'കടുവയുടെ കണ്ണുകൾ' ഉള്ള രാജസ്ഥാനിലെ പപ്പു ദേവി; 20 വർഷങ്ങൾക്കിപ്പുറം വീണ്ടും ചർച്ചയാകുമ്പോൾ

'കടുവയുടേതുപോലുള്ള കണ്ണ്' ഉള്ള മനുഷ്യനെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചുനോക്കിയിട്ടുണ്ടോ? അതെങ്ങനെയായിരിക്കും കാണാൻ? അങ്ങനെയൊരു സ്ത്രീയുണ്ട് രാജസ്ഥാനിലെ പുഷ്‌കറിൽ. പപ്പു ദേവി എന്നാണ് അവരുടെ പേര്.
വർഷങ്ങൾക്കുമുമ്പ് ഒരു ഫോട്ടോഗ്രാഫർ അവരുടെ ചിത്രമെടുത്തിരുന്നു. അങ്ങനെയാണ് പപ്പു ദേവിയുടെ കണ്ണുകൾ ലോകത്തിനുമുന്നിൽ വെളിപ്പെടുന്നത്. നല്ല ആഴമുള്ള, മഞ്ഞയും പച്ചയും കലർന്ന കണ്ണുകൾ. ശരിക്കും കടുവയുടെ കണ്ണുകൾ തന്നെ. ആ ചിത്രം അന്ന് പോസ്റ്റ്കാർഡുകളിൽ അച്ചടിക്കപ്പെടുകയും വിനോദസഞ്ചാരികൾ വാങ്ങിക്കുകയും ചെയ്തിരുന്നു. അങ്ങനെ പപ്പു ദേവിയുടെ പ്രശസ്തി രാജ്യാന്തര അതിർത്തികൾ കടന്നു.
പപ്പു ദേവിയുടെ കഥ തുടങ്ങുന്നത് 20 വർഷങ്ങൾക്കുമുമ്പാണ്. അന്ന് രാജസ്ഥാനിലെ തെരുവോരങ്ങളിൽ മാലകളും വളകളും വിറ്റുനടക്കുകയായിരുന്നു അവർ. അതിനിടെയാണ് അവിടെത്തിയ ഒരു ഫോട്ടോഗ്രാഫറെ പപ്പു ദേവിയുടെ കണ്ണുകൾ ആകർഷിക്കുന്നത്. ഒട്ടും വൈകിയില്ല. അവരുടെ മനോഹരമായ ചിത്രങ്ങളെടുത്തു. അധികം വൈകാതെ ആ ചിത്രങ്ങൾ ദേശങ്ങൾ കടന്ന് പോവുകയും ചെയ്തു. സോവനീറുകളിലും പോസ്റ്റ് കാർഡുകളിലും അവരുടെ ചിത്രം അച്ചടിച്ച് വരികയും ചെയ്തു.
ഇപ്പോൾ വീണ്ടും പപ്പു ദേവി ചർച്ചയാവാൻ കാരണം പുഷ്‌കറിൽ നടക്കുന്ന മേളയാണ്. അവിടെ പപ്പു ദേവിയുടെ ചിത്രങ്ങളും ഫ്രെയിം ചെയ്തുവെച്ചിരുന്നു. അതോടെ സോഷ്യൽമീഡിയ സംഭവം ഏറ്റെടുത്തു. ഇന്ന് രാജസ്ഥാനിൽ ഒരു ചെറിയ സ്റ്റാൾ നടത്തുകയാണ് അവർ. ബഞ്ചാര സ്‌റ്റൈൽ ബാഗുകളും സോവനീറുകളും വിൽക്കുന്ന കടയാണത്. അതിനൊപ്പം 20 വർഷങ്ങൾക്കുമുമ്പുള്ള തന്റെ ചിത്രം അച്ചടിച്ച പോസ്റ്റ്കാർഡുകളും ആ കടയിൽ വിൽക്കപ്പെടുന്നു.
വിവാഹവും കഴിഞ്ഞു, ഭർത്താവ് സഫാരി ഡ്രൈവറാണ്. അവർക്ക് മൂന്നു പെൺമക്കളാണ്. കുട്ടികൾക്കും അമ്മയുടെ കണ്ണുകൾ പകർന്നുകിട്ടിയിട്ടുണ്ട്. പപ്പു ദേവിയെയും മക്കളെയും കാണുന്നവർക്കെല്ലാം ഒരു ചോദ്യമേ ചോദിക്കാനുള്ളൂ, ഈ കണ്ണുകളിൽ ലെൻസ് പിടിപ്പിച്ചതാണോ?
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Discover Pappu Devi from Rajasthan, famed for her captivating tiger-like eyes. Her story resurfaces 20 years later, sparking fascination