ടിരുന്നു. കണക്കുപറച്ചിലും പരാതികളും കേട്ടുള്ള ജീവിതം. കുറച്ചു ഭക്ഷണം അധികം കഴിച്ചതിന് ചീത്ത കേട്ട എത്രയോ രാത്രികള്‍....'' വാക്കുകളിടറുമ്പോഴും താന്‍ കടന്നുവന്ന സാഹചര്യങ്ങള്‍ സനോജിന് കരുത്തുപകര്‍ന്നിരുന്നു.
വേദന തിന്ന ദിനങ്ങള്‍
''പത്താം ക്ലാസില്‍ പഠിക്കുന്ന സമയം. ഇടത്തേ കൈയ്ക്ക് നല്ല വേദന വരാൻ തുടങ്ങി. അപ്പോഴൊക്കെ മെഡിക്കല്‍ സ്റ്റോറില്‍ പോയി വേദനസംഹാരികള്‍ കഴിക്കും. വേദന കൂടി വന്നപ്പോള്‍ മരുന്ന് കഴിക്കുന്നത് പതിവാക്കി. എന്റെ വേദന കണ്ടിട്ട് അമ്മയുടെ അനിയന്റെ ഭാര്യയാണ് മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോകുന്നത്. കണ്ടപ്പോള്‍ത്തന്നെ ഡോ. വേണുഗോപാല്‍, അഡ്മിറ്റ് ആകണം, സീരിയസാണെന്ന് പറഞ്ഞു. ആശുപത്രിയില്‍ കൂട്ടിരുന്നത് അമ്മാമ്മയായിരുന്നു. മെഡിക്കല്‍ കോളേജില്‍ നിന്ന് രണ്ട് ഘട്ട കീമോതെറാപ്പി കഴിഞ്ഞപ്പോഴും കാന്‍സറാണെന്ന് എനിക്ക് മനസ്സിലായില്ല, ആരും പറഞ്ഞതുമില്ല. അന്ന് സ്കൂളില്‍ നിന്നും പിരിച്ചുകിട്ടിയ പൈസ കൊണ്ടാണ് ചികിത്സ നടത്തിയത്. പത്രപരസ്യം ചെയ്തതും തുണയായി. ഇനിയൊന്നും ചെയ്യാന്‍ പറ്റില്ല, രോഗത്തിന്റെ കാഠിന്യം കൂടി. വേറെ എവിടെയെങ്കിലും കൊണ്ടുപോയ്ക്കൊളൂ എന്ന് പറഞ്ഞ് അവരും കൈയൊഴിഞ്ഞു. പിന്നെ ജീവിതം ആര്.സി.സി.യിലായിരുന്നു. കൊണ്ടുചെന്നപ്പോള്‍ തന്നെ ശസ്ത്രക്രിയ പറഞ്ഞു. പതിനെട്ടാം വയസ്സില്‍ എന്റെ ഇടതുകൈ മുറിച്ചു മാറ്റി. എല്ലിനെ ബാധിക്കുന്ന 'ഓസ്റ്റിയോ സാര്‍ക്കോമ' എന്ന കാന്‍സര്‍ ആണ് എന്നെ ബാധിച്ചത്. കൈ മുറിച്ചുമാറ്റാതെ വേറെ ഒരു വഴിയും ഇല്ലായിരുന്നു. സര്‍ജറിക്കുള്ള ധനസഹായം സര്‍ക്കാരില്‍നിന്നും ആശ്രയ എന്ന സംഘടനയില്‍നിന്നും ലഭിച്ചു. 12-സൈക്കിള്‍ കീമോ ചെയ്തു. മുടി കൊഴിഞ്ഞു. ഇപ്പോഴും ഗുളിക കഴിച്ചുകൊണ്ടിരിക്കുന്നു.
പ്രതീക്ഷയുടെ നാളുകള്‍
ജീവിതത്തിലേക്ക് തിരികെ വന്നപ്പോഴും മനസ്സില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കണം എന്ന ചിന്തമാത്രമായിരുന്നു. ചെറുപ്രായത്തിലെ ഇടതുകൈ നഷ്ടപ്പെട്ടതിന്റെ എല്ലാ മാനസിക ബുദ്ധിമുട്ടുകളും ഉത്കണ്ഠയും സനോജിനെ അലട്ടിയിരുന്നു.
''ആസ്പത്രിയിൽനിന്ന് തിരികെ വന്നപ്പോൾ പ്ലസ് ടു പൂര്‍ത്തിയാക്കണം എന്നുണ്ടായിരുന്നു. പ്ലസ് ടു കഴിഞ്ഞ് കേരളവര്‍മ കോളേജില്‍ ഡിഗ്രിക്ക് ചേര്‍ന്നു. പിന്നെ പി.ജി. കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസില്‍. പി.ജി. ഫസ്റ്റ് റാങ്കോടെ പാസാവാന്‍ കഴിഞ്ഞു. അതിനുശേഷം പി.എച്ച്.ഡിക്ക് ജോയിന്‍ ചെയ്തു. പഠിത്തത്തിനൊപ്പം ട്യൂഷന് എടുക്കുമായിരുന്നു. ഹിന്ദി മാഷായതുകൊണ്ട് പൈസ കുറവായിരുന്നു, എങ്കിലും എന്റെ കാര്യങ്ങളെല്ലാം അതുകൊണ്ട് നടന്നു പോകും. പി. എച്ച്. ഡി ചെയ്യുന്ന സമയത്താണ് സൈക്ലിങ് കമ്പം തുടങ്ങുന്നത്. ആ ഇടയ്ക്ക് കുറച്ചുനാള്‍ ആര്.സി.സി.യില്‍ താമസിക്കേണ്ടി വന്നു. എന്റെ ഇഷ്ടം മനസ്സിലാക്കി ഷോര്‍ട്ട് ഫിലിം ഡയറ്കടറായ അരുണ്‍ ഭട്ടാരിയാണ് സൈക്കിള്‍ പ്രകാശ് എന്ന ആളെ പരിചയപ്പെടുത്തുന്നത്. അദ്ദേഹത്തിന്റെ വീട്ടില്‍നിന്ന് നാല് ദിവസം കൊണ്ടാണ് സൈക്ലിങ് പഠിക്കുന്നത്. ആ പത്രവാര്‍ത്ത കണ്ട് അന്നത്തെ തിരുവന്തപുരം മേയർ വി.കെ പ്രശാന്ത് എനിക്ക് സൈക്കിള്‍ സമ്മാനമായി തന്നു. ജീവിതത്തില്‍ ഏറെ സന്തോഷിച്ച ദിവസമായിരുന്നു. പഠനത്തിനിടയില്‍ തന്നെ വീണ്ടും 'ന്യൂറോമ' പിടിപെട്ടു. ട്യൂമര്‍ ആയതുകൊണ്ടുതന്നെ സര്‍ജറി ആവശ്യമാണ്. കുറച്ചു കോംപ്ലിക്കേഷന് ഉള്ളതുകൊണ്ടുതന്നെ സര്‍ജറി മാറ്റിവെച്ചിരിക്കുകയാണ്. ഇതിനിടയില്‍ മൂന്ന് വര്‍ഷം കൊണ്ട് പി. എച്ച്. ഡി പൂര്‍ത്തിയാക്കി. ട്രാന്‍സ് ജെന്ഡേഴ്സിനെക്കുറിച്ചുള്ള പേപ്പറിലായിരുന്നു പി.എച്ച് ഡി. അതിന് മുംബൈ യൂണിവേഴ്സിറ്റിയുടെ ബെസ്റ്റ് റിസര്‍ച്ച് സ്കോളറിനുളള അവാര്‍ഡ് കിട്ടിയിരുന്നു. യു.ജി.സി വികലാംഗ സ്കോളര്‍ഷിപ്പിന് അംഗീകാരം ലഭിച്ച ആദ്യത്തെ വ്യക്തിയാണ് ഞാന്‍. ഇപ്പോള്‍ ദേവഗിരി സെന്റ് ജോസഫ് കോളേജിലെ ഹിന്ദി വിഭാഗം മേധാവിയാണ്. ഡിസെബിള്‍ഡ് ആയ കുട്ടികളുടെ കോ-ഓഡിനേറ്ററുമാണ്. അവര്‍ക്ക് അവകാശപ്പെട്ട സ്കോളര്‍ഷിപ്പ്, ഗ്രേസ് മാര്‍ക്ക് തുടങ്ങിയ കാര്യങ്ങൾ കുട്ടികള്‍ക്ക് ലഭ്യമാക്കാനുള്ള സഹായങ്ങളും ചെയ്യാറുണ്ട്''.
യാത്രകള്‍
''ട്രക്കിങ് മുമ്പേ താല്പര്യമുണ്ടായിരുന്നു. ബെല്ലി ജിം ഡയറക്ടറുടെ സ്റ്റാറ്റസ് കണ്ടിട്ടാണ് പൊന്മുടി ട്രക്കിങ്ങിലേക്കെത്തുന്നത്. ജോളി ചെറിയാന്റെ നമ്പര്‍ കണ്ട് അവരെ വിളിച്ചു. ഞാന്‍ എന്ത് അടിസ്ഥാനത്തില്‍ നിന്നെ കൊണ്ടുപോകും എന്നാണവര്‍ ആദ്യം ചോദിച്ചത്. ഒരു കൈ കൊണ്ട് സൈക്ലിങും സ്വിമ്മിങ്ങും ചെയ്യുമെന്ന് പറഞ്ഞപ്പോള്‍ പിന്നെ എന്തിനാണ് നിന്നെ കൊണ്ടുപോകാതിരിക്കുന്നതെന്നായിരുന്നു മറുപടി. സ്വന്തം ഉത്തരവാദിത്വത്തില്‍ മാഡം തന്നെ എന്നെ കൊണ്ടുപോയി. ആറ് മണിക്കൂര്‍ നീണ്ടു നിന്ന പൊന്മുടി വരയാടുമൊട്ടയിലേക്കുള്ള യാത്ര എന്റെ ജീവിതത്തില്‍ പുതിയ പ്രതീക്ഷകള്‍ തന്നു. അടുത്തത് അഗസ്ത്യാര്‍കൂടത്തിലേക്കുള്ള യാത്രയാണ്. ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ മാത്രമേ അവിടേക്ക് കടക്കാന്‍ കഴിയൂ. ജോളി മാഡം തന്നെ അതെല്ലാം ശരിയാക്കിത്തന്നു. ഈ മാസം പതിനാലിനാണ് യാത്ര. അടുത്തത് എവറസ്റ്റ് ബേസ് ക്യാമ്പിലേക്കുള്ള യാത്രയാണ് മനസ്സില്‍. അതിനായി നല്ല രീതിയിലുള്ള തയ്യാറെടുപ്പുകള്‍ ആവശ്യമാണ്. ജനുവരിയില്‍ ഹിമാചല്‍പ്രദേശിലേക്കുള്ള യാത്ര പ്ലാന്‍ ചെയ്യുന്നുണ്ട്.''
വിമര്‍ശനങ്ങള്‍
ജീവിതത്തെ പോസിറ്റീവായി കണ്ട് മുന്നേറുമ്പോഴും ചില കമന്റുകള്‍ സനോജിനെ അസ്വസ്ഥപ്പെടുത്തുന്നു. ''പത്രവാര്‍ത്ത കണ്ടപ്പോള്‍ തന്നെ ഒരുപാട് പേര് നെഗറ്റീവ് കമന്റുമായി എത്തി. അസുഖമുള്ളവരൊക്കെ മലകയറുമോ? സൈക്കിള്‍ ചവിട്ടുമോ? എന്ന രീതിയിലാണ് കമന്റുകള്‍. അവന് കാന്‍സര്‍ ഒന്നുമല്ല എന്ന് വേറെയും ചിലര്‍. ഇത്തരക്കാര്‍ മനസ്സിലാക്കേണ്ടത് കാന്‍സര്‍ വരാന്‍ ആരും ആഗ്രഹിക്കില്ല. കാന്‍സര്‍ ഇല്ല എന്ന് കേള്‍ക്കാനാണ് ആഗ്രഹം. കമന്റില്‍ കൂടി ആണെങ്കിലും ഇത്തരം വാക്കുകള്‍ എനിക്ക് മാനസികവിഷമം ഉണ്ടാക്കിയിട്ടുണ്ട്. കാന്‍സര്‍ രോഗികള്‍ എപ്പോഴും കിടക്കയില്‍ കിടക്കണം, മുടി കൊഴിഞ്ഞുപോണം... എന്നുള്ള സമൂഹത്തിന്റെ ചിന്തകളായിരിക്കാം ഇങ്ങനെയൊക്കെ പറയാന്‍ പ്രേരിപ്പിക്കുന്നത്. ഒരു കൈ പോയാല്‍ ലോകം മൊത്തം പോയി എന്ന വിചാരിക്കുന്നവരുണ്ട്, പക്ഷേ അതൊന്നും ജീവിതത്തിന്റെ അവസാനമല്ലെന്ന് ചിന്തിക്കുമ്പോള്‍ പിന്നെ ചെയ്യുന്നതെല്ലാം മനോഹരമായി തോന്നും.
പണ്ട് എവിടെപോയാലും ആര്‍ട്ടിഫിഷ്യല്‍ ലിമ്പ് വെക്കുമായിരുന്നു. കഴുത്തില്‍ ന്യൂറോമ വന്നതില്‍ പിന്നെ ആര്‍ട്ടിഫിഷ്യല്‍ ലിമ്പ് ഒട്ടിക്കുമ്പോള്‍ അസഹനീയമായ വേദന അനുഭവപ്പെടാന്‍ തുടങ്ങി. അങ്ങനെ അത് ഒഴിവാക്കി, കോളേജില്‍ ആദ്യമായി ലിമ്പ് ഇല്ലാതെ പോയപ്പോള്‍ കുട്ടികളുടെ പ്രതികരണവും പോസിറ്റീവായിരുന്നു. മാനേജ്മെന്റ് നല്ല സപ്പോര്‍ട്ടാണ്. ഗുളിക കഴിക്കുന്നതുകൊണ്ട് ക്ലാസ്സില്‍ വെച്ച് തലകറങ്ങും. അപ്പോള്‍ എല്ലാവരും വിശ്രമിക്കാന്‍ പറയും. ഒരുരീതിയിലും എന്നെ കുറ്റപ്പെടുത്തിയിട്ടില്ല. സനോജ് ബ്രോ, സനോജേട്ടാ എന്നൊക്കെയാണ് കുട്ടികള്‍ വിളിക്കാറ്. അധ്യാപകന്, വിദ്യാര്‍ഥികള്‍ എന്നതിനപ്പുറത്തേക്ക് ഞങ്ങള്‍ നല്ല കൂട്ടുകാരാണ്. പൊന്മുടി യാത്രയുടെ ചിത്രങ്ങളിലൊന്നും ആര്‍ട്ടിഫിഷ്യല്‍ ലിമ്പ് വച്ചിട്ടില്ല. ആ ചിത്രങ്ങള്‍ കണ്ട് കുസാറ്റില്‍ റിസര്‍ച്ച് ചെയ്യുന്ന പെണ്‍കുട്ടി വിളിച്ചിരുന്നു. അവളുടെ കൈ വളഞ്ഞതാണ് ആ പരിമിതികള്‍ മറച്ചുവച്ചിട്ടാണ് സോഷ്യല്‍മീഡിയയില്‍ ഫോട്ടോസ് പോസ്റ്റ് ചെയ്യാറുള്ളത്. ഇനി അവളും ആ പരിമിതികള്‍ ഉള്‍ക്കൊണ്ട് യാഥാര്ഥചിത്രങ്ങള് പോസ്റ്റ് ചെയ്യുമെന്ന് പറഞ്ഞു. അതുകേട്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി.''
ലൈസന്‍സ് മോഹം
സ്വന്തമായി വണ്ടിയോടിച്ച് പോകണമെന്ന ആഗ്രഹത്തിനുപിന്നാലെയാണ് സനോജിപ്പോൾ. ബീച്ച് ഹോസ്പിറ്റലിലൂടെ കരഞ്ഞുകൊണ്ട് നടന്ന ആ ദിനങ്ങള്‍ സനോജ് ഓര്‍ത്തെടുക്കുന്നു...
''സര്‍ട്ടിഫിക്കറ്റിനായി കയറിയിറങ്ങാത്ത സ്ഥലങ്ങളില്ല. ഗവണ്മെന്റ് ഓര്‍ത്തോ ഡോക്ടര്‍ ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ് തന്നാല്‍ മാത്രമേ ലൈസന്‍സ് എടുക്കാന്‍ യോഗ്യത കിട്ടുകയുള്ളൂ. എന്നാല്‍ ആരും അതിന് തയ്യാറായില്ല. ആരും മുഖത്തുപോലും നോക്കുന്നില്ല. കൂടെ നില്‍ക്കേണ്ട ആരോഗ്യപ്രവര്‍ത്തകര്‍ പോലും ഒന്നും കേള്‍ക്കാന്‍ കൂട്ടാക്കുന്നില്ല. മെഡിക്കല്‍ കോളേജിലും പോയിരുന്നു. ഒന്ന് മുഖത്ത് പോലും നോക്കാതെ അണ്‍ഫിറ്റ് എന്ന് എഴുതിത്തന്നു. ഒടുവില്‍ മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോ സര്ജന് ഡോ.രവികുമാര്‍ സാറിന്റെ വീട്ടില്‍ ചെന്നു. ഫീസ് പോലും വാങ്ങാതെ അദ്ദേഹം ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് തന്നു. ഇനി ലൈസന്‍സ് എടുക്കണം. അതു കിട്ടിക്കഴിഞ്ഞാൽ മോഡിഫൈ ചെയ്ത ഓട്ടോമെറ്റിക് വാഹനങ്ങള്‍ ഓടിക്കാം. കോഴിക്കോട് എം.വി.ഡി അരുണ്‍കുമാര്‍ സാറിനെ സമീപിച്ചു. അദ്ദേഹം തന്ന പിന്തുണ വളരെ വലുതാണ്. ലൈസന്‍സിന് അപ്ലെ ചെയ്തു. ഡേറ്റിനായി കാത്തിരിക്കുന്നു...''
Content Highlights: life story of dr. sanoj p r, cancer survivor