ചൈനയില്‍ നിന്നും ആ സ്വര്‍ണം വയനാട്ടിലേക്ക്, മിന്നുമണിയിലൂടെ

ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് കുപ്പായമണിയുന്ന ആദ്യ മലയാളിയെന്ന ബഹുമതി ലഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണവും മിന്നു കേരളത്തിലെത്തിച്ചിരിക്കുന്നു. ഇന്ത്യ ആദ്യമായി മത്സരിക്കുന്ന വനിതാ ക്രിക്കറ്റിലൂടെ മിന്നു തന്റെ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം കഴുത്തിലണിഞ്ഞു കഴിഞ്ഞു.
2014-ല്‍ ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ 4x400 മീറ്റര്‍ റിലേയില്‍ സ്വര്‍ണമണിഞ്ഞ ടിന്റു ലൂക്കയാണ് അവസാനമായി സ്വര്‍ണമണിഞ്ഞ കേരള വനിത. 2018-ല്‍ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 1500 മീറ്ററില്‍ ജിന്സണ് ജോണ്‍സണും 4x400 മിക്സഡ് റിലേയില്‍ മുഹമ്മദ് അനസുമാണ് കേരളത്തിലേക്ക് അവസാനമായി സ്വര്‍ണമെത്തിച്ചത്.
ഇല്ലായ്മകളോടും പോരായ്മകളോടും പൊരുതിയാണ് മിന്നുമണിയെന്ന പെണ്‍കുട്ടി സ്വപ്നങ്ങളിലേക്ക് നടന്നുകയറിയത്. ബാറ്റും ബോളും കൈയിലെടുത്ത് അവള് സ്വപ്നങ്ങള്‍ക്ക് പിറകേ നടന്നു. ആണ്‍കുട്ടികള്‍ കൈയടക്കിയിരുന്ന വയനാട്ടിലെ കൊയ്ത്തുപാടങ്ങളിലും മൈതാനങ്ങളിലും മിന്നുമണിയുമെത്തി. അവരോടൊപ്പം ക്രിക്കറ്റ് കളിക്കാന്‍.
ക്രിക്കറ്റ് താരമാവുകയെന്ന മിന്നുവിന്റെ ആഗ്രഹം ആദ്യമൊന്നും ആരും അംഗീകരിച്ചില്ല. 'പെണ്കുട്ടിയല്ലേ, ക്രിക്കറ്റിന്റെ പിറകേ പോയിട്ട്...' ചോദ്യങ്ങളായി, വിമര്‍ശനങ്ങളായി. സ്വന്തം വീട്ടില്‍നിന്നടക്കം എതിര്‍പ്പുകളായി. പക്ഷേ, മിന്നു പിന്മാറിയില്ല. പിന്തുണയുടെ ബലമില്ലാതെ ആത്മവിശ്വാസംമാത്രം കൈമുതലാക്കി അവള് ക്രിക്കറ്റിന്റെ ക്രീസിലേക്കുതന്നെയിറങ്ങി. എതിര്‍പ്പുകള്‍ കൂടി. എന്നിട്ടും മിന്നു മോഹം ഉപേക്ഷിച്ചില്ല. വര്‍ഷങ്ങള്‍ക്കിപ്പുറം മിന്നുമണി കേരളത്തിന്റെ അഭിമാനമാണ്. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് സീനിയര്‍ ടീമില്‍ ഇടംനേടുന്ന ആദ്യമലയാളി. ഇന്ത്യയുടെ ഓള് റൗണ്ടര്‍.
ക്രിക്കറ്റില്‍ എന്താകും ഭാവിയെന്ന് വിമര്ശിച്ചവര്ക്കുമുന്നില് ഏഷ്യന്‍ ഗെയിംസ് സ്വര്‍ണവുമായി മിന്നു നില്ക്കുന്നു. കേരള ടീമില്‍നിന്ന് വനിതാ പ്രീമിയര്‍ ലീഗിലെ വിലപിടിപ്പുള്ള താരത്തിലേക്കുള്ള വളര്‍ച്ച. മുപ്പതുലക്ഷം രൂപയ്ക്കാണ് മിന്നുവിനെ ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കിയിരുന്നത്. ഒപ്പം വനിതാ ഐ.പി.എല്ലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യമലയാളി എന്ന പദവിയുമായി മിന്നുമണി ഡല്‍ഹിയിലെത്തി. തൊട്ടുപിന്നാലെ, ഇന്ത്യന്‍ ടീമംഗമെന്ന സ്വപ്നനേട്ടം.
ഫോട്ടോ: കെ. കെ സന്തോഷ്
മാനന്തവാടി ചോയിമൂല എന്ന ഗ്രാമത്തിലെ ഓടിട്ട കുഞ്ഞുവീട്ടിലാണ് മിന്നു വളര്‍ന്നത്. കുറിച്യസമുദായത്തില്‍പ്പെട്ട കുടുംബം. അച്ഛനും അമ്മയും സഹോദരി മിമിതയുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയം കൂലിപ്പണിയില്‍നിന്നുള്ള വരുമാനമാണ്.
മിന്നുവിന്റെ നേട്ടങ്ങള്‍ക്ക് പിന്നില്‍ ഒരുപാടുപേരുണ്ട്. കായികാധ്യാപിക കെ.എം. എല്‍സമ്മ, പരിശീലകന് ഷാനവാസ്, വയനാട് ക്രിക്കറ്റ് അസോസിയേഷന്, അസോസിയേഷന് സെക്രട്ടറി നാസിര്‍ മച്ചാന് തുടങ്ങി നിരവധി പേര്. എല്‍സമ്മ ടീച്ചറും മാനന്തവാടി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളുമാണ് മിന്നുമണിയുടെ ജീവിതത്തിലെ ടേണിങ് പോയിന്റ്. വഴുതക്കാട് വിമന്‍സ് കോളേജിലായിരുന്നു ബിരുദം. ഇതിനിടെ ഏഷ്യാകപ്പ് മത്സരം. ചലഞ്ചേഴ്സ് ട്രോഫി ടൂര്‍ണമെന്റില്‍ ഇന്ത്യാ ബ്ലൂവിനുവേണ്ടി സീനിയര്‍ വിഭാഗത്തില്‍ മത്സരത്തിനിറങ്ങി. പിന്നെ ഡല്‍ഹി ക്യാപിറ്റല്‍സില്‍. കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ ജൂനിയര്‍ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം, യൂത്ത് പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം, പ്രോമിസിങ് പ്ലെയര്‍ പുരസ്കാരം എന്നിവ തേടിയെത്തി.
'' കായിക ഇനങ്ങളില്‍ കഴിവുള്ളവര്‍ ആദിവാസി വിഭാഗങ്ങളിലുണ്ട്. പലര്‍ക്കും ഉയരങ്ങളിലെത്താനുള്ള സാഹചര്യങ്ങള്‍ ഇല്ല. സ്വന്തം കഴിവ് തിരിച്ചറിഞ്ഞ് പരിശ്രമിക്കണം. നിങ്ങളുടെ ആഗ്രഹങ്ങളെ ആദ്യം അംഗീകരിച്ചില്ലെന്ന് വരാം, വിമര്‍ശനങ്ങളുണ്ടാവാം, സ്വയംവിശ്വസിക്കണം. വിമര്‍ശനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നെങ്കില്‍ ഞാന്‍ ഇവിടെ എത്തില്ലായിരുന്നു.'' മിന്നു പറയുന്നു.
Content Highlights: Indian Women cricketer minnumani life story