''എനിക്ക് കാന്‍സറാണോ വല്ല്യമ്മേ, തൊണ്ട മുറിച്ചാല്‍ പാടാന്‍ കഴിയില്ലല്ലോ?"

'അവനി എസ്. എസ്... എ ഗ്രേഡ്...' കോഴിക്കോട്ട് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ശാസ്ത്രീയ സംഗീത മത്സരത്തിന്റെ ഫലം പ്രഖ്യപിച്ചപ്പോള്‍ അവള്‍ക്കൊപ്പം അച്ഛനും അമ്മയും കണ്ണീരണിഞ്ഞു. കാന്‍സറിന്റെ പിടിയില്‍ നിന്ന് മനക്കരുത്തുകൊണ്ട് കുതറിമാറിയാണ് അവള്‍ കോഴിക്കോട്ടേക്ക് പുറപ്പെട്ടത്. ആ കഥ കേട്ടാല്‍ കണ്‍നിറയാത്തത് ആര്‍ക്കാണ്? വെഞ്ഞാറമൂടിന്റെ രാപ്പാടി, 'രാത്തു' എന്ന അവനിയുടെ വീട്ടിലേക്ക് ചെന്നുകയറിയത് മഞ്ഞണിഞ്ഞ ഒരു പുലരിയിലാണ്.
ആമ്പല്‍ക്കുളവും ഫലവൃക്ഷങ്ങളുമുളള മനോഹരമായ മുറ്റം... വീടിന്റെ മുന്‍വശത്ത് നിറയെ വള്ളിച്ചെടികള്‍. രാപ്പി എന്ന പട്ടിക്കുട്ടിയും പൂച്ചക്കുട്ടികളും. മുന്‍വാതില്‍ തുറന്ന് ചിരിച്ച മുഖവുമായി അവനി വന്നു. പ്രതിസന്ധികളില്‍ അച്ഛനും അമ്മയ്ക്കും ധൈര്യം പകര്‍ന്ന ചിരി. അനിയത്തി രാശിയെ അരികിലിരുത്തി അവനി അവളുടെ കഥ പറഞ്ഞുതുടങ്ങി.
പെട്ടെന്ന് എത്തിയ വേദന
''എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ടോപ്പ് സിംഗറിന്റെ ഓഡിഷനു പോകുന്നത്. ഓഡിഷന്‍ കഴിഞ്ഞ് പാടാന്‍ അവസരം കിട്ടി. വീട്ടിലെത്തി പാട്ടുകള്‍ പരിശീലിക്കാന്‍ തുടങ്ങി. 'രാമകഥ'യൊക്കെ വളരെ എളുപ്പത്തില്‍ പാടിക്കൊണ്ടിരുന്ന എനിക്ക് അവസാന സ്വരങ്ങളൊന്നും പാടാന്‍ കഴിയുന്നില്ല. ശ്വസിക്കാന്‍ ബുദ്ധിമുട്ടായി. ശരീരവേദനയും. ഡോക്ടറെ കാണിച്ചപ്പോള്‍ ദൂരയാത്ര കൊണ്ടായിരിക്കാം എന്നുപറഞ്ഞ് മരുന്നുകള്‍ തന്നു. സുഖമാവാത്തതിനാല്‍ കുടുംബ ഡോക്ടറെ കാണിച്ചു. ഡോക്ടറങ്കിള്‍ കുറേ ടെസ്റ്റുകള്‍ ചെയ്യാനെഴുതി. അതെല്ലാം ചെയ്തു. ഡോക്ടറെ കാണുമ്പോള്‍ എന്നെ അകത്തേക്ക് കൂട്ടിയില്ല. തൊറാസിക് സര്‍ജനെ കാണിച്ചു. ശാസ്ത്രക്രിയ വേണമെന്നു പറഞ്ഞു. അത് കേട്ടപ്പോള്‍ തന്നെ എനിക്ക് പേടിയായി, തൊണ്ട മുറിച്ചാല്‍ പാടാന്‍ കഴിയില്ലല്ലോ. എന്നാല്‍ ആ ദിവസം എത്തുന്നതിനു മുമ്പെ വേദന കൂടി. പെട്ടെന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ കാണിച്ചു. ബയോപ്‌സിയും ബോണ്‍മാരോ ടെസ്റ്റും നടത്തി.''
എനിക്ക് കാന്‍സറാണോ
''അസുഖമാണെന്നറിഞ്ഞ നിമിഷം വല്ലാതെ വിഷമം തോന്നി. അച്ഛനും അമ്മയും അപ്പോഴേക്കും തളര്‍ന്നു പോയിരുന്നു. കാന്‍സര്‍ വന്നാല്‍ മരിച്ചു പോകും എന്നായിരുന്നു ധാരണ. ആ സമയത്ത് ഓങ്കോളജി എന്താണെന്ന് പോലും എനിക്കറിയില്ല. ആശുപത്രി ഇടനാഴികളിലുള്ള ബോര്‍ഡില്‍ നിന്നാണ് കാന്‍സര്‍ സെന്ററിലേക്കാണ് കൊണ്ടുപോകുന്നതെന്ന് മനസ്സിലായത്. കീമോ വാര്‍ഡിലേക്ക് ആദ്യമായി കടന്നുചെന്നപ്പോള്‍ വല്ല്യമ്മയാണ് കൂടെയുണ്ടായിരുന്നത്. ''എനിക്ക് കാന്‍സറാണോ വല്ല്യമ്മേ?'' എന്ന ചോദ്യത്തിന് ലാഘവത്തോടെയുള്ള മറുപടി. ''അതേ. പക്ഷേ, പേടിക്കാനൊന്നുമില്ല. ചികിത്സിച്ച് മാറ്റാവുന്നതേയുള്ളൂ.'' ആ വാക്കുകള്‍ എനിക്കാശ്വാസം പകര്‍ന്നു...''ഒട്ടും സങ്കോചമില്ലാതെ അവനി ഓര്‍ത്തെടുത്തു.
ചികിത്സ
''തൊണ്ടയിലായിരുന്നു കാന്‍സര്‍. അതിന് ഒരു വായില്‍ കൊള്ളാത്ത പേരും പറഞ്ഞു...'' ചിരിച്ചുകൊണ്ടവള്‍ തുടര്‍ന്നു. മരുന്നുകളേക്കാള്‍ പാര്‍ശ്വഫലങ്ങളായിരുന്നു ഭീകരം. ഒമ്പത് പീഡിയാട്രിക് കീമോയും എട്ട് അഡല്‍റ്റ് കീമോയും 25 റേഡിയേഷനും കഴിഞ്ഞു. ചികിത്സയുടെ ആദ്യഘട്ടത്തില്‍ ഒരുപാട് ബുദ്ധിമുട്ടിയിരുന്നു. ശബ്ദം പൂര്‍ണമായും നഷ്ടപ്പെട്ടു. നടക്കാന്‍ പറ്റാതായി. മുടിയെല്ലാം കൊഴിഞ്ഞു. കുറേനാള്‍ കട്ടിലില്‍ തന്നെയായിരുന്നു ജീവിതം. പാടാന്‍ കഴിയുമോ എന്ന ചിന്ത അലട്ടിക്കൊണ്ടിരുന്നു. ബോബന്‍ തോമസ് എന്നായിരുന്നു ഡോക്ടറിന്റെ പേര്. ഡോക്ടറങ്കിള്‍ ഒരുപാട് സഹായിച്ചു. പാടാന്‍ കഴിയുമെന്ന് എപ്പോഴും പറഞ്ഞുകൊണ്ടേയിരുന്നു. ആദ്യനാളുകളില്‍ ഒട്ടുംതന്നെ കീമോയോട് പ്രതികരിച്ചിരുന്നില്ല. ശബ്ദം പതിയെ തിരിച്ചുവരാന്‍ തുടങ്ങിയപ്പോള്‍ ഒരുപാട് സന്തോഷമായി.''
ആത്മവിശ്വാസം കൈമുതലായി
''അസുഖം വന്നതിനു ശേഷമാണ് ഇത്രയും ആത്മവിശ്വാസം നേടിയെടുത്തത്. ആ സമയത്ത് അച്ഛനും അമ്മയും ഒരുപാട് വിഷമിച്ചു. എന്നെ കാണാന്‍ വരുന്നവരോടെല്ലാം ഞാന്‍ അവരെ ആശ്വസിപ്പിക്കാനാണ് പറഞ്ഞത്. ഒരു സമയത്ത് ആരോടും മിണ്ടാതിരുന്ന ഞാന്‍ പെട്ടെന്ന് എല്ലാവരോടും മിണ്ടാന്‍ തുടങ്ങി. എല്ലാത്തിനെയും പോസിറ്റീവായി സമീപിക്കാന്‍ തുടങ്ങി. ചികിത്സ ആരംഭിച്ചതില്‍ പിന്നെയാണ് വായന തുടങ്ങിയത്. അത് ആ സമയത്ത് ഒരുപാട് തുണച്ചു. ഡയറിയെഴുത്ത് ശീലമാക്കി. അന്നന്ന് നടന്ന സംഭവങ്ങളെപ്പറ്റി എഴുതി. എങ്ങനെയെങ്കിലും കാന്‍സറിനെ പുറത്തുചാടിക്കണമെന്ന ചിന്തയായി പിന്നീടങ്ങോട്ട്.''
പാട്ടിന്റെ ലോകത്തേക്ക്
''പാട്ട് എന്റെ ജീവശ്വാസമാണ്. മൂന്നു വയസ്സുമുതല്‍ പാടുന്നു. അഞ്ചാം വയസ്സില്‍ പാട്ട് പഠിക്കാന്‍ തുടങ്ങി.'' സംഗീതത്തെപ്പറ്റി പറഞ്ഞു തുടങ്ങിയപ്പോള്‍ അവനി വാചാലയായി. ''കുഞ്ഞുന്നാള്‍ മുതലേ ഞാന്‍ പാട്ട് പാടാനുള്ള താത്പര്യം കാണിച്ചിരുന്നെന്ന് അമ്മ പറയാറുണ്ട്. അമ്മയും നന്നായി പാടും. കിളിമാനൂര്‍ ശിവപ്രസാദാണ് എന്റെ ഗുരു. അദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ തന്നെയാണ് ഇപ്പോഴും. രവീന്ദ്രന്‍ മാഷിന്റെ പാട്ടുകളാണ് എനിക്കേറ്റവും ഇഷ്ടം. സംഗീത സംവിധാനം എന്താണെന്നറിയാത്ത എനിക്ക് രവീന്ദ്രന്‍ മാഷിന്റെ പാട്ടുകളിലൂടെ അതിനോടുള്ള അടുപ്പവും സംഗീത സംവിധായകയാകാനുള്ള ആഗ്രഹവും വര്‍ധിച്ചു. അതിനൊരു തുടക്കമെന്നോണം വിഭു പിരപ്പന്‍കോടിന്റെ വരികള്‍ക്ക് ഞാന്‍ സംഗീതം നല്‍കി പാടിയ 'പെണ്ണ്' എന്ന കവിത പുറത്തിറങ്ങി.
'സരിഗമപ'യുടെ ആദ്യ സീസണിലേക്ക് സുരാജ് വെഞ്ഞാറമൂട് അങ്കിളാണ് എന്നെ കൊണ്ടുവരുന്നത്. എനിക്ക് ആ വേദി ഒരുപാട് ഇഷ്ടമായിരുന്നു. അവിടെ എത്തിച്ചേരണമെന്ന ആഗ്രഹം അറിഞ്ഞ അങ്കിള്‍ അവിടേക്ക് എന്നെ അതിഥിയായി കൂട്ടിക്കൊണ്ടു പോയി. ആ വേദിയില്‍ പാടാന്‍ അവസരം ലഭിച്ചു. എല്ലാവര്‍ക്കും അതിഷ്ടമായി. അടുത്ത സീസണില്‍ ഉറപ്പായും പങ്കെടുക്കണമെന്ന് പറഞ്ഞു. എന്നാല്‍ അടുത്ത സീസണ്‍ ലിറ്റില്‍ ചാമ്പ് ആയിരുന്നു 14 വയസ്സുവരെയുള്ള കുട്ടികളുടെ സീസണ്‍. പക്ഷേ, ആ സമയം എനിക്ക് 15 വയസ്സായി. പകരം എന്റെ അനിയത്തിയേയും കൊണ്ട് ഞങ്ങള്‍ അവിടെയെത്തി. എന്നെ ആ വേദിയിലുള്ളവര്‍ ഓര്‍ത്തിരുന്നു. അവിടെ എനിക്കും ഒരു പാട്ടുപാടാന്‍ അവസരം തന്നു. ഒടുവില്‍ ഞാന്‍ ഇന്‍ ആയി അവള്‍ ഔട്ടും. കീമോ കഴിഞ്ഞ പിറ്റേ ദിവസം പോലും ഞാന്‍ വേദിയില്‍ വന്ന് പാടിയിട്ടുണ്ട്. ആ വേദി എനിക്ക് എല്ലാമായിരുന്നു.'' ഇപ്പോൾ ശ്രീ സ്വാതിതിരുനാള്‍ മ്യൂസിക് കോളേജില്‍ ഫസ്റ്റ് ഇയർ ബി .പി. എ വോക്കല്‍ മ്യൂസിക്ക് വിദ്യാര്‍ഥിനിയാണ്. ഇന്ത്യയ്ക്കകത്തും പുറത്തും മ്യൂസിക്ക് ഷോകളിലൂടെ തന്റെ സംഗീതവഴിയിലേക്കുള്ള ജെെത്രയാത്ര തുടരുകയാണവൾ.
കുടുംബം
'രാക്കിളിതന്‍ വഴിമറയും നോവിന്‍ പെരുമഴക്കാലം...' അവനി പാടിത്തുടങ്ങി. ''അച്ഛന്‍ ശിവപ്രസാദ്, പച്ചക്കറി കട നടത്തുന്നു. അച്ഛനാണെന്റെ ശക്തി. പണ്ടു മുതലേ എല്ലാ വേദികളിലും അവസരം ചോദിച്ചു വാങ്ങി എന്നെക്കൊണ്ടു പോയി പാടിക്കാറുണ്ട്. അമ്മ സതിജ. കല്യാണശേഷം അമ്മ ഡാന്‍സും പാട്ടും എല്ലാം അവസാനിപ്പിച്ച് ഞങ്ങളെയും നോക്കി വീട്ടില്‍ ത്തന്നെയായിരുന്നു.
'സരിഗമപ ' വേദിയില്‍ നിന്നാണ് അമ്മ വീണ്ടും ചിലങ്ക കെട്ടിത്തുടങ്ങിയത്. പാട്ട്, ഡാന്‍സ്, നാടകം എല്ലാമുണ്ട് അമ്മയുടെ പക്കല്‍.'' സതിജ ഇപ്പോള്‍ അമെച്വര്‍ നാടകങ്ങളുടെ ഭാഗമാണ്. അഞ്ചാം ക്ലാസ്സുകാരിയായ അനിയത്തി ആത്മവേദ(രാശി)യും പാടും. നാടകത്തട്ടില്‍ നിന്ന് ഓടിയെത്തിയ അമ്മയ്‌ക്കൊപ്പം ഇരുവരും കളിചിരിയില്‍ മുഴുകി.
കൂടെനിന്നവര്‍
''അച്ഛനും അമ്മയും തന്നെയായിരുന്നു താങ്ങും തണലും. ഞങ്ങള്‍ കൂട്ടുകാരെ പോലെയാണ്. എന്റെ ഡോക്ടര്‍ ബോബന്‍ തോമസ്, ഗുരു കിളിമാനൂര്‍ ശിവപ്രസാദ് സാര്‍, സുരാജ് വെഞ്ഞാറമൂട് അങ്കിള്‍, നോബി അങ്കിള്‍, കിടിലം ഫിറോസ് അങ്കിള്‍ എം.എല്‍. എ. ഡി.കെ മുരളി സാര്‍. നാട്ടുകാര്‍, 'സരിഗമപ'യിലെ അംഗങ്ങള്‍, ബന്ധുക്കള്‍ എല്ലാവരും കൂടെ നിന്നു.
സനാഥാലയം
''സനാഥാലയം എന്നെ ഒരുപാട് ആകര്‍ഷിച്ച ഒരിടമാണ്. ഫിറോസങ്കിളിനെ പോലൊരു നന്മയുള്ള മനുഷ്യന്റെ പരിശ്രമത്തിന്റെ ഫലമാണ് സനാഥാലയം. എന്നെപ്പോലുള്ള കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമേകുന്ന ഇടത്താവളം. അവിടെയുള്ളവരെല്ലാം ഇപ്പോ എന്റെ ബന്ധുക്കളാണ്. സനാഥാലയത്തില്‍ എനിക്ക് ഏറ്റവും ഇഷ്ടം അവിടത്തെ ലൈബ്രറിയായിരുന്നു. നന്ദുച്ചേട്ടന്റെ (ബോണ്‍ കാന്‍സര്‍ വന്ന് മരണപ്പെട്ട നന്ദു മഹാദേവന്‍) ഓര്‍മകള്‍ തിങ്ങിനിറഞ്ഞ ലൈബ്രറിയുണ്ടവിടെ. ''
അഭിമാനനിമിഷം
'സരിഗമപ' വേദിയില്‍ സെലക്ഷന്‍ കിട്ടിയ സമയത്ത് സുജാതാ മാം പറഞ്ഞ വാക്കുകള്‍ ഇപ്പോഴും എനിക്ക് അഭിമാനം തോന്നിപ്പിക്കുന്ന ഒന്നാണ്. ''മോളുടെ പ്രായമോ അസുഖത്തിന്റെ കാഠിന്യമോ അല്ല നമ്മള്‍ കണക്കാക്കുന്നത്. അവളുടെ ഉള്ളിലെ കഴിവിനാണ് അംഗീകാരം നല്‍കിയത്.'' ആ വാക്കുകള്‍ വലിയ അംഗീകാരമായി തോന്നി. ഒരിക്കല്‍ 'ഹേ രാമാ യേ ക്യാ ഹുവാ...' എന്ന പാട്ട് കേട്ട് ഔസേപ്പച്ചന്‍ സാര്‍ എഴുന്നേറ്റു വന്ന് അഭിനന്ദിച്ചു. നേരിട്ട് സെക്കന്‍ഡ് ഫൈനലിസ്റ്റായി തെരഞ്ഞെടുത്തു. കൂടാതെ 'മറിയം' എന്ന സിനിമയില്‍ പാടാന്‍ കഴിഞ്ഞു. ഇതെല്ലാം എന്നെ സംബന്ധിച്ച് അഭിമാനവും സന്തോഷവും തരുന്ന കാര്യങ്ങളാണ്.''
മറ്റുള്ളവരോട്
''നമ്മള്‍ ഒരു കാര്യത്തെക്കുറിച്ച് കൂടുതലായി ചിന്തിച്ചിരിക്കുമ്പോഴാണ് ടെന്‍ഷന്‍ വരുന്നത്. എനിക്ക് കാന്‍സറാണ് എന്നറിഞ്ഞതില്‍ പിന്നെ ഒരിക്കല്‍പ്പോലും ഞാന്‍ ഡോക്ടറോട് എന്തുകൊണ്ട് കാന്‍സര്‍ വന്നെന്നോ, എപ്പോ മാറുമെന്നോ ചോദിച്ചിട്ടില്ല. അതിന്റെ ആവശ്യം ഉണ്ടെന്ന് തോന്നിയിട്ടില്ല. എന്റെ ലക്ഷ്യം പാടുക എന്നുള്ളതാണ്. എനിക്കിനി എപ്പോള്‍ പാടാന്‍ പറ്റും, പാടാന്‍ വേണ്ടി ഞാന്‍ എന്തു ചെയ്യണം എന്ന് മാത്രമേ ചോദിച്ചിട്ടുള്ളൂ. നമ്മുടെ മനസ്സിനെ നമ്മള്‍ നിയ്രന്തിക്കണം, അല്ലാതെ മനസ്സ് നമ്മളെ നിയന്ത്രിക്കാന്‍ തുടങ്ങിയാല്‍ ഒന്നും നടക്കില്ല.''
കഞ്ചു
'ലിംഫോബ്ലാസ്റ്റിക് ലിംഫോമ' എന്ന കാന്‍സറിനെ കഞ്ചു എന്ന പേരിട്ടാണ് അവനി വിളിക്കുന്നത്. ''ഒരുപാട് നാളായി ഒപ്പം കൂടിയ അവനെ തുരത്താനായി ഞാന്‍ പല കാര്യങ്ങളും ചെയ്തു. അവന്‍ പോകാന്‍ കൂട്ടാക്കിയില്ല... ഒടുവില്‍ അവനെ തുരത്തിയ സന്തോഷത്തിലാണിപ്പോള്‍.'' കുട്ടിക്കഥ പറയുന്ന ലാഘവത്തില്‍ അവള്‍ കൂട്ടിച്ചേര്‍ത്തു. മനോഹരമായ പുഞ്ചിരിയും വിസ്മയിപ്പിക്കുന്ന ശബ്ദമാധുര്യവുമായി ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെ തുടച്ചു നീക്കിയ ആത്മവിശ്വാസം അവളുടെ മുഖത്ത് പ്രകടമാണ്.
Content Highlights: life story of cancer survivor and singer Avani