തലമുടി നരച്ചതിനെപ്പറ്റി കങ്കണ, പ്രായമാവുന്ന സ്ത്രീകളോട് രാഷ്ട്രീയത്തിനാണ് കൂടുതല്‍ ദയയെന്നും

തന്റെ ചിന്തകളും അഭിപ്രായങ്ങളും വെട്ടിത്തുറന്നുപറയാന്‍ മടി കാണിക്കാത്ത വ്യക്തിയാണ് ബോളിവുഡ് നടിയും എംപിയുമായ കങ്കണ റണാവത്ത്. പ്രായമാകുന്നതിനെപ്പറ്റിയുള്ള തന്റെ കാഴ്ചപ്പാടുകള്‍ കഴിഞ്ഞദിവസം ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ നടി പങ്കുവെച്ചിരുന്നു. പ്രായമാകുന്നത് താനൊരിക്കലും ഭയപ്പെട്ടിട്ടില്ലെന്നാണ് കങ്കണ പറയുന്നത്. സിനിമാ ഇന്‍ഡസ്ട്രിയില്‍ നിന്ന് വ്യത്യസ്തമായി, രാഷ്ട്രീയത്തില്‍ തനിക്ക് രൂപം ബാധകമല്ലെന്നും താരം വിശദീകരിക്കുന്നു. ക്ലോസ്-അപ്പ് സെല്‍ഫികള്‍ പങ്കിട്ടുകൊണ്ടാണ് വാര്‍ധക്യത്തെപ്പറ്റി അവര്‍ നീണ്ട കുറിപ്പെഴുതിയത്.
തന്റെ നരച്ച മുടി കണ്ട് ഫിലിം ക്രൂ അംഗങ്ങള്‍ പരിഭ്രാന്തരായ സംഭവവും കങ്കണ വിശദീകരിച്ചു. 'സിനിമാ വ്യവസായം പലപ്പോഴും സ്ത്രീകളെ യുവത്വം നിലനിര്‍ത്താന്‍ സമ്മര്‍ദ്ദം ചെലുത്താറുണ്ട്. എന്റെ ആത്മാവ് ഒരിക്കലും വാര്‍ധക്യത്തെ ഭയപ്പെട്ടിരുന്നില്ല, പക്ഷേ എന്റെ ഫിലിം ക്രൂ നരച്ച മുടി കണ്ടപ്പോള്‍ പരിഭ്രാന്തരായി, മസ്‌കാരകളും കളര്‍ സ്‌പ്രേകളും ഉപയോഗിച്ചു. രാഷ്ട്രീയം സ്ത്രീകളോട് കൂടുതല്‍ ദയ കാണിക്കുന്നു. എന്റെ പ്രായമായ മുഖമോ ശരീരമോ എന്നില്‍ നിന്ന് ഒന്നും എടുത്തുകളയാത്ത ഒരു സ്ഥലത്ത് ആയിരിക്കുന്നതില്‍ സന്തോഷമുണ്ട്. വാര്‍ധക്യം ഒരു സന്തോഷമാണ്. സിനിമകളേക്കാള്‍ രാഷ്ട്രീയത്തിന് പ്രായമായ സ്ത്രീകളോട് ദയയുണ്ടെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ഞാന്‍ തീര്‍ച്ചയായും അങ്ങനെ കരുതുന്നു'- 39 കാരിയായ നടി കൂട്ടിച്ചേര്‍ത്തു.
ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍നിന്നുള്ള ബിജെപി എംപിയാണ് കങ്കണ. ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലം നിങ്ങള്‍ യഥാര്‍ഥത്തില്‍ ആരാണെന്നും നിങ്ങളെ ആളുകള്‍ എങ്ങനെ കാണുന്നുവെന്നും തമ്മില്‍ ഒരു വിടവും ഇല്ലാത്ത സ്ഥലമാണെന്നും കങ്കണ പറഞ്ഞു.
'ബ്ലെസ്ഡ് ബി ദി ഈവിള്‍' എന്ന ഹൊറര്‍ ചിത്രത്തിലൂടെ ഹോളിവുഡിലേക്ക് ചുവടുവെക്കാന്‍ ഒരുങ്ങുകയാണ് കങ്കണ. വൈകാതെ ന്യൂയോര്‍ക്കില്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് അറിയുന്നത്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വേഷത്തിലെത്തിയ 'എമര്‍ജന്‍സി'യിലാണ് നടി അവസാനമായി അഭിനയിച്ചത്. വന്‍വിജയമായിരുന്ന 'ക്വീന്‍' സിനിമയുടെ രണ്ടാംഭാഗവും 'തനു വെഡ്‌സ് മനു'വിന്റെ മൂന്നാംഭാഗവും അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നാണ് വിവരം.
Content Highlights: kangana ranaut about her grey hair